പ്രധാനമന്ത്രിയുടെ ഓഫീസ്‌

108-ാം ഇന്ത്യൻ ശാസ്ത്രകോൺഗ്രസിനെ പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു


“നമ്മുടെ രാജ്യത്തിന് അർഹമായ സ്ഥാനമുറപ്പാക്കാൻ ഇന്ത്യയുടെ ശാസ്ത്രസമൂഹത്തിനാകും”

“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ ഡാറ്റയും സാങ്കേതികവിദ്യയും സുലഭമായി ലഭിക്കുന്നതു ശാസ്ത്രത്തിനു സഹായകമാകും”


“ശാസ്ത്രത്തിലൂടെ സ്ത്രീശാക്തീകരണം എന്നു മാത്രമല്ല നാം ചിന്തിക്കുന്നത്; സ്ത്രീകളുടെ സംഭാവനയിലൂടെ ശാസ്ത്രത്തെയും ശാക്തീകരിക്കണം എന്നുകൂടിയാണ്”


“സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നത്, സ്ത്രീകളും ശാസ്ത്രവും രാജ്യത്തു പുരോഗമിക്കുന്നു എന്നതിനു തെളിവാണ്”


“ശാസ്ത്രത്തിന്റെ പ്രയത്നങ്ങൾ പരീക്ഷണശാലകളിൽനിന്നു പുറത്തെത്തി ഭൂമിയിൽ തൊടുകയും അതിന്റെ സ്വാധീനം ആഗോളതലത്തിൽനിന്നു താഴേത്തട്ടിലേക്ക് എത്തുകയും ചെയ്യുമ്പോഴും, ലേഖനങ്ങളിൽനിന്നു ഭൂമിയിലേക്ക് എത്തുകയും ഗവേഷണത്തിൽനിന്നു യഥാർഥ ജീവിതത്തിലേക്കുള്ള മാറ്റം ദൃശ്യമാകുകയും ചെയ്യുമ്പോഴും മാത്രമേ വലിയ നേട്ടങ്ങളായി മാറൂ”


“ഭാവികണക്കിലെടുത്തുള്ള മേഖലകളിൽ രാജ്യം പുതുസംരംഭങ്ങൾക്കു തുടക്കംകുറിക്കുമെങ്കിൽ, ‘വ്യവസായം 4.0’നു നേതൃത്വം നൽകാൻ നമുക്കു കഴിയും”


Posted On: 03 JAN 2023 11:55AM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 108-ാം ഇന്ത്യൻ ശാസ്ത്രകോൺഗ്രസിനെ (ഐഎസ്‌സി) വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു. “സ്ത്രീശാക്തീകരണത്തിനൊപ്പം സുസ്ഥിരവികസനത്തിനായുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും” എന്നതാണ് ഈ വർഷത്തെ ഐഎസ്‌സിയുടെ പ്രധാന പ്രമേയം. സുസ്ഥിരവികസനവും സ്ത്രീശാക്തീകരണവും, ഇവ കൈവരിക്കുന്നതിൽ ശാസ്ത്ര-സാങ്കേതികവിദ്യയുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കു സമ്മേളനം സാക്ഷ്യംവഹിക്കും. 

സമ്മേളനത്തെ അഭിസംബോധനചെയ്യവേ, വരുന്ന 25 വർഷത്തെ ഇന്ത്യയുടെ വികസനത്തിന്റെ കഥയിൽ ഇന്ത്യയുടെ ശാസ്ത്രശക്തിയുടെ പങ്കു സുപ്രധാനമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “രാഷ്ട്രസേവനത്തിനുള്ള മനോഭാവം അഭിനിവേശത്തോടൊപ്പം ശാസ്ത്രത്തിൽ സന്നിവേശിപ്പിക്കപ്പെടുമ്പോൾ, അതിന്റെ ഫലങ്ങൾ അഭൂതപൂർവമാകും. എല്ലായ്പോഴും നമ്മുടെ രാജ്യത്തിന് അർഹമായ സ്ഥാനമുറപ്പാക്കാൻ ഇന്ത്യയുടെ ശാസ്ത്രസമൂഹത്തിനാകുമെന്ന് എനിക്കുറപ്പുണ്ട്”- അദ്ദേഹം പറഞ്ഞു.


