പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ കെവാഡിയയില്‍ രാഷ്ട്രീയ ഏകതാ ദിവസ് പരേഡ് 2022ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 31 OCT 2022 12:19PM by PIB Thiruvananthpuram

പൊലീസ് വകുപ്പിലെ എന്റെ സഹപ്രവര്‍ത്തകരെ, എന്‍സിസി കേഡറ്റുകളെ, കലാകാരന്മാരെ, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ, രാജ്യമെമ്പാടുമുള്ള സഹോദരങ്ങളെ, സഹോദരിമാരെ, കെവാദിയയിലെ ഏകതാ നഗറില്‍ നടക്കുന്ന റണ്‍ ഫോര്‍ യൂണിറ്റിയില്‍ പങ്കെടുക്കുന്ന മറ്റ് പ്രമുഖരെ,  നാട്ടുകാരെ!

ഞാന്‍ ഏകതാ നഗറിലാണെങ്കിലും എന്റെ മനസ്സ് മോര്‍ബിയുടെ ഇരകള്‍ക്കൊപ്പമാണ്. ജീവിതത്തില്‍ അപൂര്‍വമായേ ഞാന്‍ ഇത്തരം വേദന അനുഭവിച്ചിട്ടുള്ളൂ. ഒരു വശത്ത് വേദന നിറഞ്ഞ ഹൃദയവും മറുവശത്ത് കര്‍മ്മത്തിന്റെയും കടമയുടെയും പാതയും. കടമയുടെ പാതയിലേക്കുള്ള എന്റെ ഉത്തരവാദിത്തങ്ങളുടെ ഭാഗമായി ഞാന്‍ നിങ്ങളുടെ ഇടയിലുണ്ട്. പക്ഷേ എന്റെ മനസ്സ് ആ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കൊപ്പമാണ്.

അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖത്തിന്റെ ഈ വേളയില്‍ മരിച്ച കുടുംബങ്ങള്‍ക്കൊപ്പമാണ് എല്ലാ വിധത്തിലും ഗവണ്‍മെന്റ്. ഗുജറാത്ത് ഗവണ്‍മെന്റ് ഇന്നലെ വൈകിട്ട് മുതല്‍ പൂര്‍ണമായ കരുത്തോടെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റിന് എല്ലാ സഹായവും നല്‍കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കരസേനയിലെയും വ്യോമസേനയിലെയും ഉദ്യോഗസ്ഥരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവരെയും നിരീക്ഷിക്കുന്നുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരമാവധി ലഘൂകരിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. അപകട വാര്‍ത്തയറിഞ്ഞ് ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായി ഇന്നലെ രാത്രിയാണ് മോര്‍ബിയിലെത്തിയത്. ഇന്നലെ മുതല്‍ അദ്ദേഹം ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഇന്നത്തെ 'രാഷ്ട്രീയ ഏകതാ ദിവസ്' (ദേശീയ ഐക്യദിനം) ഈ പ്രയാസകരമായ സമയത്തെ ഒറ്റക്കെട്ടായി നേരിടാനും കടമയുടെ പാതയില്‍ തുടരാനും നമ്മെ പ്രചോദിപ്പിക്കുന്നു. ഏറ്റവും പ്രയാസമേറിയ സാഹചര്യങ്ങളില്‍ സര്‍ദാര്‍ പട്ടേല്‍ കാട്ടിയിരുന്നു ക്ഷമയും കൃത്യതയും മാതൃകയാക്കി ഞങ്ങള്‍ ജോലി തുടര്‍ന്നു, ഭാവിയിലും അത് തുടരും.

