ജൽ ശക്തി മന്ത്രാലയം

വര്‍ഷാന്ത്യ അവലോകനം - 2022


കേന്ദ്ര കുടിവെള്ള, ശുചിത്വ വകുപ്പ്

Posted On: 27 DEC 2022 7:40PM by PIB Thiruvananthpuram

ജല്‍ ജീവന്‍ മിഷനു കീഴില്‍ 10.8 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് ടാപ്പ് വാട്ടര്‍ കണക്ഷനുകള്‍ നല്‍കിയതാണ് ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള കുടിവെള്ള, ശുചിത്വ വകുപ്പിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. 2024 ആകുമ്പോഴേക്കും എല്ലാ വീടുകളിലും ടാപ്പ് ജലം എത്തിക്കുകയെന്ന പദ്ധതിയില്‍ വലിയ കുതിച്ചുചാട്ടം നടത്താന്‍ സാധിച്ചു. ഒരു ലക്ഷത്തിലേറെ ഗ്രാമങ്ങളെ വെളിയിട വിസര്‍ജന മുക്തമാക്കാന്‍ സാധിച്ചതാണു മറ്റൊരു നാഴികക്കല്ല്. 2024-25 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വെളിയിട വിസര്‍ജന വിമുക്തമാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാണ് ഇത്.

