പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജപ്പാൻ, പാപുവ ന്യൂ ഗിനിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കു പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

Posted On: 19 MAY 2023 8:49AM by PIB Thiruvananthpuram

"ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരം, ജപ്പാന്റെ അധ്യക്ഷതയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഞാൻ ജപ്പാനിലെ ഹിരോഷിമയിലേക്കു പോകുകയാണ്. ഇന്ത്യ-ജപ്പാൻ ഉച്ചകോടിക്കായി അടുത്തിടെ ഇന്ത്യയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി കിഷിദയെ വീണ്ടും കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ഈ വർഷം ഇന്ത്യ ജി-20 അധ്യക്ഷപദം വഹിക്കുന്നതിനാൽ ഈ ജി-7 ഉച്ചകോടിയിലെ എന്റെ സാന്നിധ്യം പ്രത്യേകിച്ചും അർഥവത്താണ്. ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും അവയെ കൂട്ടായി അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജി-7 രാജ്യങ്ങളുമായും ക്ഷണിക്കപ്പെട്ട മറ്റു പങ്കാളികളുമായും കാഴ്ചപ്പാടുകൾ കൈമാറാൻ ഞാൻ ആഗ്രഹിക്കുന്നു. ഹിരോഷിമ ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ചില നേതാക്കളുമായി ഞാൻ ഉഭയകക്ഷിചർച്ചകൾ നടത്തും.

ജപ്പാനിൽനിന്ന്, ഞാൻ പാപുവ ന്യൂ ഗിനിയയിലെ പോർട്ട് മോർസ്ബി സന്ദർശിക്കും. ഇത് പാപുവ ന്യൂ ഗിനിയയിലേക്കുള്ള എന്റെ ആദ്യ സന്ദർശനമാണ്. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇവിടത്തേക്കുള്ള ആദ്യ സന്ദർശനംകൂടിയാണിത്. 2023 മെയ് 22നു പാപുവ ന്യൂ ഗിനിയയുടെ പ്രധാനമന്ത്രി ജെയിംസ് മറാപ്പെയ്‌ക്കൊപ്പം ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോ ഓപ്പറേഷന്റെ (എഫ്ഐപിഐസി) മൂന്നാം ഉച്ചകോടിക്കു ഞാൻ ആതിഥേയത്വം വഹിക്കും. ഈ സുപ്രധാന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം 14 പസഫിക് ദ്വീപ് രാജ്യങ്ങളും (പിഐസി) സ്വീകരിച്ചതിൽ ഞാൻ നന്ദി അറിയിക്കുന്നു. 2014ൽ ഞാൻ ഫിജി സന്ദർശിച്ച വേളയിലാണ് എഫ്ഐപിഐസിക്കു തുടക്കംകുറിച്ചത്. കാലാവസ്ഥാവ്യതിയാനവും സുസ്ഥിരവികസനവും, ശേഷിവർധിപ്പിക്കലും പരിശീലനവും, ആരോഗ്യവും ക്ഷേമവും, അടിസ്ഥാനസൗകര്യങ്ങളും സാമ്പത്തികവി‌കസനവും എന്നിങ്ങനെ നമ്മെ ഒരുമിപ്പിക്കുന്ന വിഷയങ്ങളിൽ പിഐസി നേതാക്കളുമായി സംവദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

എഫ്ഐപിഐസി ചർച്ചകൾക്കുപുറമേ, പാപുവ ന്യൂ ഗിനിയ ഗവർണർ ജനറൽ സർ ബോബ് ഡാഡേ, പ്രധാനമന്ത്രി മറാപ്പെ, ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റു ചില പിഐസി നേതാക്കൾ എന്നിവരുമായുള്ള എന്റെ ഉഭയകക്ഷി ആശയവിനിമയങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്.

അതിനുശേഷം, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൽബനീസിന്റെ ക്ഷണം സ്വീകരിച്ചു ഞാൻ ഓസ്ട്രേലിയയിലെ സിഡ്‌നിയിലേക്കു പോകും. ഈ വർഷം മാർച്ചിൽ ന്യൂഡൽഹിയിൽ നടന്ന ആദ്യ ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടിയുടെ തുടർച്ചയായി, നമ്മുടെ ഉഭയകക്ഷിബന്ധങ്ങൾ വിലയിരുത്താനുള്ള അവസരമായ, ഉഭയകക്ഷി കൂടിക്കാഴ്ചയിലേക്കു ഞാൻ ഉറ്റുനോക്കുകയാണ്. ഓസ്ട്രേലിയൻ സിഇഒമാരുമായും വ്യവസായപ്രമുഖരുമായും ഞാൻ ആശയവിനിമയം നടത്തും.  പ്രത്യേക പരിപാടിയിൽ സിഡ്‌നിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനയും   ചെയ്യും."

-ND-



(Release ID: 1925359) Visitor Counter : 201