പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2022 സെപ്റ്റംബര്‍ 25 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ



മനസ്സ് പറയുന്നത് - ഭാഗം 93

Posted On: 25 SEP 2022 11:32AM by PIB Thiruvananthpuram

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്‌ക്കാരം. 

കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്  ചീറ്റയാണ്.  ഉത്തര്‍പ്രദേശിലെ ശ്രീ. അരുണ്‍കുമാര്‍ ഗുപ്ത, തെലങ്കാനയിലെ ശ്രീ. എന്‍. രാമചന്ദ്രന്‍ രഘുറാം, ഗുജറാത്തിലെ ശ്രീ രാജന്‍, ഡല്‍ഹിയിലെ ശ്രീ. സുബ്രത് എന്നിവരെ പോലെ ധാരാളം ആളുകള്‍ ചീറ്റയെ കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ സന്തോഷം പ്രകടിപ്പിച്ചു. 130 കോടി ഇന്ത്യക്കാരും സന്തുഷ്ടരാണ്. അഭിമാനിക്കുന്നവരാണ് - ഇതാണ  ഇന്ത്യയുടെ  പ്രകൃതിസ്നേഹം. ഇതിനെക്കുറിച്ച് ആളുകളുടെ പൊതുവായ ഒരു ചോദ്യമാണ് മോദിജി, ചീറ്റകളെ കാണാന്‍ നമുക്ക് എപ്പോഴാണ് അവസരം ലഭിക്കുക എന്നത്.

സുഹൃത്തുക്കളേ, ഒരു 'ടാസ്‌ക് ഫോഴ്' രൂപീകരിച്ചിട്ടുണ്ട്. ഈ ടാസ്‌ക് ഫോഴ്സ് ചീറ്റകളെ നിരീക്ഷിക്കുകയും അവയ്ക്ക് ഇവിടുത്തെ പരിസ്ഥിതിയില്‍ എത്രമാത്രം ഇടകലരാന്‍ സാധിച്ചുവെന്ന് പരിശോധിക്കുകയും ചെയ്യും. ഏതാനും മാസങ്ങള്‍ക്കുശേഷം ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു തീരുമാനം എടുക്കും. തുടര്‍ന്ന് നിങ്ങള്‍ക്ക് ചീറ്റകളെ കാണാന്‍ കഴിയും. എന്നാല്‍ അതുവരെ ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും കുറച്ച് ജോലികള്‍ ഏല്‍പ്പിക്കുന്നു, ഇതിനായി MyGov പ്ലാറ്റ്ഫോമില്‍ ഒരുമത്സരം സംഘടിപ്പിക്കും, ഇതിനെ കുറിച്ച് ചില കാര്യങ്ങള്‍ ആളുകളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചീറ്റപ്പുലികളുടെ കാര്യവുമായി നാം നടത്തുന്ന പ്രചാരണത്തിന് എന്ത് പേരിടണം! ഈ ചീറ്റകള്‍ക്കെല്ലാം പേരിടുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ഇതില്‍ ഓരോന്നിനെയും ഏത് പേരിലാണ് വിളിക്കേണ്ടത്? ഈ പേരിടല്‍ പരമ്പരാഗതമാണെങ്കില്‍, അത് വളരെ നല്ലതായിരിക്കും. കാരണം, നമ്മുടെ സമൂഹവും സംസ്‌കാരവും പാരമ്പര്യവും പൈതൃകവുമായി ബന്ധപ്പെട്ട എന്തും നമ്മെ സ്വാഭാവികമായും നമ്മിലേക്ക് തന്നെ ആകര്‍ഷിക്കുന്നു. അതുമാത്രമല്ല, നിങ്ങള്‍ ഇതും പറയണം, എല്ലാത്തിനുമുപരി, മനുഷ്യര്‍ മൃഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന്! നമ്മുടെ മൗലിക കര്‍ത്തവ്യങ്ങളില്‍ പോലും മൃഗങ്ങളോടുള്ള ബഹുമാനത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഈ മത്സരത്തില്‍ പങ്കെടുക്കണമെന്ന് ഞാന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു - സമ്മാനമായി ചീറ്റകളെ ആദ്യം കാണുവാനുള്ള അവസരം ഒരുപക്ഷെ നിങ്ങള്‍ക്കായിരിക്കും!