നിരീക്ഷണമാണു ശാസ്ത്രത്തിന്റെ വേരെന്നും, അത്തരം നിരീക്ഷണങ്ങളിലൂടെയാണു ശാസ്ത്രജ്ഞർ ശരിയായ രീതികൾ പിന്തുടരുകയും ആവശ്യമായ ഫലങ്ങൾ കൈവരിക്കുകയും ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി, വിവരശേഖരണത്തിന്റെയും ഫലങ്ങൾ വിശകലനം ചെയ്യുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ ഡാറ്റയും സാങ്കേതികവിദ്യയും സുലഭമായി ലഭിക്കുന്നതു ചൂണ്ടിക്കാട്ടി, ഇന്ത്യൻ ശാസ്ത്രത്തെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകാൻ ഇതിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിവരങ്ങൾ ഉൾക്കാഴ്ചയായും വിശകലനം പ്രവർത്തനക്ഷമമായ വിജ്ഞാനമായും മാറ്റുന്നതിന് ഏറെ സഹായകമാകുന്ന ഡാറ്റാവിശകലനമേഖല അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. “പരമ്പരാഗത വിജ്ഞാനമായാലും ആധുനിക സാങ്കേതികവിദ്യയായാലും, ഇവയെല്ലാം ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിൽ നിർണായകപങ്കു വഹിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. ഗവേഷണാധിഷ്ഠിത വികസനത്തിന്റെ വിവിധ സാങ്കേതികവിദ്യകളിലൂടെ ശാസ്ത്രപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.


ശാസ്ത്രീയ സമീപനത്തോടുകൂടിയ ഇന്ത്യയുടെ പ്രയത്നങ്ങളുടെ ഫലത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, 2015ൽ 81-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2022ൽ ആഗോള നവീകരണ സൂചികയിൽ 40-ാം സ്ഥാനത്തേക്കു മുന്നേറിയതായി ചൂണ്ടിക്കാട്ടി. ഇതിലൂടെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയെ പരിഗണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പിഎച്ച്‌ഡികളുടെയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളുടെയും എണ്ണത്തിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്നു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 

സുസ്ഥിരവികസനവും സ്ത്രീശാക്തീകരണവും സമന്വയിപ്പിക്കുന്ന ഈ വർഷത്തെ ശാസ്ത്രകോൺഗ്രസിന്റെ പ്രമേയത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ രണ്ടുമേഖലകൾ പരസ്പരപൂരകമായി പ്രവർത്തിക്കുന്നതിന് ഊന്നൽ നൽകി. “ശാസ്ത്രത്തിലൂടെ സ്ത്രീശാക്തീകരണം എന്നു മാത്രമല്ല നാം ചിന്തിക്കുന്നത്; സ്ത്രീകളുടെ സംഭാവനയിലൂടെ ശാസ്ത്രത്തെയും ശാക്തീകരിക്കണം എന്നുകൂടിയാണ്”- അദ്ദേഹം പറഞ്ഞു.

ജി20 അധ്യക്ഷപദവിക്കുള്ള അവസരം ഇന്ത്യക്കാണെന്നു പറഞ്ഞ പ്രധാനമന്ത്രി, അധ്യക്ഷപദവിയിൽ സ്വീകരിക്കുന്ന ഏറെ മുൻഗണന നൽകുന്ന വിഷയങ്ങളിലൊന്നാണു സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനമെന്നു ചൂണ്ടിക്കാട്ടി. കഴിഞ്ഞ എട്ടുവർഷത്തിനിടെ, ഭരണവും സമൂഹവുംമുതൽ സമ്പദ്‌വ്യവസ്ഥവരെ, ഇന്നു ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന സവിശേഷമായ പ്രവൃത്തികൾ ഇന്ത്യ ഏറ്റെടുത്തതായി അദ്ദേഹം അറിയിച്ചു. ചെറുകിട-വൻകിട വ്യവസായങ്ങളിലെ പങ്കാളിത്തത്തിലാകട്ടെ, സ്റ്റാർട്ടപ്പ് ലോകത്തെ നേതൃത്വത്തിലാകട്ടെ, ഇവയിലെല്ലാം തങ്ങളുടെ ശക്തി ലോകത്തിനുമുന്നിൽ പ്രകടമാക്കുന്ന സ്ത്രീകളെ ഉയർത്തിക്കാട്ടി, ഇന്ത്യയിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ നിർണായകമായ മുദ്ര യോജനയെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. പരിധികൾക്കപ്പുറമുള്ള ഗവേഷണ-വികസനമേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഇരട്ടിയാക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. “സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നത്, സ്ത്രീകളും ശാസ്ത്രവും രാജ്യത്തു പുരോഗമിക്കുന്നു എന്നതിനു തെളിവാണ്”- ശ്രീ മോദി പറഞ്ഞു.


