വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

ജനീവയിലെ ഐക്യരാഷ്ട്രസഭാ ഓഫീസായ പാലെയ് ഡെ നേഷന്‍സില്‍ ഉപയോഗിക്കാനുള്ള ‘വേ ഫൈന്‍ഡിങ് ആപ്ലിക്കേഷന്‍’ സംബന്ധിച്ച് ഇന്ത്യയും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള കരാറിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 14 JUN 2022 4:12PM by PIB Thiruvananthpuram

ജനീവയിലെ ഐക്യരാഷ്ട്രസഭാ ഓഫീസായ പാലെയ് ഡെ നേഷന്‍സില്‍ ഉപയോഗിക്കാനുള്ള ‘വേ ഫൈന്‍ഡിങ് ആപ്ലിക്കേഷന്‍’ സംബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്റും ഐക്യരാഷ്ട്രസഭയും തമ്മില്‍ കരാര്‍ ഒപ്പിടുന്നതിനുള്ള നിര്‍ദേശത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 1945ല്‍ സ്ഥാപിതമായ അന്താരാഷ്ട്ര സംഘടനയാണ് ഐക്യരാഷ്ട്രസഭ (യുഎന്‍). നിലവില്‍ 193 അംഗരാജ്യങ്ങളാണുള്ളത്. ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗമാണ്.

അഞ്ചുകെട്ടിടങ്ങളും 21 നിലകളും അടങ്ങുന്ന ഐക്യരാഷ്ട്ര സഭയുടെ ജനീവ ഓഫീസ് (യുഎന്‍ഒജി) ചരിത്രപ്രസിദ്ധമായ പാലെയ് ഡെ നേഷന്‍സിലാണ് സ്ഥിതിചെയ്യുന്നത്. വിവിധ യോഗങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ ധാരാളം പ്രതിനിധികളും പൗരസമൂഹ അംഗങ്ങളും പൊതുജനങ്ങളും യുഎന്‍ഒജി സന്ദര്‍ശിക്കാറുണ്ട്. കെട്ടിടങ്ങളുടെ സങ്കീര്‍ണതയും ബൃഹദ് പങ്കാളിത്തവും കണക്കിലെടുത്ത്, എല്ലാ സുരക്ഷാ കാഴ്ചപ്പാടുകളും പാലിച്ചു സന്ദര്‍ശകര്‍ക്കും മറ്റു പ്രതിനിധികള്‍ക്കും ക്യാമ്പസില്‍ വഴി കണ്ടെത്താന്‍ സഹായിക്കുന്ന നാവിഗേഷന്‍ ആപ്ലിക്കേഷന്റെ ആവശ്യകത നിലവിലുണ്ട്. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) അടിസ്ഥാനമാക്കിയുള്ള ആപ്പുകള്‍ വിശാലമായ ഇടത്തു പ്രവര്‍ത്തിക്കുമ്പോള്‍, കൂടുതല്‍ കൃത്യമായ ഇന്‍-ബില്‍ഡിങ് നാവിഗേഷന്‍ ആപ്പ് മുറിയും ഓഫീസുകളും കണ്ടെത്താന്‍ സന്ദര്‍ശകരെ സഹായിക്കും.

‘വേ ഫൈന്‍ഡിങ് ആപ്ലിക്കേഷന്‍’ വികസന പദ്ധതി, 2020ല്‍ യുഎന്നിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്റ് യുഎന്നിന് നല്‍കുന്ന സംഭാവനയായാണു വിഭാവനം ചെയ്തിട്ടുള്ളത്. ആപ്പിന്റെ വികസനത്തിനും പരിപാലനത്തിനുമുള്ള സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഏകദേശം 2 ദശലക്ഷം ഡോളറാണ്. യുഎന്‍ഒജിയുടെ പാലെയ് ഡെ നേഷന്‍സ് പരിസരത്ത് നാവിഗേഷന്‍ സുഗമമാക്കുന്നതിന് സോഫ്റ്റ്‌വെയർ അധിഷ്ഠിത ‘വേ ഫൈന്‍ഡിങ് ആപ്ലിക്കേഷന്റെ’ വികസനവും പരിപാലനവും ഈ പദ്ധതിയില്‍ അടങ്ങിയിരിക്കുന്നു. യുഎന്‍ഒജിയുടെ അഞ്ചു കെട്ടിടങ്ങളിലായി പരന്നുകിടക്കുന്ന 21 നിലകള്‍ക്കുള്ളില്‍ ഓരോ കേന്ദ്രത്തിലേക്കും എത്താനുള്ള വഴി കണ്ടെത്താന്‍ ഈ ആപ്ലിക്കേഷന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കും. ഇന്റര്‍നെറ്റ് കണക്ഷനുള്ള ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങളില്‍ ആപ്പ് പ്രവര്‍ത്തിക്കും. കേന്ദ്ര ഗവണ്‍ഗെമന്റിന്റെ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ (ഡിഒടി) സ്വയംഭരണ ടെലികോം ഗവേഷണ വികസന കേന്ദ്രമായ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സിനെ(സി-ഡോട്ട്)യാണ് ആപ്പിന്റെ വികസനത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഐക്യരാഷ്ട്രസഭയ്ക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ നിര്‍ണായക സംഭാവനയാണ് ഈ പദ്ധതി. ഇത് ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യം ഉയര്‍ത്തിക്കാട്ടുക മാത്രമല്ല, ഐക്യരാഷ്ട്രതലവേദികളില്‍ രാജ്യത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആപ്പ് യുഎന്നില്‍ ഇന്ത്യയുടെ സാന്നിധ്യം അറിയിക്കുകയും ശക്തമായ സോഫ്റ്റ്‌വെയർ സാങ്കേതിക വൈദഗ്ധ്യത്തിന്റെ രൂപത്തില്‍ അതിന്റെ സോഫ്റ്റ് പവര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ളവരുടെ മൊബൈലുകളില്‍ ഒരു 'മെയ്ഡ് ഇന്‍ ഇന്ത്യ' ആപ്പ് എത്തുന്നതിനും ഇതു കാരണമാകും.

-ND-



(Release ID: 1833915) Visitor Counter : 115