നിതി ആയോഗ്
നിതി ആയോഗിൽ സാമ്പത്തികവിദഗ്ധരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
ചർച്ചാവിഷയം: ആഗോള പ്രതിസന്ധികൾക്കിടയിലെ ഇന്ത്യയുടെ വളർച്ചയും അതിജീവനശേഷിയും
ഉരുത്തിരിയുന്ന ആഗോള പരിതസ്ഥിതിയിൽ ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്, പൊതു-സ്വകാര്യമേഖലകൾ സമന്വയം പ്രയോജനപ്പെടുത്തണമെന്നും അസാധാരണമാംവിധം ചിന്തിക്കണമെന്നും പ്രധാനമന്ത്രി
ഇന്ത്യ ഡിജിറ്റൽ സ്റ്റോറിയുടെ വിജയത്തെയും രാജ്യത്തുടനീളം ഫിൻടെക് അതിവേഗം സ്വീകരിക്കപ്പെട്ടതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
ഇന്ത്യയുടെ വളർച്ചയുടെ പ്രധാന ചാലകശക്തിയാണു നാരീശക്തിയെന്നു പ്രധാനമന്ത്രി
ഇന്ത്യയുടെ വികസനക്കുതിപ്പു നിലനിർത്താൻ കഴിയുന്ന മാർഗങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ സാമ്പത്തികവിദഗ്ധർ അവതരിപ്പിച്ചു
പ്രക്ഷുബ്ധമായ ആഗോളവേദിയിൽ ദീപ്തമായ മേഖലയായി ഇന്ത്യ ഉയർന്നുവന്നെന്നു സാമ്പത്തികവിദഗ്ധർ
ഇന്ത്യയുടെ അതിജീവനശേഷിക്കു കൂടുതൽ കരുത്തേകുന്നതിനുള്ള തന്ത്രപ്രധാനമായ ശുപാർശകളും പങ്കുവച്ചു
Posted On:
13 JAN 2023 6:09PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാവിലെ നിതി ആയോഗിൽ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞമായും വിദഗ്ധരുമായും ആശയവിനിമയം നടത്തി.
“ആഗോള പ്രതിസന്ധികൾക്കിടയിലെ ഇന്ത്യയുടെ വളർച്ചയും അതിജീവനശേഷിയും” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ചകൾ. ആപത്ശങ്കകളുണ്ടെങ്കിലും, ഉയർന്നുവരുന്ന ആഗോള അന്തരീക്ഷം ഡിജിറ്റൽവൽക്കരണം, ഊർജം, ആരോഗ്യസംരക്ഷണം, കൃഷി തുടങ്ങിയ മേഖലകളിൽ പുതിയതും വൈവിധ്യപൂർണവുമായ അവസരങ്ങൾ പ്രദാനംചെയ്യുന്നുവെന്നു പ്രധാനമന്ത്രി പരാമർശിച്ചു. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്, പൊതു-സ്വകാര്യ മേഖലകൾ സമന്വയം പ്രയോജനപ്പെടുത്തുകയും അസാധാരണമാംവിധം ചിന്തിക്കുകയും വേണം. ഇന്ത്യ ഡിജിറ്റൽ സ്റ്റോറിയുടെ വിജയത്തെയും രാജ്യത്തുടനീളം ഫിൻടെക് അതിവേഗം സ്വീകരിക്കപ്പെട്ടതിനെയും, അതു വാഗ്ദാനംചെയ്യുന്ന സമഗ്രവളർച്ചയ്ക്കും വികാസത്തിനുമുള്ള സാധ്യതയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ വളർച്ചയുടെ പ്രധാന ചാലകശക്തിയാണു നാരീശക്തിയെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തൊഴിൽശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ പ്രാപ്തമാക്കുന്നതിനും വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. അന്താരാഷ്ട്ര ചെറുധാന്യവർഷമായ നടപ്പുവർഷത്തിൽ, കാർബൺരഹിതവും പ്രകൃതിദത്തകൃഷിക്ക് അനുയോജ്യവും ചെലവുകുറഞ്ഞ പോഷകാഹാരസ്രോതസും എന്ന നിലയിൽ, ഗ്രാമീണ-കാർഷിക മേഖലകളെ പരിവർത്തനം ചെയ്യാനുള്ള കഴിവുകൾ കണക്കിലെടുത്ത്, ചെറുധാന്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
യോഗത്തിൽ പങ്കെടുത്തവർ ഇന്ത്യയുടെ വികസനക്കുതിപ്പു വരുംകാലങ്ങളിലും നിലനിർത്തുന്നതിനുള്ള പ്രായോഗിക നടപടികൾ വാഗ്ദാനംചെയ്തു. കൃഷിമുതൽ ഉൽപ്പാദനംവരെയുള്ള വിവിധ വിഷയങ്ങളിൽ ആശയങ്ങളും നിർദേശങ്ങളും പ്രധാനമന്ത്രിയുമായി പങ്കുവച്ചു. ആഗോളപ്രതിസന്ധികൾ തുടരുന്നതിനുള്ള സാധ്യത തിരിച്ചറിഞ്ഞ്, ഇന്ത്യയുടെ അതിജീവനശേഷിക്കു കൂടുതൽ കരുത്തേകുന്നതിനുള്ള തന്ത്രപ്രധാനമായ ശുപാർശകളും പങ്കുവച്ചു. പ്രക്ഷുബ്ധമായ ആഗോളവേദിയിൽ ദീപ്തമായ മേഖലയായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്. എല്ലാ മേഖലകളിലെയും സമഗ്രവികസനത്തിലൂടെ ഈ അടിത്തറയിൽ വളർച്ചയ്ക്കുള്ള പുതിയ പ്രചോദനങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും നിർദേശിച്ചു.
സാമ്പത്തികവിദഗ്ധരുടെ കാഴ്ചപ്പാടുകൾക്കു നന്ദി അറിയിച്ച പ്രധാനമന്ത്രി, അവരുടെ പരിവർത്തന ആശയങ്ങൾ തുടർച്ചയായി പങ്കുവച്ച്, നമ്മുടെ രാജ്യത്തിന്റെ വികസനത്തിനു പിന്തുണയേകണമെന്ന് അവരോട് ആഹ്വാനംചെയ്യുകയും ചെയ്തു.
കേന്ദ്ര ധനമന്ത്രി, ആസൂത്രണ സഹമന്ത്രി (ഐ/സി), നിതി ആയോഗ് ഉപാധ്യക്ഷൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, നിതി ആയോഗ് അംഗങ്ങൾ, ക്യാബിനറ്റ് സെക്രട്ടറി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, നിതി ആയോഗ് സിഇഒ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
--ND--
(Release ID: 1891089)
Visitor Counter : 152