പ്രധാനമന്ത്രിയുടെ ഓഫീസ്‌

ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ ദേശീയ ലോജിസ്റ്റിക്‌സ് നയം പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 17 SEP 2022 10:18PM by PIB Thiruvananthpuram

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, രാജ്യത്തെ ചരക്കുനീക്ക-വ്യവസായ മേഖലകളുടെ പ്രതിനിധികളെ, മറ്റു വിശിഷ്ടാതിഥികളെ, മഹതികളെ, മഹാന്‍മാരെ,

ഇന്ന്, സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാല'ത്തു വികസിത ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതിനായി രാജ്യം സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ഇന്ത്യയില്‍ വേഗത്തിലുള്ള അവസാന ഘട്ട വിതരണം ഉണ്ടാകണം. ഗതാഗതവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഇല്ലാതാക്കുകയും നമ്മുടെ ഉല്‍പാദകരുടെയും വ്യവസായങ്ങളുടെയും സമയവും പണവും ലാഭിക്കുകയും വേണം. അതുപോലെ, നമ്മുടെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ കാലതാമസം മൂലമുണ്ടാകുന്ന നഷ്ടം എങ്ങനെ തടയാം? ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനുള്ള നിരന്തര ശ്രമങ്ങള്‍ നടക്കുന്നുണ്ട്, ദേശീയ ലോജിസ്റ്റിക്‌സ് നയം അതിന്റെ ഭാഗമാണ്. ഈ സംവിധാനങ്ങളെല്ലാം മെച്ചപ്പെടുത്തുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഗവണ്‍മെന്റ് യൂണിറ്റുകള്‍ തമ്മില്‍ ഏകോപനം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു സമഗ്രമായ സമീപനം ഉണ്ടാകുന്നത് നമ്മള്‍ ആഗ്രഹിക്കുന്ന വേഗതയ്ക്ക് ആക്കം കൂട്ടും. ഇവിടെ നടക്കുന്ന പ്രദര്‍ശനം കാരണം ഞാന്‍ 5-7 മിനിറ്റ് വൈകി. സമയക്കുറവ് കാരണം പ്രദര്‍ശനം ശരിയായി കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഞാന്‍ അവയിലേക്ക് കണ്ണു പായിച്ചു. ഈ വളപ്പില്‍ തന്നെയുള്ള 15-20 മിനിറ്റ് പ്രദര്‍ശനം സന്ദര്‍ശിക്കാന്‍ ഞാന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഈ മേഖലയില്‍ സാങ്കേതികവിദ്യയുടെ പങ്ക് എന്താണ്? നമ്മള്‍ എങ്ങനെയാണ് ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്? എല്ലാ പ്രദര്‍ശനങ്ങളും നോക്കിയാല്‍ നിങ്ങള്‍ക്ക് ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിക്കാനാകും. ഇന്ന് നമ്മള്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. നിങ്ങള്‍ക്കു സന്തോഷമായില്ലേ? ഒരിക്കലും സംഭവിക്കാതിരിക്കുന്നതിനെക്കാള്‍ നല്ലതാണു വൈകിയെങ്കിലും സംഭവിക്കുന്നത് എന്നല്ലേ! അങ്ങനെ  ചിലപ്പോള്‍ സംഭവിക്കാറുണ്ട്. ചുറ്റും വളരെയധികം നിഷേധാത്മകത ഉള്ളതിനാല്‍ ചിലപ്പോഴൊക്കെ നല്ലത് ശ്രദ്ധിക്കാന്‍ വളരെ സമയമെടുക്കും. രാജ്യം മാറുകയാണ്. പ്രാവുകളെ പറത്തുന്ന കാലമുണ്ടായിരുന്നു. ഇന്ന് നമ്മള്‍ പുള്ളിപ്പുലികളെ വിടുന്നു. അത് പെട്ടെന്ന് സംഭവിക്കുന്നതല്ല. രാവിലെ പുള്ളിപ്പുലികളെ വിട്ടയക്കുന്നതും വൈകുന്നേരം ദേശീയ ലോജിസ്റ്റിക് പോളിസി അവതരിപ്പിക്കുന്നതും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. പുള്ളിപ്പുലിയുടെ വേഗതയില്‍ ചരക്ക് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങണം. അതേ വേഗതയില്‍ തന്നെ മുന്നോട്ട് പോകാനാണ് രാജ്യം ആഗ്രഹിക്കുന്നത്.