സുഹൃത്തുക്കളെ,
2022 ലെ 'രാഷ്ട്രീയ ഏകതാ ദിവസ്' വളരെ സവിശേഷമായ ഒരു അവസരമാണ്. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം തികയുന്ന വര്‍ഷമാണിത്. പുതിയ തീരുമാനങ്ങളുമായി നാം മുന്നോട്ട് പോവുകയാണ്. എല്ലാവരും ഒരുമിച്ച് നടന്ന് ഒരുമിച്ച് മുന്നേറുമ്പോള്‍ അസാധ്യമായത് സാധ്യമാക്കാമെന്ന് ഇന്ന് ഏകതാ നഗറിലെ പരേഡ് നമുക്കു മനസ്സിലാക്കിത്തരുന്നു. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചില കലാകാരന്മാര്‍ വിവിധ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാനിരിക്കുകയായിരുന്നു. അവര്‍ ഇന്ത്യയുടെ വിവിധ നൃത്തങ്ങളും പ്രദര്‍ശിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ ഇന്നലത്തെ സംഭവം വളരെ ദാരുണമായതിനാല്‍ ഇന്നത്തെ പരിപാടിയില്‍ നിന്ന് അത് ഒഴിവാക്കി. കഷ്ടപ്പെട്ട് ഇവിടെയെത്തിയ എല്ലാ കലാകാരന്മാരുടെയും വേദന എനിക്ക് മനസ്സിലാക്കാന്‍ കഴിയും. അവര്‍ക്ക് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചില്ല, പക്ഷേ സ്ഥിതി അങ്ങനെയാണ്.

സുഹൃത്തുക്കളെ,
കുടുംബം, സമൂഹം, ഗ്രാമം, സംസ്ഥാനം, രാജ്യം എന്നിങ്ങനെ എല്ലാ തലങ്ങളിലും ഈ ഐക്യദാര്‍ഢ്യവും അച്ചടക്കവും ആവശ്യമാണ്. ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും നമുക്ക് ഇത് കാണാന്‍ കഴിയും. ഇന്ന് രാജ്യത്തുടനീളം 75,000 ഓട്ടങ്ങള്‍ സംഘടിപ്പിക്കുന്നു, അതില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നു. ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ നിന്ന് രാജ്യത്തെ ജനങ്ങള്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുകയാണ്. 'അമൃത് കാല'ത്തിന്റെ 'പഞ്ചപ്രാണങ്ങള്‍' (അഞ്ച് പ്രതിജ്ഞകള്‍) ഉണര്‍ത്തുന്നതിനായി ഇന്ന് രാജ്യത്തെ ജനങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രതിജ്ഞയെടുക്കുന്നു.

സുഹൃത്തുക്കളെ,
കേവാഡിയയിലെ ഏകതാ നഗറിലെ ഈ ഭൂമിയില്‍ നിന്നുള്ള 'രാഷ്ട്രീയ ഏകതാ ദിവസ്' എന്ന സന്ദര്‍ഭവും ഏകതാ പ്രതിമയും നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നത് സ്വാതന്ത്ര്യസമയത്ത് ഇന്ത്യക്ക് സര്‍ദാര്‍ പട്ടേലിനെപ്പോലെയുള്ള നേതൃത്വം ഇല്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നാണ്. 550 ലധികം നാട്ടുരാജ്യങ്ങള്‍ ഒന്നിച്ചില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? നമ്മുടെ ഭൂരിഭാഗം നാട്ടുരാജ്യങ്ങളും ത്യാഗത്തിന്റെ പാരമ്യത പ്രകടിപ്പിക്കുകയും ഭാരത മാതാവില്‍ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തില്ലായിരുന്നു എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഇന്ന് നമ്മള്‍ കാണുന്ന ഇന്ത്യയെ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. പ്രയാസകരവും അസാധ്യവുമായ ഈ ദൗത്യം പൂര്‍ത്തിയാക്കിയത് ഒരേയൊരു സര്‍ദാര്‍ പട്ടേലാണ്.

