പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവീകരിച്ച മേഖലാതല വൈദ്യുതി വിതരണ പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 30 JUL 2022 3:43PM by PIB Thiruvananthpuram

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, വിവിധ സംസ്ഥാനങ്ങളിലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാരെ, വൈദ്യുതി, ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രമുഖരെ, മഹതീമഹാന്‍മാരേ!

21-ാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യയുടെ പുതിയ ലക്ഷ്യങ്ങളുടെയും പുതിയ വിജയങ്ങളുടെയും പ്രതീകമാണ് ഇന്നത്തെ പരിപാടി. ഈ 'ആസാദി കാ അമൃതകാലത്ത്', ഇന്ത്യ അടുത്ത 25 വര്‍ഷത്തേക്കുള്ള കാഴ്ചപ്പാടുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതില്‍ ഊര്‍ജ്ജ മേഖലയ്ക്കും വൈദ്യുതി മേഖലയ്ക്കും വലിയ പങ്കുണ്ട്. ബിസിനസ് ചെയ്യുന്നതും ജീവിതവും എളുപ്പുമാക്കുന്നതിന് ഊര്‍ജ മേഖലയുടെ കരുത്തു സുപ്രധാനമാണ്. ഞാന്‍ ഇപ്പോള്‍ പരാമര്‍ശിച്ച ഗുണഭോക്താക്കളുടെ ജീവിതത്തില്‍ വൈദ്യുതി കൊണ്ടുവന്ന മാറ്റം നാമെല്ലാവരും കണ്ടതാണ്.

സുഹൃത്തുക്കളെ,
ഇന്ന് ആരംഭിച്ചതോ അല്ലെങ്കില്‍ തറക്കല്ലിട്ടതോ ആയ ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ ഇന്ത്യയുടെ ഊര്‍ജ സുരക്ഷയിലേക്കും ഹരിത ഭാവിയിലേക്കുമുള്ള സുപ്രധാന ചുവടുവയ്പ്പാണ്. ഈ പദ്ധതികള്‍ പുനരുപയോഗ ഊര്‍ജത്തിനായുള്ളടെ നമ്മുടെ ലക്ഷ്യങ്ങള്‍, ഹരിത സാങ്കേതികവിദ്യയോടുള്ള നമ്മുടെ പ്രതിബദ്ധത, ഹരിത ഗതാഗതത്തിനുള്ള നമ്മുടെ അഭിലാഷങ്ങള്‍ എന്നിവ ശക്തിപ്പെടുത്താന്‍ പോകുന്നു. ഈ പദ്ധതികള്‍ രാജ്യത്ത് ധാരാളം ഹരിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഈ പദ്ധതികള്‍ തെലങ്കാന, കേരളം, രാജസ്ഥാന്‍, ഗുജറാത്ത്, ലഡാക്ക് എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കിലും അതിന്റെ നേട്ടങ്ങള്‍ രാജ്യത്തുടനീളം എത്താന്‍ പോകുന്നു.

സുഹൃത്തുക്കളെ,
രാജ്യത്തെ വാഹനങ്ങളും അടുക്കളകളും ഹൈഡ്രജന്‍ വാതകം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ തീവ്രമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇന്ന് ഇന്ത്യ അതിനായി ഒരു സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ലഡാക്കിലും ഗുജറാത്തിലും ഹരിത ഹൈഡ്രജന്റെ രണ്ട് പ്രധാന പദ്ധതികളുടെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കുന്നു. ലഡാക്കില്‍ സ്ഥാപിക്കുന്ന പ്ലാന്റ് രാജ്യത്തെ വാഹനങ്ങള്‍ക്ക് ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കും. ഹരിത ഹൈഡ്രജന്‍ അധിഷ്ഠിത ഗതാഗതം വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത്. അതായത്, ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉടന്‍ ഓടിത്തുടങ്ങുന്ന രാജ്യത്തെ ആദ്യ സ്ഥലമായിരിക്കും ലഡാക്ക്. ലഡാക്കിനെ കാര്‍ബണ്‍ രഹിത മേഖലയാക്കി മാറ്റാനും ഇത് സഹായിക്കും.

