പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്ത് തൊഴില്‍ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


''എന്‍.ഡി.എ ഭരിക്കുന്ന 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തുടര്‍ച്ചയായി തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു''

''വിവിധ ഡിജിറ്റല്‍ വേദികളും മൊബൈല്‍ ആപ്പുകളും വെബ് പോര്‍ട്ടലുകളും വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുടെ സഹായത്തോടെ മുഴുവന്‍ നിയമന പ്രക്രിയകളും സുതാര്യമാക്കി''

''കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഗുജറാത്തില്‍ 1.5 ലക്ഷത്തിലധികം യുവജനങ്ങള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റില്‍ ജോലി ലഭിച്ചു''

''വികസനത്തിന്റെ ചക്രങ്ങള്‍ ചലിക്കുമ്പോള്‍, എല്ലാ മേഖലകളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു''

''വരും വര്‍ഷങ്ങളില്‍ ഇന്ത്യ ഏറ്റവും വലിയ ഉല്‍പ്പാദന കേന്ദ്രമായി മാറുമെന്ന് ലോകമെമ്പാടുമുള്ള വിദഗ്ധര്‍ വിശ്വസിക്കുന്നു''

''ഗവണ്‍മെന്റിന്റെ സമഗ്ര വികസന സമീപനം വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു''

''യുവാക്കളുടെ നൈപുണ്യ വികസനത്തിനാണ് മുന്‍ഗണന നല്‍കുന്നത്''

''കര്‍മ്മയോഗി ഭാരത് ഓണ്‍ലൈന്‍ വേദിയിലെ വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക''


Posted On: 06 MAR 2023 4:33PM by PIB Thiruvananthpuram

ഗുജറാത്ത് ഗവണ്‍മെന്റിന്റെ തൊഴില്‍ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.


ഹോളി ഉത്സവം അടുത്ത് വരുമ്പോള്‍ ഗുജറാത്ത് തൊഴില്‍ മേളയും സംഘടിപ്പിക്കുന്നത് നിയമന കത്തുകള്‍ സ്വീകരിക്കുന്നവരുടെ ആഘോഷങ്ങള്‍ ഇരട്ടിയാക്കുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ രണ്ടാം തവണയാണ് തൊഴില്‍ മേള നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, യുവജനങ്ങള്‍ക്ക് അവസരങ്ങള്‍ നിരന്തരമായ നല്‍കുന്നതിനും രാജ്യത്തിന്റെ വികസനത്തില്‍ അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത എടുത്തുപറയുകയും ചെയ്തു. പരമാവധി തൊഴിലവസരങ്ങള്‍ നല്‍കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റിന്റേയും എന്‍.ഡി.എ(ദേശീയ ജനാധിപത്യ സംഖ്യം) സംസ്ഥാന ഗവണ്‍മെന്റുകളുടേയും എല്ലാ വകുപ്പുകളും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷവും പ്രകടിപ്പിച്ചു. കേന്ദ്ര ഗവണ്‍മെന്റിന് പുറമെ എന്‍.ഡി.എ ഭരിക്കുന്ന 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തുടര്‍ച്ചയായി തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന യുവജനങ്ങള്‍ സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടും അര്‍പ്പണബോധത്തോടും കൂടി അമൃത് കാലിന്റെ പ്രതിജ്ഞകള്‍ നിറവേറ്റാന്‍ സംഭാവനകള്‍ നല്‍കുമെന്ന വിശ്വാസവുംഅദ്ദേഹം പ്രകടിപ്പിച്ചു.


എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി വിവിധ മേഖലകളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ 18 ലക്ഷം യുവാക്കള്‍ ജോലി നേടിയതിന് പുറമെ കഴിഞ്ഞ 5 വര്‍ഷത്തിനിടെ 1.5 ലക്ഷത്തിലധികം യുവാക്കള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റില്‍ ജോലി ലഭിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ഒരു നിയമന കലണ്ടര്‍ സൃഷ്ടിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ഗുജറാത്ത് ഗവണ്‍മെന്റ് നിയമന പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം 25,000-ത്തിലധികം യുവജനങ്ങള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റില്‍ ജോലി നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി വിവിധ ഡിജിറ്റല്‍ വേദികളും മൊബൈല്‍ ആപ്പുകളും വെബ് പോര്‍ട്ടലുകളുംവികസിപ്പിച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെ മുഴുവന്‍ നിയമന പ്രക്രിയകളും സുതാര്യമാക്കിയെന്നും എടുത്തുപറഞ്ഞു.