സുഹൃത്തുക്കളെ,
മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയുടെ പ്രതിധ്വനി ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും അലയടിക്കുകയാണ്. ഇന്ന് ഇന്ത്യ വലിയ കയറ്റുമതി ലക്ഷ്യങ്ങള്‍ വെക്കുകയാണ്. മുന്‍കാല പ്രകടനം കണക്കിലെടുത്ത് ഇത്രയും വലിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാന്‍ തുടക്കത്തില്‍ ബുദ്ധിമുട്ടാണ്. പക്ഷേ ഒരിക്കല്‍ തീരുമാനിച്ചാല്‍ പിന്നെ രാജ്യവും അത് ചെയ്യും. ഇന്ന് രാജ്യം ആ ലക്ഷ്യങ്ങള്‍ കൈവരിക്കുകയാണ്. ഉല്‍പ്പാദനമേഖലയിലെ രാജ്യത്തിന്റെ സാധ്യതകള്‍ അത്തരത്തിലുള്ളതാണ് എന്നതിനാലാണ് ഇന്ത്യ ഒരു ഉല്‍പ്പാദന കേന്ദ്രമായി ഉയര്‍ന്നുവരുന്നത്. ഇന്ന് ലോകം ഈ യാഥാര്‍ത്ഥ്യം പോലും അംഗീകരിക്കുന്നു. ഈ യാഥാര്‍ത്ഥ്യം ലോകം അംഗീകരിച്ചിട്ടുണ്ടെന്ന് പി.എല്‍.ഐ. പദ്ധതി പഠിക്കുന്നവര്‍ക്ക് മനസ്സിലാകും. ഇത്തരമൊരു സാഹചര്യത്തില്‍ ദേശീയ ലോജിസ്റ്റിക്‌സ് നയം എല്ലാ മേഖലയ്ക്കും ഒരുപാട് പുതിയ ഊര്‍ജ്ജം കൊണ്ടുവന്നു. രാജ്യത്തെ എല്ലാ പങ്കാളികള്‍ക്കും, വ്യാപാരികള്‍ക്കും, വ്യവസായികള്‍ക്കും, കയറ്റുമതിക്കാര്‍ക്കും, കര്‍ഷകര്‍ക്കും ഈ സുപ്രധാന സംരംഭത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കാനും ആശംസകള്‍ അറിയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളെ,
നിരവധി നയരൂപീകരണ പ്രവര്‍ത്തകരും വ്യവസായ പ്രമുഖരും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അവര്‍ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ട് വഴികള്‍ കണ്ടെത്തി. ചിലപ്പോള്‍ അവര്‍ കുറുക്കുവഴികള്‍ അവലംബിച്ചേക്കാം. നാളെ ആളുകള്‍ എന്ത് എഴുതുമെന്ന് ഞാന്‍ ഇന്ന് നിങ്ങളോട് പറയുന്നു. നയം തന്നെ അന്തിമഫലമല്ല. സത്യത്തില്‍ അതൊരു തുടക്കമാണ്. നയവും പ്രകടനവും പുരോഗതിയായി മാറുന്നു. അതായത്, പ്രകടനത്തിന്റെ അളവുകോലുകള്‍, പ്രകടനത്തിനുള്ള രൂപരേഖ, പ്രകടനത്തിനുള്ള സമയക്രമം എന്നിവ ഒരു നയവുമായി കൂട്ടിച്ചേര്‍ത്താല്‍ നയവും പ്രകടനവും പുരോഗതിയായി മാറുന്നു. അതിനാല്‍, നയം അന്തിമമാകുന്നതോടെ ഗവണ്‍മെന്റിന്റെയും ഈ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ പ്രമുഖരുടെയും പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം പലമടങ്ങ് വര്‍ദ്ധിക്കുന്നു. ഒരു നയവുമായി ബന്ധപ്പെട്ട് വിരുദ്ധമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകാം. ചിലര്‍ക്ക് ഒരു നയം നല്ലതായിരിക്കാം, മറ്റുചിലര്‍ക്ക് അങ്ങനെയല്ലായിരിക്കാം. എന്നാല്‍ നയം ഒരു ചാലകശക്തി പോലെയാണ്, ഒരു വഴികാട്ടിയാണ്. അതുകൊണ്ട് ഈ നയത്തെ കേവലം ഒരു ഗവണ്‍മെന്റ് രേഖയായി കാണരുത്. പുള്ളിപ്പുലിയുടെ വേഗത പോലെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ചരക്ക് കൊണ്ടുപോകേണ്ട വേഗത നമുക്ക് നേടിയെടുക്കണം. ഇന്നത്തെ ഇന്ത്യ അതിന്റെ നയങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും മുമ്പ് ഒരു പശ്ചാത്തലമൊരുക്കിയിരുന്നു. എങ്കില്‍ മാത്രമേ ആ നയം വിജയകരമായി നടപ്പിലാക്കപ്പെടുകയും പുരോഗതിക്കുള്ള സാധ്യതകള്‍ ഉണ്ടാവുകയും