സുഹൃത്തുക്കളെ,
രാജ്യത്ത് ആദ്യമായി ഹരിത ഹൈഡ്രജന്‍ പൈപ്പ് പ്രകൃതിവാതകവുമായി കലര്‍ത്തുന്ന പദ്ധതിയും ഗുജറാത്തില്‍ ആരംഭിച്ചു. ഇതുവരെ പെട്രോളിലും വ്യോമയാന ഇന്ധനത്തിലും എത്തനോള്‍ കലര്‍ത്തിയിരുന്നു, എന്നാല്‍ ഇപ്പോള്‍ പൈപ്പ് വഴിയുള്ള പ്രകൃതിവാതകവുമായി ഹരിത ഹൈഡ്രജന്‍ കലര്‍ത്തുന്നതിലേക്കും നീങ്ങുകയാണ്. ഇത് പ്രകൃതി വാതകത്തിനായുള്ള വിദേശ ആശ്രിതത്വം കുറയ്ക്കുകയും രാജ്യത്തിന് പുറത്തേക്ക് പോയിരുന്ന പണം രാജ്യത്ത് തന്നെ ഉപയോഗിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,
8 വര്‍ഷം മുമ്പ് രാജ്യത്തെ വൈദ്യുതി മേഖലയുടെ അവസ്ഥ എന്തായിരുന്നു എന്ന് ഈ പരിപാടിയില്‍ പങ്കെടുത്ത എല്ലാ വിമുക്തഭടന്മാര്‍ക്കും നന്നായി അറിയാം. നമ്മുടെ നാട്ടില്‍ ഗ്രിഡിന് ഒരു പ്രശ്‌നമുണ്ടായിരുന്നു. ഗ്രിഡുകള്‍ തകരാറിലായി, വൈദ്യുതി ഉത്പാദനം കുറയുന്നു, പവര്‍കട്ട് ഉയരുന്നു, വിതരണം താറുമാറാകുന്നു. അത്തരം സാഹചര്യം നിലനില്‍ക്കെ 8 വര്‍ഷം മുമ്പ്, രാജ്യത്തിന്റെ ഊര്‍ജ്ജ മേഖലയുടെ എല്ലാ ഭാഗങ്ങളും മാറ്റാന്‍ ഞങ്ങള്‍ മുന്‍കൈയെടുത്തു.

വൈദ്യുതി സംവിധാനം മെച്ചപ്പെടുത്തുന്നതിനായി നാല് വ്യത്യസ്ത കാര്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു - ഉത്പാദനം, ഒരിടത്തു നിന്നു മറ്റൊരിടത്ത് എത്തിക്കല്‍, വിതരണം, ഏറ്റവും പ്രധാനമായി കണക്ഷന്‍. ഇവയെല്ലാം പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും നിങ്ങള്‍ക്കറിയാം. ഉല്‍പാദനം ഇല്ലെങ്കില്‍, പ്രസരണ-വിതരണ സംവിധാനം ശക്തമാകില്ല. അങ്ങനെയെങ്കില്‍ കണക്ഷന്‍ കൊടുത്താല്‍ പ്രയോജനമുണ്ടാകില്ല. അതിനാല്‍, പരമാവധി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും രാജ്യത്തുടനീളം ഫലപ്രദമായി വൈദ്യുതി വിതരണം ചെയ്യുന്നതിനും പ്രസരണവുമായി ബന്ധിപ്പിച്ചിട്ടുള്ള പഴയ ശൃംഖലയുടെ നവീകരണത്തിനും രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനും ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തി.

ഇന്നത്തെ ഈ ശ്രമങ്ങളുടെ ഫലമായി, രാജ്യത്തെ എല്ലാ വീട്ടിലും വൈദ്യുതി എത്തുന്നു എന്ന് മാത്രമല്ല, ഇപ്പോള്‍ കൂടുതല്‍ മണിക്കൂറുകളോളം വൈദ്യുതി ലഭ്യവുമാണ്. കഴിഞ്ഞ 8 വര്‍ഷത്തിനിടെ രാജ്യത്ത് ഏകദേശം 1 ലക്ഷത്തി 70,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദന ശേഷി കൂട്ടി. 'ഒരു രാജ്യം ഒരു പവര്‍ ഗ്രിഡ്' ഇന്ന് രാജ്യത്തിന്റെ ശക്തിയായി മാറിയിരിക്കുന്നു. രാജ്യത്തെ മുഴുവന്‍ ബന്ധിപ്പിക്കുന്നതിന് ഏകദേശം 1,70000 സര്‍ക്യൂട്ട് കിലോമീറ്റര്‍ വിതരണ ലൈനുകള്‍ സ്ഥാപിച്ചു. സൗഭാഗ്യ യോജനയ്ക്ക് കീഴില്‍ ഏകദേശം 3 കോടി വൈദ്യുതി കണക്ഷനുകള്‍ നല്‍കി നാം പരമാവധി ലക്ഷ്യത്തിലെത്തുകയാണ്.