യുവജനങ്ങള്‍ ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിലവിലെ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി അടിസ്ഥാന സൗകര്യം വികസനപദ്ധതികള്‍, ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കല്‍, രാജ്യത്ത് സ്വയം തൊഴിലുള്ള ശരിയായ പരിസ്ഥിതി സൃഷ്ടിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള മൂര്‍ത്തമായ തന്ത്രത്തിന് അടിവരയിടുകയും ചെയ്തു. തൊഴിലിന്റെ മാറുന്ന സ്വഭാവത്തിനനുസരിച്ച് യുവജനങ്ങള്‍ക്ക് ഉറപ്പായ സാമ്പത്തിക സഹായവും നൈപുണ്യ വികസനവും നല്‍കുന്നതിന് ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.


''വികസനത്തിന്റെ ചക്രങ്ങള്‍ ചലിക്കുമ്പോള്‍ എല്ലാ മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും'', പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിനും വിവരസാങ്കേതികവിദ്യയ്ക്കും ഒപ്പം മറ്റ് മേഖലകളിലെ വികസനപദ്ധതികള്‍ക്കുമായി ദശലക്ഷക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നതിന് അദ്ദേഹം അടിവരയിട്ടു. ഗുജറാത്തില്‍ മാത്രം ഇപ്പോള്‍ 1.25 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടക്കുന്നുണ്ടെന്നും ഈ വര്‍ഷത്തെ ബജറ്റില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി 10 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


''വരും വര്‍ഷങ്ങളില്‍ ഇന്ത്യ ഏറ്റവും വലിയ ഉല്‍പ്പാദന കേന്ദ്രമായി മാറുമെന്ന് ലോകമെമ്പാടുമുള്ള വിദഗ്ധര്‍ വിശ്വസിക്കുന്നു'', പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഈ വിപ്ലവം നയിക്കാന്‍ പോകുന്നത് യുവാക്കളാണെന്നതിന് അദ്ദേഹം അടിവരയിട്ടു. 20,000 കോടി മുതല്‍മുടക്കില്‍ ഗുജറാത്തിലെ ദാഹോദില്‍ റെയില്‍വേ എഞ്ചിന്‍ ഫാക്ടറി നിര്‍മ്മിക്കുന്നുണ്ടെന്നും സമീപഭാവിയില്‍ സംസ്ഥാനം അര്‍ദ്ധചാലകങ്ങളുടെ ഒരു വലിയ ഹബ്ബായി മാറാന്‍ പോകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''ഗവണ്‍മെന്റിന്റെ സമഗ്ര വികസന സമീപനം വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്'', പ്രധാനമന്ത്രി പറഞ്ഞു. നയപരമായ തലത്തിലുണ്ടായ സുപ്രധാനമായ മാറ്റങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇന്ന് 90,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന്റെ ഫലമായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അതോടൊപ്പം ദശലക്ഷക്കണക്കിന് യുവാക്കളെ സ്വയം തൊഴിലിലേക്ക് പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ''ബാങ്ക് ഗ്യാരണ്ടി ഇല്ലാതെയാണ് ഈ ഗവണ്‍മെന്റ് സാമ്പത്തിക സഹായം നല്‍കുന്നത്'', മുദ്ര യോജനയും സ്റ്റാന്‍ഡപ്പ് ഇന്ത്യ പദ്ധതിയും ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സ്വാശ്രയ സംഘങ്ങളില്‍ ചേര്‍ന്നുകൊണ്ട് ദശലക്ഷക്കണക്കിന് സ്ത്രീകള്‍ സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നൂറുകണക്കിന് കോടിയുടെ സാമ്പത്തിക സഹായം ഗവണ്‍മെന്റ് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