ചെയ്യുകയുള്ളൂ. ദേശീയ ലോജിസ്റ്റിക്സ് നയവും പെട്ടെന്നുള്ളതല്ല. എട്ടു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ പരിസമാപ്തിയാണിത്. നിരവധി നയങ്ങള്‍ മാറ്റുകയും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. വ്യക്തിപരമായി പറയുകയാണെങ്കില്‍, 2001 മുതല്‍ 2022 വരെയുള്ള 22 വര്‍ഷത്തെ ഭരണാനുഭവം ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് എനിക്ക് പറയാന്‍ കഴിയും. ലോജിസ്റ്റിക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും വ്യവസ്ഥാപിതമായ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിനുമായി നാം സാഗര്‍ മാല, ഭാരത് മാല തുടങ്ങിയ പദ്ധതികള്‍ ആരംഭിച്ചു. സമര്‍പ്പിത ചരക്ക് ഇടനാഴികളുടെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നാം ശ്രമിച്ചു. ഇന്ന് ഇന്ത്യന്‍ തുറമുഖങ്ങളുടെ മൊത്തം ശേഷി ഗണ്യമായി വര്‍ദ്ധിച്ചു. കണ്ടെയ്നര്‍ കപ്പലുകളുടെ ശരാശരി ടേണ്‍ എറൗണ്ട് സമയം 44 മണിക്കൂറില്‍ നിന്ന് 26 മണിക്കൂറായി കുറഞ്ഞു.
പരിസ്ഥിതി സൗഹൃദപരവും ചെലവ് കുറഞ്ഞതുമായ ഗതാഗതം സാധ്യമാവുന്ന തരത്തില്‍ നിരവധി പുതിയ ജലപാതകളും രാജ്യത്ത് നിര്‍മ്മിക്കപ്പെടുന്നു. കയറ്റുമതിയെ സഹായിക്കുന്നതിനായി നാല്‍പതോളം എയര്‍ കാര്‍ഗോ ടെര്‍മിനലുകളും രാജ്യത്ത് നിര്‍മ്മിച്ചിട്ടുണ്ട്. 30 വിമാനത്താവളങ്ങളില്‍ കോള്‍ഡ് സ്റ്റോറേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്. രാജ്യത്തുടനീളം 35 മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്‌സ് ഹബ്ബുകളും സ്ഥാപിക്കുന്നുണ്ട്. കൊറോണ പ്രതിസന്ധിയുടെ കാലത്ത് രാജ്യം കിസാന്‍ റെയിലും കൃഷി ഉഡാനും ഉപയോഗിക്കാന്‍ തുടങ്ങിയത് നിങ്ങള്‍ എല്ലാവരും കണ്ടു. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ നിന്ന് പ്രധാന വിപണികളിലേക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിന് അവ വളരെയധികം സഹായകമാണ്.  കൃഷി ഉഡാന്‍ വഴി കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് എത്തിക്കുന്നു. ഇന്ന് രാജ്യത്തെ അറുപതോളം വിമാനത്താവളങ്ങളില്‍ കൃഷി ഉഡാന്‍ സൗകര്യം ലഭ്യമാണ്. ഈ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടു പോലുമില്ലാത്ത നമ്മുടെ ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ എന്റെ പ്രസംഗം കേട്ട് എന്നെ വിളിക്കുമെന്ന് ഉറപ്പാണ്. ഇത്രയധികം സംഭവിച്ചു എന്നറിയുമ്പോള്‍ അദ്ഭുതപ്പെടുന്നവര്‍ നിങ്ങളില്‍ പലരും ഉണ്ടായിരിക്കണം. നമ്മള്‍ കാര്യമാക്കാത്തത് കൊണ്ടാണിത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ലക്ഷക്കണക്കിന് കോടി രൂപ നിക്ഷേപിക്കുന്നതിന് പുറമെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോജിസ്റ്റിക് മേഖലയെ ശക്തിപ്പെടുത്താനും ഗവണ്‍മെന്റ് ശ്രമിച്ചിട്ടുണ്ട്. ഇ-സഞ്ചിറ്റ് വഴിയുള്ള കടലാസ് രഹിത എക്സിം വ്യാപാര പ്രക്രിയയോ കസ്റ്റംസിലെ മുഖമില്ലാത്ത വിലയിരുത്തലോ ഇ-വേ ബില്ലുകളും ഫാസ്റ്റാഗും നല്‍കുന്നതോ ആകട്ടെ, ഈ സൗകര്യങ്ങളെല്ലാം ലോജിസ്റ്റിക്സ് മേഖലയുടെ കാര്യക്ഷമത വളരെയധികം വര്‍ദ്ധിപ്പിച്ചു.