സുഹൃത്തുക്കളെ,
നമ്മുടെ ഊര്‍ജമേഖല കാര്യക്ഷമവും ഫലപ്രദവും അതോടൊപ്പം പൊതുജനങ്ങള്‍ക്ക് വൈദ്യുതി പ്രാപ്യവുമാണെന്ന് ഉറപ്പാക്കുന്നതിന്, ആവശ്യമായ പരിഷ്‌കാരങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ച്ചയായി നടപ്പിലാക്കുന്നു. ഇന്ന് ആരംഭിച്ച പുതിയ വൈദ്യുതി പരിഷ്‌കരണ പദ്ധതി ഈ ദിശയിലുള്ള മറ്റൊരു ചുവടുവയ്പ്പാണ്. ഇതിന് കീഴില്‍, വൈദ്യുതി നഷ്ടം കുറയ്ക്കുന്നതിന് സ്മാര്‍ട്ട് മീറ്ററിംഗ് പോലുള്ള സംവിധാനങ്ങളും ഒരുക്കും, ഇത് കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. വൈദ്യുതി ഉപഭോഗവുമായി ബന്ധപ്പെട്ട പരാതികള്‍ അവസാനിക്കും. രാജ്യത്തുടനീളമുള്ള ഡിസ്‌കോമുകള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും നല്‍കും, അതിലൂടെ അവര്‍ക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാനും സാമ്പത്തികമായി ശാക്തീകരിക്കുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടത്താനും കഴിയും. അതിനാല്‍, ഡിസ്‌കോമുകളുടെ ശക്തി വര്‍ദ്ധിക്കുകയും പൊതുജനങ്ങള്‍ക്ക് ആവശ്യത്തിന് വൈദ്യുതി ലഭിക്കുകയും ചെയ്യും. തല്‍ഫലമായി, നമ്മുടെ ഊര്‍ജ്ജ മേഖല കൂടുതല്‍ ശക്തിപ്പെടും.