സുഹൃത്തുക്കളെ,
സര്‍ദാര്‍ സാഹിബിന്റെ ജന്മവാര്‍ഷികവും 'രാഷ്ട്രീയ ഏകതാ ദിവസും' നമുക്ക് വെറും അവസരങ്ങളല്ല. ഇന്ത്യയുടെ സാംസ്‌കാരിക സാധ്യതകളുടെ മഹത്തായ ഉത്സവം കൂടിയാണിത്. ഐക്യം ഇന്ത്യക്ക് ഒരിക്കലും നിര്‍ബന്ധിച്ചു സാധ്യമാക്കേണ്ട ഒന്നായിരുന്നില്ല. ഐക്യം എന്നും ഇന്ത്യയുടെ പ്രത്യേകതയാണ്. ഐക്യബോധം ഇന്ത്യയുടെ മനസ്സില്‍, നമ്മുടെ ആന്തരിക ആത്മാവില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. ഈ ഗുണം നാം പലപ്പോഴും തിരിച്ചറിയുന്നില്ല. ചിലപ്പോള്‍ അത് നഷ്ടപ്പെടും. പക്ഷേ, രാജ്യത്ത് ഏതെങ്കിലും പ്രകൃതിദുരന്തം ഉണ്ടാകുമ്പോള്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത് കാണാം. ദുരന്തം വടക്കോ തെക്കോ കിഴക്കോ പടിഞ്ഞാറോ ആണോ എന്നത് പ്രശ്‌നമല്ല. സേവനവും സഹകരണവും അനുകമ്പയും കൊണ്ട് ഇന്ത്യ മുഴുവന്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നു. നോക്കൂ, ഇന്നലെ എന്താണ് സംഭവിച്ചത്. മോര്‍ബിയിലാണ് ദുരന്തമുണ്ടായത്, എന്നാല്‍ ഓരോ നാട്ടുകാരും ഇരകളുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. ആശുപത്രികളിലായാലും അപകടസ്ഥലത്തായാലും സാധ്യമായ എല്ലാ സഹായത്തിനും നാട്ടുകാര്‍ തന്നെ മുന്നോട്ട് വന്നിരുന്നു. അതാണ് ഐക്യത്തിന്റെ ശക്തി. കൊറോണയുടെ വലിയൊരു ഉദാഹരണവും നമ്മുടെ മുന്നിലുണ്ട്. കൈയടിയിലൂടെയുള്ള വൈകാരിക ഐക്യദാര്‍ഢ്യം മുതല്‍ റേഷന്‍, മരുന്ന്, വാക്‌സിന്‍ എന്നിവയ്ക്കുള്ള പിന്തുണ വരെ രാജ്യം ഒരു കുടുംബത്തെപ്പോലെ ഒരുമിച്ചുനിന്നു. ഇന്ത്യയുടെ സൈന്യം അതിര്‍ത്തിയില്‍ വീര്യം കാണിക്കുമ്പോള്‍, രാജ്യം മുഴുവന്‍ ഒരേ വികാരവും ചൈതന്യവും പുലര്‍ത്തുന്നു.  ഇന്ത്യയുടെ യുവത്വം ഒളിമ്പിക്സില്‍ ത്രിവര്‍ണപതാകയുടെ മഹത്വമുയര്‍ത്തുമ്പോള്‍ രാജ്യം മുഴുവന്‍ അത് ആഘോഷിക്കുന്നു. ഒരു ക്രിക്കറ്റ് മത്സരത്തില്‍ രാജ്യം വിജയിക്കുമ്പോള്‍ രാജ്യമെമ്പാടും ഒരേ ആവേശമാണ്. ആഘോഷത്തിന്റെ വ്യത്യസ്ത സാംസ്‌കാരിക രീതികള്‍ നമുക്കുണ്ട്. എന്നാല്‍ ആത്മാവ് ഒന്നുതന്നെയാണ്. ഈ ഐക്യവും ഐക്യദാര്‍ഢ്യവും പരസ്പര അടുപ്പവും ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ വേരുകള്‍ എത്ര ആഴത്തിലുള്ളതാണെന്ന് കാണിക്കുന്നു.

