ഉപരാഷ്ട്രപതിയുടെ കാര്യാലയം
16-ാമത് സിവിൽ സർവീസ്സ് ദിനാചരണം ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഉദ്ഘാടനം ചെയ്തു
Posted On:
20 APR 2023 3:03PM by PIB Thiruvananthpuram
ഫെഡറലിസം സഹകരണാധിഷ്ഠിത ഫെഡറലിസമായി പരിണമിക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഭരണനിർവ്വഹണത്തിൽ ഐകരൂപ്യം കൈവരിക്കാൻ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ സിവിൽ സർവീസ്സ് ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു. സിവിൽ സർവീസസിനെ ഭരണത്തിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിച്ച അദ്ദേഹം, രാജ്യത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്ന പരിവർത്തനത്തിന്റെ ദൃഷ്ടിഗോചരവും ഫലപ്രദവുമായ പ്രതിനിധികളെന്ന നിലയിൽ സിവിൽ സർവീസ്സ് ഉദ്യോഗസ്ഥരുടെ പങ്കിനെ ശ്ലാഘിച്ചു. ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 16-ാമത് സിവിൽ സർവീസ്സ് ദിനാചരണം ഉദ്ഘാടനം ചെയ്ത ശേഷം സിവിൽ സർവീസ്സ് ഉദ്യോഗസ്ഥരുടെ മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
'വികസിത് ഭാരത്: പൗരന്മാരെ ശാക്തീകരിക്കുക, അവസാന വ്യക്തിയിലേക്കും എത്തിച്ചേരുക' എന്ന ഈ വർഷത്തെ സിവിൽ സർവീസ്സ് ദിന പ്രമേയം ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ യഥാർത്ഥ പ്രതിഫലനമാണെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി.
പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാടോടെ, സിവിൽ സർവീസ്സിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന ദേശീയ പരിപാടിയായ മിഷൻ കർമ്മയോഗിയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
സമൂഹത്തിലെ സമസ്ത വിഭാഗങ്ങളുടെയും, പ്രത്യേകിച്ച് എളിയ കുടുംബ പശ്ചാത്തലത്തിലും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളിലും ഉള്ള വിദൂര ഗ്രാമങ്ങളിലെ യുവ പ്രതിഭകളുടെ വർദ്ധിച്ചുവരുന്ന പ്രാതിനിധ്യത്തിൽ ഉപരാഷ്ട്രപതി സന്തോഷം വ്യക്തമാക്കി. പൊതുഭരണത്തിൽ സ്ത്രീകളുടെ എണ്ണം വർധിക്കുന്നത്, കൂടുതൽ സംവേദനാത്മകവും സമീകൃതവും ആയ ഉദ്യോഗസ്ഥഭരണത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രി പുരസ്‌ക്കാര ജേതാക്കളെ അഭിനന്ദിച്ച ശ്രീ ധൻഖർ, ഈ പുരസ്‌ക്കാരങ്ങൾ സിവിൽ സർവീസ്സ് ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും അർഹമായ ആദരവാണെന്ന് നിരീക്ഷിച്ചു. അവ ക്രിയാത്മകമായ മത്സരം, നവീകരണം, മികച്ച സമ്പ്രദായങ്ങളുടെ അനുകരണം, സ്ഥാപനവൽക്കരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ പൊതുഭരണത്തിലെ മികവിനായി പരിശ്രമിക്കുന്നതിന് സിവിൽ സർവീസ്സ് ഉദ്യോഗസ്ഥർക്ക് പ്രചോദനമായും വർത്തിക്കുന്നു.
ഉദ്യോഗസ്ഥകാര്യ, പൊതുപരാതി, പെൻഷൻ വകുപ്പ് സഹമന്ത്രി ശ്രീ ജിതേന്ദ്ര സിംഗും ചടങ്ങിൽ പങ്കെടുത്തു.
ഉപരാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂർണരൂപം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്-
**************
(Release ID: 1918291)