2024-ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും ടാപ്പ് ജലവിതരണം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളുമായി സഹകരിച്ച് കേന്ദ്ര ഗവണ്‍മെന്റ് ജല്‍ ജീവന്‍ മിഷന്‍ (ജെജെഎം) നടപ്പാക്കിവരികയാണ്. 2019 ഓഗസ്റ്റ് 15-ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജല്‍ ജീവന്‍ മിഷന്‍ പ്രഖ്യാപിച്ചപ്പോള്‍ മൊത്തം 19.35 കോടി ഗ്രാമീണ കുടുംബങ്ങളില്‍ 3.23 കോടി (17%) ഗ്രാമീണ കുടുംബങ്ങള്‍ക്ക് മാത്രമേ അവരുടെ വീടുകളില്‍ ടാപ്പ് ജലവിതരണം ഉണ്ടായിരുന്നുള്ളൂ. 2024 ഓടെ ശേഷിക്കുന്ന 16.12 കോടി കുടുംബങ്ങളില്‍ ടാപ്പ് ജലവിതരണം നടത്താന്‍ തീരുമാനിച്ചു. 2022 ഡിസംബര്‍ 21 വരെ, 10.76 കോടിയിലധികം (55.62 %) ഗ്രാമീണ കുടുംബങ്ങള്‍ക്ക് മതിയായ അളവില്‍ നിശ്ചിത ഗുണനിലവാരത്തില്‍ ടാപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കുന്നുണ്ട്. ഗോവ, തെലങ്കാന, ഗുജറാത്ത്, ഹരിയാന എന്നീ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരി, ദാമന്‍ ദിയു, ദാദ്ര നഗര്‍ ഹവേലി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നീ 3 കേന്ദ്രഭരണ പ്രദേശങ്ങളിലും എല്ലാ വീടുകളിലും ഗ്രാമീണ വീട്ടിലും ടാപ്പ് ജലവിതരണം യാഥാര്‍ഥ്യമായി. പഞ്ചാബ് (99.93%), ഹിമാചല്‍ പ്രദേശ് (97.17%), ബിഹാര്‍ (95.76%) എന്നീ സംസ്ഥാനങ്ങള്‍ 'ഹര്‍ ഘര്‍ ജല്‍' ലക്ഷ്യത്തിന്റെ വക്കിലുമാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പ്രമാണിച്ച് രാജ്യം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുമ്പോള്‍, 2022 ഓഗസ്റ്റ് 19 ന് 10 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം ലഭ്യമാക്കിക്കൊണ്ട് ജല്‍ ജീവന്‍ മിഷന്‍ (ജെജെഎം) ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു.
ഗോവ, തെലങ്കാന, ഗുജറാത്ത്, ഹരിയാന, പുതുച്ചേരി,
ഇന്നുവരെ, രാജ്യത്തെ 125 ജില്ലകളിലും 1,61,704 ഗ്രാമങ്ങളിലും 'ഹര്‍ ഘര്‍ ജല്‍' റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ല 2022 ജൂലൈയില്‍ ഇന്ത്യയിലെ ആദ്യത്തെ 'ഹര്‍ ഘര്‍ ജല്‍' യാഥാര്‍ഥ്യമായ ജില്ലയായി.
ഗോവ, 2022 ഓഗസ്റ്റില്‍ ഇന്ത്യയിലെ ആദ്യത്തെ 'ഹര്‍ ഘര്‍ ജല്‍' സംസ്ഥാനവും ദാദ്ര നഗര്‍ ഹവേലിയും ദാമന്‍ ദിയുവും ഇന്ത്യയിലെ ആദ്യത്തെ 'ഹര്‍ ഘര്‍ ജല്‍' നടപ്പായ കേന്ദ്രഭരണ പ്രദേശങ്ങളുമാണ്.
ഗോവയിലെ 2.63 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്കും ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ 85,156 കുടുംബങ്ങള്‍ക്കും ടാപ്പ് കണക്ഷനിലൂടെ കുടിവെള്ളം ലഭ്യമാണ്.
2022 സെപ്റ്റംബറില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഇന്ത്യയിലെ ആദ്യത്തെ 'സ്വച്ഛ് സുജല്‍ പ്രദേശ്' ആയി മാറി.
നാളിതുവരെ, രാജ്യത്തുടനീളമുള്ള 8.73 ലക്ഷം (84.83%) സ്‌കൂളുകളിലും 9.02 ലക്ഷം (80.79%) അംഗന്‍വാടികളിലും ഉച്ചഭക്ഷണം കുടിക്കാനും പാചകം ചെയ്യാനും കൈകഴുകാനും കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്.
ഇതുവരെയായി, 5.18 ലക്ഷം വില്ലേജ് വാട്ടര്‍ സാനിറ്റേഷന്‍ കമ്മിറ്റികള്‍ അഥവാ പാനി സമിതികള്‍ രൂപീകരിച്ചു, കൂടാതെ 5.09 ലക്ഷം ഗ്രാമീണ കര്‍മ സമിതികള്‍ (വിഎപി) സുസ്ഥിരമായ കുടിവെള്ള വിതരണ മാനേജ്‌മെന്റിനായി വികസിപ്പിച്ചെടുത്തു.
ഇതുവരെ, 1.95 ലക്ഷം ഗ്രാമങ്ങളിലായി 16.22 ലക്ഷം സ്ത്രീകള്‍ക്ക് ഫീല്‍ഡ് ടെസ്റ്റ് കിറ്റുകള്‍ (എഫ്ടികെ) വഴി ജലഗുണനിലവാര പരിശോധനയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍, 27.16 ലക്ഷത്തിലധികം ജല സാമ്പിളുകള്‍ ലബോറട്ടറികളില്‍ പരിശോധിച്ചു, 57.99 ലക്ഷം സാമ്പിളുകള്‍ ഫീല്‍ഡ് ടെസ്റ്റ് കിറ്റുകള്‍ (എഫ്ടികെ) ഉപയോഗിച്ച് പരിശോധിച്ചു.
കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് 'സ്വച്ഛ് ഭാരത് ദിവസ'മായ 2022 ഒക്ടോബര്‍ 2-ന് ഇന്ത്യന്‍ രാഷ്ട്രപതിക്ക് സ്വച്ഛ് സര്‍വേക്ഷന്‍ 2022, ജെജെഎം പ്രവര്‍ത്തന വിലയിരുത്തല്‍ 2022 എന്നിവയുടെ ആദ്യ പകര്‍പ്പുകള്‍ സമ്മാനിച്ചു.
വൈസ് പ്രസിഡന്റ് ശ്രീ ജഗ്ദീപ് ധന്‍ഖര്‍ ജല്‍ ജീവന്‍ സര്‍വേക്ഷന്‍ (ജെജെഎസ്) ടൂള്‍കിറ്റും ഡാഷ്‌ബോര്‍ഡും 2023 പുറത്തിറക്കി.
നൂറ്റാണ്ടുകളായി വെള്ളം ചുമന്നുകൊണ്ടുവരുന്ന അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സ്വാതന്ത്ര്യം പകര്‍ന്നുനല്‍കാനും അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക-സാമ്പത്തിക സ്ഥിതി എന്നിവ മെച്ചപ്പെടുത്തുന്നതിനുമായി ജല്‍ ജീവന്‍ മിഷന്‍ പരിശ്രമിക്കുന്നു.