സുഹൃത്തുക്കളെ,
ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്, ഇന്ത്യ ഇന്ന് പുനരുപയോഗ ഊര്‍ജത്തിന് ഊന്നല്‍ നല്‍കുന്ന രീതി അഭൂതപൂര്‍വമാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും 175 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജത്തിന്റെ ശേഷി നേടിയെടുക്കാന്‍ നാം തീരുമാനിച്ചു. ഇന്ന് നമ്മള്‍ ഈ ലക്ഷ്യത്തിനടുത്തെത്തിയിരിക്കുന്നു. ഇതുവരെ ഫോസില്‍ ഇതര സ്രോതസ്സുകളില്‍ നിന്ന് ഏകദേശം 170 ജിഗാ വാട്ട് ശേഷി നേടിയിട്ടുണ്ട്. സ്ഥാപിതമായ സൗരോര്‍ജ ശേഷിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച നാലോ അഞ്ചോ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ന് ഇന്ത്യ. ഇന്ന് ഇന്ത്യയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയങ്ങള്‍ ഉണ്ട്. ഇതിനോടനുബന്ധിച്ച് രണ്ട് പ്രധാന സൗരോര്‍ജ പ്ലാന്റുകള്‍ കൂടി ഇന്ന് രാജ്യത്തിന് ലഭിച്ചു. തെലങ്കാനയിലും കേരളത്തിലും നിര്‍മ്മിച്ച ഈ പ്ലാന്റുകള്‍ യഥാക്രമം രാജ്യത്തെ ഒന്നാമത്തെയും രണ്ടാമത്തെയും വലിയ ഫ്‌ലോട്ടിംഗ് സോളാര്‍ പ്ലാന്റുകളാണ്. അവയില്‍ നിന്ന് ഹരിതോര്‍ജം ഉത്പാദിപ്പിക്കും. അതേസമയം, സൂര്യന്റെ ചൂടില്‍ നീരാവിയായി മാറിയിരുന്ന ജലം ബാഷ്പീകരിക്കപ്പെടുന്നതും നിലയ്ക്കും. രാജസ്ഥാനില്‍ 1000 മെഗാവാട്ട് സിംഗിള്‍ ലൊക്കേഷന്‍ സൗരോര്‍ജ പവര്‍ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇന്ന് ആരംഭിച്ചു. ഊര്‍ജത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്വാശ്രയത്വത്തിന്റെ പ്രതീകമായി ഈ പദ്ധതികള്‍ മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്.
വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം വൈദ്യുതി ലാഭിക്കുന്നതിനും ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നു. വൈദ്യുതി ലാഭിക്കുക എന്നതിനര്‍ത്ഥം ഭാവി സുരക്ഷിതമാക്കുക എന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. പ്രധാനമന്ത്രി കുസും യോജന അതിന്റെ മികച്ച ഉദാഹരണമാണ്. വയലുകളുടെ അതിര്‍ത്തികളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിന് ഞങ്ങള്‍ കര്‍ഷകര്‍ക്ക് 'സൗരോര്‍ജ പമ്പ് സൗകര്യം' നല്‍കുന്നുണ്ട്. ഇക്കാരണത്താല്‍, ഭക്ഷണ ദാതാവ് ഊര്‍ജ്ജ ദാതാവായി മാറുകയാണ്. കര്‍ഷകന്റെ ചെലവ് കുറഞ്ഞു, കര്‍ഷകന് അധിക വരുമാന മാര്‍ഗവും ലഭിച്ചു. രാജ്യത്തെ സാധാരണക്കാരന്റെ വൈദ്യുതി ബില്‍ കുറയ്ക്കുന്നതിലും ഉജാല യോജന വലിയ പങ്കുവഹിച്ചിട്ടുണ്ട്. വീടുകളിലെ എല്‍ഇഡി ബള്‍ബുകള്‍ മൂലം പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബില്ലില്‍ പ്രതിവര്‍ഷം 50,000 കോടിയിലധികം രൂപ ലാഭിക്കുന്നുണ്ട്. 50,000 കോടി രൂപ ലാഭിക്കുന്നത് കുടുംബങ്ങള്‍ക്ക് വലിയ നേട്ടമാണ്.