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് സെപ്തംബര്‍ 25, രാജ്യത്തിന്റെ മഹാനായ സുപുത്രനും മനുഷ്യസ്നേഹിയും ചിന്തകനുമായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനമായി ഈ ദിനം ആഘോഷിക്കുന്നു. ഏതൊരു രാജ്യത്തെയും യുവാക്കള്‍ അവരുടെ സ്വത്വത്തിലും അഭിമാനത്തിലും എത്രത്തോളം അഭിമാനിക്കുന്നുവോ അത്രയധികം അവരുടെ മൗലിക  ആശയങ്ങളും തത്ത്വചിന്തകളും അവരെ ആകര്‍ഷിക്കുന്നു. ദീന്‍ദയാല്‍ജിയുടെ ചിന്തകളുടെ ഏറ്റവും വലിയ സവിശേഷത, ലോകത്തെ വലിയ പ്രക്ഷോഭങ്ങള്‍ അദ്ദേഹം തന്റെ ജീവിതകാലത്ത് ദര്‍ശിച്ചു എന്നതാണ്. പ്രത്യയശാസ്ത്ര പോരാട്ടങ്ങളുടെ സാക്ഷിയായി അദ്ദേഹം മാറിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹം 'ഏകാത്മമാനവദര്‍ശനം, അന്ത്യോദയ' എന്നീ സമ്പൂര്‍ണ ഭാരതീയ ആശയങ്ങള്‍ രാജ്യത്തിനു മുന്നില്‍ വെച്ചത്. ദീന്‍ദയാല്‍ജിയുടെ 'ഏകാത്മമാനവദര്‍ശന്‍' സംഘര്‍ഷങ്ങളില്‍ നിന്നും മുന്‍വിധികളില്‍ നിന്നും സ്വാതന്ത്ര്യം നല്‍കുന്ന ഒരു ആശയമാണ്. ഇതിലൂടെ മനുഷ്യരെ തുല്യരായി കാണുന്ന ഭാരതീയ ദര്‍ശനങ്ങളെ ലോകത്തിനു മുന്നില്‍ അദ്ദേഹം വീണ്ടും അവതരിപ്പിച്ചു. നമ്മുടെ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട് - 'ആത്മവത് സര്‍വഭൂതേഷു', അതായത്, എല്ലാ ജീവികളെയും നമ്മള്‍ നമ്മളായി കണക്കാക്കണം, നമ്മളുടെ എന്നപോലെ പെരുമാറണം. ആധുനികവും സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടില്‍പോലും ഭാരതീയ ദര്‍ശനം ലോകത്തെ എങ്ങനെ നയിക്കുമെന്ന് ദീന്‍ദയാല്‍ജി പഠിപ്പിച്ചു. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നിലനിന്നിരുന്ന അപകര്‍ഷതാബോധത്തില്‍ നിന്ന് നമ്മെ മോചിപ്പിച്ചുകൊണ്ട് ഒരുതരത്തില്‍ അദ്ദേഹം നമ്മുടെസ്വന്തം ബൗദ്ധിക ബോധത്തെ ഉണര്‍ത്തി. അദ്ദേഹം പറയാറുണ്ടായിരുന്നു - 'നമ്മുടെസംസ്‌കാരവും സ്വത്വവും പ്രകടിപ്പിക്കുമ്പോള്‍ മാത്രമേ നമ്മുടെസ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാകൂ'. ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍, രാജ്യത്തിന്റെ വികസനത്തിനായി അദ്ദേഹം ഒരു കാഴ്ചപ്പാട് സൃഷ്ടിച്ചു. രാജ്യത്തിന്റെ പുരോഗതിയുടെ അളവുകോല്‍ അവസാന ചുവടുവെയ്ക്കുന്ന വ്യക്തിയിലാണെന്ന് ദീന്‍ദയാല്‍ ഉപാധ്യായ പറയാറുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് ദീന്‍ദയാല്‍ജിയെ നാം എത്രയധികം അറിയുന്നുവോ, എത്രത്തോളം അദ്ദേഹത്തില്‍നിന്ന് പഠിക്കുന്നുവോ, അത്രയധികം നമുക്ക് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രചോദനം ലഭിക്കും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, അതായത് സെപ്റ്റംബര്‍ 28 ന്, അമൃത്മഹോത്സവത്തിന്റെ ഒരു പ്രത്യേക ദിവസം വരുന്നു. ഈ ദിവസം നാം ഭാരതമാതാവിന്റെ ധീരപുത്രനായ ഭഗത്സിംഗിന്റെ ജന്മദിനം ആഘോഷിക്കും. ഭഗത്സിംഗിന്റെ ജന്മവാര്‍ഷികത്തിന് തൊട്ടുമുമ്പ അദ്ദേഹത്തിനുള്ള ആദരസൂചകമായി ഒരു സുപ്രധാന തീരുമാനമെടുത്തിരിക്കുന്നു. ചണ്ഡീഗഢ് വിമാനത്താവളത്തിന് ഇനി ഷഹീദ് ഭഗത്സിംഗിന്റെ പേര് നല്‍കാനാണ് തീരുമാനം. ഈ തീരുമാനത്തിന് ഏറെനാളായി കാത്തിരിക്കുന്നു. ഇതിന് ഞാന്‍ ചണ്ഡീഗഡ്, പഞ്ചാബ്, ഹരിയാന കൂടാതെ രാജ്യത്തെ എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ, നമുക്ക് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അവരുടെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന്, അവരുടെ സ്വപ്നങ്ങളിലെ ഇന്ത്യ കെട്ടിപ്പടുക്കാം. ഇത് അവര്‍ക്ക് നമ്മുടെ ആദരാഞ്ജലിയാണ്. രക്തസാക്ഷികളുടെ സ്മാരകങ്ങള്‍, അവരുടെ പേരിലുള്ള സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ എന്നിവ നമ്മെ കര്‍ത്തവ്യപഥത്തില്‍ പ്രചോദിപ്പിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കര്‍ത്തവ്യപഥില്‍ നേതാജി സുഭാഷ്ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ച് രാജ്യം അങ്ങനെയൊരു ഒരു ശ്രമംനടത്തി, ഇപ്പോള്‍ ഷഹീദ് ഭഗത്സിംഗിന്റെ പേര് ചണ്ഡിഗഢ് വിമാനത്താവളത്തിന് നല്‍കുന്നത് ഈ ദിശയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ്. സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട പ്രത്യേക ദിവസങ്ങള്‍ അമൃത്മഹോത്സവത്തില്‍ ആഘോഷിക്കുന്നതു പോലെ, എല്ലാ യുവാക്കളും സെപ്തംബര്‍ 28 ന് പുതിയ എന്തെങ്കിലും ചുവടുവെയ്പുകള്‍ പരീക്ഷിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സെപ്തംബര്‍ 28 ന് ആഘോഷിക്കാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും മറ്റൊരു കാരണമുണ്ട്. അത് എന്താണെന്ന് അറിയുക! ഞാന്‍ രണ്ട് വാക്കുകള്‍ മാത്രമേ പറയൂ, പക്ഷേ നിങ്ങളുടെ ആവേശം നാലിരട്ടി വര്‍ദ്ധിക്കുമെന്ന് എനിക്കറിയാം. ഈ രണ്ട് വാക്കുകളാണ് - സര്‍ജിക്കല്‍ സ്ട്രൈക്ക്. ആവേശം ഇരട്ടിച്ചില്ലേ! നമ്മുടെ നാട്ടില്‍ നടക്കുന്ന അമൃത്മഹോത്സവത്തിന്റെ പ്രചാരണം നമുക്ക് ആവേശത്തോടെ ആഘോഷിക്കാം, എല്ലാവരുമായും സന്തോഷം പങ്കിടാം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ജീവിതപോരാട്ടങ്ങളാല്‍ വേദനിക്കുന്ന ഒരുവ്യക്തിക്ക് മുന്നില്‍ ഒരു തടസ്സത്തിനും നില്‍ക്കാനാവില്ല എന്നാണ് പറയപ്പെടുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തില്‍, ശാരീരിക വെല്ലുവിളികളെ നേരിടുന്ന ചില സഹയാത്രികരെയും നാം കാണുന്നു. ഒന്നുകില്‍ കേള്‍ക്കാന്‍ പറ്റാത്തവരും, അല്ലെങ്കില്‍ സംസാരിച്ച ്പ്രകടിപ്പിക്കാന്‍ കഴിയാത്തവരും ധാരാളമുണ്ട്. അത്തരം കൂട്ടുകാര്‍ക്കുള്ള ഏറ്റവും വലിയ പിന്തുണ ആംഗ്യഭാഷയാണ്. എന്നാല്‍ ആംഗ്യഭാഷക്ക് വ്യക്തമായ ആംഗ്യങ്ങളോ മാനദണ്ഡങ്ങളോ ഇല്ലെന്നതായിരുന്നു വര്‍ഷങ്ങളായി ഇന്ത്യയില്‍ ഒരുവലിയ പ്രശ്നം. ഈ ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ഇന്ത്യന്‍ ആംഗ്യഭാഷാ ഗവേഷണ പരിശീലനകേന്ദ്രം 2015 ല്‍ സ്ഥാപിതമായി. ഇതുവരെയുള്ള ശ്രമഫലമായി പതിനായിരം വാക്കുകളുടെയും പ്രയോഗങ്ങളുടെയും ഒരു നിഘണ്ടു ഈ സ്ഥാപനം തയ്യാറാക്കിയതില്‍ എനിക്ക് സന്തോഷമുണ്ട്. രണ്ടുദിവസം മുമ്പ്, അതായത് സെപ്തംബര്‍ 23 ന്ആംഗ്യഭാഷാദിനത്തില്‍, നിരവധി സ്‌കൂള്‍ കോഴ്സുകളും ആംഗ്യഭാഷയില്‍ ആരംഭിച്ചിട്ടുണ്ട്. ആംഗ്യഭാഷയുടെ നിശ്ചിത നിലവാരം നിലനിര്‍ത്തുന്നതിന് ദേശീയ വിദ്യാഭ്യാസ നയത്തിലും വളരെയധികം ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ നിര്‍മ്മിച്ച ആംഗ്യഭാഷയുടെ നിഘണ്ടു, അതിന്റെ വീഡിയോകള്‍ ഉണ്ടാക്കി തുടര്‍ച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. യൂട്യൂബില്‍, നിരവധി ആളുകള്‍, നിരവധി സ്ഥാപനങ്ങള്‍ എന്നിവ ഇന്ത്യന്‍ ആംഗ്യഭാഷയില്‍ അവരുടെ ചാനലുകള്‍ ആരംഭിച്ചിട്ടുണ്ട്. അതായത്, 7-8 വര്‍ഷംമുമ്പ് ആംഗ്യഭാഷയെക്കുറിച്ച് രാജ്യത്ത് കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു, ഇപ്പോള്‍ അതിന്റെ നേട്ടങ്ങള്‍ ദശലക്ഷക്കണക്കിന് ദിവ്യാംഗരായ എന്റെ സഹോദരീ സഹോദരന്മാര്‍ക്ക് ലഭിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഹരിയാനയില്‍ നിന്നുള്ള ശ്രീമതി പൂജ ഇന്ത്യന്‍ ആംഗ്യഭാഷയില്‍ വളരെ സന്തുഷ്ടയാണ്. നേരത്തെ അവര്‍ക്ക് മകനുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2018 ല്‍ ആംഗ്യഭാഷാ പരിശീലനം നേടിയശേഷം, അമ്മയുടെയും മകന്റെയും ജീവിതം എളുപ്പമായി. ശ്രീമതി പൂജയുടെ മകനും ആംഗ്യഭാഷ പഠിച്ചു. അവന്‍ തന്റെ സ്‌കൂളില്‍ കഥപറച്ചിലില്‍ സമ്മാനം  നേടി അത് തെളിയിച്ചു. അതുപോലെ ശ്രീമതി ടിങ്കയ്ക്ക് കേള്‍വിശക്തിയില്ലാത്ത ആറുവയസ്സുള്ള ഒരു മകളുണ്ട്. ശ്രീമതി ടിങ്ക മകള്‍ക്ക് ആംഗ്യഭാഷ കോഴ്സ് നല്‍കിയിരുന്നുവെങ്കിലും അവള്‍ക്ക് ആംഗ്യഭാഷ അറിയില്ലായിരുന്നു, ഇക്കാരണത്താല്‍ അവര്‍ക്ക് മകളുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ടിങ്കാജിയും ആംഗ്യഭാഷാ പരിശീലനം നേടിയിട്ടുണ്ട്. അമ്മയും മകളും ഇപ്പോള്‍ പരസ്പരം ഒരുപാട് സംസാരിക്കുന്നു. കേരളത്തിലെ ശ്രീമതി മഞ്ജുവിനും ഈ പ്രയത്നങ്ങള്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ശ്രീമതി മഞ്ജുവിന് ജന്മനാ കേള്‍വിശക്തി ഇല്ലായിരുന്നു, ഇതു മാത്രമല്ല, അവരുടെ മാതാപിതാക്കളുടെ സ്ഥിതിയും ഇതുതന്നെ ആയിരുന്നു. അത്തരമൊരു സാഹചര്യത്തില്‍, ആംഗ്യഭാഷ മുഴുവന്‍ കുടുംബത്തിനും ആശയവിനിമയത്തിനുള്ള ഉപാധിയായി മാറിയിരിക്കുന്നു. ഇപ്പോള്‍ ശ്രീമതി മഞ്ജു സ്വയം ഒരു ആംഗ്യഭാഷാ അധ്യാപികയാകാന്‍ തീരുമാനിച്ചിരിക്കുകയാണ്.