വിജ്ഞാനത്തെ പ്രവർത്തനക്ഷമവും സഹായകരവുമായ ഉൽപ്പന്നങ്ങളാക്കി മാറ്റുക എന്ന ശാസ്ത്രജ്ഞരുടെ വെല്ലുവിളിയെക്കുറിച്ചു സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: “ശാസ്ത്രത്തിന്റെ പ്രയത്നങ്ങൾ പരീക്ഷണശാലകളിൽനിന്നു പുറത്തെത്തി ഭൂമിയിൽ തൊടുകയും അതിന്റെ സ്വാധീനം ആഗോളതലത്തിൽനിന്നു താഴേത്തട്ടിലേക്ക് എത്തുകയും ചെയ്യുമ്പോഴും, ലേഖനങ്ങളിൽനിന്നു ഭൂമിയിലേക്ക് (ദൈനംദിനജീവിതത്തിലേക്ക്) എത്തുകയും ഗവേഷണത്തിൽനിന്നു യഥാർഥ ജീവിതത്തിലേക്കുള്ള മാറ്റം ദൃശ്യമാകുകയും ചെയ്യുമ്പോഴും മാത്രമേ വലിയ നേട്ടങ്ങളായി മാറൂ”. ശാസ്ത്രത്തിന്റെ നേട്ടങ്ങൾ പരീക്ഷണങ്ങളിൽനിന്നു ജനങ്ങളുടെ അനുഭവങ്ങളിലേക്കുള്ള ദൂരം പൂർത്തിയാക്കുമ്പോൾ, സുപ്രധാന സന്ദേശം നൽകുകയും ശാസ്ത്രത്തിന്റെ പങ്കിനെക്കുറിച്ചു ബോധ്യപ്പെടുന്ന യുവതലമുറയെ ആകർഷിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത്തരം യുവാക്കളെ സഹായിക്കുന്നതിന്, വ്യവസ്ഥാപിത ചട്ടക്കൂടിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അത്തരമൊരു ചട്ടക്കൂടു വികസിപ്പിച്ചെടുക്കണമെന്ന് അദ്ദേഹം സമ്മേളനത്തോട് ആഹ്വാനംചെയ്തു. പ്രതിഭാന്വേഷണങ്ങളുടെയും ഹാക്കത്തോണുകളുടെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി, ശാസ്ത്രീയ മനോഭാവമുള്ള കുട്ടികളെ അതിലൂടെ കണ്ടെത്താനാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. കായികരംഗത്തെ ഇന്ത്യയുടെ കുതിപ്പിനെക്കുറിച്ചു സംസാരിച്ച അദ്ദേഹം, ഉയർന്നുവരുന്ന കരുത്തുറ്റ വ്യവസ്ഥാപിത സംവിധാനവും ഗുരു-ശിഷ്യ പാരമ്പര്യവുമാണു വിജയത്തിനു കാരണമെന്നും വ്യക്തമാക്കി. ഈ പാരമ്പര്യത്തിനു ശാസ്ത്രരംഗത്തെ വിജയമന്ത്രമാകാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
 

രാജ്യത്തു ശാസ്ത്രത്തിന്റെ വികാസത്തിനു വഴിയൊരുക്കുന്ന വിഷയങ്ങൾ ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതു ശാസ്ത്രസമൂഹത്തിനാകെ പ്രചോദനമാകണമെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യയിലെ ശാസ്ത്രം രാജ്യത്തെ സ്വയംപര്യാപ്തമാക്കണം”. ലോകജനസംഖ്യയുടെ 17-18 ശതമാനമാണ് ഇന്ത്യയിൽ വസിക്കുന്നതെന്നും ശാസ്ത്രീയ സംഭവവികാസങ്ങൾ ജനങ്ങൾക്കാകെ പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യരാശിക്കാകെ പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യ ദേശീയ ഹൈഡ്രജൻ ദൗത്യത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, അതു വിജയകരമാക്കാൻ ഇലക്ട്രോലൈസർ പോലുള്ള നിർണായക ഉപകരണങ്ങൾ ഇന്ത്യയിൽ നിർമിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുംചെയ്തു. 

