പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കർണാടകത്തിലെ മൈസൂരുവിൽ ‘പ്രോജക്ട് ടൈഗറിന്റെ 50-ാം വാർഷിക അനുസ്മരണ’ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


അന്താരാഷ്ട്ര ബിഗ് ക്യാറ്റ്സ് സഖ്യത്തിനു തുടക്കംകുറിച്ചു

2022 ലെ കണക്കനുസരിച്ച് കടുവകളുടെ എണ്ണം 3167 ആയി പ്രഖ്യാപിച്ചു

കടുവ സംരക്ഷണത്തെക്കുറിച്ചുള്ള സ്മരണിക നാണയവും നിരവധി പ്രസിദ്ധീകരണങ്ങളും പുറത്തിറക്കി

"പ്രോജക്ട് ടൈഗറിന്റെ വിജയം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ അഭിമാന നിമിഷമാണ്"

"പരിസ്ഥിതിയും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള സംഘർഷത്തിൽ ഇന്ത്യ വിശ്വസിക്കുന്നില്ല; രണ്ടിന്റെയും സഹവർത്തിത്വത്തിന് തുല്യ പ്രാധാന്യം നൽകുന്നു"

"പ്രകൃതിസംരക്ഷണം സംസ്കാരത്തിന്റെ ഭാഗമായ രാജ്യമാണ് ഇന്ത്യ"

"വലിയ പൂച്ചകളുടെ സാന്നിധ്യം എല്ലായിടത്തുമുള്ള പ്രാദേശിക ജനങ്ങളുടെ ജീവിതത്തിലും പരിസ്ഥിതിയിലും മികച്ച സ്വാധീനം ചെലുത്തിയിട്ടുണ്ട്"

"വന്യജീവി സംരക്ഷണം ഒരു രാജ്യത്തിന്റെ പ്രശ്നമല്ല, സാർവത്രികവിഷയമാണ്"

"ലോകത്തിലെ 7 വലിയ പൂച്ചകളുടെ സംരക്ഷണത്തിലായിരിക്കും വലിയ പൂച്ചകളുടെ അന്താരാഷ്ട്ര സഖ്യത്തിന്റെ ശ്രദ്ധ "

"പരിസ്ഥിതി സുരക്ഷിതമായി തുടരുകയും ജൈവവൈവിധ്യം വികസിക്കുകയും ചെയ്യുമ്പോൾ മാത്രമേ മനുഷ്യരാശിക്ക് മികച്ച ഭാവി സാധ്യമാകൂ"

Posted On: 09 APR 2023 2:52PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകത്തിലെ മൈസൂരു സർവകലാശാലയിൽ 'പ്രോജക്ട് ടൈഗറ‌ിന്റെ 50-ാം വാർഷിക അനുസ്മരണ' പരിപാടി ഇന്ന് ഉദ്ഘാടനം ചെയ്തു. വലിയ പൂച്ചകൾക്കായുള്ള അന്താരാഷ്ട്ര സഖ്യത്തിനും (ഐബിസിഎ) പ്രധാനമന്ത്രി തുടക്കംകുറിച്ചു. കടുവ സംരക്ഷണകേന്ദ്രങ്ങളുടെ നടത്തിപ്പു കാര്യക്ഷമത വിലയിരുത്തലിന്റെ അഞ്ചാം ചക്രത്തിന്റെ സംഗ്രഹ റിപ്പോർട്ടായ ‘അമൃത് കാൽ കാ വിഷൻ ഫോർ ടൈഗർ കൺസർവേഷൻ’ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം പ്രകാശനം ചെയ്യുകയും കടുവകളുടെ എണ്ണം പ്രഖ്യാപിക്കുകയും അഖിലേന്ത്യ കടുവ കണക്കെടുപ്പിന്റെ (അഞ്ചാം ചക്രം) സംഗ്രഹറിപ്പോർട്ട് പുറത്തിറക്കുകയും ചെയ്തു.  പ്രോജക്ട് ടൈഗർ 50 വർഷം പൂർത്തിയാക്കിയതിന്റെ സ്മരണിക നാണയവും അദ്ദേഹം പ്രകാശനം ചെയ്തു.

