വ്യോമയാന മന്ത്രാലയം

വർഷാന്ത്യ അവലോകനം 2022


സിവിൽ വ്യോമയാന മന്ത്രാലയം

Posted On: 16 DEC 2022 5:57PM by PIB Thiruvananthpuram

വിജയത്തേരില്‍ ആകാശയാത്ര നടത്താന്‍ സാധിച്ച സംതൃപ്തിയിലാണ് വ്യോമ മന്ത്രാലയം. താണ്ടിയ നാഴികക്കല്ലുകള്‍ പലതാണ്.
മേഖലാതല കണക്റ്റിവിറ്റി(ആര്‍.സി.എസ്.)ക്കായുള്ള 50 പുതിയ റൂട്ടുകള്‍ തുടങ്ങാന്‍ സാധിച്ചു. ഉഡാന്‍ 4.2, 4.3 എന്നിവയിലായി 140 പുതിയ ആര്‍.സി.എസ്. റൂട്ടുകള്‍ അനുവദിക്കുകയും ചെയ്തു. അഞ്ചു വിമാനത്താവളങ്ങള്‍കൂടി ഉള്‍പ്പെടുത്തുക വഴി കൃഷി ഉഡാന്‍ 2.0 ആകെ 58 വിമാനത്താവളങ്ങളിലേക്കു വ്യാപിപ്പിച്ചു. തന്ത്രപ്രധാനമായ എയര്‍ ഇന്ത്യ ഓഹരിവില്‍പന പൂര്‍ത്തിയാക്കി. ഒരു ദശാബ്ദത്തിനിടെ ഏറ്റവും കൂടുതല്‍ കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് വിതരണം ചെയ്ത വര്‍ഷവുമായിരുന്നു 2022. രാജ്യാന്തര വ്യോമയാന സംഘടന(ഐ.സി.എ.ഒ.)യിലേക്ക് 2025 വരെയുള്ള കാലത്തേക്ക് രാജ്യം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയമാണ്. ഓപ്പറേഷന്‍ ഗംഗ പദ്ധതി വഴി 90 വിമാനങ്ങളിലായി ഉക്രൈനില്‍നിന്ന് 22500 ഭാരതീയരെ സുരക്ഷിതമായി തിരികെ എത്തിക്കാന്‍ സാധിച്ചതും വിജയമായി. വിമാനത്താവളങ്ങളില്‍ പലയിടങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡോ ടിക്കറ്റ് പരിശോധനയ്ക്കു വിധേയമാക്കേണ്ടിവരുന്നത് ഒഴിവാക്കാനായി ഡിജി യാത്ര നടപ്പാക്കിയതു യാത്രക്കാരുടെ ബുദ്ധിമുട്ടൊഴിവാക്കി.

വ്യോമയാന മന്ത്രാലയത്തിന്റെ നേട്ടപ്പട്ടികയിലെ പദ്ധതികളുടെ വിശദാംശങ്ങള്‍:
മന്ത്രാലയത്തിന്റെ പ്രധാന പരിപാടിയായ റീജിയണല്‍ കണക്റ്റിവിറ്റി പദ്ധതി ഉഡാന്‍ (ഉദേ ദേശ് കാ ആം നാഗ്രിക്) കൊണ്ട് ഉദ്ദേശിക്കുന്നതു രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ മെച്ചപ്പെട്ട വ്യോമയാന അടിസ്ഥാന സൗകര്യവും എയര്‍ കണക്റ്റിവിറ്റിയും ഉപയോഗിച്ച് സാധാരണ പൗരന്റെ അഭിലാഷങ്ങള്‍ നിറവേറ്റുക എന്നതാണ്. 2022ല്‍ നിരവധി പുതിയ നാഴികക്കല്ലുകള്‍ ഉഡാന്‍ കൈവരിച്ചു.
50 പുതിയ ആര്‍.സി.എസ്. റൂട്ടുകള്‍ 2022 ജനുവരി ഒന്നിനും 2022 ഡിസംബര്‍ എട്ടിനും ഇടയില്‍ ആരംഭിച്ചു.
05 എയര്‍പോര്‍ട്ടുകള്‍/ഹെലിപോര്‍ട്ടുകള്‍ കേശോദ്, ദിയോഘര്‍, ഗോണ്ടിയ, ജയ്പൂര്‍, അല്‍മോറ (എച്ച്) എന്നിവിടങ്ങളിലായിപ്രവര്‍ത്തനക്ഷമമാക്കി.
രാജ്യത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 10 പുതിയ ആര്‍സിഎസ് റൂട്ടുകള്‍ ആരംഭിച്ചു.
ഉഡാന്‍ 4.2, 4.3 പ്രകാരം 140 പുതിയ ആര്‍.സി.എസ്. റൂട്ടുകള്‍ അനുവദിച്ചു.
16 പുതിയ വിമാനത്താവളള്‍, അഥവാ ഹെലിപോര്‍ട്ടുകള്‍, അഥവാ വാട്ടര്‍ എയറോഡ്രോമുകള്‍ ഉഡാനു കീഴില്‍ ഉള്‍പ്പെടുത്തി.

