ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
നിർമ്മിത ബുദ്ധി ആഗോള പങ്കാളിത്ത കൗൺസിൽ ചെയർ ആയി ഇന്ത്യ ചുമതലയേറ്റു.
കൈമാറ്റ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
ദുരുപയോഗം തടയുന്നതും പൗരന്മാർക്ക് ഗുണകരവുമാവുന്ന എ ഐ ചട്ടക്കൂട് സൃഷ്ടിക്കുന്നതിന് ഇന്ത്യ പരിശ്രമിക്കും: രാജീവ് ചന്ദ്രശേഖർ.
ഇന്ത്യൻ ഡാറ്റാ മാനേജ്‌മെന്റ് ഓഫീസുമായി ചേർന്നുള്ള ദേശീയ ഡാറ്റാ ഗവേണൻസ് ഫ്രെയിംവർക്ക് നയം എഐ സ്റ്റാർട്ടപ്പുകളെ ഉത്തേജിപ്പിക്കും: സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
Posted On:
21 NOV 2022 5:28PM by PIB Thiruvananthpuram
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) മനുഷ്യകേന്ദ്രീകൃത വികസനത്തിനും ഉപയോഗത്തിനും പിന്തുണ നൽകുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഗ്ലോബൽ പാർട്ണർഷിപ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജിപിഎഐ) യുടെ ആഗോള പങ്കാളിത്തത്തിന്റെ അധ്യക്ഷ പദവിയിൽ ഇന്ത്യ ഇന്ന് ചുമതലയേറ്റു.
ബാലിയിയിൽ (ഇന്തോനേഷ്യ) നടന്ന ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളുടെ ലീഗായ ജി 20 യുടെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നതിന് പിന്നാലെയാണ് ഈ സ്‌ഥാനലബ്ധി.
ടോക്കിയോയിൽ ഇന്ന് നടന്ന ജിപിഎഐ യോഗത്തിൽ കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ നിലവിലെ അദ്ധ്യക്ഷ രാജ്യമായ ഫ്രാൻസിൽ നിന്ന് അദ്ധ്യക്ഷ പദവി പ്രതീകാത്മകമായി ഏറ്റെടുക്കുന്നതിന് ഇന്ത്യയെ പ്രതിനിധീകരിച്ചു.
ലോകമെമ്പാടുമുള്ള പൗരന്മാരുടെയും ഉപഭോക്താക്കളുടെയും നന്മയ്ക്കായി അംഗരാജ്യങ്ങളുടെ സഹകരണത്തിൽ നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ കഴിയുന്ന ചട്ടക്കൂട് സ്ഥാപിക്കുന്നതിന് ജിഎപിഐ അംഗരാഷ്ട്രങ്ങൾ കൂട്ടായി പ്രവർത്തിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിർമ്മിത ബുദ്ധിയുടെ ദുരുപയോഗം തടയുക, ഉപയോക്താക്കൾക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്തുക എന്നിവയാവും മുഖ്യ ലക്ഷ്യങ്ങൾ.
സാങ്കേതികതയിലും നവീനതയിലും ഊന്നിയ നിക്ഷേപങ്ങൾക്ക് ഏറെ സാധ്യതകളുള്ള എ ഐ മേഖലയിൽ സുതാര്യത , സുരക്ഷ, വിശ്വാസ്യത, ഉത്തരവാദിത്തം മുതലായ അതിർവരമ്പുകളാൽ നയിക്കപ്പെടുന്ന ആധുനിക സൈബർ നിയമങ്ങളുടെയും ചട്ടക്കൂടുകളുടെയും ഒരു ആവാസവ്യവസ്ഥയാവും ഇന്ത്യയുടെ നേതൃത്വത്തിൽ രൂപപ്പെടുകയെന്ന് മന്ത്രി പറഞ്ഞു.