ഒപ്പം സുഹൃത്തുക്കളെ,
ഇന്ത്യയുടെ ഈ ഐക്യം നമ്മുടെ ശത്രുക്കളെ തളര്‍ത്തുന്നു. ഇന്നല്ല, നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അടിമത്തത്തിന്റെ നീണ്ട കാലഘട്ടത്തിലും ഇന്ത്യയുടെ ഐക്യം നമ്മുടെ ശത്രുക്കളെ അലോസരപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട്, നൂറുകണക്കിന് വര്‍ഷത്തെ അടിമത്തത്തില്‍ നമ്മുടെ രാജ്യത്ത് വന്ന എല്ലാ വിദേശ ആക്രമണകാരികളും ഇന്ത്യയില്‍ ഭിന്നത സൃഷ്ടിക്കാന്‍ സാധ്യമായതെല്ലാം ചെയ്തു. ഇന്ത്യയെ വിഭജിക്കാനും തകര്‍ക്കാനും അവര്‍ എല്ലാം ചെയ്തു. എങ്കിലും നമുക്ക് അവരെ നേരിടാന്‍ കഴിഞ്ഞു, കാരണം ഐക്യത്തിന്റെ അമൃത് നമ്മുടെ ഉള്ളില്‍ സജീവമായിരുന്നു, ഒരു അരുവിപോലെ ഒഴുകുന്നു. എന്നാല്‍ ആ കാലഘട്ടം നീണ്ടതായിരുന്നു. ആ വിഷ യുഗത്തില്‍ നിന്ന് രാജ്യം ഇപ്പോഴും കഷ്ടപ്പെടുന്നു. വിഭജനം നമ്മള്‍ കണ്ടതാണ്, ഇന്ത്യയുടെ ശത്രുക്കള്‍ അത് മുതലെടുക്കുന്നതും കണ്ടു. അതുകൊണ്ടാണ് ഇന്നും നാം അതീവ ജാഗ്രത പാലിക്കേണ്ടത്! പണ്ടത്തെപ്പോലെ ഇന്ത്യയുടെ ഉയര്‍ച്ചയില്‍ അസ്വസ്ഥരായ ശക്തികള്‍ ഇന്നും നിലനില്‍ക്കുന്നു. ഇന്നും നമ്മെ തകര്‍ക്കാനും ഭിന്നിപ്പിക്കാനും അത്തരം ശക്തികള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു. ജാതികളുടെ പേരില്‍ നമ്മെ തളര്‍ത്താന്‍ പലതരത്തിലുള്ള ആഖ്യാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. പ്രവിശ്യകളുടെ പേരില്‍ നമ്മെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ചിലപ്പോള്‍ ഒരു ഇന്ത്യന്‍ ഭാഷയെ മറ്റൊരു ഇന്ത്യന്‍ ഭാഷയുടെ ശത്രുവാക്കി മാറ്റാനുള്ള പ്രചാരണങ്ങള്‍ നടത്താറുണ്ട്. രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കാതെ പരസ്പരം അകലം പാലിക്കുന്ന തരത്തിലാണ് ചരിത്രവും അവതരിപ്പിക്കപ്പെടുന്നത്.

