വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

53-ാം ഐഎഫ്എഫ്ഐയിലെ ഇന്ത്യൻ പനോരമ വിഭാഗം കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂർ ഉദ്ഘാടനംചെയ്തു


ഇന്ത്യയിലുടനീളമുള്ള ചലച്ചിത്രഗാഥകൾക്കു ജീവൻ പകരുമെന്നു പ്രഖ്യാപിച്ച്, ഗോവയിൽ ഇന്ത്യയുടെ 53-ാം അന്താരഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യൻ പനോരമ വിഭാഗത്തിനു തുടക്കമായി.



ഈ വർഷത്തെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കു തെരഞ്ഞെടുത്ത 25 കഥാചിത്രങ്ങളും 20 കഥേതരചിത്രങ്ങളും ഉദ്ഘാടനച്ചടങ്ങ‌ിൽ പ്രേക്ഷകർക്കു പരിചയപ്പെടുത്തി.



ഐഎഫ്‌എഫ്‌ഐയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരെ മന്ത്രി അഭിനന്ദിച്ചു. എല്ലാ സിനിമകളും കണ്ട്, അവയിൽ ഏറ്റവും മികച്ചത് ഇന്ത്യൻ പനോരമയിലേക്കു തെരഞ്ഞെടുത്തതിന് എല്ലാ ജൂറി അംഗങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.



“ഇന്ത്യൻ പനോരമ വിഭാഗത്തിനു കീഴിൽ രാജ്യത്തിന്റെ നാലുദിക്കിൽനിന്നുമുള്ള മികച്ച ചിത്രങ്ങൾ ഞങ്ങൾ പ്രദർശിപ്പിക്കും”- വാർത്താവിതരണ പ്രക്ഷേപണ സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു.



ഉദ്ഘാടനചിത്രങ്ങളായ ഹദിനെലെന്തു (ഫീച്ചർ), ദ ഷോ മസ്റ്റ് ഗോ ഓൺ (നോൺ ഫീച്ചർ) എന്നിവയുടെ സംവിധായകരെ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂർ ആദരിച്ചു.


Posted On: 21 NOV 2022 4:20PM by PIB Thiruvananthpuram

“ചലച്ചിത്രകാരൻകൂടിയായ എന്റെ സഹോദരനോടൊപ്പം ലോക്ക്ഡൗൺ കാലത്തു വീട്ടിൽ കുടുങ്ങിയപ്പോഴാണ് ഇത്തരമൊരു ചിത്രം ചെയ്യാൻ തീരുമാനിച്ചത്” എന്നു ‘ദ ഷോ മസ്റ്റ് ഗോ ഓണി’ന്റെ സംവിധായിക ദിവ്യ കോവാസ്ജി പറഞ്ഞു. “പഴയ പാഴ്സി തിയറ്ററിലെ നാടകകലാകാരന്മാരുടെ പരിശീലനത്തിനിടെ ചിത്രീകരിച്ച ദൃശ്യങ്ങൾ എഡിറ്റ് ചെയ്യാൻ തീരുമാന‌ിച്ചു. 30 വർഷത്തിലേറെ രംഗവേദിയിൽനിന്നു വിട്ടുനിന്നശേഷം അവസാനവേദിക്കായി അവർ ഒന്നിച്ചു. അവരുടെ അവസാനവേദിയിലെ പ്രകടനത്തിന്റെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യവേ, പാഴ്സി തിയറ്ററിലെ മഹാരഥരുമായി ഞാൻ പ്രണയത്തിലായി. ഈ ചിത്രം എഡിറ്റിങ് ടേബിളിൽ പിറന്നതാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും”- സംവിധായിക ദിവ്യ വ്യക്തമാക്കി.

 

ഫീച്ചർ ഫിലിം വിഭാഗത്തിലെ ഉദ്ഘാടനചിത്രമായ ഹദിനെലെന്തു, സംവിധായകൻ പൃഥ്വി കോണനൂരിന്റെ നാലാമത്തെ ചിത്രമാണ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് ഇതിന്റെ ആദ്യപ്രദർശനം നടക്കുന്നത്.  ഐഎഫ്‌എഫ്‌ഐയിൽ ലഭിച്ച ആദരത്തിനും അംഗീകാരത്തിനും ശ്രീ പൃഥ്വി നന്ദി പറഞ്ഞു. നമ്മുടെ കാലത്തെ നഗരസമൂഹത്തിൽ കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളാണു സിനിമ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇന്ത്യൻ പനോരമ ഐഎഫ്എഫ്‌ഐയുടെ സുപ്രധാനഘടകമാണ്. അതിനുകീഴിൽ മികച്ച സമകാലിക ഇന്ത്യൻ സിനിമകൾ ചലച്ചിത്രകലയുടെ പ്രചാരണത്തിനായി തെരഞ്ഞെടുക്കുന്നു. ഇന്ത്യൻ സിനിമകളെയും ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഐഎഫ്എഫ്ഐക്കു കീഴിൽ 1978ലാണ് ഇതവതരിപ്പിച്ചത്.

 

ചടങ്ങിൽ ജൂറി അംഗങ്ങളെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് താക്കൂർ ആദരിച്ചു.

