രാഷ്ട്രപതിയുടെ കാര്യാലയം

തിരുവനന്തപുരത്തു പൗരസ്വീകരണത്തിൽ രാഷ്ട്രപതി പങ്കെടുത്തു; 'കുടുംബശ്രീ' രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി 'ഉന്നതി'ക്കും തുടക്കംകുറിച്ചു

Posted On: 17 MAR 2023 1:43PM by PIB Thiruvananthpuram

കേരള ഗവണ്മെന്റ് തിരുവനന്തപുരത്ത് ഇന്നു (മാർച്ച് 17, 2023) സംഘടിപ്പിച്ച പൗരസ്വീകരണത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു. ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയംസഹായ ശൃംഖലകളിലൊന്നായ 'കുടുംബശ്രീ'യുടെ രജതജൂബിലി ആഘോഷം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. പട്ടികജാതി - പട്ടികവർഗ യുവാക്കൾക്കു തൊഴിൽ - സ്വയംതൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന പദ്ധതിയായ 'ഉന്നതി'ക്കും രാഷ്ട്രപതി തുടക്കംകുറിച്ചു. മലയാളത്തിലേക്കു വിവർത്തനം ചെയ്ത സാങ്കേതിക - എൻജിനിയറിങ് - ഡിപ്ലോമ പുസ്തകങ്ങളുടെ പ്രകാശനത്തിനും രാഷ്ട്രപതി സാക്ഷ്യം വഹിച്ചു.

ഹരിതാഭമായ വനങ്ങൾ, മനോഹരമായ കടലോരങ്ങൾ, കായലുകൾ, ആകർഷകമായ കുന്നുകൾ, ചന്തമുള്ള തടാകങ്ങൾ, ഒഴുകുന്ന നദികൾ, കാറ്റിലാടുന്ന തെങ്ങുകൾ, സമ്പന്നമായ ജൈവവൈവിധ്യം എന്നിവ കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാട്' ആക്കുന്നുവെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. അതുകൊണ്ടാണു കേരളം ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയത്. ആരോഗ്യ റിസോർട്ടുകളുടെ പ്രധാന കേന്ദ്രം കൂടിയാണിത്; പ്രത്യേകിച്ച് പ്രകൃതിചികിത്സയും ആയുർവേദവും അടിസ്ഥാനമാക്കിയുള്ളവയുടെ. കേരളത്തിലെ പ്രതിഭാശാലികളും കഠിനാധ്വാനികളുമായ ജനങ്ങൾ അവരുടെ ആത്മാർഥത, വൈദഗ്ധ്യം, സംരംഭകത്വം എന്നിവയിലൂടെ ആഗോളതലത്തിൽ ആദരിക്കപ്പെട്ടിട്ടുണ്ട്. അങ്ങേയറ്റം ആദരണീയരായ മലയാളി പ്രവാസികളിലൂടെ ഇന്ത്യയുടെ മഹത്വം പ്രചരിപ്പിക്കുന്ന കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ കോസ്മോപൊളിറ്റൻ കാഴ്ചപ്പാട് അനുകരണീയമാണെന്നും രാഷ്ട്രപതി പറഞ്ഞു. മനോഹരമായ ഈ സംസ്ഥാനത്തിന്റെ ഭാഷയാലും സംസ്കാരത്താലും കോർത്തിണക്കപ്പെട്ട് എല്ലാ മതവിശ്വാസികളും കേരളത്തിൽ സൗഹാർദത്തോടെ ഒന്നിച്ചു കഴിയുന്നു.

രാജ്യത്ത് ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം കേരളത്തിലാണെന്നു രാഷ്ട്രപതി പറഞ്ഞു. സ്ത്രീസാക്ഷരതയിലുൾപ്പെടെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനവും കേരളമാണ്. അമ്മമാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശിശുമരണനിരക്കു തടയുന്നതിലും കേരളം രാജ്യത്തെ ഏറ്റവും മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. ഏതൊരു സമൂഹത്തിലും സ്ത്രീകൾക്ക് സുപ്രധാനമായ സ്ഥാനം നൽകുമ്പോൾ അത് ആ സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്കു കാരണമാകുമെന്നു രാഷ്ട്രപതി പറഞ്ഞു. കേരളത്തിൽ, സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണ്. ഇതു നിരവധി മാനവ വികസന സൂചികകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തിൽ പ്രതിഫലിക്കുന്നു.

‘അമൃതകാല’ത്ത് ഇന്ത്യയെ വികസിത രാജ്യമാക്ക‌ി മാറ്റുന്നതിൽ കേരളത്തിലെ വിദ്യാസമ്പന്നരും അർപ്പണബോധമുള്ളവരുമായ യുവാക്കൾ വലിയ സംഭാവന നൽകുമെന്നു രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.

രാഷ്ട്രപതിയുടെ പ്രസംഗത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

Please click here to see the President’s Speech –

 

ND



(Release ID: 1907987) Visitor Counter : 146