ഒപ്പം സഹോദരീ സഹോദരന്മാരെ,
ഒരു കാര്യം കൂടി നാം ഓര്‍ക്കണം. രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന ശക്തികള്‍ എപ്പോഴും നമ്മുടെ പ്രത്യക്ഷ ശത്രുവായി അവതരിക്കപ്പെടേണ്ട കാര്യമില്ല. പലപ്പോഴും, ഈ ശക്തി അടിമ മാനസികാവസ്ഥയുടെ രൂപത്തില്‍ നമ്മുടെ ഉള്ളില്‍ കുടികൊള്ളുന്നു. ചിലപ്പോള്‍ ഈ ശക്തി നമ്മുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങളെ അനാവശ്യമായി മുതലെടുക്കുന്നു. രാജ്യത്തെ വിഭജിക്കാനും ദുര്‍ബലപ്പെടുത്താനും ചിലപ്പോള്‍ പ്രീണനം, പാരമ്പര്യം, അത്യാഗ്രഹം, അഴിമതി എന്നിവ അവലംബിക്കുന്നു. പക്ഷേ നമ്മള്‍ അവര്‍ക്ക് ഉത്തരം നല്‍കണം. ഭാരതമാതാവിന്റെ മക്കളെന്ന നിലയില്‍ നാം അവര്‍ക്ക് ഉത്തരം നല്‍കണം. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നമ്മള്‍ അവര്‍ക്ക് ഉത്തരം നല്‍കണം. നമ്മള്‍ ഒരുമിച്ച്, ഒത്തൊരുമിച്ച് നില്‍ക്കണം. വിവേചനത്തിന്റെ വിഷത്തിന് ഈ ഐക്യത്തിന്റെ അമൃത് കൊണ്ട് ഉത്തരം നല്‍കണം. ഇതാണ് പുതിയ ഇന്ത്യയുടെ ശക്തി.

സുഹൃത്തുക്കളെ,
'രാഷ്ട്രീയ ഏകതാ ദിവസ്' വേളയില്‍ സര്‍ദാര്‍ സാഹിബ് നമ്മെ ഏല്‍പ്പിച്ച ഉത്തരവാദിത്തം ഇന്ന് ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനും ഒരു രാഷ്ട്രമെന്ന നിലയില്‍ രാജ്യത്തെ ശക്തിപ്പെടുത്താനുമുള്ള ചുമതല അദ്ദേഹം നമുക്കു നല്‍കിയിരുന്നു. ഓരോ പൗരനും ഈ ഉത്തരവാദിത്തം തുല്യമായ കര്‍ത്തവ്യ ബോധത്തോടെ നിര്‍വഹിക്കുമ്പോള്‍ ഈ ഐക്യം ശക്തിപ്പെടും. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന മന്ത്രം പിന്‍പറ്റി രാജ്യം ഇന്ന് അതേ കര്‍ത്തവ്യബോധത്തോടെ വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണ്. ഇന്ന് രാജ്യത്ത് ഒരു വിവേചനവുമില്ലാതെ എല്ലാ കോണുകളിലും എല്ലാ ഗ്രാമങ്ങളിലും എല്ലാ വിഭാഗങ്ങള്‍ക്കും എല്ലാ വ്യക്തികള്‍ക്കും ഏകീകൃത നയങ്ങള്‍ ലഭ്യമാണ്. ഇന്ന് ഗുജറാത്തിലെ സൂറത്തില്‍ സാധാരണ മനുഷ്യന് സൗജന്യ വാക്സിനുകള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അരുണാചലിലെ സിയാങ്ങിലും സമാനമായി സൗജന്യ വാക്സിനുകള്‍ ലഭ്യമാണ്. ഇന്ന് എയിംസ് ഗോരഖ്പൂരിലെന്നതുപോലെ അത് ബിലാസ്പൂര്‍, ദര്‍ഭംഗ, ഗുവാഹത്തി, രാജ്‌കോട്ട് തുടങ്ങി രാജ്യത്തെ മറ്റ് നഗരങ്ങളിലുമുണ്ട്. ഇന്ന് ഒരു വശത്ത് തമിഴ്നാട്ടില്‍ പ്രതിരോധ ഇടനാഴി നിര്‍മ്മിക്കുമ്പോള്‍ ഉത്തര്‍പ്രദേശിലും പ്രതിരോധ ഇടനാഴി നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ഇന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അടുക്കളയിലോ തമിഴ്നാട്ടിലെ ഏതെങ്കിലും ''സമയാല്‍-അരൈ''യിലോ ഭക്ഷണം പാകം ചെയ്യുകയാണെങ്കില്‍, ഭാഷ വ്യത്യസ്തമായിരിക്കാം, ഭക്ഷണം വ്യത്യസ്തമായിരിക്കാം. എന്നാല്‍ അമ്മമാരെയും സഹോദരിമാരെയും പുകയില്‍ നിന്ന് മോചിപ്പിക്കുന്ന ഉജ്ജ്വല സിലിണ്ടറാണ് എല്ലായിടത്തും. ഞങ്ങളുടെ എല്ലാ നയങ്ങളുടെയും ഉദ്ദേശം ഒന്നുതന്നെയാണ് -- സമൂഹത്തിന്റെ വിവിധ നിരകളിലെ അവസാനത്തെ മനുഷ്യനെയും വികസനത്തിന്റെ മുഖ്യധാരയുമായി ബന്ധിപ്പിക്കുക.

സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി പോലും നീണ്ട കാത്തിരിപ്പു സഹിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളിലെ വിടവ് കുറയുന്തോറും ഐക്യം ശക്തമാകും. അതിനാല്‍, രാജ്യം പരമാവധി എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു. ഓരോ പദ്ധതിയുടെയും പ്രയോജനം ഓരോ ഗുണഭോക്താവിലും എത്തണം എന്നതാണ് ലക്ഷ്യം. അതുകൊണ്ട്, എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഡിജിറ്റല്‍ കണക്റ്റിവിറ്റി, എല്ലാവര്‍ക്കും ശുദ്ധമായ പാചകം, എല്ലാവര്‍ക്കും വൈദ്യുതി, തുടങ്ങി നിരവധി പദ്ധതികള്‍ ഇന്ന് നടക്കുന്നു. ഇന്ന് 100% പൗരന്മാരിലേക്ക് എത്തിച്ചേരുക എന്ന ഈ ദൗത്യത്തിനു തുല്യ സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യം മാത്രമല്ല ഉള്ളത്. ഈ ദൗത്യം ഏകീകൃത ലക്ഷ്യം, ഏകീകൃത വികസനം, ഐക്യത്തോടെയുള്ള ശ്രമം എന്നിവകൂടി ഉള്‍പ്പെട്ട ദൗത്യമാണ്. അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്കുള്ള 100% കവറേജ് ഇന്ന് സാധാരണക്കാരന്റെ രാജ്യത്തിലും ഭരണഘടനയിലും വിശ്വാസത്തിന്റെ മാധ്യമമായി മാറുകയാണ്. സാധാരണക്കാരന് ആത്മവിശ്വാസം പകരുന്ന മാധ്യമമായി ഇത് മാറുകയാണ്. സര്‍ദാര്‍ പട്ടേലിന്റെ ഇന്ത്യയുടെ ദര്‍ശനമാണിത്, ഓരോ ഇന്ത്യക്കാരനും തുല്യ അവസരങ്ങള്‍ ഉണ്ടായിരിക്കുകയും സമത്വ ബോധമുണ്ടാവുകയും ചെയ്യും. ആ കാഴ്ചപ്പാടാണ് ഇന്ന് രാജ്യം സാക്ഷാത്കരിക്കുന്നത്.

