പ്രധാനമന്ത്രിയുടെ ഓഫീസ്‌

യുവശക്തിയെ ഉപയോഗപ്പെടുത്തല്‍ - നൈപുണ്യവും വിദ്യാഭ്യാസവും' എന്ന വിഷയത്തില്‍ ബജറ്റിനുശേഷമുള്ള വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

'ഈ വര്‍ഷത്തെ ബജറ്റ്, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിത്തറയെ കൂടുതല്‍ പ്രായോഗികവും വ്യവസായാധിഷ്ഠിതവുമാക്കി ശക്തിപ്പെടുത്തുന്നു'

'പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തിനും നൈപുണ്യത്തിനും തുല്യ ഊന്നല്‍ നല്‍കുന്നു'

'വെര്‍ച്വല്‍ ലാബുകളും നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറിയും പോലുള്ള ഭാവി നടപടികള്‍ നമ്മുടെ വിദ്യാഭ്യാസം, വൈദഗ്ധ്യം, വിജ്ഞാനം-ശാസ്ത്രം എന്നിവയുടെ ഇടമാകെ മാറ്റിമറിക്കാന്‍ പോകുന്നു'

'യുവാക്കള്‍ക്ക് 'ക്ലാസ് മുറിക്കു പുറത്തുള്ള പരിജ്ഞാനം' നല്‍കുന്നതിന് ഇന്റേണ്‍ഷിപ്പുകളും അപ്രന്റീസ്ഷിപ്പുകളും നല്‍കുന്നതില്‍ കേന്ദ്ര ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു'

'ദേശീയ അപ്രന്റീസ്ഷിപ്പ് പ്രോല്‍സാഹന പദ്ധതിക്ക് കീഴില്‍ 50 ലക്ഷത്തോളം യുവാള്‍ക്ക് സ്‌റ്റൈപ്പന്റ് ലഭ്യമാക്കിയിട്ടുണ്ട്'

'നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ്, ഐഒടി, ഡ്രോണ്‍സ് തുടങ്ങിയ 'വ്യവസായം 4.0' മേഖലകള്‍ക്കായി വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നതില്‍ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു'

Posted On: 25 FEB 2023 10:55AM by PIB Thiruvananthpuram

'യുവശക്തിയെ ഉപയോഗപ്പെടുത്തല്‍ - നൈപുണ്യവും വിദ്യാഭ്യാസവും' എന്ന വിഷയത്തില്‍ ബജറ്റിനു ശേഷമുള്ള വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച സംരംഭങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിനായി ബജറ്റിനുശേഷം ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ മൂന്നാമത്തേതാണ് ഇത്.