സുഹൃത്തുക്കളെ,
ലോജിസ്റ്റിക്സ് മേഖല നേരിട്ടിരുന്ന മറ്റൊരു പ്രധാന വെല്ലുവിളിയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ ഗവണ്‍മെന്റ് ഇല്ലാതാക്കി. നേരത്തെ, വിവിധ സംസ്ഥാനങ്ങളില്‍ ഒന്നിലധികം നികുതികള്‍ കാരണം ലോജിസ്റ്റിക്‌സിന്റെ വേഗതയ്ക്ക് തടസ്സങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജിഎസ്ടി ഈ പ്രശ്‌നം പരിഹരിച്ചു. തല്‍ഫലമായി, അനാവശ്യ കടലാസ് ജോലി കുറഞ്ഞു, ഇത് ലോജിസ്റ്റിക്‌സ് പ്രക്രിയ ലളിതമാക്കി. പിഎല്‍ഐ പദ്ധതിയുമായി ബന്ധിപ്പിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗവണ്‍മെന്റ് ഡ്രോണ്‍ നയം മാറ്റിയ രീതിയില്‍, ഇന്ന് ഡ്രോണുകളും വിവിധ സാധനങ്ങള്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നു. യുവതലമുറ തീര്‍ച്ചയായും ഈ മേഖലയിലേക്കു കടന്നുവരുന്നതു നിങ്ങള്‍ക്കു കാണാന്‍ കഴിയും. ഡ്രോണ്‍ ഗതാഗതം ഒരു പ്രധാന മേഖലയാകാന്‍ പോകുന്നു. ഹിമാലയന്‍ നിരകളിലെ വിദൂരവും ചെറുതുമായ ഗ്രാമങ്ങളിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഡ്രോണുകള്‍ വഴി എങ്ങനെ കൊണ്ടുപോകാമെന്ന് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വലിയ നഗരങ്ങളിലെ കരകളാല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് പുതിയ മത്സ്യം എങ്ങനെ കൊണ്ടുപോകാം? ഇതെല്ലാം ഉടന്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. ഈ ആശയം ആര്‍ക്കെങ്കിലും പ്രയോജനപ്പെടുകയാണെങ്കില്‍ എനിക്ക് റോയല്‍റ്റി ആവശ്യമില്ല.