സുഹൃത്തുക്കളേ, ഇന്ത്യന്‍ ആംഗ്യഭാഷയെ കുറിച്ചുള്ള  അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി മന്‍കിബാത്തില്‍ ഞാനും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഇതോടെ, ദിവ്യാംഗരായ സഹജീവികളെ കൂടുതല്‍ കൂടുതല്‍ സഹായിക്കാന്‍ നമുക്ക് കഴിയും. സഹോദരീ സഹോദരന്മാരേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബ്രെയില്‍ ലിപിയില്‍ എഴുതിയ ഹേം കോഷിന്റെ ഒരു കോപ്പി എനിക്കും കിട്ടി. അസമീസ് ഭാഷയിലെ ഏറ്റവും പഴയ നിഘണ്ടുകളിലൊന്നാണ് ഹേംകോഷ്. 19-ാം നൂറ്റാണ്ടിലാണ് ഇത് തയ്യാറാക്കിയത്. പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ ഹേമചന്ദ്ര ബറുവയാണ് ഇത് എഡിറ്റ് ചെയ്തത്. ഹേംകോഷിന്റെ ബ്രെയില്‍ പതിപ്പിന് ഏകദേശം 10,000 പേജുകളാണുള്ളത്. കൂടാതെ 15-ലധികം വാല്യങ്ങളിലായി ഇത് പ്രസിദ്ധീകരിക്കാന്‍ പോകുകയാണ്. ഇതില്‍ ഒരുലക്ഷത്തിലധികം വാക്കുകള്‍ പരിഭാഷപ്പെടുത്തേണ്ടതുണ്ട്. ഈ സംവേദനാത്മകമായ പ്രയത്നത്തെ ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു. ദിവ്യാംഗരായ  സഹജീവികളുടെ കഴിവും മികവും വര്‍ധിപ്പിക്കുന്നതില്‍ അത്തരത്തിലുള്ള ഓരോ ശ്രമവും വളരെയേറെ മുന്നോട്ട് പോകുന്നു. ഇന്ന് പാരാ സ്പോര്‍ട്സിലും ഇന്ത്യ വിജയക്കൊടി പാറിക്കുകയാണ്. പല ടൂര്‍ണമെന്റുകളിലും നമ്മളെല്ലാം ഇതിന് സാക്ഷികളായിരുന്നു. ഇന്ന് താഴെത്തട്ടില്‍ ദിവ്യാംഗരുടെ ഇടയില്‍ ഫിറ്റ്നസ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ധാരാളം ആളുകളുണ്ട്. ഇത് ദിവ്യാംഗരുടെ ആത്മവിശ്വാസത്തിന് ഏറെ കരുത്ത് പകരുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ സൂറത്തിലെ ഒരു പെണ്‍കുട്ടി അന്വിയെ കണ്ടു. അന്വിയുമായും അവളുടെ യോഗയുമായുമുള്ള എന്റെ കണ്ടുമുട്ടല്‍ അവിസ്മരണീയമാണ്, മന്‍കിബാത് ശ്രോതാക്കളോട് അതിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളേ, ജന്മനാ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച അന്വി കുട്ടിക്കാലം മുതല്‍ ഗുരുതരമായ ഹൃദ്രോഗവുമായി മല്ലിടുന്നു. മൂന്ന്മാസം മാത്രം പ്രായമുള്ളപ്പോള്‍ ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറിക്ക് വിധേയയാകേണ്ടിയും വന്നു. ഇത്രയും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും അന്വിയോ അവളുടെ മാതാപിതാക്കളോ തോല്‍വിക്കു വഴങ്ങിയില്ല. അന്വിയുടെ മാതാപിതാക്കള്‍ ഡൗണ്‍ സിന്‍ഡ്രോമിനെ കുറിച്ചുള്ള എല്ലാവിവരങ്ങളും ശേഖരിക്കുകയും അന്വി മറ്റുള്ളവരെ ആശ്രയിക്കുന്നത് എങ്ങനെ കുറയ്ക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഒരുഗ്ലാസ് വെള്ളം എങ്ങനെ ഉയര്‍ത്താം, ഷൂലെയ്സ് എങ്ങനെ കെട്ടാം, വസ്ത്രങ്ങള്‍ ബട്ടണ്‍ എങ്ങനെ ഇടാം, തുടങ്ങിയ ചെറിയ കാര്യങ്ങള്‍ അവര്‍ അന്വിയെ പഠിപ്പിക്കാന്‍ തുടങ്ങി. സാധനങ്ങളുടെ സ്ഥാനം എന്താണ്, എന്താണ് നല്ലശീലങ്ങള്‍, ഇതെല്ലാം അവര്‍ വളരെ ക്ഷമയോടെ അന്വിയെ പഠിപ്പിക്കാന്‍ ശ്രമിച്ചു. മകള്‍ അന്വി പഠിക്കാനുള്ള മനസ്സ് കാണിച്ചതും  കഴിവ് തെളിയിച്ചതും മാതാപിതാക്കളുടെ ഉത്സാഹം വര്‍ദ്ധിപ്പിച്ചു. അവര്‍ അന്വിയെ യോഗ പഠിക്കാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ പ്രശ്നം വളരെ ഗുരുതരമായിരുന്നു. അന്വിക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ പോലും അവളുടെ മാതാപിതാക്കള്‍ അന്വിയെ യോഗ പഠിക്കാന്‍ പ്രേരിപ്പിച്ചു. ആദ്യമായി യോഗ പഠിപ്പിച്ച കോച്ചിന്റെ അടുത്തു ചെന്നപ്പോള്‍ അവര്‍ ഈ നിഷ്‌കളങ്കയായ പെണ്‍കുട്ടിക്ക് യോഗ ചെയ്യാന്‍ കഴിയുമോ എന്ന വലിയ ആശയക്കുഴപ്പത്തിലായിരുന്നു! എന്നാല്‍ അന്വിയുടെ സ്വാഭാവിക പ്രകൃതി എന്തെന്ന് പരിശീലകനുപോലും അറിയില്ലായിരുന്നു. അമ്മയോടൊപ്പം യോഗ അഭ്യസിക്കാന്‍ തുടങ്ങിയ അവള്‍ ഇപ്പോള്‍ യോഗയില്‍ വിദഗ്ധയായി മാറിയിരിക്കുന്നു. ഇന്ന് അന്‍വി രാജ്യത്തുടനീളമുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയും മെഡലുകള്‍ നേടുകയും ചെയ്യുന്നു. യോഗ അന്വിക്ക് പുതുജീവന്‍ നല്‍കി. അന്വി യോഗയെ ഉള്‍ക്കൊണ്ട്, ജീവിതത്തെ ഉള്‍ക്കൊള്ളുന്നു. യോഗ അന്‍വിയുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തി, ഇപ്പോള്‍ അവളുടെ ആത്മവിശ്വാസം അതിശയകരമായി വര്‍ദ്ധിച്ചുവെന്ന് അന്‍വിയുടെ മാതാപിതാക്കള്‍ എന്നോട് പറഞ്ഞു. യോഗ അന്‍വിയുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുകയും മരുന്നുകളുടെ ആവശ്യകത കുറയ്ക്കുകയും ചെയ്തു. രാജ്യത്തും വിദേശത്തുമുള്ള മന്‍കിബാത്ത് ശ്രോതാക്കളോട് യോഗയിലൂടെ അന്‍വിക്ക് ലഭിച്ച ഗുണങ്ങളെ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തുന്നതിനെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, യോഗയുടെ ശക്തി പരിശോധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അന്‍വി ഒരു മികച്ച കേസ് സ്റ്റഡിയാണെന്ന് ഞാന്‍കരുതുന്നു. ശാസ്ത്രജ്ഞര്‍ മുന്നോട്ടു വന്ന് അന്‍വിയുടെ വിജയം പഠിക്കുകയും യോഗയുടെ ശക്തി ലോകത്തെ പരിചയപ്പെടുത്തുകയും വേണം. ലോകമെമ്പാടുമുള്ള ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികള്‍ക്ക് അത്തരം ഗവേഷണങ്ങള്‍ വലിയ സഹായകമാകും. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ വളരെ ഫലപ്രദമാണെന്ന് ലോകം ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നു. പ്രത്യേകിച്ച് പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ യോഗ വളരെയധികം സഹായിക്കുന്നു. യോഗയുടെ അത്തരം ശക്തി കണക്കിലെടുത്താണ് ണ്  ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്  ഇപ്പോള്‍ ഐക്യരാഷ്ട്രസഭ ഇന്ത്യയുടെ മറ്റൊരു ശ്രമത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു. 2017 ല്‍ ആരംഭിച്ച ഒരു ശ്രമമാണിത് -'ഇന്ത്യ ഹൈപ്പര്‍ടെന്‍ഷന്‍ കണ്‍ട്രോള്‍ ഇനിഷ്യേറ്റീവ്'. ഇതിന ്കീഴില്‍, രക്തസമ്മര്‍ദ്ദ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് ആളുകള്‍ സര്‍ക്കാര്‍ സേവനകേന്ദ്രങ്ങളില്‍ ചികിത്സയിലാണ്. ഈ സംരംഭം അന്താരാഷ്ട്ര സംഘടനകളുടെ ശ്രദ്ധ ആകര്‍ഷിച്ച രീതി അഭൂതപൂര്‍വമാണ്. ചികില്‍സിച്ചവരില്‍ പകുതിയോളം പേരുടെ രക്തസമ്മര്‍ദം നിയന്ത്രിതമാണ് എന്നത് നമുക്കെല്ലാവര്‍ക്കും പ്രോത്സാഹനജനകമായ കാര്യമാണ്. ഈ ഉദ്യമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ ആളുകളെയും ഞാന്‍ അഭിനന്ദിക്കുന്നു. അവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് ഇത് വിജയകരമായി.