ഓപ്പറേഷന്‍ ഗംഗ
2022 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവണ്‍മെന്റ് 'ഓപ്പറേഷന്‍ ഗംഗ' ആരംഭിച്ചു. 2022 ഫെബ്രുവരി 24 ന് രാവിലെ മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ അനുവദിക്കാതെ ഉക്രേനിയന്‍ വ്യോമാതിര്‍ത്തി അടച്ചതിന്റെ ഫലമായി, കുടുങ്ങിപ്പോയ ഇന്ത്യന്‍ പൗരന്മാരെ കൈവ്, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നും അയല്‍രാജ്യങ്ങളായ റൊമാനിയ (ബുക്കാറെസ്റ്റ്, സുസെവ), ഹംഗറി (ബുഡാപെസ്റ്റ്), പോളണ്ട് (റസെസ്സോ), സ്ലൊവാക്യ (കോസിസ്) എന്നിവിടങ്ങളില്‍ നിന്നും വിമാനങ്ങള്‍ സര്‍വീസ് നടത്തി അവരെ രക്ഷപ്പെടുത്താനും തിരികെ കൊണ്ടുവരാനും ശ്രമങ്ങള്‍ ആരംഭിച്ചു. ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വ്യോമയാന മന്ത്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രതിനിധി സംഘത്തെ റൊമാനിയയിലേക്ക് അയച്ചു.
90 വിമാനങ്ങള്‍ സര്‍വീസ് നടത്തിയാണ് 22500-ലധികം ഇന്ത്യന്‍ പൗരന്മാരെ ഉക്രെയ്‌നില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. ഉക്രേനിയന്‍ വ്യോമാതിര്‍ത്തി അടച്ചതോടെ പൗരന്‍മാരെ രക്ഷപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയ വിമാന സര്‍വീസുകളുടെ ചെലവ് കേന്ദ്ര ഗവണ്‍മെന്റാണു വഹിച്ചത്.

അന്താരാഷ്ട്ര കണക്റ്റിവിറ്റി പുനരാരംഭിക്കുന്നു
ഇന്ത്യയില്‍ കോവിഡ്-19 രോഗം പടരുന്നത് തടയുന്നതിനായി 2020 മാര്‍ച്ച് 23 മുതല്‍ ഇന്ത്യയിലേക്കുള്ളതും ഇന്ത്യയില്‍ നിന്നുള്ളതുമായ അന്താരാഷ്ട്ര വാണിജ്യ യാത്രാ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന്, വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ സഹായിക്കുന്നതിനായി 'വന്ദേ ഭാരത് മിഷന്‍' ആരംഭിച്ചു. സര്‍വീസ് നിര്‍ത്തിവെച്ച കാലയളവില്‍, അന്താരാഷ്ട്ര കണക്റ്റിവിറ്റി സുഗമമാക്കുന്നതിനും പലയിടങ്ങളില്‍ ഇറങ്ങിയുള്ള യാത്ര നിയന്ത്രിക്കുന്നതിനുമായി, വന്ദേ ഭാരത് മിഷന്റെ കീഴില്‍ 37 വിദേശ രാജ്യങ്ങളുമായി എയര്‍ ബബിള്‍ ക്രമീകരണം സ്ഥാപിച്ചു. വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 2022 മാര്‍ച്ച് 27 മുതല്‍ പുനരാരംഭിക്കുകയും ചെയ്തു.