സദസിനെ അഭിസംബോധന ചെയ്യവേ, ഇന്ത്യയിൽ കടുവകളുടെ എണ്ണം വർധിച്ചുവരുന്ന അഭിമാനകരമായ നിമിഷത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിക്കുകയും കടുവകൾക്കു കൈയടിച്ച് ആദരമേകുകയും ചെയ്തു. പ്രോജക്ട് ടൈഗർ ഇന്ന് 50 വർഷം പൂർത്തിയാക്കുന്ന ചരിത്രപ്രധാന നിമിഷത്തിന് ഏവരും സാക്ഷ്യം വഹിക്കുന്നുവെന്നും അതിന്റെ വിജയം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ കടുവകളുടെ എണ്ണം കുറയാതെ സംരക്ഷിക്കുക മാത്രമല്ല, കടുവകൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ആവാസവ്യവസ്ഥ പ്രദാനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ലോകത്തിലെ കടുവകളുടെ 75% ഇന്ത്യയിലാണെന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയിലെ കടുവാ സങ്കേതങ്ങൾ 75,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതും കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷത്തിനിടെ രാജ്യത്തെ കടുവകളുടെ എണ്ണം 75 ശതമാനം വർധിച്ചതും യാദൃച്ഛികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, കടുവകളുടെ എണ്ണം വർധിക്കുന്നതിനെ കുറിച്ച് ലോകമെമ്പാടുമുള്ള വന്യജീവി പ്രേമികളുടെ മനസ്സിലുള്ള ചോദ്യം ആവർത്തിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ പാരമ്പര്യങ്ങളിലും സംസ്കാരത്തിലും ജൈവവൈവിധ്യത്തോടും പരിസ്ഥിതിയോടുമുള്ള അതിന്റെ സ്വാഭാവിക പ്രേരണയിലും അതിനുള്ള ഉത്തരം മറഞ്ഞിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി.  "പരിസ്ഥിതിയും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള സംഘർഷത്തിൽ ഇന്ത്യ വിശ്വസിക്കുന്നില്ല; മാത്രമല്ല രണ്ടിന്റെയും സഹവർത്തിത്വത്തിന് തുല്യ പ്രാധാന്യം നൽകുന്നു"-  പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ കടുവകളുടെ പ്രാധാന്യം അനുസ്മരിച്ച പ്രധാനമന്ത്രി, മധ്യപ്രദേശിലെ പതിനായിരം വർഷം പഴക്കമുള്ള ശൈലകലകളിൽ കടുവകളുടെ ചിത്രീകരണം കണ്ടെത്തിയതായി പരാമർശിച്ചു. മധ്യേന്ത്യയിൽ നിന്നുള്ള ഭരിയ സമുദായവും മഹാരാഷ്ട്രയിൽ നിന്നുള്ള വോർളി സമൂഹവും കടുവയെ ആരാധിക്കുമ്പോൾ, ഇന്ത്യയിലെ പല സമുദായങ്ങളും കടുവയെ സുഹൃത്തായും സഹോദരനായും കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുർഗാദേവിയും അയ്യപ്പഭഗവാനും കടുവയുടെ പുറത്തു യാത്രചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വന്യജീവി സംരക്ഷണത്തിൽ ഇന്ത്യയുടെ അതുല്യമായ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, "പ്രകൃതിയെ സംരക്ഷിക്കുന്നത് സംസ്കാരത്തിന്റെ ഭാഗമായ ഒരു രാജ്യമാണ് ഇന്ത്യ" എന്നു പറഞ്ഞു. ലോകത്തിലെ ഭൂവിസ്തൃതിയുടെ 2.4 ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളതെന്നും എന്നാൽ അറിയപ്പെടുന്ന ആഗോള ജൈവവൈവിധ്യത്തിന് ഇത് 8 ശതമാനത്തോളം സംഭാവന നൽകുന്നുവെന്നും അദ്ദേഹം പരാമർശിച്ചു. കടുവകളുടെ എണ്ണം ലോകത്തിൽ ഏറ്റവും അധികമുള്ള രാജ്യമാണ് ഇന്ത്യ. മുപ്പതിനായിരത്തോളം എന്ന നിലയിൽ ഏഷ്യൻ ആനകൾ ഏറ്റവും അധികമുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തെ ഏറ്റവും കൂടുതൽ എന്ന നിലയിൽ മൂവായിരത്തോളം ‌ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യൻ സിംഹങ്ങളുള്ള ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യയെന്നും അതിന്റെ എണ്ണം 2015ലെ 525ൽ നിന്ന് 2020ൽ 675 ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ പുള്ളിപ്പുലികളുടെ എണ്ണം 4 വർഷത്തിനുള്ളിൽ 60 ശതമാനത്തിലധികം വർധിച്ചതായി അദ്ദേഹം പറഞ്ഞു. ഗംഗ പോലുള്ള നദികൾ ശുചീകരിക്കാൻ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചു പരാമർശിക്കവേ, ഒരുകാലത്ത് അപകടാവസ്ഥയിലാണെന്ന് കരുതപ്പെട്ടിരുന്ന ചില ജലജീവികളുടെ അവസ്ഥ മെച്ചപ്പെട്ടതായി പ്രധാനമന്ത്രി പറഞ്ഞു. ജനപങ്കാളിത്തവും സംരക്ഷണ സംസ്കാരവുമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