സുഹൃത്തുക്കളേ, മനുഷ്യജീവിതത്തിന്റെ വികസനയാത്ര തുടര്‍ച്ചയായി, ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു - അത് കടലായാലും നദിയായാലും കുളമായാലും. 7500 കിലോമീറ്ററിലധികം  നീണ്ട കടല്‍ത്തീരമുള്ളതിനാല്‍ കടലുമായുള്ള നമ്മുടെ ബന്ധം അഭേദ്യമായി നിലകൊള്ളുന്നു എന്നതും ഇന്ത്യയുടെ ഭാഗ്യമാണ്. ഈ തീരദേശ അതിര്‍ത്തി പല സംസ്ഥാനങ്ങളിലൂടെയും ദ്വീപുകളിലൂടെയും കടന്നു പോകുന്നു. വ്യത്യസ്ത സമൂഹങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ ഇന്ത്യയുടെ സംസ്‌കാരം ഇവിടെ തഴച്ചുവളരുന്നത് കാണാം. ഇതുമാത്രമല്ല, ഈ തീരപ്രദേശങ്ങളിലെ ഭക്ഷണസാധനങ്ങള്‍ ഏറെ ആളുകളെ ആകര്‍ഷിക്കുന്നു. എന്നാല്‍ ഈ സന്തോഷകരമായ കാര്യങ്ങള്‍ക്കും സങ്കടകരമായ ഒരു വശമുണ്ട്. നമ്മുടെ ഈ തീരപ്രദേശങ്ങള്‍ നിരവധി പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്നു. കാലാവസ്ഥാവ്യതിയാനം, സമുദ്ര ആവാസവ്യവസ്ഥയ്ക്ക്  വലിയ ഭീഷണിയായി തുടരുന്നു, മറുവശത്ത്, നമ്മുടെ ബീച്ചുകളിലെ മാലിന്യം  നമ്മെ അസ്വസ്ഥമാക്കുന്നു. ഈ വെല്ലുവിളികള്‍ നേരിടുന്നതിനായി ഗൗരവമേറിയതും നിരന്തരവുമായ പരിശ്രമങ്ങള്‍ നടത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. 'സ്വച്ഛ് സാഗര്‍ - സുരക്ഷിത് സാഗര്‍' എന്ന തീരദേശ ശുചീകരണ പ്രയത്നത്തെ കുറിച്ച് ഇവിടെ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജൂലൈ അഞ്ചിന് ആരംഭിച്ച ഈ പ്രചാരണം വിശ്വകര്‍മ ജയന്തി ദിനമായ സെപ്റ്റംബര്‍ 17ന് അവസാനിച്ചു. ഈദിവസം തീരദേശ ശുചീകരണദിനം കൂടിയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തില്‍ ആരംഭിച്ച ഈ പ്രചാരണം 75 ദിവസം നീണ്ടുനിന്നു. ഇതില്‍ പൊതുജന പങ്കാളിത്തം പ്രകടമായിരുന്നു. ഈ ശ്രമത്തിനിടയില്‍, രണ്ടരമാസക്കാലം മുഴുവന്‍ നിരവധി ശുചീകരണ പരിപാടികള്‍ നടക്കുന്നതായി കണ്ടു. ഗോവയില്‍ നീണ്ട മനുഷ്യച്ചങ്ങല തീര്‍ത്തു. കാക്കിനാടയിലെ ഗണപതി നിമജ്ജന വേളയില്‍ പ്ലാസ്റ്റിക്കുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്ക്കരിച്ചു, എന്‍.എസ്.എസിന്റെ 5000 യുവസുഹൃത്തുക്കള്‍ 30 ടണ്ണിലധികം പ്ലാസ്റ്റിക് ശേഖരിച്ചു. ഒഡീഷയില്‍ മൂന്ന് ദിവസത്തിനുള്ളില്‍, 20,000 ത്തിലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കുടുംബത്തെയും ചുറ്റുമുള്ള ആളുകളെയും 'ശുദ്ധമായ കടലിനും സുരക്ഷിതമായ കടലിനും' വേണ്ടി പ്രയത്നിക്കാന്‍ പ്രേരിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഈ ക്യാമ്പയിനില്‍ പങ്കെടുത്ത എല്ലാ ആളുകളെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുമായി, പ്രത്യേകിച്ച് നഗരങ്ങളിലെ മേയര്‍മാരുമായും പഞ്ചായത്ത് തലവന്മാരുമായും ഞാന്‍ ആശയവിനിമയം നടത്തുമ്പോള്‍, ശുചിത്വം, നൂതനമായ രീതികള്‍ സ്വീകരിക്കല്‍ തുടങ്ങിയ ശ്രമങ്ങളില്‍ പ്രാദേശിക സമൂഹങ്ങളെയും പ്രാദേശിക സംഘടനകളെയും ഉള്‍പ്പെടുത്താന്‍ ഞാന്‍ അവരോട് പറയാറുണ്ട്.

