ധനകാര്യ മന്ത്രാലയം

ഗ്രാമീണ വികസനത്തിന് ഊന്നൽ നൽകുന്നു - സാമ്പത്തിക സർവേ 2022-23

Posted On: 31 JAN 2023 1:22PM by PIB Thiruvananthpuram

രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം (2021ലെ കണക്കുകൾ പ്രകാരം) ഗ്രാമപ്രദേശങ്ങളിലാണെന്നും ജനസംഖ്യയുടെ 47 ശതമാനം ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നുവെന്നും ആണ് സാമ്പത്തിക സർവേ 2022-23 സൂചിപ്പിക്കുന്നത്.

ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം ഗ്രാമീണ ജീവിതത്തിന്റെ ഗുണനിലവാരം സംബന്ധിച്ച സൂചകങ്ങളിൽ 2015-16 നെ അപേക്ഷിച്ച് 2019-21 ൽ ഗണ്യമായ പുരോഗതി കാണിക്കുന്നു.

വിവിധ പദ്ധതികളിലൂടെ ഗ്രാമീണ ജീവിത നിലവാരവും വരുമാനവും ഉയർത്തുന്നതിനുള്ള ബഹുമുഖ സമീപനമാണ് സർവേ സൂചിപ്പിക്കുന്നത്.

1. ഉപജീവനം, നൈപുണ്യ വികസനം
 
ദീനദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (DAY-NRLM) ദരിദ്രരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നാണ്. ഗ്രാമീണ സ്ത്രീകളാണ് പരിപാടിയുടെ മുഖ്യഗുണഭോക്താക്കൾ. ഏകദേശം 4 ലക്ഷം സ്വയം സഹായ സംഘാംഗങ്ങളെ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്സൺമാരായി (CRP) പരിശീലിപ്പിച്ചു. 81 ലക്ഷം സ്വയം സഹായ സംഘങ്ങളിലായി ദരിദ്ര-ദുർബല വിഭാഗങ്ങളിൽ നിന്നുള്ള 8.7 കോടി സ്ത്രീകളെ അണിനിരത്തി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGS) കീഴിൽ 5.6 കോടി കുടുംബങ്ങൾക്ക് തൊഴിൽ ലഭിച്ചു. 2023 ജനുവരി 6 വരെ 225.8 കോടി വ്യക്തിദിന തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. 2022 സാമ്പത്തിക വർഷത്തിൽ, 85 ലക്ഷം പ്രവൃത്തികളും 2023 സാമ്പത്തിക വർഷം ഇതുവരെ 70.6 ലക്ഷം പ്രവൃത്തികളും പൂർത്തികരിച്ചു (2023 ജനുവരി 9 വരെ). പ്രവൃത്തികളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചു.

നൈപുണ്യ വികസനം ഗവൺമെന്റിന്റെ ശ്രദ്ധയൂന്നുന്ന ഒരു മേഖലയാണ്. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (DDU-GKY) പ്രകാരം 2022 നവംബർ 30 വരെ 13,06,851 ഉദ്യോഗാർത്ഥികൾ പരിശീലനം നേടി. അതിൽ 7,89,685 പേർക്ക് തൊഴിൽ ലഭിച്ചു.

2. സ്ത്രീ ശാക്തീകരണം

ഇന്ത്യയിൽ ഏകദേശം 1.2 കോടി സ്വയം സഹായ സംഘങ്ങളുണ്ട്. ഇതിൽ 88 ശതമാനവും വനിതാ സ്വയം സഹായ സംഘങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ മൈക്രോഫിനാൻസ് പദ്ധതിയായ എസ്എച്ച്ജി ബാങ്ക് ലിങ്കേജ് പ്രോജക്ട് (SHG-BLP) മുഖേന 119 ലക്ഷം സ്വയം സഹായ സംഘങ്ങളിലൂടെ 14.2 കോടി കുടുംബങ്ങളെ ശാക്തീകരിക്കുന്നു.