"വന്യജീവികൾ അഭിവൃദ്ധി പ്രാപിക്കുന്നതിന് ആവാസവ്യവസ്ഥകൾ അഭിവൃദ്ധിപ്പെടേണ്ടത് പ്രധാനമാണ്" - ഇന്ത്യയിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെടുത്തി പ്രധാനമന്ത്രി പറഞ്ഞു. രാജ്യം റാംസർ പ്രദേശങ്ങളുടെ പട്ടികയിൽ 11 തണ്ണീർത്തടങ്ങൾ കൂടി ചേർത്തിട്ടുണ്ടെന്നും ഇതോടെ റാംസർ പ്രദേശങ്ങളുടെ ആകെ എണ്ണം 75 ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. 2019 നെ അപേക്ഷിച്ച് 2021 ഓടെ ഇന്ത്യ 2200 ചതുരശ്ര കിലോമീറ്ററിലധികം വനവും മരങ്ങളും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദശകത്തിൽ , കമ്മ്യൂണിറ്റി റിസർവുകളുടെ എണ്ണം 43 ൽ നിന്ന് 100 ആയി ഉയർന്നു. പരിസ്ഥിതിലോല മേഖലകൾ വിജ്ഞാപനം ചെയ്ത ദേശീയോദ്യാനങ്ങളുടെയും സങ്കേതങ്ങളുടെയും എണ്ണം ഒരു ദശാബ്ദത്തിനുള്ളിൽ 9 ൽ നിന്ന് 468 ആയി ഉയർന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വന്യജീവി സംരക്ഷണത്തിലെ തന്റെ അനുഭവം അനുസ്മരിച്ച പ്രധാനമന്ത്രി, സിംഹങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നതിനെക്കുറിച്ചു പരാമർശിക്കുകയും ഭൂമിശാസ്ത്രപരമായ പ്രദേശത്ത് പരിമിതപ്പെടുത്തിയാൽ ഒരു വന്യമൃഗത്തെയും രക്ഷിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. പ്രാദേശിക ജനങ്ങളും മൃഗങ്ങളും തമ്മിൽ വൈകാരികതയുടെയും സമ്പദ്‌വ്യവസ്ഥയുടെയും ബന്ധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. വേട്ടയാടൽ പോലുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സമ്മാനത്തുക വാഗ്ദാനം ചെയ്യുന്ന വന്യജീവി മിത്ര പരിപാടി ഗുജറാത്തിൽ ആരംഭിച്ചത് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഗിർ മേഖലയിലെ സിംഹങ്ങൾക്കായി പുനരധിവാസ കേന്ദ്രം തുറക്കുന്നതും ഗിർ പ്രദേശത്ത് വനം വകുപ്പിൽ വനിതാ ബീറ്റ് ഗാർഡുകളെയും ഫോറസ്റ്റർമാരെയും നിയമിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഗിറിൽ ഇപ്പോൾ സ്ഥാപിക്കപ്പെട്ട വിനോദസഞ്ചാരത്തിന്റെയും ഇക്കോടൂറിസത്തിന്റെയും വലിയ ആവാസവ്യവസ്ഥയും അദ്ദേഹം എടുത്തുപറഞ്ഞു.