സുഹൃത്തുക്കളെ,
പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട സമൂഹത്തിലെ ഓരോ വിഭാഗത്തിനും കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രാജ്യം മുന്‍ഗണന നല്‍കി. അതിനാല്‍, ഗോത്ര സമൂഹങ്ങളുടെ മഹത്വം ഓര്‍മിക്കുന്നതിനായി രാജ്യം 'ജനജാതിയ ഗൗരവ് ദിവസ്' (ആദിവാസികളുടെ അഭിമാന ദിനം) ആഘോഷിക്കുന്ന പാരമ്പര്യം ആരംഭിച്ചു. ഗോത്രവര്‍ഗ സ്വാതന്ത്ര്യ സമരത്തില്‍ അവരുടെ പങ്ക് ഉയര്‍ത്തിക്കാട്ടുന്നതിനായി രാജ്യത്തെ പല സംസ്ഥാനങ്ങളിലും മ്യൂസിയങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. നാളെ ഞാന്‍ മംഗഢിലേക്ക് പോകുന്നു, അതിനുശേഷം ജംബുഘോഡയിലേക്കും പോകും. മംഗാര്‍ ധാമിന്റെയും ജംബുഗോഡയുടെയും ചരിത്രം മനസ്സിലാക്കാന്‍ ഞാന്‍ പൗരന്‍മാരോട് അഭ്യര്‍ത്ഥിക്കുന്നു. വിദേശ ആക്രമണകാരികളുടെ നിരവധി കൂട്ടക്കൊലകള്‍ക്കിടയിലും നമുക്ക് എങ്ങനെ സ്വാതന്ത്ര്യം ലഭിച്ചു എന്നത് ഇന്നത്തെ യുവതലമുറ അറിയേണ്ടതു വളരെ പ്രധാനമാണ്. എങ്കില്‍ മാത്രമേ സ്വാതന്ത്ര്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും മൂല്യം മനസ്സിലാക്കാന്‍ കഴിയൂ.

സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്തൊരു പഴഞ്ചൊല്ലുണ്ട്:
????? ??? ??????? ??????? ? ???????? ??????? ????? ?????????? ???? ??????? ?????????
അതായത്, ഏതൊരു സമൂഹത്തിന്റെയും ശക്തി അതിന്റെ ഐക്യത്തിലാണ്. അതിനാല്‍, ശക്തമായ ഒരു രാജ്യത്തിന്റെ അഭ്യുദയകാംക്ഷികള്‍ ഈ ഐക്യത്തിന്റെ ആത്മാവിനെ അഭിനന്ദിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നു. അതുകൊണ്ട് രാജ്യത്തിന്റെ ഐക്യവും ഐക്യദാര്‍ഢ്യവും നമ്മുടെ കൂട്ടുത്തരവാദിത്വമാണ്. രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടും അഭൂതപൂര്‍വമായ ഇന്ത്യയുടെ മാതൃകാ നഗരമായി ഏകതാ നഗര്‍ വികസിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ ഐക്യത്തോടെയും അവരുടെ പങ്കാളിത്തത്തോടെയും വികസിച്ചുകൊണ്ടിരിക്കുന്ന ഏകതാ നഗര്‍ ഇന്ന് മഹത്തായതും ദൈവികവുമായി മാറുകയാണ്. ഏകതാപ്രതിമ എന്ന രൂപത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഒരു പ്രചോദനമായി നമുക്കൊപ്പമുണ്ട്. ഭാവിയില്‍, ഇന്ത്യയില്‍ അഭൂതപൂര്‍വവും അവിശ്വസനീയവുമായ നഗരമായി ഏകതാ നഗര്‍ മാറാന്‍ പോകുന്നു. രാജ്യത്ത് പരിസ്ഥിതി സംരക്ഷിക്കുന്ന ഒരു മാതൃകാ നഗരത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോഴെല്ലാം ഏകതാ നഗര്‍ മുന്നിലുണ്ടാകും. വൈദ്യുതി ലാഭിക്കുന്ന എല്‍ഇഡികള്‍ കൊണ്ട് പ്രകാശിതമായ ഒരു മാതൃകാ നഗരത്തെ കുറിച്ച് പറയുമ്പോഴെല്ലാം ആളുകള്‍ ഏകതാ നഗറിനെ കുറിച്ച് സംസാരിക്കും. രാജ്യത്ത് സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ശുദ്ധമായ ഗതാഗത സംവിധാനം വരുമ്പോള്‍ ഏകതാ നഗറിന്റെ പേരായിരിക്കും ആദ്യം വരിക. വിവിധയിനം മൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം വരുമ്പോള്‍ ഏകതാ നഗര്‍ എന്ന പേരായിരിക്കും ആദ്യം വരിക. ഇന്നലെയാണ് ഇവിടെ മിയാവാക്കി ഫോറസ്റ്റും മെയ്‌സ് ഗാര്‍ഡനും ഉദ്ഘാടനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചത്. ഏകതാ മാള്‍, ഏകതാ നഴ്‌സറി, നാനാത്വത്തില്‍ ഏകത്വം കാണിക്കുന്ന വിശ്വ വാന്‍, ഏക്താ ഫെറി, ഏകതാ റെയില്‍വേ സ്റ്റേഷന്‍, തുടങ്ങിയ സംരംഭങ്ങള്‍ ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രചോദനമാണ്. ഇപ്പോഴിതാ ഏകതാ നഗറിലേക്ക് മറ്റൊരു താരം കൂടി ചേരാന്‍ പോവുകയാണ്. ഇന്ന് ഞാന്‍ ഇതിനെക്കുറിച്ച് നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. സര്‍ദാര്‍ സാഹിബിന്റെ വാക്കുകള്‍ നിങ്ങള്‍ കേട്ടു. ആ വികാരമാണ് നമ്മുടെ ഉദ്യമത്തില്‍ പ്രതിഫലിക്കുന്നത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ ഏകീകരണത്തില്‍ സര്‍ദാര്‍ സാഹിബ് വഹിച്ച പങ്കില്‍ രാജ്യത്തെ രാജാക്കന്മാരും രാജകുമാരന്മാരും വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്. നൂറ്റാണ്ടുകളായി അധികാരത്തിലിരുന്ന രാജകുടുംബങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനായി ഒരു പുതിയ സംവിധാനത്തിന് അടിയറവെച്ചു. സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകളായി അവരുടെ സംഭാവനകള്‍ അവഗണിക്കപ്പെട്ടു. ആ രാജകുടുംബങ്ങളുടെയും നാട്ടുരാജ്യങ്ങളുടെയും ത്യാഗത്തിനായി സമര്‍പ്പിക്കപ്പെട്ട ഒരു മ്യൂസിയം ഇപ്പോള്‍ ഏകതാ നഗറില്‍ നിര്‍മ്മിക്കും. രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടിയുള്ള ത്യാഗത്തിന്റെ പാരമ്പര്യം ഇത് പുതിയ തലമുറകള്‍ക്ക് കൈമാറും. കൂടാതെ ഈ ദിശയില്‍ വളരെയധികം അടിത്തറ പാകിയതിന് ഞാന്‍ ഗുജറാത്ത് ഗവണ്‍മെന്റിനോടു നന്ദിയുള്ളവനാണ്. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിന് സര്‍ദാര്‍ സാഹിബ് പകര്‍ന്നുനല്‍കിയ പ്രചോദനം നമ്മെ എല്ലാവരെയും തുടര്‍ച്ചയായി നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കരുത്തുറ്റ ഇന്ത്യ എന്ന സ്വപ്നം നമ്മള്‍ ഒരുമിച്ച് പൂര്‍ത്തീകരിക്കും. ഈ വിശ്വാസത്തോടെ, ഞാന്‍ 'സര്‍ദാര്‍ പട്ടേല്‍' എന്ന് പറഞ്ഞതിന് ശേഷം 'അമര്‍ രഹേ, അമര്‍ രഹേ' എന്ന് ഉറക്കെപ്പറയാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

സര്‍ദാര്‍ പട്ടേല്‍ - അമര്‍ രഹേ, അമര്‍ രഹേ!

സര്‍ദാര്‍ പട്ടേല്‍ - അമര്‍ രഹേ, അമര്‍ രഹേ!

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

--ND--


(Release ID: 1872521) Visitor Counter : 151