പുതുതായുണ്ടാകുന്ന രോഗങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗങ്ങൾ വികസിപ്പിക്കുന്നതിൽ ശാസ്ത്രസമൂഹത്തിനുള്ള പങ്കിനും, പുതിയ വാക്സിനുകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും പ്രധാനമന്ത്രി ഊന്നൽ നൽകി. രോഗങ്ങളെ സമയബന്ധിതമായി കണ്ടെത്തുന്നതിനുള്ള സംയോജിത രോഗനിരീക്ഷണത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇതിനായി എല്ലാ മന്ത്രാലയങ്ങളുടെയും കൂട്ടായ ശ്രമങ്ങളുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. അതുപോലെ, ലൈഫ് (പരിസ്ഥിതിസൗഹൃദ ജീവിതശൈലി) പ്രസ്ഥാനത്തെ സഹായിക്കാനും ശാസ്ത്രജ്ഞർക്കാകും.


ഇന്ത്യയുടെ ആഹ്വാനപ്രകാരം ഐക്യരാഷ്ട്രസഭ 2023നെ ചെറുധാന്യവർഷമായി പ്രഖ്യാപിച്ചത് ഓരോ പൗരനും അഭിമാനകരമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ജൈവസാങ്കേതികവിദ്യയുടെ സഹായത്തോടെ വിളവെടുപ്പിനുശേഷമുള്ള നഷ്ടം കുറയ്ക്കാൻ ശാസ്ത്രലോകത്തിനു ഫലപ്രദമായ നടപടികൾ കൈക്കൊള്ളാൻ കഴിയും. അതിലൂടെ ഇന്ത്യയുടെ ചെറുധാന്യങ്ങൾക്ക് അതിന്റെ ഉപയോഗം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
 

മുനിസിപ്പൽ ഖരമാലിന്യങ്ങൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ, ജൈവ-മെഡിക്കൽ മാലിന്യങ്ങൾ, കാർഷിക മാലിന്യങ്ങൾ എന്നിവ വർധിക്കുകയും ഗവണ്മെന്റ് ചാക്രിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാൽ മാലിന്യസംസ്കരണത്തിലെ ശാസ്ത്രത്തിന്റെ പങ്കും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

കുതിച്ചുയരുന്ന ഇന്ത്യയുടെ ബഹിരാകാശമേഖലയിൽ ചെലവുകുറഞ്ഞ ഉപഗ്രഹവിക്ഷേപണ വാഹനങ്ങളുടെ പങ്കിനെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, നമ്മുടെ സേവനങ്ങൾ ഏറ്റെടുക്കാൻ ലോകം മുന്നോട്ടുവരുമെന്നും സൂചിപ്പിച്ചു. ഗവേഷണ-വികസന ലാബുകളുമായും വിദ്യാഭ്യാസസ്ഥാപനങ്ങളുമായും സഹകരിച്ച്, സ്വകാര്യ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രവർത്തിക്കാനുള്ള  അവസരങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വ്യക്തമാക്കി. ക്വാണ്ടം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചും ക്വാണ്ടം മേഖലയിലെ അതികായരായി ഇന്ത്യയെ ലോകത്തിൽ എങ്ങനെ അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ക്വാണ്ടം കമ്പ്യൂട്ടറുകൾ, രസതന്ത്രം, ആശയവിനിമയം, സെൻസറുകൾ, ക്രിപ്റ്റോഗ്രഫി, പുതിയ സാമഗ്രികൾ എന്നിവയുടെ ദിശയിലേക്ക് ഇന്ത്യ അതിവേഗം മുന്നേറുകയാണ്”. ക്വാണ്ടം മേഖലയിൽ വൈദഗ്ധ്യം നേടാനും അതിന്റെ മുന്നണിയിലെത്താനും യുവഗവേഷകരോടും ശാസ്ത്രജ്ഞരോടും പ്രധാനമന്ത്രി ആഹ്വാനംചെയ്തു.

 

ഭാവിയിലേക്കുള്ള ആശയങ്ങളിലും ഒരിടത്തും പ്രവർത്തനങ്ങൾ നടക്കാത്ത മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശ്രീ മോദി പറഞ്ഞു. നിർമിതബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി‌, വിർച്വൽ റിയാലിറ്റി എന്നിവയ്ക്കു മുൻഗണനയേകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെമികണ്ടക്ടർ ചിപ്പുകളിൽ നവീകരണത്തിനും അദ്ദേഹം ശാസ്ത്രസമൂഹത്തോടാവശ്യപ്പെട്ടു. സെമികണ്ടക്ടർ ആക്കംകൊടുക്കുന്ന ഭാവിക്കു രൂപംകൊടുക്കുന്നതിന് ഇപ്പോൾമുതൽ ചിന്തിച്ചുതുടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു. “ഈ മേഖലകളിൽ രാജ്യം പുതുസംരംഭങ്ങൾക്കു തുടക്കംകുറിക്കുമെങ്കിൽ, ‘വ്യവസായം 4.0’നു നേതൃത്വം നൽകാൻ നമുക്കു കഴിയും”- അദ്ദേഹം പറഞ്ഞു. 