നൈപുണ്യവും വിദ്യാഭ്യാസവുമാണ് ഇന്ത്യയുടെ അമൃത കാലത്തെ രണ്ട് പ്രധാന ഉപാധികളെന്നും വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടോടെ രാജ്യത്തിന്റെ അമൃത യാത്രയെ നയിക്കുന്നത് യുവാക്കളാണെന്നും സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. അമൃത കാലത്തിന്റെ ആദ്യ ബജറ്റില്‍ യുവാക്കള്‍ക്കും അവരുടെ ഭാവിക്കും നല്‍കിയ പ്രത്യേക ഊന്നല്‍ എടുത്തുപറഞ്ഞ്, ഈ വര്‍ഷത്തെ ബജറ്റ് വിദ്യാഭ്യാസ സമ്പ്രദായത്തെ കൂടുതല്‍ പ്രായോഗികവും വ്യവസായാധിഷ്ഠിതവുമാക്കി അതിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി വിദ്യാഭ്യാസ സമ്പ്രദായത്തിലെ ബഹുമുഖത്വത്തിന്റെ അഭാവത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, മാറ്റം കൊണ്ടുവരാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങളെക്കുറിച്ചു പരാമര്‍ശിക്കുകയും ചെയ്തു. 'വിദ്യാഭ്യാസവും വൈദഗ്ധ്യവും യുവജനങ്ങളുടെ അഭിരുചിക്കും ഭാവിയുടെ ആവശ്യങ്ങക്കും അനുസൃതമായി പുനഃക്രമീകരിച്ചിരിക്കുന്നു'- പ്രധാനമന്ത്രി പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തിനും നൈപുണ്യത്തിനും തുല്യ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഈ നടപടിക്ക് അധ്യാപകരുടെ പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍കാല നിയന്ത്രണങ്ങളില്‍ നിന്ന് നമ്മുടെ വിദ്യാര്‍ത്ഥികളെ ഒഴിവാക്കി, വിദ്യാഭ്യാസ - നൈപുണ്യ മേഖലകളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കാന്‍ ഈ നീക്കം ഗവണ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരിക്കാലത്തെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പുതിയ സാങ്കേതികവിദ്യ പുതിയ തരം ക്ലാസ് മുറികള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നുവെന്ന് വ്യക്തമാക്കി. 'എവിടെയും അറിവ് ലഭ്യമാക്കല്‍' ഉറപ്പാക്കുന്ന ഉപാധികളിലാണ് ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 3 കോടി അംഗങ്ങളുള്ള ഇ-ലേണിങ് പ്ലാറ്റ്ഫോമായ 'സ്വയം' അദ്ദേഹം ഉദാഹരിച്ചു. വിര്‍ച്വല്‍ ലാബുകളും നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറിയും വിജ്ഞാനത്തിന്റെ വലിയ മാധ്യമമായി മാറാനുള്ള സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിടിഎച്ച് ചാനലുകളിലൂടെ പ്രാദേശിക ഭാഷകളില്‍ പഠിക്കാനുള്ള അവസരത്തെക്കുറിച്ചും പരാമര്‍ശിച്ച അദ്ദേഹം, ദേശീയ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ നിന്ന് കൂടുതല്‍ കരുത്ത് നേടുന്ന ഇത്തരം നിരവധി ഡിജിറ്റല്‍ - സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്നും പറഞ്ഞു. 'ഭാവിയിലേക്കുള്ള ഇത്തരം നടപടികള്‍ നമ്മുടെ വിദ്യാഭ്യാസം, വൈദഗ്ധ്യം, വിജ്ഞാനം-ശാസ്ത്രം എന്നിവയുടെ ഇടമാകെ മാറ്റിമറിക്കാന്‍ പോകുകയാണ്'. 'ഇപ്പോള്‍ നമ്മുടെ അധ്യാപകരുടെ പങ്ക് ക്ലാസ് മുറിയില്‍ മാത്രമായി ഒതുങ്ങില്ല' - പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സ്‌കൂളുകള്‍ തമ്മിലുള്ള അന്തരം നികത്തിക്കൊണ്ട് അധ്യാപകര്‍ക്ക് അവസരങ്ങളുടെ പുതിയ വാതിലുകള്‍ തുറക്കുമ്പോള്‍, കൂടുതല്‍ വൈവിധ്യമാര്‍ന്ന അധ്യാപന സാമഗ്രികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