ഹര്‍ ഘര്‍ ജല്‍ സാക്ഷ്യപതം

ഒരു ഗ്രാമം ഹര്‍ ഘര്‍ജല്‍ ആയി പ്രഖ്യാപിക്കപ്പെട്ടാല്‍, ആ ഗ്രാമത്തിലെ ഗ്രാമപഞ്ചായത്ത് ഒരു പ്രത്യേക ഗ്രാമസഭ നടത്തുകയും അവരുടെ ഗ്രാമത്തിലെ എല്ലാ വീടുകളും സ്‌കൂളുകളും അംഗന്‍വാടികളും പൊതുസ്ഥാപനങ്ങളും ജല ലഭ്യതയുള്ളതാണെന്നു ഗ്രാമത്തിലെ എല്ലാ അംഗങ്ങളുടെയും സമ്മതത്തോടെ പ്രമേയം പാസാക്കുകയും ചെയ്യുന്നു. ഇതുവരെ, 56 ജില്ലകളും 413 ബ്ലോക്കുകളും 34,452 പഞ്ചായത്തുകളും 49,928 വില്ലേജുകളും 'ഹര്‍ ഘര്‍ജല്‍' നേട്ടമുണ്ടാക്കി. ഈ പ്രദേശങ്ങളില്‍ എല്ലാ കുടുംബങ്ങള്‍ക്കും ടാപ്പ് വാട്ടര്‍ കണക്ഷന്‍ ലഭ്യമാണ്.

ജപ്പാന്‍ ജ്വര ബാധിത ജില്ലകളിലേക്കുള്ള കുടിവെള്ള പൈപ്പ് വെള്ളത്തിന്റെ കവറേജ്

ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള എല്ലാ വീടുകളിലും കുടിവെള്ള ടാപ്പ് ജലവിതരണം ഉറപ്പാക്കുന്ന പദ്ധതിയില്‍ ജപ്പാന്‍ ജ്വര  ബാധിത ജില്ലകള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്നു. 5 സംസ്ഥാനങ്ങളിലായി ജപ്പാന്‍ ജ്വരം ബാധിച്ച 61 ജില്ലകളില്‍, ടാപ്പ് വാട്ടര്‍ കണക്ഷന്‍ 8 ലക്ഷത്തില്‍ നിന്ന് (2.69%) 147.14 ലക്ഷം (49.29%) കുടുംബങ്ങളായി വര്‍ധിച്ചു, ഇത് ഈ പ്രദേശങ്ങളിലെ ഗ്രാമീണ ജനതയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിനു വഴിവെച്ചു.