ഇന്ത്യൻ ശാസ്ത്രകോൺഗ്രസിന്റെ ഈ പതിപ്പിൽ, സൃഷ്ടിപരമായ വിവിധ കാര്യങ്ങളിൽ ഭാവിയിലേക്കുള്ള വ്യക്തമായ മാർഗരേഖ തയ്യാറാക്കപ്പെടുമെന്ന പ്രത്യാശ പ്രകടിപ്പിച്ചാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്. “അമൃതകാലത്ത്, ഇന്ത്യയെ ആധുനികശാസ്ത്രത്തിന്റെ അത്യാധുനിക പരീക്ഷണശാലയാക്കി മാറ്റണം”- ശ്രീ മോദി ഉപസംഹരിച്ചു.

 

പശ്ചാത്തലം: 

“സ്ത്രീശാക്തീകരണത്തിനൊപ്പം സുസ്ഥിരവികസനത്തിനായുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും” എന്നതാണ് ഈ വർഷത്തെ ഐഎസ്‌സിയുടെ പ്രധാന പ്രമേയം. സുസ്ഥിരവികസനം, സ്ത്രീശാക്തീകരണം, ഇതു നേടിയെടുക്കുന്നതിൽ ശാസ്ത്ര-സാങ്കേതികവിദ്യയുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കു സമ്മേളനം സാക്ഷ്യം വഹിക്കും. അധ്യാപനം, ഗവേഷണം, വ്യവസായം എന്നിവയുടെ ഉന്നതതലങ്ങളിൽ സ്ത്രീകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ചചെയ്യും. ഒപ്പം, സ്റ്റെം (STEM- സയൻസ്, ടെക്നോളജി, എൻജിനിയറിങ്, മാത്തമാറ്റിക്സ്) വിദ്യാഭ്യാസം, ഗവേഷണ അവസരങ്ങൾ, സാമ്പത്തിക പങ്കാളിത്തം എന്നിവയിൽ സ്ത്രീകൾക്കു തുല്യപ്രവേശനം നൽകുന്നതിനുള്ള വഴികൾ കണ്ടെത്താനുള്ള ശ്രമങ്ങളും ചർച്ചയാകും. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ സ്ത്രീകളുടെ സംഭാവനകൾ പ്രദർശിപ്പിക്കുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കും. പ്രശസ്ത വനിതാശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങളും ഉൾപ്പെടുത്തും.

ഐഎസ്‌സിക്കൊപ്പം മറ്റു നിരവധി പരിപാടികളും സംഘടിപ്പിക്കും. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനായി കുട്ടികളുടെ ശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കും. ജൈവ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും യുവാക്കളെ കാർഷികമേഖലയിലേക്ക് ആകർഷിക്കുന്നതിനും കർഷകശാസ്ത്ര കോൺഗ്രസ് വേദിയൊരുക്കും. ഗിരിവർഗ വനിതകളുടെ ശാക്തീകരണത്തിന് ഊന്നൽ നൽകുന്നതോടൊപ്പം തദ്ദേശീയ പ്രാചീന വിജ്ഞാനസമ്പ്രദായത്തിന്റെയും രീതികളുടെയും ശാസ്ത്രീയ പ്രദർശനത്തിനുള്ള വേദി കൂടിയായ ഗോത്രശാസ്ത്ര കോൺഗ്രസും ഇതിനൊപ്പം സംഘടിപ്പിക്കും. 

ശാസ്ത്രകോൺഗ്രസ് ആദ്യമായി നടന്നത് 1914ലാണ്. ഇക്കൊല്ലം ശതാബ്ദി ആഘോഷിക്കുന്ന രാഷ്ട്രസന്ത് തുക്കഡോജി മഹാരാജ് നാഗ്പുർ സർവകലാശാലയിലാണ് ഐഎസ്‌സിയുടെ 108-ാം വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നത്.

---ND---

(Release ID: 1888291) Visitor Counter : 190