ഐസിഎഒ കൗണ്‍സിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
യോജിച്ച ശ്രമങ്ങള്‍ നടത്തുകയും ഐ.സി.എ.ഒ. കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നതിനായി 70-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി സജീവ പ്രചാരണം സംഘടിപ്പിക്കുകയും ചെയ്തു. ഐസിഎഒയുടെ 41-ാമത് പൊതുസഭയില്‍, അന്താരാഷ്ട്ര സിവില്‍ എയര്‍ നാവിഗേഷനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന, ഭാഗം രണ്ടിന് കീഴില്‍, ഐസിഎഒ കൗണ്‍സിലിലേക്ക് (2022-2025) ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

അന്താരാഷ്ട്ര കണക്റ്റിവിറ്റി
ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിപുലമായ ശൃംഖല തന്നെയുണ്ട്. നിലവില്‍ 116 രാജ്യങ്ങളുമായി വ്യോമഗതാഗത കരാറുകളുണ്ട്. തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമായി നാല്‍പതിലധികം രാജ്യങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്തിവരുന്നുണ്ട്.  അതേസമയം പരോക്ഷ മാര്‍ഗങ്ങളിലൂടെ നൂറിലധികം രാജ്യങ്ങളെ ബന്ധിപ്പിക്കുന്നുമുണ്ട്. ഉഭയകക്ഷി ബന്ധത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് വിദേശ വിമാനക്കമ്പനികള്‍ വഴി മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കണക്റ്റിവിറ്റി സുസ്ഥിരമാണെന്ന് ഉറപ്പാക്കിയിട്ടുമുണ്ട്.
2014 മുതല്‍, ഇന്ത്യ 55 ലധികം രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പുവച്ചു. 2022ല്‍ എത്യോപ്യ, സിംബാബ്വെ, കോംഗോ, സുഡാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളുമായുള്ള ധാരണാപത്രങ്ങള്‍ പരിഷ്‌ക്കരിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നു പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനു പതിവായി അനുമതി നല്‍കുന്നതിനു പുറമേ, മാനുഷിക കാരണങ്ങളാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നു പ്രത്യേക സര്‍വീസുകളിലൂടെ യാത്രാ, ചരക്കു സര്‍വീസുകള്‍ അനുവദിച്ചിട്ടുമുണ്ട്.

ഹജ്ജ് 2022
ഹജ്ജ് 2022 പ്രവര്‍ത്തനങ്ങള്‍ 2022 ജൂണ്‍ നാലിന് ആരംഭിച്ച് 2022 ഓഗസ്റ്റ് 13-ന് സുഗമമായും വിജയകരമായും പൂര്‍ത്തിയാക്കി. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്, സ്പൈസ്ജെറ്റ്, ഫ്‌ലൈനാസ് എന്നിവ 56,634 തീര്‍ത്ഥാടകരെ ഇന്ത്യയിലുടനീളമുള്ള 10 കേന്ദ്രങ്ങളില്‍ നിന്ന് ജിദ്ദ/മദീനയിലേക്കും തിരിച്ചും കൊണ്ടുപോയി.

പൈലറ്റ് ലൈസന്‍സ്
കഴിഞ്ഞ വര്‍ഷം ദേവ്ഘര്‍, ഹൊല്ലോങ്കി, ജെയ്പൂര്‍, ന്യൂ ഗോവ എന്നിവിടങ്ങളില്‍ വിമാനത്താവള ലൈസന്‍സ് നല്‍കി. വ്യോമയാന മേഖലയിലെ 16401 വിദഗ്ധര്‍ക്ക് ലൈസന്‍സ് നല്‍കുകയോ നിലവിലുള്ള ലൈസന്‍സ് പുതുക്കിനല്‍ുകകയോ ചെയ്തുകൊണ്ട് വ്യോമയാന മന്ത്രാലയം സജീവമായി. 2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ ആറു വരെ 1081 കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സുകള്‍ വിതരണം ചെയ്തു. ആകെ 9047 വിദഗ്ധര്‍ക്കാണു ലൈസന്‍സുകള്‍ നല്‍കിയത്.

എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍
എയര്‍ ഇന്ത്യ ഓഹരികള്‍ ഏറ്റവും ഉയര്‍ന്ന വില വാഗ്ദാനം ചെയ്ത ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ടാലേസ് പ്രൈവറ്റ് ലിമിറ്റഡിനു കൈമാറാന്‍ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി (സിസിഇഎ) നേതൃത്വം നല്‍കുന്ന എംപവേര്‍ഡ് എയര്‍ ഇന്ത്യ സ്പെസിഫിക് ആള്‍ട്ടര്‍നേറ്റീവ് മെക്കാനിസം (എഐഎസ്എം) അംഗീകാരം നല്‍കി. എ.ഐ.എക്‌സ്.എല്‍, എയ്‌സാറ്റ്‌സി എന്നിവയിലെ എയര്‍ ഇന്ത്യക്കുള്ള ഓഹരിക്കൊപ്പം എയര്‍ ഇന്ത്യയില്‍ കേന്ദ്ര ഗവണ്‍മെന്റിനുള്ള ഓഹരികളും വിറ്റഴിച്ചു. എയര്‍ ഇന്ത്യയുടെ എന്റര്‍പ്രൈസ് വാല്യൂ ആയി നിശ്ചയിച്ചത് 18,000 കോടി രൂപ ആയിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിന്റെ 100% ഓഹരിയും എയര്‍ ഇന്ത്യ സാറ്റ്സിന്റെ 50% ഓഹരിയും സഹിതം എയര്‍ ഇന്ത്യയില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ 100% ഓഹരികളും തന്ത്രപരമായി വിറ്റഴിക്കുന്ന പ്രക്രിയ 27.01.2022-ന് പൂര്‍ത്തിയായി.
എയര്‍ ഇന്ത്യയില്‍നിന്നു വിരമിച്ച യോഗ്യരായ ജീവനക്കാര്‍ക്കുള്ള ഒരു മെഡിക്കല്‍ സ്‌കീം, ബന്ധപ്പെട്ടവരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം, 16.02.2022-ന് രൂപപ്പെടുത്തി. ഗുണഭോക്താക്കള്‍ക്ക് മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിന് സി.ജി.എച്ച്.എസ്., എന്‍.എച്ച്.എ.  എന്നിവയുടെ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. 2022 ഡിസംബര്‍ 12 വരെ, 42,600 ഗുണഭോക്താക്കളില്‍ 39,228 പേര്‍ക്ക് സിജിഎച്ച്എസ് കാര്‍ഡുകള്‍ വിതരണം ചെയ്തു. ഗുണഭോക്താക്കള്‍ സിജിഎച്ച്എസ് വഴി ഒപിഡി മെഡിക്കല്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

ന്യൂഡല്‍ഹിയിലെയും മുംബൈയിലെയും പഴയ എഐഎല്ലിലെ ജീവനക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ ഒഴിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 1971 ലെ പൊതു പരിസരം (അനധികൃത താമസക്കാരെ ഒഴിപ്പിക്കല്‍) നിയമത്തിന് കീഴിലുള്ള എസ്റ്റേറ്റ് ഓഫീസറെ ന്യൂഡല്‍ഹിയില്‍ നിയമിച്ചു. എല്ലാ മേഖലകളിലുമായി 3089 വീടുകളില്‍ 743 എണ്ണം മാത്രമാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ ജീവനക്കാരുടെ കൈവശമുള്ളത്.

ഡിജി യാത്ര
ഒന്നിലധികം ഇടങ്ങളില്‍ ടിക്കറ്റും ഐഡിയും പരിശോധിക്കേണ്ട ആവശ്യമില്ലാതെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാത്തതും ബുദ്ധിമുട്ടില്ലാത്തതുമായ അനുഭവം നല്‍കുന്നതിനായി വ്യോമയാന മന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് ഡിജി യാത്രാ നയം. 01.12.2022 ന് ഡല്‍ഹി, ബെംഗളൂരു, വാരണാസി വിമാനത്താവളങ്ങളില്‍ ഡിജി യാത്ര ആരംഭിച്ചു. കൊല്‍ക്കത്ത, പൂനെ, വിജയവാഡ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ 2023 മാര്‍ച്ചോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായി എല്ലാ വിമാനത്താവളങ്ങളിലും ഇത് നടപ്പാക്കും. ഡിജി യാത്ര ആപ്പ് ആന്‍ഡ്രോയിഡിലും ഐഒഎസ് പ്ലാറ്റ്ഫോമിലും ലഭ്യമാണ്.

---ND---



(Release ID: 1887204) Visitor Counter : 132