 

ഫീച്ചർ ഫിലിമുകൾക്കായി മൊത്തം 12 ജൂറി അംഗങ്ങളും നോൺ ഫീച്ചർ ഫിലിമുകൾക്കായി ആറു ജൂറി അംഗങ്ങളും, അതതു ചെയർപേഴ്സൺമാരുടെ കീഴിൽ ഉൾപ്പെട്ടിരുന്നു. ഇന്ത്യയിലുടനീളമുള്ള സിനിമാലോകത്തെ പ്രമുഖരടങ്ങിയ ജൂറിയാണ് ഇന്ത്യൻ പനോരമയിലെ ചിത്രങ്ങൾ തെരഞ്ഞെടുത്തത്.

 

പ്രശസ്ത സംവിധായകനും എഡിറ്ററുമായ വിനോദ് ഗണത്രയുടെ നേതൃത്വത്തിലാണു പന്ത്രണ്ടംഗങ്ങൾ അടങ്ങുന്ന ഫീച്ചർ ഫിലിം ജൂറി. പ്രശസ്ത ചലച്ചിത്രകാരനും നിർമാതാവും എഴുത്തുകാരനും ദേശീയ ചലച്ചിത്രപുരസ്കാരജേതാവുമായ ഒയിനം ഡോറനാണ് ആറംഗങ്ങൾ അടങ്ങുന്ന നോൺ ഫീച്ചർ ഫിലിം ജൂറിയുടെ അധ്യക്ഷൻ.

 

ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട സിനിമകൾ, ചലച്ചിത്രകലയുടെ പ്രോത്സാഹനം ലക്ഷ്യമിട്ട്, ഇന്ത്യയിലും വിദേശത്തുമുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും, ഉഭയകക്ഷി സാംസ്കാരിക വിനിമയ പരിപാടികൾക്കു കീഴിലുള്ള ഇന്ത്യൻ സിനിമാവാരങ്ങളിലും പ്രദർശിപ്പിക്കും. സാംസ്കാരിക വിനിമയ മാനദണ്ഡങ്ങൾക്കു പുറമെയുള്ള പ്രത്യേക ഇന്ത്യൻ ചലച്ചിത്രോത്സവങ്ങളിലും ഇന്ത്യയിലെ പ്രത്യേക ഇന്ത്യൻ പനോരമ മേളകളിലും ഈ ച‌ിത്രങ്ങൾ പ്രദർശിപ്പിക്കും.

 

 

ഇന്ത്യൻ പനോരമയിലെ ഉദ്ഘാടനചിത്രങ്ങളെക്കുറിച്ച്:

 

ഹദിനെലെന്തു:

 

12-ാം ക്ലാസ് വിദ്യാർഥികളായ ദീപയും ഹരിയും, ശനിയാഴ്ച ഉച്ചതിരിഞ്ഞ്, പഠനസമയം കഴിഞ്ഞു ക്ലാസ് മുറിയിൽ ദീപയുടെ ഫോണിൽ അവരുടെ സ്വകാര്യനിമിഷങ്ങൾ റെക്കോർഡ് ചെയ്യുന്നു. തിങ്കളാഴ്ച അവരെ പ്രിൻസിപ്പൽ വിളിച്ചുവരുത്തുകയും അവരുടെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിലുണ്ടെന്ന് അവരോടു പറയുകയും ചെയ്യുന്നു. അവരുടെ കുടുംബങ്ങൾ തകരുന്നു. അവരെ പുറത്താക്കാൻ കോളേജ് അധികൃതർ തീരുമാനി‌ക്കുന്നു. എന്നാൽ അവരുടെ ജാതിയെക്കുറിച്ചുള്ള ചോദ്യങ്ങളുയരുമ്പോൾ കാര്യങ്ങൾ നിയന്ത്രണാതീതമാകുന്നു.

 

 

ദ ഷോ മസ്റ്റ് ഗോ ഓൺ:

 

 

പതിറ്റാണ്ടുകളുടെ സുഷുപ്തിക്കുശേഷം, അവസാനവേദിക്കായി, പാഴ്സി നാടകശാലയിലെ വയോധികരായ മഹാരഥർ നാടകവേദിയിലേക്കു മടങ്ങുന്നു. റിഹേഴ്സലുകൾ വരച്ചുകാട്ടുന്ന ഡോക്യുമെന്ററി, വേദിയിൽ മികച്ചൊരു പ്രകടനം നടത്തി എല്ലാം അവസാനിപ്പിക്കാനുള്ള അവരുടെ അതിജീവനശേഷി രേഖപ്പെടുത്തുന്നു. റിഹേഴ്സലുകളിലെ സൃഷ്ടിപരമായ വിഘാതങ്ങൾ, അവരുടെ ബന്ധങ്ങൾ തുടങ്ങിയവയെക്കുറിച്ചു വെളിപ്പെടുത്തുന്നു. എന്നാൽ അവസാന നാടകത്തിന്റെ തലേന്നു വലിയ ദുരന്തം അഭിനേതാക്കൾക്കു സംഭവിക്കുന്നു. അത് എല്ലാം മാറ്റിമറിക്കുമോ? അതോ നാടകം അവതരിപ്പിക്കുമോ?

 

 

ചിത്രങ്ങളുടെ ക്യാപ്ഷൻ:

 

‘ദ ഷോ മസ്റ്റ് ഗോ ഓൺ’ സംവിധായിക ദിവ്യ കോവ്സാജിയെ ശ്രീ അനുരാഗ് സിങ് താക്കൂർ ആദരിക്കുന്നു

 

‘ഹദിനെലെന്തു’ സംവിധായകൻ പൃഥ്വി കോണനൂരിനെ ശ്രീ അനുരാഗ് സിങ് താക്കൂർ ആദരിക്കുന്നു

 

--ND--



(Release ID: 1877774) Visitor Counter : 131