ബംഗളൂരുവില്‍ ഒരു ടീമുണ്ട് - 'യൂത്ത് ഫോര്‍ പരിവര്‍ത്തന്‍'. കഴിഞ്ഞ എട്ട് വര്‍ഷമായി ഈ സംഘം ശുചീകരണത്തിലും മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിക്കുന്നു. അവരുടെ മുദ്രാവാക്യം വളരെ വ്യക്തമാണ് - 'പരാതി നിര്‍ത്തുക, പ്രവര്‍ത്തിക്കാന്‍ തുടങ്ങുക' (സ്റ്റോപ്പ് കംപ്ലൈയിനിംഗ് സ്റ്റാര്‍ട്ട് ആക്ഷന്‍). ഈ സംഘം ഇതുവരെ നഗരത്തിലുടനീളം 370 ലധികം സ്ഥലങ്ങള്‍ മനോഹരമാക്കി. യൂത്ത് ഫോര്‍ പരിവര്‍ത്തന്റെ കാമ്പയിന്‍ എല്ലായിടത്തും 100 മുതല്‍ 150 വരെ പൗരന്മാരെ യോജിപ്പിച്ചു. എല്ലാ ഞായറാഴ്ചയും രാവിലെ ആരംഭിക്കുന്ന ഈ പരിപാടി ഉച്ചവരെ തുടരും. ഈ ജോലിയില്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യുക മാത്രമല്ല, ചുവരുകള്‍ പെയിന്റ് ചെയ്യുക, ആര്‍ട്ടിസ്റ്റിക് സ്‌കെച്ചുകള്‍ നിര്‍മ്മിക്കുക എന്നിവയും ചെയ്യുന്നു. പല സ്ഥലങ്ങളിലും, പ്രശസ്തരായ ആളുകളുടെ സ്‌കെച്ചുകളും അവരുടെ പ്രചോദനാത്മകമായ ഉദ്ധരണികളും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ബംഗളൂരുവിലെ യൂത്ത് ഫോര്‍ പരിവര്‍ത്തന്റെ ശ്രമങ്ങളെ പിന്തുടര്‍ന്ന്, മീററ്റിലെ 'കബാട് സെ ജുഗാഡ്' പ്രചാരണത്തെക്കുറിച്ചും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണവുമായി ബന്ധപ്പെട്ടാണ് ഈ പ്രചാരണം. ഇരുമ്പിന്റെ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, പഴയ ടയറുകള്‍, ഡ്രമ്മുകള്‍ തുടങ്ങിയ മാലിന്യങ്ങള്‍ ഇതില്‍ ഉപയോഗിക്കുന്നുവെന്നതാണ് ഈ പ്രചാരണത്തിന്റെ പ്രത്യേകത. കുറഞ്ഞ ചെലവില്‍ പൊതുസ്ഥലങ്ങള്‍ എങ്ങനെ മനോഹരമാക്കാം എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ കാമ്പയിന്‍. ഈ പ്രചാരണത്തില്‍ പങ്കെടുത്ത എല്ലാവരെയും ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ സമയത്ത് രാജ്യമെമ്പാടും ഉത്സവ ആവേശമാണ്. നാളെ നവരാത്രിയുടെ ആദ്യദിനമാണ്. ഇതില്‍ നാം ദേവിയുടെ ആദ്യരൂപമായ 'മാ ശൈലപുത്രി'യെ ആരാധിക്കും. ഇതു മുതല്‍ ഒമ്പത് ദിവസം നിയമം, സംയമം, പിന്നെ വ്രതാനുഷ്ഠാനവും ഉണ്ടാകും. തുടര്‍ന്ന് വിജയദശമിയുടെ ഉത്സവവും നടക്കും. അതായത്, ഒരുതരത്തില്‍ നോക്കിയാല്‍ നമുക്ക് മനസ്സിലാകും നമ്മുടെ വിശ്വാസത്തിനും ആത്മീയതയ്ക്കും ഒപ്പം എത്ര ആഴത്തിലുള്ള സന്ദേശവും നമ്മുടെ ഉത്സവങ്ങളില്‍ മറഞ്ഞിരിക്കുന്നു എന്ന്. അച്ചടക്കത്തിലൂടെയും സംയമനത്തിലൂടെയും നേട്ടങ്ങള്‍ കൈവരിക്കുക, അതിനുശേഷം വിജയത്തിന്റെ ഉത്സവം. ഇതുതന്നെയാണ് ജീവിതത്തിലെ ഏത് ലക്ഷ്യവും കൈവരിക്കാനുള്ള മാര്‍ഗ്ഗവും. ദസറയ്ക്ക് ശേഷം ധന്‍തേരസും ദീപാവലിയും കൂടി വരുന്നു.