വികസനം കാംക്ഷിക്കുന്നജില്ലകളില്‍ കുടിവെള്ള ടാപ്പ് ജലത്തിന്റെ കവറേജ്

രാജ്യത്തു വികസനം കാംക്ഷിക്കുന്ന 112 ജില്ലകളുണ്ട്. അതില്‍ 8 ജില്ലകള്‍ ഗ്രാമീണ കുടുംബങ്ങള്‍ക്ക് 100% ടാപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ട്. ഇന്ന്, വികസനം ക3ംക്ഷിക്കുന്ന ജില്ലകളില്‍ ആകെയുള്ള 2.77 കോടി കുടുംബങ്ങളില്‍ 1.49 കോടി കുടുംബങ്ങള്‍ക്ക് (53.99%) ടാപ്പുകളിലൂടെ വെള്ളം ലഭിക്കുന്നു. പദ്ധതി ആരംഭിക്കുംമുന്‍പ് 21.66 ലക്ഷം (7.83%) കുടുംബങ്ങളില്‍ മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്.

പൊതു സ്ഥാപനങ്ങളില്‍ (സ്‌കൂളുകളിലും അംഗന്‍വാടികളിലും) കുടിവെള്ള വിതരണ സംവിധാനം:
സുരക്ഷിതമായ വെള്ളം കുട്ടികളുടെ ക്ഷേമത്തിനും സമഗ്രമായ വികാസത്തിനും പ്രധാനമാണ്. സ്‌കൂളുകളിലും അംഗന്‍വാടികളിലും കുടിവെള്ള പൈപ്പ് ജലവിതരണം മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കുന്നതിനാല്‍ കുട്ടികളുടെ ആരോഗ്യത്തിന് വലിയ ഗുണപരമായ മാറ്റമാണ് ജല്‍ ജീവന്‍ മിഷന്‍ സാധ്യമാക്കുന്നത്. ഇത് കുട്ടികളിലെ ജലസംബന്ധമായ അസുഖങ്ങള്‍ ഗണ്യമായി കുറയാനിടയാക്കി. ശിശുക്കള്‍ക്കും കൊച്ചുകുട്ടികള്‍ക്കും ജലജന്യ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയുകയും തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം അവസാനിപ്പിക്കുകയും ചെയ്താല്‍ വയറിളക്കരോഗം മൂലമുള്ള ശിശുമരണങ്ങള്‍ കുറയും.

കുട്ടികളുടെ മെച്ചപ്പെട്ട ആരോഗ്യത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്‍കി, സ്‌കൂളുകളിലും അംഗന്‍വാടികളിലും പൈപ്പ് ജലവിതരണം നടത്തുന്നതിനായി 2020 ലെ 'ഗാന്ധി ജയന്തി' ദിനത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പ്രത്യേക പ്രചരണം ആരംഭിച്ചു.

8.72 ലക്ഷത്തിലധികം (84.83%) സ്‌കൂളുകളിലും 9.02 ലക്ഷം (80.79%) അങ്കണവാടികളിലും ടാപ്പ് ജലവിതരണം ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് നടത്തിയ അശ്രാന്ത പരിശ്രമം ഫലം കണ്ടു. 4 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്‌കൂളുകളിലും അംഗന്‍വാടികളിലും 100% ടാപ്പ് വാട്ടര്‍ കണക്റ്റിവിറ്റി ഉറപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്‌കൂളുകളിലും അംഗന്‍വാടികളിലും ടാപ്പ് കണക്ഷനുകള്‍ നല്‍കുന്നതിന് കഠിനമായി പ്രയത്‌നിക്കുകയാണ്. അതുവഴി നമ്മുടെ കുട്ടികള്‍ക്ക് ശുദ്ധജലം ലഭ്യമാവുകയും ഇത് ശിശുമരണവും മാതൃമരണവും കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.

