ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

ഹരിത വളര്‍ച്ച സംബന്ധിച്ച ബജറ്റിന് ശേഷമുള്ള ആദ്യ വെബിനാറിനെ ഫെബ്രുവരി 23-ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും


ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ആശയങ്ങള്‍ തേടുന്നതിനായി ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന 12 ബജറ്റാനന്തര വെബിനാറുകളുടെ ഭാഗമാണിത്

പ്രമുഖ വ്യവസായികള്‍, വിദഗ്ധര്‍, സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയുള്ള ഓഹരിപങ്കാളികള്‍ വെബിനാറില്‍ പങ്കെടുക്കും

കേന്ദ്ര ബജറ്റില്‍ ഹരിത വളര്‍ച്ചയെ സംബന്ധിച്ച് പ്രഖ്യാപിച്ച 12 മുന്‍കൈകള്‍ ആറ് സമാന്തര സെഷനുകളിലായി ചര്‍ച്ച ചെയ്യും

ഓഹരി ഉടമകളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രാലയങ്ങള്‍ സമയബന്ധിതമായ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കും

Posted On: 22 FEB 2023 7:20PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2023 ഫെബ്രുവരി 22

ഹരിത വളര്‍ച്ച സംബന്ധിച്ച ബജറ്റിന് ശേഷമുള്ള ആദ്യ വെബിനാറിനെ 2023 ഫെബ്രുവരി 23ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മുന്‍കൈകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിനായി ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന 12 ബജറ്റാനന്തര വെബിനാറുകളില്‍ ആദ്യത്തേതാണ് ഇത്.
ഊര്‍ജ്ജവും ഊര്‍ജേ്ജതര ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന ഹരിത വളര്‍ച്ചയുടെ ആറ് ബ്രേക്ക്ഔട്ട് സെഷനുകള്‍ വെബിനാറില്‍ ഉണ്ടായിരിക്കും. കേന്ദ്ര ഊര്‍ജ മന്ത്രാലയമാണ് ഈ വെബിനാറിന് നേതൃത്വം നല്‍കുന്നത്. ബന്ധപ്പെട്ട കേന്ദ്ര ഗവണ്‍മെന്റ് മന്ത്രാലയങ്ങളിലെ മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പുറമേ, സംസ്ഥാന ഗവണ്‍മെന്റുകള്‍, വ്യവസായം, അക്കാദമി-ഗവേഷണ സ്ഥാപനങ്ങള്‍, പൊതുമേഖല എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം ഓഹരിപങ്കാളികളും ഈ വെബിനാറുകളില്‍ പങ്കെടുക്കുകയും ബജറ്റ് പ്രഖ്യാപനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശങ്ങളിലൂടെ സംഭാവന നല്‍കുകയും ചെയ്യും.
ഹരിത വ്യാവസായിക, സാമ്പത്തിക പരിവര്‍ത്തനം, പരിസ്ഥിതി സൗഹൃദ കൃഷി, സുസ്ഥിര ഊര്‍ജ്ജം എന്നിവ രാജ്യത്ത് സാദ്ധ്യമാക്കുന്നതിന് 2023-24 ലെ കേന്ദ്ര ബജറ്റിലുള്ള ഏഴ് പ്രധാന മുന്‍ഗണനകളില്‍ ഒന്നാണ് ഹരിത വളര്‍ച്ച. ഇത് വന്‍തോതില്‍ ഹരിത തൊഴിലവസരങ്ങളും സൃഷ്ടിക്കും. വിവിധ മേഖലകളിലും മന്ത്രാലയങ്ങളിലും വ്യാപിച്ചുകിടക്കുന്ന നിരവധി പദ്ധതികളും സംരംഭങ്ങളും കേന്ദ്ര ബജറ്റ് വിഭാവനം ചെയ്തിട്ടുണ്ട്. അതായത് ഹരിത ഹൈഡ്രജന്‍ മിഷന്‍, ഊര്‍ജ്ജ പരിവര്‍ത്തനം, ഊര്‍ജ്ജ സംഭരണപദ്ധതികള്‍, പുനരുപയോഗ ഊര്‍ജ്ജം ഒഴിപ്പിക്കല്‍, ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം, പി.എം-പ്രണാമം, ഗോബര്‍ദന്‍ പദ്ധതി, ഭാരതീയ പ്രകൃതിക് ഖേതി ബയോ ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകള്‍, മിഷ്ടി, അമൃത് ധരോഹര്‍, തീരദേശ ഷിപ്പിംഗ്, വാഹനങ്ങളുടെ മാറ്റല്‍ എന്നിവ.
ഓരോ ബജറ്റാനന്തര വെബിനാറിനും മൂന്ന് സെഷനുകള്‍ ഉണ്ടായിരിക്കും. പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന പ്ലീനറി ഉദ്ഘാടന സമ്മേളനത്തോടെയാണ് ഇത് ആരംഭിക്കുന്നത്. ഈ സെഷനുശേഷം വിവിധ ആശയങ്ങളില്‍ സമാന്തരമായി പ്രത്യേക ബ്രേക്ക്ഔട്ട് സെഷനുകളും നടക്കും. ബ്രേക്കൗട്ട് സെഷനുകളില്‍ നിന്നുള്ള ആശയങ്ങള്‍ അവസാനമായി പ്ലീനറി സമാപന സമ്മേളനത്തില്‍ അവതരിപ്പിക്കും. വെബിനാര്‍ സമയത്ത് ലഭിക്കുന്ന ആശയ നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കി, ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നതിന് സമയബന്ധിതമായ കര്‍മ്മ പദ്ധതി തയ്യാറാക്കും.

-ND-


(Release ID: 1901566) Visitor Counter : 157