സുഹൃത്തുക്കളേ, കഴിഞ്ഞവര്‍ഷങ്ങളില്‍ നിന്ന്, രാജ്യത്തിന്റെ ഒരു പുതിയ സന്ദേശവും കൂടി നമ്മുടെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, അതാണ് 'വോക്കല്‍ ഫോര്‍ ലോക്കല്‍'. ഇപ്പോള്‍ നമ്മള്‍ ഉത്സവങ്ങളുടെ സന്തോഷത്തില്‍ നമ്മുടെ നാട്ടിലെ സാധാരണക്കാരായ കരകൗശലവിദഗ്ധരെയും ശില്പികളെയും, വ്യാപാരികളെയും കൂടി ഉള്‍പ്പെടുത്തുന്നു. ഒക്ടോബര്‍ രണ്ടിന് ബാപ്പുവിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, ഈ കാമ്പയിന്‍ കൂടുതല്‍ ശക്തമാക്കാന്‍ നാം പ്രതിജ്ഞയെടുക്കണം. ഖാദി,  കൈത്തറി, കരകൗശലവസ്തുക്കള്‍, ഈ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം തീര്‍ച്ചയായും ലോക്കല്‍ സാധനങ്ങള്‍കൂടി വാങ്ങുക. ഈ ഉത്സവങ്ങളുടെ യഥാര്‍ത്ഥ സന്തോഷം കിട്ടുന്നത് എല്ലാവരും ഈ ഉത്സവത്തിന്റെ ഭാഗമാകുമ്പോഴാണ്. അതിനാല്‍, പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവരെയും നാം പിന്തുണയ്ക്കേണ്ടതുണ്ട്. ഉത്സവവേളയില്‍ നമ്മള്‍ നല്‍കുന്ന ഏത് സമ്മാനത്തിലും ഇത്തരത്തിലുള്ള ഉല്‍പ്പന്നം ഉള്‍പ്പെടുത്തുക എന്നതാണ് ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗം.
    ഈ സമയത്ത്, ഈ പ്രചാരണവും വിശേഷപ്പെട്ടതാണ്. കാരണം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തില്‍ ഞങ്ങള്‍ സ്വാശ്രയ ഇന്ത്യ എന്ന ലക്ഷ്യം കൂടി ഏറ്റെടുക്കുന്നു. അത്, അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള യഥാര്‍ത്ഥ ആദരാഞ്ജലി ആയിരിക്കും. അതുകൊണ്ടാണ് ഖാദിയിലോ കൈത്തറിയിലോ കരകൗശല വസ്തുക്കളിലോ ഈ ഉല്‍പ്പന്നം വാങ്ങാനും ഇത്തവണ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കാനും

ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്. ഉത്സവവേളകളില്‍ സാധനങ്ങള്‍ പൊതിയുന്നതിനും വാങ്ങിക്കൊണ്ടു പോകുന്നതിനും പ്ലാസ്റ്റിക് ബാഗുകള്‍ ധാരാളമായി ഉപയോഗിക്കുന്നത് നാം കണ്ടതാണ്. ശുചിത്വത്തിന്റെ ഉത്സവവേളകളില്‍ പോളിത്തീന്റെ വിനാശകരമായ മാലിന്യം നമ്മുടെ ഉത്സവങ്ങളുടെ അന്തസത്തയ്ക്കും എതിരാണ്. അതുകൊണ്ട് തന്നെ നാം  തദ്ദേശീയമായി നിര്‍മ്മിച്ച പ്ലാസ്റ്റിക് അല്ലാത്ത ബാഗുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ചണം, പരുത്തി, വാഴനാര്, അത്തരം നിരവധി പരമ്പരാഗത ബാഗുകളുടെ ഉപയോഗപ്രവണത വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉത്സവവേളകളില്‍ അവയെ പ്രോത്സാഹിപ്പിക്കേണ്ടതും ശുചിത്വത്തോടൊപ്പം നമ്മുടെ ആരോഗ്യവും പരിസ്ഥിതിയും പരിപാലിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.

പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ ശാസ്ത്രഗ്രന്ഥങ്ങളില്‍ ഇങ്ങനെ പറയുന്നുണ്ട്-
    'പരഹിത് സരിസ് ധര്‍മ് നഹീ ഭായീ' - അതായത് മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുക എന്നതിലുപരി, മറ്റുള്ളവരെ സേവിക്കുന്നതിലുപരി, മറ്റൊരു ധര്‍മ്മവുമില്ല. ഈയിടെ, ഈ സാമൂഹിക സേവനമനോഭാവത്തിന്റെ മറ്റൊരു ദൃശ്യം രാജ്യം കണ്ടു. ആളുകള്‍ മുന്നോട്ട് വന്ന് കഷ്ടപ്പെടുന്ന, എതെങ്കിലും ടി.ബി ബാധിച്ച രോഗിയെ ദത്തെടുക്കുന്നു. അവന്റെ പോഷകസമൃദ്ധമായ ഭക്ഷണക്രമത്തിന് സൗകര്യമൊരുക്കുന്നു. യഥാര്‍ത്ഥത്തില്‍, ഇത് ക്ഷയരോഗവിമുക്ത ഇന്ത്യ ക്യാമ്പെയ്നിന്റെ ഭാഗമാണ്, ഇതിന്റെ വിജയത്തിന് പിന്നില്‍ പൊതുജന പങ്കാളിത്തമാണ്, ഇത് ജനങ്ങളുടെ കടമയുമാണ്. ശരിയായ പോഷകാഹാരം, ശരിയായ സമയത്ത് ശരിയായ മരുന്നുകള്‍ എന്നിവയാല്‍  ടി.ബി ഭേദമാക്കാന്‍ കഴിയും. ജന പങ്കാളിത്തം ഉണ്ടെങ്കില്‍ 2025 ഓടെ ഇന്ത്യ തീര്‍ച്ചയായും ക്ഷയരോഗത്തില്‍ നിന്ന് മുക്തമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ, ദാദ്ര-നാഗര്‍ ഹവേലി, ദാമന്‍-ദിയു എന്നീ കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്ന് മനസ്സിനെ സ്പര്‍ശിക്കുന്ന ഇത്തരമൊരു കാര്യത്തെ കുറിച്ച് ഞാന്‍ അറിഞ്ഞിട്ടുണ്ട്. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ഗ്രാമ ദത്തെടുക്കല്‍ പരിപാടിയെക്കുറിച്ച് ആദിവാസി മേഖലയില്‍ താമസിക്കുന്ന ശ്രീമതി ജിനു റാവതിയ എഴുതിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ 50 ഗ്രാമങ്ങള്‍ ദത്തെടുത്തിട്ടുണ്ട്. ഇതില്‍ ജിനുവിന്റെ ഗ്രാമവും ഉള്‍പ്പെടും. ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഗ്രാമത്തിലെ ജനങ്ങളില്‍ രോഗം വരാതിരിക്കാന്‍ ബോധവല്ക്കരണം നടത്തുന്നു. കൂടാതെ അസുഖം വരുമ്പോള്‍ സഹായിക്കുന്നു. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ജീവകാരുണ്യത്തിന്റെ ഈ മനോഭാവം ഗ്രാമീണരുടെ ജീവിതത്തില്‍ പുതിയ സന്തോഷം കൊണ്ടുവന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മെഡിക്കല്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ, മന്‍ കി ബാത്തില്‍ പുതിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പലപ്പോഴും ഈ പരിപാടിയിലൂടെ, ചില പഴയ വിഷയങ്ങളുടെ ആഴത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ നമുക്ക് അവസരം ലഭിക്കുന്നു. കഴിഞ്ഞ മാസം മന്‍ കി ബാത്തില്‍ ഞാന്‍ നാടന്‍ ധാന്യങ്ങളെക്കുറിച്ചും 2023 'അന്താരാഷ്ട്ര മില്ലറ്റ് ഇയര്‍' ആയി ആഘോഷിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. ആളുകള്‍ക്ക് ഈ വിഷയത്തെക്കുറിച്ച് വളരെ ജിജ്ഞാസയുണ്ട്. അത്തരത്തിലുള്ള നിരവധി കത്തുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ആളുകള്‍ എങ്ങനെയാണ് ചെറുധാന്യങ്ങളെ അവരുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കിയതെന്ന് പറയുന്നു. തിനവിളകള്‍ ഉപയോഗിച്ച്  ഉണ്ടാക്കുന്ന പരമ്പരാഗത വിഭവങ്ങളെക്കുറിച്ചും ചിലര്‍ പറഞ്ഞിട്ടുണ്ട്. ഇതൊരു വലിയ മാറ്റത്തിന്റെ സൂചനയാണ്. ആളുകളുടെ ഈ ആവേശം കണ്ടിട്ട്, ഇതില്‍ ഒരു ഇ-ബുക്ക് തയ്യാറാക്കണമെന്ന് ഞാന്‍ കരുതുന്നു. അതില്‍ ആളുകള്‍ക്ക് ചെറുധന്യങ്ങളില്‍ നിന്ന് ഉണ്ടാക്കുന്ന വിഭവങ്ങളും അവരുടെ അനുഭവങ്ങളും പങ്കിടാം. അങ്ങനെ, അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ്. ചെറുധാന്യങ്ങളെ കുറിച്ചുള്ള ഒരു പബ്ലിക് എന്‍സൈക്ലോപീഡിയയും നമുക്ക് തയ്യാറാക്കാന്‍ കഴിയും. തുടര്‍ന്ന് അത് MyGovപോര്‍ട്ടലില്‍  പ്രസിദ്ധീകരിക്കാം.

സുഹൃത്തുക്കളേ, ഇത്തവണത്തെ മന്‍ കി ബാത്തില്‍ ഇതൊക്കെയാണ് പറയാനുള്ളത്, എന്നാല്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് ദേശീയ ഗെയിംസിനെ കുറിച്ചും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. സെപ്റ്റംബര്‍ 29 മുതലാണ് ഗുജറാത്തില്‍ ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. ഇത് വളരെ സവിശേഷമായ ഒരു അവസരമാണ്, കാരണം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളില്‍ പരിപാടികള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ഈ കായികമത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കളിക്കാര്‍ക്കും എന്റെ ശുഭാശംസകള്‍. ഈദിവസം കളിക്കാരുടെ ആവേശം വര്‍ദ്ധിപ്പിക്കാന്‍, ഞാനും അവരുടെ ഇടയിലുണ്ടാകും. നിങ്ങള്‍ എല്ലാവരും ദേശീയ ഗെയിംസ് പിന്തുടരുകയും, തങ്ങളുടെ  കളിക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ഇന്നത്തേക്ക് ഞാന്‍ വിടപറയുന്നു. അടുത്ത മാസം മന്‍ കി ബാത്തില്‍ പുതിയ വിഷയങ്ങളുമായി നാം  വീണ്ടും കാണും. 

നന്ദി നമസ്‌കാരം.
***



(Release ID: 1862047) Visitor Counter : 201