രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

നൂതന യുദ്ധോപകരണങ്ങൾ പുതിയ കാലത്തിന്റെ യാഥാർത്ഥ്യമെന്ന് ‘Ammo India’ സമ്മേളനത്തിൽ രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്

Posted On: 27 JUL 2022 12:50PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജൂലൈ 27, 2022

ഭാവി വെല്ലുവിളികൾ ഫലപ്രദമായി നേരിടാൻ സായുധ സേനയെ പൂർണ്ണ സജ്ജമാക്കുന്ന ശക്തവും സ്വയംപര്യാപ്തവുമായ അടിത്തറ സൃഷ്ടിക്കുന്നതിന് യുദ്ധോപകരണ മേഖലയിൽ നൂതന മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്തു. 2022 ജൂലൈ 27 ന് ന്യൂ ഡൽഹിയിൽ 'മേക്ക് ഇൻ ഇന്ത്യ അവസരങ്ങളും വെല്ലുവിളികളും' എന്ന വിഷയം ആധാരമാക്കി സംഘടിപ്പിച്ച, സൈനിക യുദ്ധോപകരണങ്ങൾ സംബന്ധിച്ച രണ്ടാം സമ്മേളനത്തിന്റെ (Ammo India) ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികവും ആഗോളവുമായ സുരക്ഷാ വെല്ലുവിളികളും ആവശ്യകതകളും കണക്കിലെടുത്ത് ഇന്ത്യയ്ക്ക് അനിവാര്യമായ നൂതന യുദ്ധോപകരണങ്ങളെ പുതിയ കാലത്തിന്റെ യാഥാർത്ഥ്യമെന്ന് രാജ്യ രക്ഷാ മന്ത്രി വിശേഷിപ്പിച്ചു.

യുദ്ധോപകരണങ്ങളുടെ വികസനം സുരക്ഷയ്ക്ക് മാത്രമല്ല, രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിക്കും നിർണായകമാണ്. ഇന്ത്യ ഒരു ലോകശക്തിയാകാനും പ്രതിരോധ ഉത്പാദനത്തിൽ മുൻനിര രാജ്യങ്ങളിലൊന്നായി മാറാനും, യുദ്ധോപകരണങ്ങളുടെ തദ്ദേശീയ രൂപകൽപ്പനയിലും വികസനത്തിലും ഉത്പാദനത്തിലും നാം മുന്നേറണം, രാജ്യ രക്ഷാ മന്ത്രി പറഞ്ഞു.

കൃത്യതയുള്ള ഗൈഡഡ് യുദ്ധോപകരണങ്ങൾ ഭാവി യുദ്ധങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ചൂണ്ടിക്കാട്ടിയ രാജ്യ രക്ഷാ മന്ത്രി അവയുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. 'മുന്തോ ധലോ' ബേസിൽ കൃത്യതയുള്ള ഗൈഡഡ് യുദ്ധോപകരണങ്ങൾ ഉപയോഗിച്ചത് 1999-ലെ കാർഗിൽ യുദ്ധത്തിലെ ഇന്ത്യയുടെ വിജയത്തിൽ ഒരു സുപ്രധാന പങ്ക് വഹിച്ചു. 2019ൽ ബാലാക്കോട്ടിലെ ഭീകര ക്യാമ്പുകളിൽ കൃത്യതയുള്ള ഗൈഡഡ് യുദ്ധോപകരണങ്ങൾ മുഖേന നടത്തിയ ആക്രമണമാണ് ഓപ്പറേഷനിലെ നമ്മുടെ വിജയം ഉറപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നാവികസേനയും പ്രതിരോധ പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യമേഖലയും വികസിപ്പിച്ച ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന പ്രദർശനവും തദവസരത്തിൽ രാജ്യ രക്ഷാ മന്ത്രി ഉദ്ഘാടനം ചെയ്തു. ‘വിജ്ഞാന രേഖ’ സമ്മേളനത്തിൽ വച്ച് അദ്ദേഹം പ്രകാശനം ചെയ്തു. FICCI, CENJOWS എന്നിവ സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന സിവിൽ, മിലിട്ടറി ഉദ്യോഗസ്ഥരും വ്യവസായ, അക്കാദമിക്, പുതുസംരംഭക, നൂതന സംരംഭക മേഖലകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

 
RRTN/SKY


(Release ID: 1845468) Visitor Counter : 182