പ്രധാനമന്ത്രിയുടെ ഓഫീസ്‌

പോലീസ് ഡയറക്ടർ ജനറൽമാരുടെ /  ഇൻസ്പെക്ടർ ജനറൽമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു 


പോലീസ് സേനയെ കൂടുതൽ സംവേദനക്ഷമമാക്കാനും  വളർന്നുവരുന്ന സാങ്കേതിക വിദ്യകളിൽ അവരെ പരിശീലിപ്പിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു 

ഏജൻസികൾ  തമ്മിലുള്ള  ഡാറ്റാ കൈമാറ്റം സുഗമമാക്കുന്നതിന് ദേശീയ ഡാറ്റാ ഗവേണൻസ് ചട്ടക്കൂടിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു 

സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിലുള്ള വർധിച്ച സഹകരണത്തിന് പ്രധാനമന്ത്രി ഊന്നൽ നൽകി 

കാലഹരണപ്പെട്ട ക്രിമിനൽ നിയമങ്ങൾ പിൻവലിക്കാൻ പ്രധാനമന്ത്രി ശുപാർശ ചെയ്തു ; ജയിൽ പരിഷ്കാരങ്ങളും നിർദ്ദേശിച്ചു 

Posted On: 22 JAN 2023 7:56PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 21, 22 തീയതികളിൽ ന്യൂഡൽഹിയിൽ നടന്ന  പോലീസ് ഡയറക്ടർ ജനറൽമാരുടെ / ഇൻസ്പെക്ടർ ജനറൽമാരുടെ 57-ാമത് അഖിലേന്ത്യാ സമ്മേളനത്തിൽ  പങ്കെടുത്തു.

പോലീസ് സേനയെ കൂടുതൽ സംവേദനക്ഷമമാക്കാനും,   വളർന്നുവരുന്ന സാങ്കേതിക വിദ്യകളിൽ അവരെ പരിശീലിപ്പിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു.   ഏജൻസികൾ  തമ്മിലുള്ള ഡാറ്റാ കൈമാറ്റം സുഗമമാക്കുന്നതിന് ദേശീയ ഡാറ്റാ ഗവേണൻസ് ചട്ടക്കൂടിന്റെ പ്രാധാന്യം  അദ്ദേഹം ഊന്നി പറഞ്ഞു . ബയോമെട്രിക്‌സ് മുതലായ സാങ്കേതിക വിദ്യകൾ നാം കൂടുതൽ പ്രയോജനപ്പെടുത്തുമ്പോൾ തന്നെ, കാൽനട പട്രോളിംഗ് പോലുള്ള പരമ്പരാഗത പോലീസിംഗ് സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . കാലഹരണപ്പെട്ട ക്രിമിനൽ നിയമങ്ങൾ റദ്ദാക്കാനും സംസ്ഥാനങ്ങളിലുടനീളമുള്ള പോലീസ് സ്ഥാപനങ്ങളുടെ  നിലവാരം ഉയർത്താനും അദ്ദേഹം നിർദേശിച്ചു . ജയിൽ മാനേജ്മെന്റ് മെച്ചപ്പെടുത്താൻ ജയിൽ പരിഷ്കരണങ്ങൾ പ്രധാനമന്ത്രി  നിർദ്ദേശിച്ചു. ഉദ്യോഗസ്ഥരുടെ ഇടയ്‌ക്കിടെ സന്ദർശനം സംഘടിപ്പിച്ച് അതിർത്തിയും തീരസുരക്ഷയും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു .

കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും മികച്ച സമ്പ്രദായങ്ങൾ പങ്കുവയ്ക്കുന്നതിനുമായി  കേന്ദ്ര - സംസ്ഥാന പോലീസ്  ഏജൻസികൾ  തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഊന്നൽ നൽകി. ഉയർന്നുവരുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും അവരുടെ ടീമുകൾക്കിടയിൽ മികച്ച രീതികൾ വികസിപ്പിക്കുന്നതിനുമായി സംസ്ഥാന/ജില്ലാ തലങ്ങളിൽ ഡിജിഎസ്പി / ഐജിഎസ്പി സമ്മേളനത്തിന്റെ  മാതൃക ആവർത്തിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

വിശിഷ്ട സേവനങ്ങൾക്കുള്ള പോലീസ് മെഡലുകൾ പ്രധാനമന്ത്രി വിതരണം ചെയ്തതിന് ശേഷമാണ് സമ്മേളനം സമാപിച്ചത്.

ഭീകരവാദം, സായുധകലാപങ്ങൾ ചെറുക്കൽ , സൈബർ സുരക്ഷ  എന്നിവയുൾപ്പെടെ പോലീസിങ്ങിന്റെയും ദേശീയ സുരക്ഷയുടെയും വിവിധ വശങ്ങൾ സമ്മേളനം ചർച്ച ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി, ആഭ്യന്തര സഹമന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാനങ്ങളിലെ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഡിജിഎസ്പി/ഐജിഎസ്പി, കേന്ദ്ര പൊലീസ് സംഘടനകൾ/കേന്ദ്ര സായുധ പൊലീസ് സേനാ മേധാവികൾ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി  വിവിധ തലങ്ങളിലുള്ള 600-ഓളം ഉദ്യോഗസ്ഥർ സമ്മേളനത്തിൽ  പങ്കെടുത്തു.

--ND--
 



(Release ID: 1892892) Visitor Counter : 121