പ്രോജക്ട് ടൈഗറിന്റെ വിജയത്തിന് നിരവധി മാനങ്ങളുണ്ടെന്നും അത് വിനോദസഞ്ചാര പ്രവർത്തനങ്ങൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ വർധിപ്പിക്കുന്നതിനും കടുവാ സങ്കേതങ്ങളിലെ മനുഷ്യ-മൃഗ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും കാരണമായെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. "വലിയ പൂച്ചകളുടെ സാന്നിധ്യം എല്ലായിടത്തും പ്രാദേശിക ജനങ്ങളുടെ ജീവിതത്തിലും പരിസ്ഥിതിയിലും നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്" - ശ്രീ മോദി കൂട്ടിച്ചേർത്തു.

പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ ചീറ്റയ്ക്കു വംശനാശം സംഭവിച്ചുവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റകളെ പരാമർശിച്ച് ഒരു വലിയ പൂച്ചയുടെ ആദ്യത്തെ വിജയകരമായ ഭൂഖണ്ഡാന്തര സ്ഥലം മാറ്റത്തെക്കുറിച്ചു പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുനോ ദേശീയോദ്യാനത്തിൽ 4 മനോഹരമായ ചീറ്റക്കുട്ടികൾ ജനിച്ചത് അദ്ദേഹം അനുസ്മരിച്ചു. 75 വർഷം മുമ്പ് വംശനാശം സംഭവിച്ചതിന് ശേഷം ഇന്ത്യൻ  മണ്ണിൽ ചീറ്റ ജനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യത്തിനും അദ്ദേഹം ഊന്നൽ നൽകി.

"വന്യജീവി സംരക്ഷണം ഒരു രാജ്യത്തിന്റെ മാത്രം പ്രശ്നമല്ല, സാർവത്രിക വിഷയമാണ്" - അന്താരാഷ്ട്ര സഖ്യത്തിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി പ്രധാനമന്ത്രി പറഞ്ഞു. 2019-ൽ, ആഗോള കടുവ ദിനത്തിൽ ഏഷ്യയിലെ വേട്ടയാടലിനും അനധികൃത വന്യജീവി വ്യാപാരത്തിനുമെതിരെ സഖ്യത്തിന് ആഹ്വാനം ചെയ്തിരുന്നുവെന്നും വലിയ പൂച്ചകൾക്കായുള്ള അന്താരാഷ്ട്ര സഖ്യം ഈ മനോഭാവത്തിന്റെ വിപുലീകരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുടെ അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ സംരക്ഷണ -  പരിപാലന പരിപാടികൾ എളുപ്പത്തിൽ നടപ്പിലാക്കുന്നതിനൊപ്പം, വലിയ പൂച്ചയുമായി ബന്ധപ്പെട്ട മുഴുവൻ ആവാസവ്യവസ്ഥയ്ക്കും സാമ്പത്തികവും സാങ്കേതികവുമായ വിഭവങ്ങൾ സമാഹരിക്കുന്നത് എളുപ്പമാകുമെന്ന് അതിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യൂമ, ജാഗ്വാർ, ചീറ്റ എന്നിവയുൾപ്പെടെ ലോകത്തിലെ 7 വലിയ പൂച്ചകളുടെ സംരക്ഷണത്തിലായിരിക്കും വലിയ പൂച്ചകൾക്കായുള്ള അന്താരാഷ്ട്ര സഖ്യം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. അംഗരാജ്യങ്ങൾക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെക്കാനും സഹരാജ്യത്തെ വേഗത്തിൽ സഹായിക്കാനും ഗവേഷണം, പരിശീലനം, ശേഷി വർധിപ്പിക്കൽ എന്നിവയിൽ ഊന്നൽ നൽകാനും കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു. "നാം ഒരുമിച്ച് ഈ ജീവജാലങ്ങളെ വംശനാശത്തിൽ നിന്ന് രക്ഷിക്കുകയും സുരക്ഷിതവും ആരോഗ്യകരവുമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യും" - ശ്രീ മോദി പറഞ്ഞു.

ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിന്റെ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടി, നമ്മുടെ പരിസ്ഥിതി സുരക്ഷിതമായി തുടരുകയും നമ്മുടെ ജൈവവൈവിധ്യം വികസിക്കുകയും ചെയ്യുമ്പോൾ മാത്രമേ മനുഷ്യരാശിക്ക് മികച്ച ഭാവി സാധ്യമാകൂ എന്ന സന്ദേശമാണ് ഇതു നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഈ ഉത്തരവാദിത്വം നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണ്, ഇത് ലോകത്തിന് മുഴുവൻ അവകാശപ്പെട്ടതാണ്" - അദ്ദേഹം ആവർത്തിച്ചു. സിഒപി 26 നെക്കുറിച്ചു പരാമർശിക്കവേ, ഇന്ത്യ വലുതും അഭിലഷണീയവുമായ ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാൻ സഹായിക്കുന്ന പരസ്പര സഹകരണത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചടങ്ങിനെത്തിയ വിദേശ അതിഥികളെയും വിശിഷ്ടാതിഥികളെയും അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയിലെ ഗോത്ര സമൂഹത്തിന്റെ ജീവിതത്തിൽ നിന്നും പാരമ്പര്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കിയെടുക്കാൻ അവരോട് അഭ്യർഥിച്ചു. സഹ്യാദ്രിയിലെയും പശ്ചിമഘട്ടത്തിലെയും ഗോത്രവർഗക്കാർ താമസിക്കുന്ന പ്രദേശങ്ങൾ എടുത്തുപറഞ്ഞ അദ്ദേഹം, കടുവ ഉൾപ്പെടെ എല്ലാ ജൈവവൈവിധ്യങ്ങളെയും സമ്പന്നമാക്കുന്നതിൽ നൂറ്റാണ്ടുകളായി അവർ ഏർപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. പ്രകൃതിയിൽ നിന്നുള്ള കൊടുക്കൽ വാങ്ങലുകളുടെ സന്തുലിതാവസ്ഥയുള്ള ഗോത്രസമൂഹത്തിന്റെ പാരമ്പര്യം സ്വീകരിക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസംഗം ഉപസംഹരിക്കവേ, ഓസ്കർ പുരസ്കാരം നേടിയ 'ദ എലിഫന്റ് വിസ്പേഴ്‌സ്' എന്ന ഡോക്യുമെന്ററിയെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, പ്രകൃതിയും സൃഷ്ടിയും തമ്മിലുള്ള അതിശയകരമായ ബന്ധത്തിന്റെ നമ്മുടെ പാരമ്പര്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും പറഞ്ഞു. "ഗോത്ര സമൂഹത്തിന്റെ ജീവിതശൈലിയും ലൈഫ് ദൗത്യത്തിന്റെ, അതായത് പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലിയുടെ, കാഴ്ചപ്പാടും മനസ്സിലാക്കാൻ വളരെയധികം സഹായിക്കുന്നു" - പ്രധാനമന്ത്രി ഉപസംഹരിച്ചു.

കേന്ദ്ര പരിസ്ഥിതി - വനം - കാലാവസ്ഥാവ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ്, സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെ തുടങ്ങി‌യവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം :

വലിയ പൂച്ചകൾക്കായുള്ള അന്താരാഷ്ട്ര സഖ്യത്തിന് (International Big Cats Alliance - ഐബിസിഎ) പ്രധാനമന്ത്രി തുടക്കംകുറിച്ചു. ഏഷ്യയിലെ വേട്ടയാടലും നിയമവിരുദ്ധ വന്യജീവി വ്യാപാരവും ശക്തമായി തടയാനും അവയുടെ ആവശ്യം ഇല്ലാതാക്കാനും ആഗോള നേതാക്കളുടെ സഖ്യത്തിന് 2019 ജൂലൈയില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സന്ദേശം മുന്നോട്ടുകൊണ്ടുപോയാണ് സഖ്യത്തിന് തുടക്കമിടുന്നത്. ലോകത്തിലെ ഏഴ് വലിയ പൂച്ചകളായ കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യൂമ (അമേരിക്കന്‍ സിംഹം), ജാഗ്വാര്‍ (അമേരിക്കന്‍ കടുവ), ചീറ്റ എന്നീ ജീവിവർഗങ്ങള്‍ക്ക് അഭയം നല്‍കുന്ന അംഗത്വമുള്ള റേഞ്ച് രാജ്യങ്ങളോടൊപ്പം ഇവയുടെ സംരക്ഷണത്തിലും പരിപാലനത്തിലും ഐബിസിഎ ശ്രദ്ധ കേന്ദ്രീകരിക്കും.

 

-ND-

(Release ID: 1915081) Visitor Counter : 183