വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

എസ്‌സിഒ ഫിലിം ഫെസ്റ്റിവലിന് ഇന്ന് മുംബൈയിൽ തുടക്കം


ചലച്ചിത്ര നിർമ്മാതാക്കൾക്ക് സഹകരിക്കാനും ലോകസിനിമയിലെ ഏറ്റവും മികച്ച അനുഭവങ്ങൾ ആസ്വദിക്കാനും ചലച്ചിത്ര മേള അവസരങ്ങൾ നൽകുന്നു: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ

Posted On: 27 JAN 2023 8:52PM by PIB Thiruvananthpuram

മുംബൈ: 2023 ജനുവരി 27


ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സി‌ഒ) ചലച്ചിത്രമേളയ്ക്ക് ഇന്ന് മുംബൈയിൽ തുടക്കമായി. താരനിബിഡമായ ഉദ്ഘാടന ചടങ്ങിൽ രാജ്യത്തിന്റെ വൈവിധ്യത്തെ ഉയർത്തിക്കാട്ടുന്ന വർണ്ണാഭമായ സാംസ്‌കാരിക പരിപാടിയും നടന്നു. ഇന്ത്യയിലെയും എസ്‌സി‌ഒ രാജ്യങ്ങളിലെയും സിനിമാ രംഗത്തെ പ്രശസ്തരായ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂറും സാംസ്‌കാരിക സഹമന്ത്രി ശ്രീമതി മീനാക്ഷി ലേഖിയും ചേർന്ന് മേള ഉദ്ഘാടനം ചെയ്തു.



ലോക സിനിമയിലെ ഏറ്റവും മികച്ച അനുഭവങ്ങളെ ആസ്വദിക്കുന്നതിനും ബന്ധിപ്പിക്കുന്നതിനും ഉള്ള അതുല്യമായ അവസരങ്ങളും അവിശ്വസനീയമായ സാധ്യതകളും ചലച്ചിത്ര നിർമ്മാതാക്കൾക്ക് എസ്‌സി‌ഒ ചലച്ചിത്രമേള സമ്മാനിക്കുന്നതായി സ്വാഗത പ്രസംഗം നടത്തിക്കൊണ്ട് ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ പറഞ്ഞു. എസ്‌സി‌ഒയിൽ ഇന്ത്യയുടെ അധ്യക്ഷതയെ അടയാളപ്പെടുത്തുന്നതിനാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്നും എസ്‌സി‌ഒ മേഖലയിൽ നിന്നുള്ള വൈവിധ്യമാർന്ന ചലച്ചിത്രങ്ങളും, ചലച്ചിത്ര നിർമ്മാണത്തിന്റെ വിവിധ ശൈലികളും പ്രദർശിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സിനിമാ പങ്കാളിത്തം കെട്ടിപ്പടുക്കുക, യുവ ചലച്ചിത്ര പ്രതിഭകളെ പരിപോഷിപ്പിക്കുക, ഈ സവിശേഷ പ്രദേശത്തിന്റെ സംസ്കാരങ്ങൾ തമ്മിലുള്ള പാലമായി വർത്തിക്കുക എന്നിവ കൂടിയാണ് മേളയുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.



ചലച്ചിത്ര നിർമ്മാണ പ്രതിഭകളുടെ അഭിനിവേശവും കഴിവും കൊണ്ട് ഇന്ത്യ, ലോകത്തിന്റെ ഉള്ളടക്ക- പോസ്റ്റ് പ്രൊഡക്ഷൻ ഹബ് ആയി മാറാൻ ഒരുങ്ങുകയാണ്. കേവലം ഒരു നൂറ്റാണ്ടിനിടെ ഇന്ത്യൻ സിനിമ അതിന്റെ അതിരുകൾ ഭേദിച്ചു എന്നും അത് ഒരു കലയായി മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകളെയും സംസ്കാരങ്ങളെയും ബന്ധിപ്പിക്കുന്നതിനും സ്വാധീനിക്കുന്നതിനുമുള്ള ശക്തമായ മാധ്യമമായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള ചലച്ചിത്ര വ്യവസായങ്ങൾക്ക് വേദിയാകുന്നതിന് ക്രിയാത്മക മനസ്സുകൾ, സാങ്കേതിക കഴിവുകൾ, വിദഗ്ധരായ മനുഷ്യവിഭവശേഷി, കുറഞ്ഞ ചെലവ്, ലോകോത്തര പോസ്റ്റ്-പ്രൊഡക്ഷൻ സൗകര്യങ്ങൾ എന്നിവയുള്ള ഏറ്റവും വലിയ സമൂഹമാണ് ഇന്ത്യയിലുള്ളതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഓഡിയോ-വിഷ്വൽ കോ-പ്രൊഡക്ഷനുള്ള പ്രോത്സാഹന പദ്ധതിയും ഇന്ത്യയിൽ വിദേശ സിനിമകളുടെ ചിത്രീകരണത്തിനുള്ള പ്രോത്സാഹന പദ്ധതിയും പ്രയോജനപ്പെടുത്താൻ എസ്‌സിഒ അംഗരാജ്യങ്ങളോട് മന്ത്രി അഭ്യർത്ഥിച്ചു. ഇന്ത്യൻ സിനിമ മധ്യ ഏഷ്യൻ മേഖലയിലുടനീളം വളരെ പ്രചാരമുള്ളതാണെന്നും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ അഭിപ്രായപ്പെട്ടു.

ഉദ്ഘാടന ചടങ്ങിൽ മുഖ്യ അതിഥിയായെത്തിയ ശ്രീമതി ഹേമമാലിനിയെയും, എസ്‌സിഒ ഫിലിം ഫെസ്റ്റിവലിലെ ഏഴ് ജൂറി അംഗങ്ങളെയും, സന്നിഹിതരായ ചലച്ചിത്ര രംഗത്തെ വിശിഷ്ട വ്യക്തികളെയും, എസ്‌സിഒ രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.

 'ഭാരത് ഹേ ഹം' എന്ന ആനിമേറ്റഡ് സീരീസിന്റെ ട്രെയിലറും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു.



ഇന്ത്യയിലെ എസ്‌സി‌ഒ ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിൽ മത്സരവിഭാഗത്തിലും മത്സരേതര വിഭാഗത്തിലുമായി 14 രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 58 സിനിമകൾ പ്രദർശിപ്പിക്കും.

ശ്രീ പ്രിയദർശൻ സംവിധാനം ചെയ്ത് ശ്രീമതി ഉർവ്വശി അഭിനയിച്ച തമിഴ് ചിത്രം "അപ്പത്ത" യുടെ പ്രദർശനത്തോടെയാണ് ഫെസ്റ്റിവൽ ആരംഭിക്കുന്നത്. ചിത്രത്തിന്റെ സ്ക്രീനിംഗ് വേളയിൽ ഇരുവരെയും ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ആദരിച്ചു.



****

(Release ID: 1894229) Visitor Counter : 182