“ഇന്ത്യക്ക് ഒരു ദേശീയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നയമുണ്ട്, അടുത്തിടെ ഞങ്ങൾ ദേശീയ ഡാറ്റാ ഗവേണൻസ് ഫ്രെയിംവർക്ക് നയം (എൻഡിജിഎഫ്‌പി) നടപ്പിലാക്കി; കൂടാതെ ഒരു ഡാറ്റാ മാനേജ്‌മെന്റ് ഓഫീസ് സൃഷ്ടിച്ചു. ലോകത്തിലെ ഏറ്റവും വലുതും പൊതുവായി ആക്‌സസ് ചെയ്യാവുന്നതുമായ ഡാറ്റാ സെറ്റ് പ്രോഗ്രാം ഇന്ത്യയിൽ ഉടൻ ആരംഭിക്കാൻ പോകുകയാണ്," പൊതുഭരണ രംഗത്ത് നിർമ്മിത ബുദ്ധി കാര്യക്ഷമവും ഉപയോഗപ്രദവുമായി ഉപയോഗപ്പെടുത്തുന്നതിൽ ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
നിർമ്മിതബുദ്ധിക്ക് ചുറ്റുമുള്ള നൂതന ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന്, നല്ലതും വിശ്വസനീയവുമായ നിരവധി ആപ്ലിക്കേഷനുകൾ സൃഷ്ടിക്കാൻ കൂട്ടായ്മക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
സർക്കാരിന്റെ വിവര ശേഖരണവും മാനേജ്മെന്റും ഏകീകരിക്കുക എന്നതും ദേശീയ ഡാറ്റാ ഗവേണൻസ് ഫ്രെയിംവർക്ക് നയത്തിന്റെ ഭാഗമാണ്.
2035 ആകുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്ക് 967 ബില്യൺ ഡോളറും 2025 ൽ ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദന മേഖലയിലേക്ക് 450–500 ബില്യൺ ഡോളറും നിർമ്മിത ബുദ്ധി വ്യവസായത്തിലൂടെ കൂട്ടിച്ചേർക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നു, ഇത് രാജ്യത്തിന്റെ 5 ട്രില്യൺ യുഎസ് ഡോളർ ജിഡിപി ലക്ഷ്യത്തിന്റെ 10% വരും.
യുഎസ്, യുകെ, ഇയു, ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, ന്യൂസിലാൻഡ്, റിപ്പബ്ലിക് ഓഫ് കൊറിയ, സിംഗപ്പൂർ എന്നിവയുൾപ്പെടെ 25 അംഗ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജിപിഎഐ. 2020ൽ ഇന്ത്യ സ്ഥാപക അംഗമായി ഗ്രൂപ്പിൽ ചേർന്നിരുന്നു. നിർമ്മിത ബുദ്ധി സംബന്ധിച്ച വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കുന്നതിനുള്ള ആദ്യ സംരംഭമാണിത്. പങ്കാളികളുമായും അന്തർദ്ദേശീയ സംഘടനകളുമായും സഹകരിച്ച്, വ്യവസായം, സിവിൽ സൊസൈറ്റി, ഗവൺമെന്റുകൾ, അക്കാദമിക് രംഗങ്ങളിൽ നിന്നുള്ള പ്രമുഖരായ വിദഗ്ധർ നിർമ്മിതബുദ്ധിയുടെ ഉത്തരവാദിത്തപരമായ പരിണാമം പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യാവകാശങ്ങൾ, വൈവിധ്യം, നൂതനത എന്നിവയിൽ അധിഷ്ഠിതമായ വികസനത്തിനും ഉപയോഗത്തിനും വഴികാട്ടുന്നതിനും സഹകരിക്കുന്നു.
ജാപ്പനീസ് ആഭ്യന്തര, കമ്മ്യൂണിക്കേഷൻസ് സഹ മന്ത്രി ശ്രീ. സുഗെ യോഷിഫുമി, ജാപ്പനീസ് പാർലമെന്ററി സാമ്പത്തിക, വ്യാപാര വ്യവസായ സഹ മന്ത്രി ശ്രീ നാഗമിൻ മക്കോട്ടോ, ഫ്രഞ്ച് ഡിജിറ്റൽ ട്രാൻസിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രി ജീൻ നോയൽ ബാരോട്ട് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
--NS--
(Release ID: 1877748)
Visitor Counter : 216