സുഹൃത്തുക്കളെ,
ഈ കാര്യങ്ങളെല്ലാം ഞാന്‍ ആവര്‍ത്തിക്കുന്നു, കാരണം ഗതാഗത സൗകര്യം കുറഞ്ഞ ഭൂപ്രദേശങ്ങളിലും പര്‍വതപ്രദേശങ്ങളിലും മരുന്നുകളും വാക്‌സിനുകളും കൊണ്ടുപോകുന്നതിന് ഡ്രോണുകള്‍ നമ്മെ വളരെയധികം സഹായിച്ചിട്ടുണ്ട്. നമ്മള്‍ അത് ഉപയോഗിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞതുപോലെ, ഗതാഗത മേഖലയില്‍ ഡ്രോണുകളുടെ പരമാവധി ഉപയോഗം കാരണം ലോജിസ്റ്റിക്‌സ് മേഖല വളരെയധികം നേട്ടമുണ്ടാക്കാന്‍ പോകുന്നു. അതുകൊണ്ട് തന്നെ വളരെ പുരോഗമനപരമായ ഒരു നയമാണ് ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ വെച്ചിരിക്കുന്നത്.

സുഹൃത്തുക്കളെ,
രാജ്യത്ത് ശക്തമായ ലോജിസ്റ്റിക് അടിത്തറ സൃഷ്ടിക്കുന്നതിനുള്ള പരിഷ്‌കാരങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷമാണ് നാം ഈ ദേശീയ ലോജിസ്റ്റിക് നയം കൊണ്ടുവന്നത്. ഈ നയം ഇപ്പോള്‍ ടേക്ക് ഓഫ് സ്റ്റേജിലാണ്. നിരവധി പുതിയ മുന്നേറ്റങ്ങള്‍ സാധ്യമാക്കുകയും നിരവധി സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇനി ടേക്ക് ഓഫിനായി എല്ലാവരും ഒന്നിക്കണം. ലോജിസ്റ്റിക്സ് മേഖലയിലെ കുതിച്ചുചാട്ടം എനിക്ക് ഊഹിക്കാന്‍ കഴിയും. ഈ മാറ്റം അഭൂതപൂര്‍വമായ ഫലങ്ങളാണ് കൊണ്ടുവരാന്‍ പോകുന്നത്. ഒരു വര്‍ഷത്തിനുശേഷം നിങ്ങള്‍ അത് വിലയിരുത്തുകയാണെങ്കില്‍, നിങ്ങള്‍ സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത വിജയം നിങ്ങള്‍ തന്നെ അംഗീകരിക്കും. 13-14 ശതമാനം ലോജിസ്റ്റിക്‌സ് ചെലവ് എത്രയും വേഗം ഒറ്റ അക്കത്തിലേക്ക് കൊണ്ടുവരാന്‍ നാമെല്ലാവരും ലക്ഷ്യമിടുന്നു. നമ്മള്‍ ആഗോളതലത്തില്‍ മത്സരക്ഷമതയുള്ളവര്‍ ആയിരിക്കണമെങ്കില്‍ താഴ്ന്ന നിരക്കായിരിക്കണം.  മറ്റുള്ളവയില്‍ ചിലവ് കുറയ്ക്കാന്‍ നമുക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം, എന്നാല്‍ ഇത് കുറയ്ക്കാന്‍ പറ്റുന്ന ഒന്നാണ്. നമ്മുടെ പരിശ്രമത്തിലൂടെയും കാര്യക്ഷമതയിലൂടെയും ചില നിയമങ്ങള്‍ പാലിക്കുന്നതിലൂടെയും ലോജിസ്റ്റിക്‌സ് ചെലവ് നിലവിലുള്ള 13-14 ശതമാനത്തില്‍ നിന്ന് ഒറ്റ അക്കത്തിലേക്ക് കൊണ്ടുവരാന്‍ കഴിയും.