ജലത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിന്റെയും നിരീക്ഷണത്തിന്റെയും നില:
ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക എന്നത് ജല്‍ ജീവന്‍ മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വിതരണം ചെയ്യുന്ന വെള്ളം മതിയായ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കാന്‍, ഉറവിടത്തിലും വിതരണ കേന്ദ്രങ്ങളിലും ജല സാമ്പിളുകളുടെ പതിവ് പരിശോധന പ്രോത്സാഹിപ്പിക്കുന്നു. രാജ്യത്ത് ആകെ 2,074 ജലപരിശോധനാ ലബോറട്ടറികളുണ്ട്. ഇതില്‍ 1,005 എണ്ണം എന്‍എബിഎല്‍ അംഗീകൃത കേന്ദ്രങ്ങളാണ്. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ജല ഗുണനിലവാര പരിശോധനാ ലാബുകള്‍ നാമമാത്ര നിരക്കില്‍ ജല സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. 2022-23ല്‍ ഇതുവരെ 27 ലക്ഷത്തിലധികം ജല സാമ്പിളുകള്‍ ലബോറട്ടറികളില്‍ പരിശോധിച്ചു.
സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രാമതലത്തില്‍ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഫീല്‍ഡ് ടെസ്റ്റ് കിറ്റുകള്‍ (എഫ്ടികെ) ഉപയോഗിക്കുന്നതിന് ഓരോ ഗ്രാമത്തിലും കുറഞ്ഞത് അഞ്ച് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇതുവരെ 1.95 ലക്ഷം ഗ്രാമങ്ങളിലായി 16.21 ലക്ഷത്തിലധികം സ്ത്രീകള്‍ പരിശീലനം നേടിയിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 57.99 ലക്ഷത്തിലധികം ജല സാമ്പിളുകള്‍ ഫീല്‍ഡ് ടെസ്റ്റ് കിറ്റുകള്‍ (എഫ്ടികെ) ഉപയോഗിച്ച് പരിശോധിച്ചു.

ഗ്രാമീണ ജല, ശുചിത്വ സമിതി (വി.ഡബ്ല്യു.എസ്.സി.) രൂപീകരണവും ഗ്രാമതല കര്‍മ പദ്ധതികളും (വി.എ.പി.കള്‍):
പരിപാടിക്ക് കീഴില്‍ 5.17 ലക്ഷത്തിലധികം ഗ്രാമീണ ജല, ശുചിത്വ സമിതി(വിഡബ്ല്യുഎസ്സി)കളും പാനി സമിതികളും രൂപീകരിച്ചിട്ടുണ്ട്. പ്രാദേശിക ജലസ്രോതസ്സുകള്‍ ഉള്‍പ്പെടെയുള്ള ഗ്രാമങ്ങളിലെ ജലവിതരണ സംവിധാനത്തിന്റെ നടത്തിപ്പും സ്ഥിരമായ പ്രവര്‍ത്തനവും പരിപാലനവും പാനി സമിതിയുടെ ഉത്തരവാദിത്തമാണ്. ഇതുവരെ, 5.08 ലക്ഷം ഗ്രാമതല കര്‍മ പദ്ധതികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, അത് ആവശ്യമായ ജലവിതരണ പദ്ധതി, ചെലവ് എസ്റ്റിമേറ്റ്, നിര്‍വ്വഹണ ഷെഡ്യൂള്‍, ഒ ആന്‍ഡ് എം ക്രമീകരണം, ഭാഗിക മൂലധനച്ചെലവിലേക്ക് ഓരോ വീട്ടുകാരുടെയും സംഭാവന എന്നിവ വിശദമാക്കുന്നു.