സുഹൃത്തുക്കളെ,
വിവിധ സംസ്ഥാനങ്ങളിലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാരും മറ്റ് പ്രതിനിധികളും ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. ഈ അവസരത്തില്‍ വളരെ ഗൗരവമുള്ള ഒരു കാര്യവും എന്റെ പ്രധാന ആശങ്കയും നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ആശങ്ക വളരെ ഗൗരവമുള്ളതാണ്. ആഗസ്റ്റ് 15 ന് ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയുടെ ഒരു പ്രധാനമന്ത്രിക്ക് ഈ ആശങ്ക പ്രകടിപ്പിക്കേണ്ടിവന്നു. കാലക്രമേണ ഗുരുതരമായ ഒരു അപചയം രാഷ്ട്രീയത്തെ വിഴുങ്ങി. രാഷ്ട്രീയത്തില്‍ പൊതുസമൂഹത്തോട് സത്യം പറയാനുള്ള ധൈര്യം ഉണ്ടാകണം, എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ അത് ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നതായി കാണുന്നു. ഈ തന്ത്രം ഹ്രസ്വകാലത്തേക്ക് നല്ല രാഷ്ട്രീയമായി തോന്നാം. എന്നാല്‍ വാസ്തവത്തില്‍, ഇന്നത്തെ സത്യവും ഇന്നത്തെ വെല്ലുവിളികളും മാറ്റിവയ്ക്കുന്നതാണ് നാളെയെ തടസ്സപ്പെടുത്തുന്നതും നമ്മുടെ കുട്ടികളുടെയും ഭാവി തലമുറകളുടെയും ഭാവി നശിപ്പിക്കുന്നതും. ഇന്നത്തെ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് പകരം, മറ്റൊരാള്‍ അത് ആലോചിച്ച് പരിഹരിക്കുമെന്ന് സങ്കല്‍പ്പിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാതിരിക്കുന്നു. തങ്ങള്‍ക്ക് ശേഷമുള്ള ആള്‍ അത് ചെയ്യുമെന്ന് അവര്‍ കരുതുന്നു. അവര്‍ എന്തായാലും അഞ്ചോ പത്തോ വര്‍ഷത്തിന് ശേഷം പോകും. ഈ ചിന്താഗതി രാജ്യത്തിന് നല്ലതല്ല. ഈ ചിന്താഗതി കാരണം, ഇന്ന് രാജ്യത്തെ പല സംസ്ഥാനങ്ങളിലും വൈദ്യുതി മേഖല വലിയ പ്രതിസന്ധിയിലാണ്. ഒരു സംസ്ഥാനത്തിന്റെ വൈദ്യുതി മേഖല ദുര്‍ബലമാകുമ്പോള്‍, അത് രാജ്യത്തിന്റെ മുഴുവന്‍ വൈദ്യുതി മേഖലയെയും ബാധിക്കുകയും ആ സംസ്ഥാനത്തിന്റെ ഭാവിയെ അന്ധകാരത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
നമ്മുടെ വിതരണ മേഖലയുടെ നഷ്ടം ഇരട്ട അക്കത്തിലാണെന്ന വസ്തുത നിങ്ങള്‍ക്കും അറിയാം. അതേസമയം ലോകത്തിലെ വികസിത രാജ്യങ്ങളില്‍ ഇത് ഒറ്റ അക്കമോ വളരെ നിസ്സാരമായോ ആണ്. ഇതിനര്‍ത്ഥം നമുക്ക് ധാരാളം വൈദ്യുതി പാഴാകുന്നുണ്ടെന്നും അതിനാല്‍ വൈദ്യുതിയുടെ ആവശ്യകത നിറവേറ്റാന്‍ ആവശ്യമായതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കേണ്ടിവരുന്നു.
അപ്പോള്‍ ചോദ്യം ഇതാണ് - വിതരണത്തിലും പ്രസരണത്തിലും ഉണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിന് ആവശ്യമായ നിക്ഷേപം എന്തുകൊണ്ട് സംസ്ഥാനങ്ങളില്‍ നടക്കുന്നില്ല? ഒട്ടുമിക്ക വൈദ്യുതി കമ്പനികള്‍ക്കും കടുത്ത ഫണ്ട് ക്ഷാമമുണ്ടെന്നതാണ് ഉത്തരം. ഗവണ്‍മെന്റ് കമ്പനികളുടെ കാര്യവും ഇതുതന്നെയാണ്. ഈ സാഹചര്യത്തിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രസരണ ലൈനുകള്‍ ഉപയോഗിക്കുന്നത്. അതിനാല്‍, നഷ്ടം വര്‍ദ്ധിക്കുകയും പൊതുജനങ്ങള്‍ക്ക് വൈദ്യുതിക്കു കൂടുതല്‍ വില നല്‍കേണ്ടിവരികയും ചെയ്യുന്നു. വൈദ്യുതി കമ്പനികള്‍ ആവശ്യത്തിന് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ആവശ്യമായ ഫണ്ട് ഇപ്പോഴും ഇല്ലെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഈ കമ്പനികളില്‍ ഭൂരിഭാഗവും ഗവണ്‍മെന്റുകളുടേതാണ്. ഈ കയ്‌പേറിയ സത്യം നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണ്. വളരെ അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ മാത്രം വിതരണ കമ്പനികള്‍ക്ക് കൃത്യസമയത്ത് പണം ലഭിക്കുന്നു. സംസ്ഥാന ഗവണ്‍മെന്റുകളുടെ ഭാഗത്തുനിന്ന് ഭീമമായ കുടിശ്ശികയണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ ബില്ലുകള്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ട് എന്നറിയുമ്പോള്‍ രാജ്യം അത്ഭുതപ്പെടും. അവര്‍ ഈ പണം വൈദ്യുതി ഉല്‍പാദന കമ്പനികള്‍ക്ക് നല്‍കണം. അവരില്‍ നിന്ന് വൈദ്യുതി എടുക്കണം, പക്ഷേ അവര്‍ പണം നല്‍കുന്നില്ല. ഗവണ്‍മെന്റ് വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും പല വൈദ്യുതി വിതരണ കമ്പനികള്‍ക്കും 60,000 കോടിയിലധികം രൂപ നല്‍കാനുണ്ട്. വെല്ലുവിളി അവിടെ അവസാനിക്കുന്നില്ല. ഈ കമ്പനികള്‍ക്ക് വാഗ്ദാനം ചെയ്ത സബ്സിഡി പണം പോലും പൂര്‍ണ്ണമായും കൃത്യസമയത്തും ലഭിക്കില്ല. ഈ കുടിശ്ശിക 75,000 കോടി രൂപയിലധികം വരും. അതായത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉത്തരവാദികളായവരില്‍നിന്ന് ഏകദേശം 2.5 ലക്ഷം കോടി രൂപ ഇതുവരെ അവര്‍ക്ക് ലഭിച്ചിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍, അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഭാവി ആവശ്യങ്ങള്‍ക്കും വേണ്ടി നിക്ഷേപം നടത്തുമോ? രാജ്യത്തെയും രാജ്യത്തിന്റെ ഭാവി തലമുറയെയും ഇരുട്ടില്‍ കഴിയാന്‍ നാം നിര്‍ബന്ധിക്കുകയാണോ?

