വിദ്യാഭ്യാസ മന്ത്രാലയം
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2022 ഒക്ടോബർ 15 വരെ നീട്ടി
Posted On:
03 OCT 2022 3:52PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഒക്ടോബർ 03, 2022
2022-23 വർഷത്തേക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ഒക്ടോബർ 15 വരെ നീട്ടി.
'നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് സ്‌കീം' പ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മികവുറ്റ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും സെക്കൻഡറി ഘട്ടത്തിൽ വിദ്യാഭ്യാസം തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്‌കോളർഷിപ്പുകൾ നൽകുന്നു.
സംസ്ഥാന ഗവൺമെന്റ്, ഗവണ്മെന്റ്-എയ്ഡഡ്, തദ്ദേശ സ്ഥാപന സ്‌കൂളുകളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നു. ഈ വിദ്യാർത്ഥികൾക്ക് 10 മുതൽ 12 വരെ ക്ലാസുകളിലും സ്കോളർഷിപ്പ് തുടരുന്നു. ഓരോ വർഷവും പുതിയ ഒരു ലക്ഷം പേർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. പ്രതിവർഷം 12,000/- രൂപയാണ് സ്കോളർഷിപ്പ് തുക.
വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് പദ്ധതിക്കായുള്ള ഏകജാലക പ്ലാറ്റ്ഫോമായ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ (എൻഎസ്പി), നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് സ്കീം (എൻഎംഎംഎസ്എസ്) ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കോളർഷിപ്പുകൾ പി എഫ് എം എസ് വഴി ഇലക്ട്രോണിക് ട്രാൻസ്ഫർ രീതിയിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നു. 100% കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്.
രക്ഷിതാക്കളുടെ എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനം പ്രതിവർഷം 3,50,000/- രൂപയിൽ കൂടാത്തവർക്ക് സ്കോളർഷിപ്പ് ലഭിക്കാൻ അർഹതയുണ്ട്. സ്കോളർഷിപ്പ് നൽകുന്നതിനുള്ള സെലക്ഷൻ ടെസ്റ്റിൽ പങ്കെടുക്കുന്നതിന് വിദ്യാർത്ഥികൾക്ക് ഏഴാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 55% മാർക്കോ തത്തുല്യ ഗ്രേഡോ ഉണ്ടായിരിക്കണം (എസ്‌സി/എസ്ടി വിദ്യാർത്ഥികൾക്ക് 5% ഇളവ് ലഭിക്കും).
RRTN/SKY
(Release ID: 1864801)
Visitor Counter : 180