വിദേശകാര്യ മന്ത്രാലയം
azadi ka amrit mahotsav

കുമരകത്തെ കായൽപരപ്പിന്റെ മനോഹാരിതയിൽ ഇന്ത്യയുടെ ജി20 അധ്യക്ഷതയിലെ രണ്ടാം ഷെർപ്പ യോഗം

Posted On: 31 MAR 2023 6:36PM by PIB Thiruvananthpuram

കുമരകം, 31 മാർച്ച് 2023

കേരളത്തിലെ കോട്ടയം ജില്ലയിലെ കുമരകത്തെ മനോഹരമായ കായലുകളുടെ പശ്ചാത്തലത്തിൽ ജി20 ഷെർപ്പകളുടെ രണ്ടാം യോഗം പുരോഗമിക്കുന്നു. ഇന്ത്യൻ ജി 20 ഷെർപ്പ ശ്രീ അമിതാഭ് കാന്തിന്റെ അധ്യക്ഷതയിലാണു യോഗം നടക്കുന്നത്. 2023 മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ നടക്കുന്ന യോഗത്തിൽ ജി20 അംഗങ്ങൾ, ക്ഷണിതാക്കളായ 9 രാജ്യങ്ങൾ, വിവിധ അന്താരാഷ്ട്ര - പ്രാദേശിക സംഘടനകളിൽനിന്നുള്ള 120-ലധികം പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നുണ്ട്.

ഔപചാരിക നടപടിക്രമങ്ങൾ 2023 മാർച്ച് 31നു വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഷെർപ്പകളെ കേരളത്തിലേക്കു സ്വാഗതംചെയ്ത അദ്ദേഹം  ഇന്ത്യൻ അധ്യക്ഷതയുടെ പ്രമേയമായ “വസുധൈവ കുടുംബകം” അഥവാ “ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി” എന്ന ആശയം, അതിന്റെ എല്ലാവരെയും ഉൾക്കൊള്ളുന്നതും സമഗ്രവുമായ സന്ദേശത്താലും, ഇന്നത്തെ വൈവിധ്യമാർന്ന ആഗോള വെല്ലുവിളികൾ ഉൾക്കൊള്ളുന്നതിനാലും, ലോകമെമ്പാടും പ്രതിധ്വനിക്കുകയാണെന്നു വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള 27 വ്യത്യസ്ത നഗരങ്ങളിലായി ഇതുവരെ 46 ജി20 യോഗങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിന് എല്ലാ ജി20 രാജ്യങ്ങളും അതിഥിരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഇന്ത്യൻ അധ്യക്ഷപദത്തിനു നൽകിയ പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.