സുഹൃത്തുക്കളെ,

ദേശീയ ലോജിസ്റ്റിക്സ് നയത്തിലൂടെ രണ്ട് പ്രധാന വെല്ലുവിളികള്‍ കൂടി പരിഹരിക്കപ്പെട്ടു. ഒരു ഉല്‍പാദകന്‍ തന്റെ ബിസിനസ്സിനായി വിവിധ ജില്ലകളില്‍ വ്യത്യസ്ത ലൈസന്‍സുകള്‍ക്കായി അപേക്ഷിക്കണം. നമ്മുടെ കയറ്റുമതിക്കാരും ഒരു നീണ്ട പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്. കയറ്റുമതിക്കാര്‍ തങ്ങളുടെ ചരക്കുകള്‍ ട്രാക്ക് ചെയ്യുന്നതിനും കണ്ടെത്തുന്നതിനും ഷിപ്പിംഗ് ബില്‍ നമ്പറുകള്‍, റെയില്‍വേ ചരക്ക് നമ്പറുകള്‍, ഇ-വേ ബില്‍ നമ്പറുകള്‍ മുതലായവ സമാഹരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ രാജ്യത്തെ സേവിക്കാന്‍ കഴിയൂ. നിങ്ങള്‍ എല്ലാവരും വളരെ നല്ലവരാണ്. നിങ്ങള്‍ കൂടുതല്‍ പരാതിപ്പെടില്ല. എന്നാല്‍ നിങ്ങളുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു, അതിനാല്‍ ഞാന്‍ അത് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇന്ന് സമാരംഭിച്ച യൂണിഫൈഡ് ലോജിസ്റ്റിക്‌സ് ഇന്റര്‍ഫേസ് പ്ലാറ്റ്‌ഫോം അതായത് യുലിപ്, ഈ നീണ്ട പ്രക്രിയയില്‍ നിന്ന് കയറ്റുമതിക്കാരെ രക്ഷിക്കും. അതിന്റെ ഒരു ഡെമോ പ്രദര്‍ശനത്തിലുണ്ട്. നിങ്ങള്‍ക്ക് എങ്ങനെ വേഗത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാമെന്നും എങ്ങനെ ബിസിനസ്സ് മെച്ചപ്പെടുത്താമെന്നും നിങ്ങള്‍ മനസ്സിലാക്കും. ഗതാഗത മേഖലയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ യുലിപ് കൊണ്ടുവരും. ദേശീയ ലോജിസ്റ്റിക് നയത്തിന് കീഴില്‍ ഈസ് ഓഫ് ലോജിസ്റ്റിക് സേവനങ്ങള്‍, ഇലോഗ്‌സ് എന്ന പേരില്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഇന്ന് സമാരംഭിച്ചു. ഈ പോര്‍ട്ടലിലൂടെ, വ്യവസായ അസോസിയേഷനുകള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളിലും പ്രകടനത്തിലും പ്രശ്നമുണ്ടാക്കുന്ന ഗവണ്‍മെന്റ് ഏജന്‍സിയുമായി അത്തരത്തിലുള്ള ഏത് കാര്യവും സംബന്ധിച്ചു നേരിട്ട് ആശയവിനിമയം നടത്താന്‍ കഴിയും. ചുരുക്കിപ്പറഞ്ഞാല്‍, വളരെ സുതാര്യമായ രീതിയിലും തടസ്സങ്ങളില്ലാതെയും നിങ്ങള്‍ക്ക് ഗവണ്‍മെന്റില്‍ എത്താന്‍ കഴിയുന്ന ഒരു സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം കേസുകള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് സമഗ്രമായ ഒരു സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സുഹൃത്തുക്കളെ,
പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് ദേശീയ ലോജിസ്റ്റിക്‌സ് നയം പരമാവധി പിന്തുണ നല്‍കാന്‍ പോകുന്നു. ഇന്ന് നമ്മുടെ എല്ലാ സംസ്ഥാനങ്ങളും രാജ്യത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനില്‍ ചേരുകയും മിക്കവാറും എല്ലാ വകുപ്പുകളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഒരു വലിയ വിവരശേഖരം തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് 1500 ലെയറുകളിലായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ പിഎം ഗതിശക്തി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തു എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. പദ്ധതികള്‍, വനഭൂമി, പ്രതിരോധ ഭൂമി തുടങ്ങിയ എല്ലാ വിവരങ്ങളും ഇപ്പോള്‍ ഒരിടത്ത് ലഭ്യമാണ്. ഇത് അടിസ്ഥാനസൗകര്യ പദ്ധതികളുടെ ആസൂത്രണം മെച്ചപ്പെടുത്തുകയും അനുമതികള്‍ ത്വരിതപ്പെടുത്തുകയും പിന്നീട് ശ്രദ്ധയില്‍പ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തു. പിഎം ഗതിശക്തി പദ്ധതി കാരണം നേരത്തെയുണ്ടായിരുന്ന അടിസ്ഥാന സൗകര്യ വിടവുകള്‍ അതിവേഗം നികത്തപ്പെടുകയാണ്. കൃത്യമായ ആസൂത്രണമില്ലാതെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുന്ന പ്രവണത മുന്‍കാലങ്ങളില്‍ നിലനിന്നിരുന്നതെങ്ങനെയെന്ന് ഞാന്‍ ഓര്‍ക്കുന്നു. അവ പതിറ്റാണ്ടുകളായി വൈകിയിരുന്നു. രാജ്യത്തെ ലോജിസ്റ്റിക് മേഖലയ്ക്ക് ഇതുമൂലം വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഞാന്‍ പറയുന്ന ലോജിസ്റ്റിക്‌സ് പോളിസിക്കു മാനുഷിക മുഖമുണ്ട്. നമ്മള്‍ ഈ സംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിപ്പിച്ചാല്‍, ഒരു ട്രക്ക് ഡ്രൈവര്‍ക്കും രാത്രിയില്‍ പുറത്ത് ഉറങ്ങേണ്ടിവരില്ല. ഡ്യൂട്ടി കഴിഞ്ഞു രാത്രി വീട്ടില്‍ വന്ന് ഉറങ്ങാനും കഴിയും. ഈ ക്രമീകരണങ്ങളെല്ലാം എളുപ്പത്തില്‍ ആസൂത്രണം ചെയ്യാന്‍ കഴിയും. അത് എത്ര മഹത്തായ സേവനമായിരിക്കും! ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഈ നയത്തിന് രാജ്യത്തിന്റെ മുഴുവന്‍ ചിന്താഗതിയെയും മാറ്റാന്‍ കഴിയും എന്നതാണ്.

സുഹൃത്തുക്കളെ,
ഗതിശക്തിയും ദേശീയ ലോജിസ്റ്റിക്സ് നയവും ഒരുമിച്ചാണ് ഇപ്പോള്‍ രാജ്യത്തെ ഒരു പുതിയ തൊഴില്‍ സംസ്‌കാരത്തിലേക്ക് നയിക്കുന്നത്. നാം അടുത്തിടെ ഗതി ശക്തി സര്‍വ്വകലാശാലയ്ക്ക് അംഗീകാരം നല്‍കി, അതായത് മാനവ വിഭവശേഷി വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങളും നാം ചെയ്തു. നയം ഇന്ന് പുറത്തിറക്കും. ഗതി ശക്തി സര്‍വ്വകലാശാലയില്‍ നിന്ന് പുറത്തുവരുന്ന പ്രതിഭകളും ഇതിന് വളരെയധികം സഹായിക്കും.