സുഹൃത്തുക്കളെ,
ഈ പണം ചില ഗവണ്‍മെന്റ് കമ്പനികളുടേതും ചില സ്വകാര്യ കമ്പനികളുടേതുമാണ്. അവര്‍ക്കത് ലഭിച്ചില്ലെങ്കില്‍, കമ്പനികള്‍ വികസിക്കില്ല, പുതിയ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയുമില്ല, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയുമില്ല. അതുകൊണ്ടാണ് സാഹചര്യത്തിന്റെ ഗൗരവം നമ്മള്‍ മനസ്സിലാക്കേണ്ടത്. നമ്മള്‍ ഒരു പവര്‍ പ്ലാന്റ് സ്ഥാപിക്കുകയാണെങ്കില്‍, അഞ്ച്-ആറ് വര്‍ഷത്തിന് ശേഷം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങും. ഒരു പ്ലാന്റ് സ്ഥാപിക്കാന്‍ അഞ്ചാറു വര്‍ഷമെടുക്കും. അതുകൊണ്ടാണ് നാടിന്റെ ശോഭനമായ ഭാവിക്കായി ബോധവല്‍ക്കരണം ആവശ്യമാണെന്ന് എല്ലാ നാട്ടുകാരോടും കൂപ്പുകൈകളോടെ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്. നമ്മുടെ രാജ്യം ഇരുട്ടില്‍ തപ്പാന്‍ പാടില്ല. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, ഇത് രാഷ്ട്രീയത്തിന്റെ പ്രശ്‌നമല്ല, മറിച്ച് ദേശീയ നയത്തിന്റെയും രാഷ്ട്ര നിര്‍മ്മാണത്തിന്റെയും പ്രശ്‌നമാണ് എന്ന്. വൈദ്യുതിയുമായി ബന്ധപ്പെട്ട മുഴുവന്‍ സംവിധാനത്തിന്റെയും സുരക്ഷയുടെ ചോദ്യമാണിത്. കുടിശ്ശിക തീര്‍പ്പാക്കാത്ത സംസ്ഥാനങ്ങള്‍, ഈ കുടിശ്ശിക എത്രയും വേഗം തീര്‍ക്കാണമെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ, ഇത് സത്യസന്ധമായി പരിഗണിക്കുക. പൗരന്‍മാര്‍ അവരുടെ വൈദ്യുതി ബില്ലുകള്‍ ആത്മാര്‍ത്ഥമായി അടയ്ക്കുമ്പോള്‍, ചില സംസ്ഥാനങ്ങള്‍ ഇപ്പോഴും വീണ്ടും വീണ്ടും കുടിശ്ശിക വരുത്തുന്നത് എന്തുകൊണ്ട്? ഈ വെല്ലുവിളിക്ക് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഉചിതമായ പരിഹാരം കണ്ടെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