അധ്യക്ഷപദം തിരിച്ചറിഞ്ഞ പ്രധാന മുൻഗണനാ മേഖലകളെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ നടന്നു. ആദ്യ സെഷൻ സാങ്കേതിക പരിവർത്തനത്തിലും, രണ്ടാമത്തേതു ത്വരിതഗതിയിലുള്ളതും സമഗ്രവും അത‌ിജീവനശേഷിയുള്ളതുമായ വളർച്ചയിലും സ്ത്രീകൾ നയിക്കുന്ന വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളുടെ പ്രസക്തി, ഡിജിറ്റൽ അന്തരം നികത്തേണ്ടതിന്റെ ആവശ്യകത, വികസനത്തിനുള്ള ഡാറ്റയുടെ പ്രയോജനം എന്നിവ എടുത്തുകാട്ടി, ഈ മേഖലയ്ക്ക് ഇന്ത്യയുടെ ജി20 അധ്യക്ഷപദം നൽകിയ ശ്രദ്ധയെയും സുസ്ഥിര വികസനലക്ഷ്യങ്ങളിൽ അതിന്റെ പ്രസക്തിയെയും പ്രതിനിധികൾ അഭിനന്ദിച്ചു. രാജ്യങ്ങളുടെ ഇടപെടലുകൾ വനിതാ ശാക്തീകരണത്തിന്റെയും വികസനത്തിന്റെ കേന്ദ്രത്തിൽ സ്ത്രീകളുടെ നേതൃത്വത്തിന്റെയും ആവശ്യകതയെ വ്യക്തമായി എടുത്തുകാട്ടുന്നു. ഏവരേയും ഒപ്പം കൊണ്ടുപോകുന്ന വളർച്ചയുടെയും പുനരുജ്ജീവനത്തിന്റെയും പാതയിലേക്കു മടങ്ങാനുള്ള ത്വരിതഗതിയിലുള്ള ശ്രമങ്ങളുടെ പ്രാധാന്യത്തിനും പ്രതിനിധികൾ ഊന്നലേകി.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, സംസ്കാരം, കൃഷി, വ്യാപാരം, നിക്ഷേപം, തൊഴിൽ, അഴിമതിനിരോധനം എന്നീ മേഖലകളിലെ വിവിധ ജി20 ഷെർപ്പ ട്രാക്ക് പ്രവർത്തകസമിതികളിൽ കൈവരിച്ച പുരോഗതി ഷെർപ്പകൾ വിലയിരുത്തി. ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, ഭക്ഷ്യസുരക്ഷാ വികസന ഡാറ്റ, ഡിജിറ്റൽ ആരോഗ്യവും മഹാമാരിക്കെതിരായ തയ്യാറെടുപ്പും, രോഗപ്രതിരോധവും പ്രതികരണവും, സാങ്കേതികവിദ്യാധിഷ്ഠിത വിദ്യാഭ്യാസം, ആഗോള നൈപുണ്യ രേഖപ്പെടുത്തൽ മുതലായ വിഷയങ്ങളിൽ ഈ പ്രവർത്തകസമിതികളിൽ നടക്കുന്ന പ്രവർത്തനക്ഷമമായ സംഭാവനകളെക്കുറിച്ച് അഭിപ്രായപ്പെട്ട ഷെർപ്പകൾ സുപ്രധാന ചർച്ചകൾക്കു മുന്നോട്ടുള്ള വഴി നിർദേശിക്കുകയും ചെയ്തു.

‘കായൽ സംഭാഷണ’ങ്ങളിലും (കായലിലെ ചായസൽക്കാരം) ജി20 ഷെർപ്പകൾ പങ്കെടുത്തു. ജി20 കാര്യപരിപാടികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും സമാന ആശങ്കകളിൽ സഹകരണവും ധാരണയും വർധിപ്പിക്കുന്നതിനുമുള്ള അനൗപചാരിക ക്രമീകരണ മാർഗങ്ങൾ ചർച്ച ചെയ്തു. ഇന്ത്യൻ ജി20 ഷെർപ്പ ശ്രീ അമിതാഭ് കാന്ത് മറ്റിടങ്ങളിൽ നിന്നുള്ള ഷെർപ്പകളുമായി ദിവസം മുഴുവൻ ഫലപ്രദമായ ഉഭയകക്ഷി ചർച്ചകളും നടത്തി.

‘ചർച്ചയും ആഹാരവും’ എന്നുപേരിട്ട സാംസ്കാരിക സായാഹ്നവും അത്താഴവിരുന്നുമായാണു യോഗത്തിന്റെ ആദ്യ ഔപചാരിക ദിനം സമാപിച്ചത്. കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ചീഫ് സെക്രട്ടറി ശ്രീ വി പി ജോയ് തുടങ്ങിയവരും അത്താഴവിരുന്നിൽ പങ്കെടുത്തു. വടക്കൻ പാട്ടിന്റെ (കേരളത്തിന്റെ പരമ്പരാഗത നാടോടിക്കഥകൾ) അടിസ്ഥാനമാക്കിയുള്ള ‘ഓതിരം മോഹിതം’ എന്ന നാടകത്തിന്റെ അവതരണത്തിനും കേരളത്തിന്റെ സമ്പന്നമായ പൈതൃകം വെളിവാക്കുന്ന വിവിധ നൃത്തരൂപങ്ങൾക്കും വിശിഷ്ടാതിഥികളും ജി20 പ്രതിനിധികളും സാക്ഷ്യം വഹിച്ചു.

***


(Release ID: 1912662) Visitor Counter : 194


Read this release in: English , Urdu , Hindi , Marathi