'ജോലിയിലേയ്ക്കുള്ള പഠന'ത്തിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, ഇക്കാര്യത്തില്‍ നിരവധി രാജ്യങ്ങള്‍ പ്രത്യേകം ഊന്നല്‍ നല്‍കുന്നതു ചൂണ്ടിക്കാട്ടുകയും യുവാക്കള്‍ക്ക് 'ക്ലാസ് മുറിക്ക് പുറത്ത്' പരിജ്ഞാനം നല്‍കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഇന്റേണ്‍ഷിപ്പുകളും അപ്രന്റീസ്ഷിപ്പുകളും നല്‍കുന്നതിനുള്ള ശ്രമങ്ങളും എടുത്തുകാട്ടി. 'ഇന്ന് ദേശീയ ഇന്റേണ്‍ഷിപ്പ് പോര്‍ട്ടലില്‍ ഏകദേശം 75,000 തൊഴിലുടമകളുണ്ട്, അവിടെ ഇതുവരെ 25 ലക്ഷം ഇന്റേണ്‍ഷിപ്പുകള്‍ക്കുള്ള ആവശ്യകതകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്'-  പ്രധാനമന്ത്രി അറിയിച്ചു. വ്യവസായവും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പോര്‍ട്ടല്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും രാജ്യത്ത് ഇന്റേണ്‍ഷിപ്പ് സംസ്‌കാരം കൂടുതല്‍ വിപുലീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അപ്രന്റീസ്ഷിപ്പുകള്‍ നമ്മുടെ യുവാക്കളെ ഭാവിയിലേക്ക് സജ്ജരാക്കുമെന്ന വിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി ഇന്ത്യയില്‍ അപ്രന്റീസ്ഷിപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ എടുത്തുപറഞ്ഞു. ശരിയായ നൈപുണ്യമുള്ള തൊഴിലാളികളെ തിരിച്ചറിയാന്‍ ഇത് വ്യവസായങ്ങളെ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തെ ബജറ്റ് ചൂണ്ടിക്കാട്ടി, ദേശീയ അപ്രന്റീസ്ഷിപ്പ് പ്രോല്‍സാഹന പദ്ധതിക്ക് കീഴില്‍ ഏകദേശം 50 ലക്ഷം യുവജനങ്ങള്‍ക്ക് സ്‌റ്റൈപ്പന്‍ഡ് ലഭ്യമാക്കിയ കാര്യം പ്രധാനമന്ത്രി പറഞ്ഞു. ഇത് അപ്രന്റീസ്ഷിപ്പിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്നും  വ്യവസായത്തെ പണമിടപാടുകളില്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈദഗ്ധ്യമുള്ള തൊഴില്‍ സേനയുടെ ആവശ്യകത ഊന്നിപ്പപറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയെ ഒരു ഉല്‍പ്പാദന കേന്ദ്രമായാണ് ലോകം ഉറ്റുനോക്കുന്നത് എന്ന് വ്യക്തമാക്കി. രാജ്യത്ത് നിക്ഷേപം നടത്തുന്നതിലുള്ള ലോകത്തിന്റെ ആവേശത്തെപറ്റിയും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റില്‍ നൈപുണ്യത്തിന് ഊന്നല്‍ നല്‍കിയ കാര്യവും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 യെപറ്റിയും പ്രധാനമന്ത്രി വിശദീകരിച്ചു. ഈ പദ്ധതി വരും വര്‍ഷങ്ങളില്‍ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് വൈദഗ്ധ്യം നേടാനും പുതിയ കഴിവുകള്‍ ഉണ്ടാക്കാനും നൈപുണ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഈ പദ്ധതിയിലൂടെ ഗിരിവര്‍ഗ്ഗക്കാരുടെയും ഭിന്നശേഷിക്കാരുടെയും സ്ത്രീകളുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പരിപാടികള്‍ ആവിഷ്‌കരിച്ച് വരികയാണെന്ന് അദ്ദേഹം അറിയിച്ചു. 'നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ്, ഐഒടി, ഡ്രോണ്‍സ് തുടങ്ങിയ വ്യവസായം 4.0 സെക്ടറുകള്‍ക്കായി വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അതുവഴി  നവവൈദഗ്ധ്യത്തിനായി വളരെയധികം ഊര്‍ജ്ജവും വിഭവങ്ങളും ചെലവഴിക്കാതെ തന്നെ അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് വൈദഗ്ധ്യമുള്ളവരെ കണ്ടെത്തുന്നത് എളുപ്പമാക്കുന്നു. പരമ്പരാഗത കൈപ്പണിക്കാര്‍, കരകൗശല വിദഗ്ധര്‍, കലാകാരന്മാര്‍ എന്നിവരുടെ നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന പിഎം വിശ്വകര്‍മ കൗശല്‍ സമ്മാന്‍ യോജനയെ ഉദാഹരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ വിപണി ഇവര്‍ക്കായി സജ്ജമാക്കുകയും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു

ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ സര്‍വ്വകലാശാലയുടെ പഠന ഗവേഷണ വിഭാഗത്തിന്റെയും വ്യവസായത്തിന്റെയും പങ്കിന്റെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഗവേഷണം സാധ്യമാക്കുന്നതിനൊപ്പം ഗവേഷണ വ്യവസായത്തില്‍ നിന്ന് മതിയായ ധസഹായത്തിനുള്ള ഇടം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റ് ചൂണ്ടിക്കാട്ടി നിര്‍മ്മിത ബുദ്ധിയുടെ 3 മികവിന്റെ കേന്ദ്രങ്ങളെ പരാമര്‍ശിച്ച പ്രധാനമന്ത്രി അവ വ്യവസായ-സര്‍വ്വകലാശാലയുടെ പഠന ഗവേഷണ വിഭാഗത്തിന്റെയും പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും പറഞ്ഞു. മെഡിക്കല്‍ കോളേജുകള്‍ക്കും സ്വകാര്യ മേഖലയിലെ ഗവേഷണ-വികസന സംഘങ്ങള്‍ക്കും ഐസിഎംആര്‍ ലാബുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഗവേഷണ-വികസന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഇത്തരം ഓരോ നടപടികളും പരമാവധി പ്രയോജനപ്പെടുത്താന്‍ സ്വകാര്യമേഖലയോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഗവണ്‍മെന്റിന്റെ 'സര്‍വ്വതോന്മുഖ' സമീപനത്തിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, വിദ്യാഭ്യാസവും നൈപുണ്യവും അവയുമായി ബന്ധപ്പെട്ട മന്ത്രാലയത്തിനോ വകുപ്പിനോ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും എല്ലാ മേഖലയിലും അവയുടെ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും പറഞ്ഞു. നൈപുണ്യവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പങ്കാളികളോട് വിവിധ മേഖലകളില്‍ വരുന്ന ഈ അവസരങ്ങള്‍ പഠിക്കാനും ആവശ്യമായ തൊഴില്‍ ശക്തി സൃഷ്ടിക്കാന്‍ സഹായിക്കാനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ വ്യോമയാന മേഖലയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, വന്‍തോതിലുള്ള തൊഴില്‍ സ്രോതസ്സുകളിലേക്കുള്ള വാതിലുകള്‍ തുറക്കുന്നതോടൊപ്പം ട്രാവല്‍ ആന്‍ഡ് ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയെയും ഇത് കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'സ്‌കില്‍ ഇന്ത്യ മിഷനു' കീഴില്‍ പരിശീലനം ലഭിച്ച യുവാക്കളുടെ പുതുക്കിയ ഡാറ്റാബേസ് തയ്യാറാക്കാനുള്ള ആഗ്രഹം പ്രധാനമന്ത്രി പ്രകടിപ്പിച്ചു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിത ബുദ്ധിയുടെയും വരവിനു ശേഷം ഇന്ത്യയിലെ പരിശീലനം സിദ്ധിച്ച തൊഴിലാളികളെ മാറ്റിനിര്‍ത്തരുതെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഈ ദിശയില്‍ പ്രവര്‍ത്തിക്കണമെന്ന് വ്യവസായ വിദഗ്ധരോട് അഭ്യര്‍ത്ഥിച്ചു.

 

 

Speaking on how the Amrit Kaal Budget will give boost to education sector and benefit our talented Yuva Shakti. https://t.co/cDlmIyBmbT

— Narendra Modi (@narendramodi) February 25, 2023

विकसित भारत के विज़न को लेकर देश की अमृतयात्रा का नेतृत्व हमारे युवा ही कर रहे हैं। pic.twitter.com/UzdRqpQq9A

— PMO India (@PMOIndia) February 25, 2023

वर्षों से हमारा education sector, rigidity का शिकार रहा।

हमने इसको बदलने का प्रयास किया है। pic.twitter.com/oColTAyXZt

— PMO India (@PMOIndia) February 25, 2023

आज सरकार ऐसे tools पर फोकस कर रही है, जिससे ‘anywhere access of knowledge’ सुनिश्चित हो सके। pic.twitter.com/TlTGfEg7UT

— PMO India (@PMOIndia) February 25, 2023

आज भारत को दुनिया manufacturing hub के रूप में देख रही है।

इसलिए आज भारत में निवेश को लेकर दुनिया में उत्साह है।

ऐसे में skilled workforce आज बहुत काम आती है। pic.twitter.com/o8OrPU8M4y

— PMO India (@PMOIndia) February 25, 2023

 

***

--ND--



(Release ID: 1902240) Visitor Counter : 154