രാജ്യത്തെ പുതിയ സാദ്ധ്യതകള്‍ക്കായി വന്‍തോതില്‍ വൈദഗ്ധ്യമുള്ള മനുഷ്യശേഷിയെ ഒരുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ചൂണ്ടിക്കാട്ടി. എല്ലാ പ്രദേശങ്ങളിലെയും ദലിതര്‍ക്കും അധഃസ്ഥിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും തുല്യ അവസരം നല്‍കുമെന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും നൈപുണ്യ വികസനത്തില്‍ നിന്ന് പ്രയോജനം നേടണമെന്ന ഗവണ്‍മെന്റിന്റെ ശ്രമത്തിന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''യുവജനളുടെ നൈപുണ്യ വികസനത്തിനാണ് മുന്‍ഗണന നല്‍കുന്നത്'', പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് കീഴില്‍ 30 സ്‌കില്‍ ഇന്ത്യ അന്താരാഷ്ട്ര കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നും യുവജനങ്ങള്‍ക്ക് നവയുഗ സാങ്കേതികവിദ്യയിലൂടെയുള്ള പരിശീലനം നല്‍കുമെന്നും ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട കൈത്തൊഴിലാളികളെ പരിശീലിപ്പിക്കുന്ന പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജനയേയും സ്പര്‍ശിച്ച അദ്ദേഹം ഇത് ചെറുകിട വ്യവസായങ്ങളുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ലോക വിപണിയിലേക്കുള്ള ഒരു പ്രവേശന കവാടമായി മാറുമെന്നും പറഞ്ഞു. ഗുജറാത്തില്‍ ഐ.ടി.ഐ (വ്യാവസായിക പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ)കളുടെയും അവയിലെ സീറ്റുകളുടെയും എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനയുണ്ടായതായി മാറിക്കൊണ്ടിരിക്കുന്ന ജോലികള്‍ക്കായി യുവാക്കളെ നിരന്തരം സജ്ജരാക്കുന്നതില്‍ ഐ.ടി.ഐകള്‍ക്കുള്ള പങ്കിന് അടിവരയിട്ടുകൊണ്ട്, പ്രധാനമന്ത്രി അറിയിച്ചു. ''ഗുജറാത്തിലെ 600 ഐ.ടി.ഐകളിലെ 2 ലക്ഷത്തോളം സീറ്റുകളില്‍ വ്യത്യസ്ത നൈപുണ്യങ്ങള്‍ക്കായുള്ള പരിശീലനം നല്‍കുന്നുണ്ട്''പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ ഐ.ടി.ഐകളില്‍ നിന്നുള്ള തൊഴില്‍ നിയമനങ്ങള്‍ വളരെ മികച്ചതായതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.


സ്വാതന്ത്ര്യത്തിനു ശേഷമുള്ള ദശാബ്ദങ്ങളില്‍ അവഗണിച്ചിരുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതിനായി എല്ലാ അവസരങ്ങളും വികസിപ്പിക്കുന്നതിനാണ് ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തനത് ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന കെവാഡിയ-ആതാ നഗറിലെ യൂണിറ്റി മാളിന്റെ മാതൃകയില്‍ രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലും ഒരു യൂണിറ്റി മാളും 50 പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങളും വികസിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഏകലവ്യ സ്‌കൂളില്‍ ഏകദേശം 40,000 അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


യുവജനങ്ങളുടെ ഏക ലക്ഷ്യം ഗവണ്‍മെന്റ് ജോലി നേടുക എന്നതാണെങ്കില്‍ അവരുടെ വ്യക്തിത്വ വികസനം നിലയ്ക്കുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. കഠിനാദ്ധ്വാനവും അര്‍പ്പണബോധവുമാണ് അവരെ ഇവിടെ എത്തിച്ചതെന്നും പുതിയ എന്തെങ്കിലും പഠിക്കാനുള്ള ത്വര ജീവിതത്തിലുടനീളം അവരെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ''നിങ്ങളുടെ നിയമനം എവിടെയായിരുന്നാലും നിങ്ങളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുക. എല്ലാ ഗവണ്‍മെന്റ് ജീവനക്കാരനും മികച്ച പരിശീലനം നല്‍കുന്നതിനാണ് ഞങ്ങളുടെ ശ്രമം'' കര്‍മ്മയോഗി ഭാരത് ഓണ്‍ലൈന്‍ വേദിയിലെ വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

-ND-

(Release ID: 1904640) Visitor Counter : 97