ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
എസ്‌സിഒ അംഗരാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗത്തിന്റെ ആറാം സെഷനിൽ ഡോ ഭാരതി പ്രവീൺ പവാർ അധ്യക്ഷത വഹിച്ചു
Posted On:
12 MAY 2023 1:30PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 12, 2023
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) അംഗരാജ്യങ്ങളുടെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിന്റെ വെർച്യുൽ ആയി നടന്ന ആറാമത് സെഷനിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ അധ്യക്ഷത വഹിച്ചു. കേന്ദ്ര ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ മുഖ്യപ്രഭാഷണം നടത്തി. എല്ലാ എസ്‌സിഒ അംഗരാജ്യങ്ങളിലെയും ആരോഗ്യമന്ത്രിമാർ, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് ഗെബ്രിയേസസ്, എസ്‌സിഒ സെക്രട്ടറി ജനറൽ ജാങ് മിംഗ് എന്നിവരുൾപ്പെടെയുള്ള ഉന്നതതല പങ്കാളികളും യോഗത്തിൽ പങ്കെടുത്തു.
എസ്‌സിഒ അധ്യക്ഷതക്ക് കീഴിൽ ഇന്ത്യ കൂടിയാലോചനകളും ചർച്ചകളും സംഘടിപ്പിച്ചു, ആരോഗ്യ വിദഗ്‌ദ്ധരുടെ പ്രവർത്തക സമിതി യോഗവും വർഷം മുഴുവനും ഇതിന്റെ ഭാഗമായി നടക്കുന്ന നാല് പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. എല്ലാ എസ്‌സിഒ അംഗരാജ്യങ്ങളുടെയും പ്രയത്‌നങ്ങളെ എടുത്തുകാണിച്ചുകൊണ്ട് ഡോ. ഭാരതി പ്രവീൺ പവാർ തന്റെ സ്വാഗത പ്രസംഗത്തിൽ, സാർവത്രിക ആരോഗ്യ പരിരക്ഷ നേടുന്നതിനുള്ള ദിശയിലേക്ക് ലോകത്തെ ഒരു ചുവടുകൂടി അടുപ്പിക്കാൻ ചർച്ചകൾ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.
COVID-19 മൂലം ആഗോള ആരോഗ്യ സംരക്ഷണ രംഗത്ത് ഉണ്ടായ അഭൂതപൂർവമായ വെല്ലുവിളികൾ ഉയർത്തിക്കാട്ടി, അതിന്റെ ആഘാതം ലഘൂകരിക്കുന്നതിന് ഒരു ഏകീകൃത സമീപനത്തിന്റെയും ആഗോള സഹകരണത്തിന്റെയും ആവശ്യകത ഡോ. പവാർ അടിവരയിട്ടു. ആരോഗ്യ അടിയന്തരാവസ്ഥകൾ നേരത്തേ കണ്ടെത്തുന്നതിന് ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതും, സഹകരണ ഗവേഷണം-വികസനം, എസ്‌സിഒ രാജ്യങ്ങൾക്കിടയിൽ ആരോഗ്യ പ്രത്യുപായങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതും സുപ്രധാന നടപടികളാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയുടെ വിവിധ പങ്കാളികൾക്കിടയിൽ നിലവിലുള്ള വിടവ് നികത്താൻ ഡിജിറ്റൽ ആരോഗ്യ ഇടപെടലുകൾക്ക് കഴിയുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. എസ്‌സിഒ രാജ്യങ്ങൾക്കുള്ളിൽ ഡിജിറ്റൽ പൊതു സംവിധാനങ്ങൾ പങ്കിടുന്നത് സാർവത്രിക ആരോഗ്യ പരിരക്ഷ എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കും.
ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിൻ (ജിസിടിഎം) ഇന്ത്യയിൽ സ്ഥാപിക്കുന്നത് ആധുനികവും പരമ്പരാഗതവുമായ ആരോഗ്യ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ എസ്‌സിഒ അംഗ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത ശ്രമങ്ങൾ സുഗമമാക്കുന്നതിന് സഹായിക്കുമെന്നും ഡോ. പവാർ അറിയിച്ചു.
യോഗത്തിനൊടുവിൽ, SCO ആരോഗ്യ മന്ത്രിമാരുടെ ആറാമത്തെ യോഗത്തിന്റെ അന്തിമ പ്രസ്താവന അംഗരാജ്യങ്ങൾ അംഗീകരിച്ചു. എസ്‌സിഒ അംഗരാജ്യങ്ങളിൽ നല്ല ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആരോഗ്യ സംരക്ഷണ സഹകരണത്തിനും പങ്കാളിത്തത്തിനും ഈ പ്രഖ്യാപനം അടിത്തറയിടും. SCO യുടെ ഊഴമനുസരിച്ചുള്ള അധ്യക്ഷതയാണ് ഇന്ത്യ വഹിക്കുന്നത്.
RRTN/SKY
***
(Release ID: 1923693)
Visitor Counter : 127