സുഹൃത്തുക്കളെ,
ഈ ശ്രമങ്ങള്‍ക്കിടയില്‍, ഇന്ന് ഇന്ത്യയോടുള്ള ലോകത്തിന്റെ മനോഭാവം മാറിക്കൊണ്ടിരിക്കുകയാണെന്ന് നാം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഇന്ന് ലോകം ഇന്ത്യയെ വിലയിരുത്തുന്നത് വളരെ പോസിറ്റീവായാണ്. നമ്മുടെ രാജ്യത്ത് അതിന് കുറച്ച് സമയമെടുക്കുമെങ്കിലും. അത് ഇന്ത്യക്ക് പുറത്ത് നടക്കുന്നുണ്ട്. ലോകത്തിന് ഇന്ത്യയില്‍ നിന്ന് ഒരുപാട് പ്രതീക്ഷകളുണ്ട്, വിദേശത്ത് ബന്ധുക്കളുള്ള നിങ്ങളില്‍ പലരും അവരുടെ സന്ദര്‍ശന വേളയില്‍ നിങ്ങളോട് പറയുന്നുണ്ടാവും. ഇന്ത്യ ഇന്ന് ഒരു 'ജനാധിപത്യ സൂപ്പര്‍ പവര്‍' ആയി ഉയര്‍ന്നുവരുകയാണെന്ന് ലോകത്തെ പ്രമുഖ വിദഗ്ധര്‍ പറയുന്നു. വിദഗ്ധരും ജനാധിപത്യ മഹാശക്തികളും ഇന്ത്യയുടെ 'അസാധാരണ കഴിവുകളുടെ ആവാസവ്യവസ്ഥ'യില്‍ ആഴത്തില്‍ മതിപ്പു രേഖപ്പെടുത്തുന്നു. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെയും പുരോഗതിയെയും വിദഗ്ധര്‍ പ്രശംസിക്കുന്നു. ഇത് കേവലം യാദൃച്ഛികമല്ല. ആഗോള പ്രതിസന്ധിയുടെ നടുവില്‍ ഇന്ത്യയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും കാണിക്കുന്ന തരത്തിലുള്ള പ്രതിരോധം ലോകത്തിന് പുതിയ ആത്മവിശ്വാസം നല്‍കി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ നടപ്പാക്കിയ പരിഷ്‌കാരങ്ങളും നടപ്പാക്കിയ നയങ്ങളും ശരിക്കും അഭൂതപൂര്‍വമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം വര്‍ധിക്കുകയും തുടര്‍ച്ചയായി വളരുകയും ചെയ്യുന്നു. ലോകത്തിന്റെ ഈ വിശ്വാസം പൂര്‍ണമായും നിലനിര്‍ത്താന്‍ നമുക്കാവണം. ഇത് നമ്മുടെ ഉത്തരവാദിത്തമാണ്, അത്തരമൊരു അവസരം നഷ്ടപ്പെടുത്തുന്നത് നമുക്കു പ്രയോജനകരമല്ല. ഇന്ന് പുറത്തിറക്കിയ ദേശീയ ലോജിസ്റ്റിക്‌സ് നയം രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഒരു പുതിയ ചലനം കൊണ്ടുവരാന്‍ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,
നമ്മുടെ രാജ്യം വികസിത രാജ്യമാകണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ നിങ്ങളുടെ ഇടയില്‍ ഉണ്ടാകില്ല. വികസിതമാകാന്‍ ദൃഢനിശ്ചയമുള്ളവരും ഇന്ത്യയില്‍ ഉണ്ടാകില്ല. നമ്മള്‍ അത് മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കുമ്പോഴാണ് പ്രശ്‌നം. നമ്മള്‍ മാറണം, നമ്മള്‍ ഒരുമിച്ച് ചെയ്യണം. വികസിത രാജ്യമെന്ന ദൃഢനിശ്ചയത്തോടെ ഇന്ത്യക്ക് ഇപ്പോള്‍ വികസിത രാജ്യങ്ങളുമായി ശക്തമായി മത്സരിക്കേണ്ടതുണ്ട്. നമ്മള്‍ ശക്തരാകുമ്പോള്‍, നമ്മുടെ മത്സരം കടുത്തതായിരിക്കുമെന്ന് മനസ്സിലാക്കണം. നാം ഇതിനെ സ്വാഗതം ചെയ്യണം, മടിക്കേണ്ടതില്ല. വരൂ, ഞങ്ങള്‍ തയ്യാറാണ് എന്നതായിരിക്കണം നമ്മുടെ മനോഭാവം. അതിനാല്‍, നമ്മളുടെ ഓരോ ഉല്‍പ്പന്നവും ഓരോ സംരംഭവും നമ്മളുടെ ഓരോ പ്രക്രിയയും വളരെ മത്സരാധിഷ്ഠിതമായിരിക്കണം എന്ന് എനിക്ക് തോന്നുന്നു. സേവന മേഖലയോ, ഉല്‍പാദനമോ, വാഹനമോ, ഇലക്ട്രോണിക്സോ ആകട്ടെ, എല്ലാ മേഖലയിലും നമുക്ക് വലിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും അവ യാഥാര്‍ഥ്യമാക്കുകയും വേണം. ഇന്ന്, ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളോടുള്ള ലോകത്തിന്റെ ആകര്‍ഷണം നമ്മുടെ മുതുകില്‍ തട്ടുന്നതില്‍ ഒതുങ്ങരുത്. സുഹൃത്തുക്കളേ, ലോകവിപണി പിടിച്ചെടുക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കണം. ലോകത്തിലെ എല്ലാവരും ഇന്ത്യയുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളോ മൊബൈല്‍ ഫോണുകളോ ബ്രഹ്മോസ് മിസൈലുകളോ ശ്രദ്ധിക്കുന്നു. കൊറോണ കാലത്ത് ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സിനുകളും മരുന്നുകളും ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഞാന്‍ ഇന്ന് രാവിലെയാണ് ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് മടങ്ങിയത്. ഇന്നലെ രാത്രി ഞാന്‍ ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റുമായി സംസാരിക്കുകയായിരുന്നു. നേരം വൈകിയിരുന്നെങ്കിലും അപ്പോഴും അദ്ദേഹം വളരെ ആവേശത്തോടെ യോഗയെക്കുറിച്ച് എന്നോട് പറഞ്ഞുകൊണ്ടിരുന്നു. നേരത്തെ ഉസ്‌ബെക്കിസ്ഥാനില്‍ യോഗയോട് ഒരുതരം വിദ്വേഷം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്ഥിതിഗതികള്‍ വളരെയധികം മാറിയെന്നും യോഗ തന്റെ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും പ്രചാരത്തിലായതിനാല്‍ അവര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള പരിശീലകരെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്, ഇന്ത്യയോടുള്ള ലോകത്തിന്റെ ചിന്ത വളരെ വേഗത്തില്‍ മാറുകയാണ് എന്നാണു സുഹൃത്തുക്കളെ. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ലോക വിപണിയില്‍ ആധിപത്യം ലഭിക്കുന്നതിന്, രാജ്യത്ത് ശക്തമായ പിന്തുണ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പിന്തുണയ്ക്കാനുള്ള സംവിധാനത്തെ നവീകരിക്കുന്നതില്‍ ദേശീയ ലോജിസ്റ്റിക്സ് നയം വളരെയധികം സഹായിക്കും.