ഗ്രാമീണ വനിതാ തൊഴിൽ പങ്കാളിത്ത നിരക്ക് (FLFPR) 2018-19 ലെ 19.7 ശതമാനത്തിൽ നിന്ന് 2020-21 ൽ 27.7 ശതമാനമായി ഉയർന്നതായി സർവേ ചൂണ്ടിക്കാട്ടുന്നു.
 
3. എല്ലാവർക്കും വീട്

മൊത്തം 2.7 കോടി വീടുകൾ അനുവദിക്കുകയും 2023 ജനുവരി 6 ഓടെ 2.1 കോടി വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. 2023 സാമ്പത്തിക വർഷത്തിൽ 52.8 ലക്ഷം വീടുകൾ പൂർത്തീകരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി 32.4 ലക്ഷം വീടുകൾ പൂർത്തിയായി.
 
4. വെള്ളവും ശുചിത്വവും

ജൽ ജീവൻ മിഷൻ (JJM) ആരംഭിച്ചതുമുതൽ, 2023 ജനുവരി 18 വരെയുള്ള കാലയളവിൽ, 19.4 കോടി ഗ്രാമീണ കുടുംബങ്ങളിൽ 11.0 കോടി കുടുംബങ്ങൾക്ക് പൈപ്പിലൂടെ കുടിവെള്ളം എത്തിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ രാജ്യത്തെ ഓരോ ജില്ലയിലും 75 ജലാശയങ്ങൾ വികസിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതാണ് മിഷൻ അമൃത് സരോവർ ലക്ഷ്യമിടുന്നത്. 50,000 അമൃത് സരോവരങ്ങൾ എന്നതായിരുന്നു പ്രാരംഭ ലക്ഷ്യമെങ്കിലും, 93,291 സ്ഥലങ്ങൾ അമൃത് സരോവറിനായി  കണ്ടെത്തി. 54,047-ലധികം സ്ഥലങ്ങളിൽ ജോലികൾ ആരംഭിച്ചു. 24,071 അമൃത് സരോവരങ്ങൾ നിർമ്മിച്ചു.

സ്വച്ഛ് ഭാരത് മിഷന്റെ (ഗ്രാമീൺ) രണ്ടാം ഘട്ടം FY21 മുതൽ FY25 വരെ നടപ്പിലാക്കിവരികയാണ് - 2019 ഒക്ടോബർ 2-ന് രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വെളിയിട വിസർജ്ജന മുക്ത (ODF) പദവി കൈവരിച്ചു. 2022 നവംബർ വരെ ഏകദേശം 1,24,099 ഗ്രാമങ്ങളെ ODF പ്ലസ് ആയി പ്രഖ്യാപിച്ചു. ആൻഡമാൻ-നിക്കോബാർ ദ്വീപുകളെ ആദ്യത്തെ ‘സ്വച്ഛ്, സുജൽ പ്രദേശ്’ ആയി പ്രഖ്യാപിച്ചു. അവിടുത്തെ എല്ലാ ഗ്രാമങ്ങളെയും ODF പ്ലസ് ആയി പ്രഖ്യാപിച്ചു.
 
5. പുക രഹിത ഗ്രാമീണ ഭവനങ്ങൾ

പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ 9.5 കോടി പാചക വാതക കണക്ഷനുകൾ നൽകി. പാചക വാതക കവറേജ് 62 ശതമാനത്തിൽ നിന്ന് (2016 മേയ് 1-ന്) 99.8 ശതമാനമായി (2021 ഏപ്രിൽ 1-ന്) ഉയർന്നു.
 
6. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ

പ്രധാനമന്ത്രി ഗ്രാമസഡക് യോജന പ്രകാരം അനുവദിച്ച 1,84,984 റോഡുകളിൽ ,1,73,775 റോഡുകൾ നിർമ്മിച്ചു.

 

സൗഭാഗ്യ - 2017 ഒക്‌ടോബറിൽ സൗഭാഗ്യ ആരംഭിച്ചതിനുശേഷം (സൗഭാഗ്യ , DDUGJY മുതലായവ) വിവിധ പദ്ധതികൾക്ക് കീഴിൽ മൊത്തം 2.9 കോടി കുടുംബങ്ങൾ വൈദ്യുതീകരിച്ചു.
 
****


(Release ID: 1895071) Visitor Counter : 362