സുഹൃത്തുക്കളെ,
രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന്, ഊര്‍ജ്ജ-വൈദ്യുത മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലായ്‌പ്പോഴും ശക്തവും ആധുനികവുമാണെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി എല്ലാവരുടെയും പ്രയത്നത്താല്‍ ഈ മേഖല മെച്ചപ്പെടുത്തിയില്ലായിരുന്നു എങ്കില്‍ ഇന്ന് പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുമായിരുന്ന അവസ്ഥയും നമുക്ക് ഊഹിക്കാം. ഇടയ്ക്കിടെ ബ്ലാക്ക്ഔട്ടുകള്‍ ഉണ്ടാകും. നഗരമോ ഗ്രാമമോ ആകട്ടെ, ഏതാനും മണിക്കൂറുകള്‍ മാത്രമേ വൈദ്യുതി ലഭ്യമാകൂ; കൃഷിക്കാര്‍ തങ്ങളുടെ വയലുകളില്‍ നനയ്ക്കാന്‍ കൊതിക്കുകയും ഫാക്ടറികള്‍ സ്തംഭിക്കുകയും ചെയ്യും. ഇന്ന് രാജ്യത്തെ പൗരന്മാര്‍ക്ക് സൗകര്യങ്ങള്‍ വേണം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ പോലെ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യല്‍ പോലുള്ളവ ഒരു വ്യക്തിക്ക് ആവശ്യമായി മാറിയിരിക്കുന്നു. വൈദ്യുതി നില പഴയതുപോലെ ആയിരുന്നെങ്കില്‍ ഒന്നും മാറില്ലായിരുന്നു. അതുകൊണ്ട് വൈദ്യുതി മേഖലയെ ശക്തിപ്പെടുത്തുക എന്നത് എല്ലാവരുടെയും ദൃഢനിശ്ചയവും ഉത്തരവാദിത്തവുമാകണം. കൂടാതെ ഈ കടമ എല്ലാവരും നിറവേറ്റണം. നാം നമ്മുടെ കടമകള്‍ നിറവേറ്റിയാല്‍ മാത്രമേ 'അമൃതകാലം' എന്ന നമ്മുടെ ദൃഢപ്രതിജ്ഞ നിറവേറ്റപ്പെടുകയുള്ളൂ എന്ന് നാം ഓര്‍ക്കണം.

ഒരു ഗ്രാമവാസിക്ക് നെയ്യ്, എണ്ണ, മൈദ, ധാന്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍ മുതലായവ ഉണ്ടെങ്കിലും, പാചകവാതകമോ മറ്റു പാചകം ചെയ്യാനുള്ള സംവിധാനമോ ഇല്ലെങ്കില്‍, വീടു മുഴുവന്‍ പട്ടിണിയാകും, അല്ലേ? ഊര്‍ജമില്ലാതെ കാര്‍ ഓടുമോ? ഭക്ഷണം പാകം ചെയ്യാനുള്ള ക്രമീകരണം ഇല്ലെങ്കില്‍ ആളുകള്‍ പട്ടിണി കിടക്കും. അതുപോലെ നാട്ടില്‍ വൈദ്യുതി ഇല്ലെങ്കില്‍ എല്ലാം സ്തംഭിക്കും.

അതുകൊണ്ടാണ് രാഷ്ട്രീയത്തിന്റെ പാതയില്‍ നിന്ന് മാറി ദേശീയ നയങ്ങളുടെ പാതയിലൂടെ സഞ്ചരിക്കാന്‍ ഞാന്‍ ഇന്ന് പൗരന്‍മാരോടും എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളോടും അതീവ ഗൗരവത്തോടെ അഭ്യര്‍ത്ഥിക്കുന്നത്. ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നതിനാല്‍ ഭാവിയില്‍ രാജ്യം ഒരിക്കലും അന്ധകാരത്തിലേക്ക് കൂപ്പുകുത്തരുതെന്ന് ഉറപ്പാക്കാന്‍ നാം ഇന്ന് മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും.

സുഹൃത്തുക്കളെ,
ഇത്തരമൊരു മഹത്തായ പരിപാടിക്കും രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും വൈദ്യുതിയെക്കുറിച്ച് ഇത്രയും വലിയ അവബോധം സൃഷ്ടിച്ചതിനും ഊര്‍ജ ലോകത്തെ എല്ലാ ആളുകളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ പുതിയ പദ്ധതികള്‍ക്ക് ഒരിക്കല്‍ കൂടി ഞാന്‍ എല്ലാ ആളുകളെയും അഭിനന്ദിക്കുന്നു. വൈദ്യുതി മേഖലയിലെ എല്ലാ പങ്കാളികള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. ശോഭനമായ ഭാവിക്കായി ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

ഒത്തിരി നന്ദി !

--ND--


(Release ID: 1846766) Visitor Counter : 185