ഇനി, സുഹൃത്തുക്കളെ,

രാജ്യത്തിന്റെ കയറ്റുമതി വര്‍ധിക്കുമ്പോള്‍, രാജ്യത്ത് ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറയുമെന്ന് നിങ്ങള്‍ക്കറിയാവുന്നതുപോലെ, നമ്മുടെ ചെറുകിട വ്യവസായങ്ങള്‍ക്കും അവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഏറ്റവും പ്രയോജനം ലഭിക്കും. ലോജിസ്റ്റിക് മേഖലയെ ശക്തിപ്പെടുത്തുന്നത് സാധാരണക്കാരന്റെ ജീവിതം സുഗമമാക്കുക മാത്രമല്ല, തൊഴിലിനോടും തൊഴിലാളികളോടുമുള്ള ആദരവ് വര്‍ദ്ധിക്കുന്നതിനും സഹായകമാവും.

സുഹൃത്തുക്കളെ,
ഇപ്പോള്‍ ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിക്കും, പ്രതീക്ഷകള്‍ വര്‍ദ്ധിക്കും, ഈ മേഖല ഇപ്പോള്‍ രാജ്യത്തിന്റെ വിജയത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. അടിസ്ഥാന സൗകര്യ വികസനത്തിനും ബിസിനസ് വിപുലീകരണത്തിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ദേശീയ ലോജിസ്റ്റിക്‌സ് നയത്തിന് ഏറെ പങ്കുണ്ട്. ഈ സാധ്യതകള്‍ നമ്മള്‍ ഒരുമിച്ച് തിരിച്ചറിയണം. ഈ ദൃഢനിശ്ചയത്തോടെ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. ഒരു പുള്ളിപ്പുലിയുടെ വേഗതയില്‍ നിങ്ങള്‍ ചരക്ക് കൊണ്ടുപോകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നന്ദി.

--ND--


 



(Release ID: 1860444) Visitor Counter : 163