ജല്‍ ജീവന് മിഷനുള്ള ധനവിഹിതം
'ഹര്‍ ഘര്‍ ജല്‍' പരിപാടിക്ക് കീഴിലുള്ള ജല്‍ ജീവന്‍ മിഷന് 2019-2024 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് 3.6 ലക്ഷം കോടി രൂപയാണു ചെലവു കണക്കാക്കിയിരിക്കുന്നത്. ജലവിതരണവും ശുചീകരണവും ദേശീയതലത്തില്‍ മുന്‍ഗണനയോടെ കാണണമെന്നും 15-ാം ധനകാര്യ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളും പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്കും 2.36 ലക്ഷം കോടി രൂപ അനുവദിച്ചു. ഇതില്‍ 1.42 ലക്ഷം കോടി രൂപ, അതായത് 60% വ്യവസ്ഥകള്‍ക്കു വിധേയമായി അനുവദിച്ച ഗ്രാന്റുകള്‍ കുടിവെള്ളം, മഴവെള്ള സംഭരണം, ശുചീകരണം, വെളിയിട മലമൂത്ര വിസര്‍ജ്ജന രഹിത ഗ്രാമത്തിന്റെ പരിപാലനം എന്നിവയ്ക്കു മാത്രമായി വിനിയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. രാജ്യത്തുടനീളമുള്ള ഗ്രാമപ്രദേശങ്ങളിലെ ഈ വലിയ നിക്ഷേപം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഗ്രാമങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഗ്രാമങ്ങളെ 'ശുചിത്വപ്രബുദ്ധ' ഗ്രാമങ്ങളാക്കി മാറ്റുന്നതിന് മെച്ചപ്പെട്ട ശുചിത്വത്തോടെ ഗ്രാമങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പുരോഗമനപരമായ നടപടിയാണിത്.
2022-23-ല്‍, ഇതുവരെ, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജല്‍ ജീവന്‍ മിഷന്‍ നടപ്പിലാക്കുന്നതിനായി യോഗ്യമായ 21 സംസ്ഥാനങ്ങള്‍ക്ക് 22,975.34 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ട്.
ലഭ്യമായ കേന്ദ്ര ഫണ്ടുകളുടെ വിനിയോഗവും സംസ്ഥാന വിഹിതവുമായി പൊരുത്തപ്പെടുന്നതും അടിസ്ഥാനമാക്കിയാണ് കേന്ദ്ര ഫണ്ടുകള്‍ അനുവദിക്കുന്നത്. ഓണ്‍ലൈന്‍ നിരീക്ഷണത്തിനായി, ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും (ഐഎംഐഎസ്) ജെജെഎം-ഡാഷ്ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം (പിഎഫ്എംഎസ്) വഴി സുതാര്യമായ ഓണ്‍ലൈന്‍ സാമ്പത്തിക മാനേജ്മെന്റിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍): 2022-ലെ പ്രധാന നേട്ടങ്ങള്‍
വെളിയിട വിസര്‍ജനം അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ഗ്രാമങ്ങളിലെ ഖര, ദ്രവമാലിന്യങ്ങളുടെ സുരക്ഷിതമായ പരിപാലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു
2022-ല്‍ ഒരു ലക്ഷത്തിലധികം ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജന വിമുക്തമായി പ്രഖ്യാപിച്ചു 2024-25 ഓടെ എല്ലാ ഗ്രാമങ്ങളെയും ഈ നിലയിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു.
സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2014 ഒക്ടോബര്‍ 2-ന്, രാജ്യത്തെ തുറസ്സായ മലമൂത്ര വിസര്‍ജന മുക്തമാക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും ശൗചാലയങ്ങള്‍ ലഭ്യമാക്കി 2019 ഒക്ടോബര്‍ 2-ന്, മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍, രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വെളിയിട വിസര്‍ജന മുക്തമായി പ്രഖ്യാപിച്ചു. തുടര്‍ന്ന്, ഈ പദവി പദവി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2020 ഏപ്രില്‍ 1 മുതല്‍ എസ്ബിഎം (ജി) യുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഖര, ദ്രവമാലിന്യ സംസ്‌കരണം ഉപയോഗിച്ച് എല്ലാ ഗ്രാമങ്ങളും 2024-25 ഓടെ വെളിയിട വിസര്‍ജന വിമുക്തമാക്കി മാറ്റുകയാണു പദ്ധതി. ഇതു പ്രാവര്‍ത്തികമാക്കുന്നതില്‍ ആരും പിന്നോക്കം പോകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. പദ്ധതിയുടെ ആകെ അടങ്കല്‍ 1.40 ലക്ഷം കോടി രൂപയിലധികമാണ്.

 

---ND--



(Release ID: 1888206) Visitor Counter : 186