പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അഹമ്മദ് ബോപ്പാലില്‍ ഇന്‍-സ്‌പേസ് ആസ്ഥാനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 10 JUN 2022 8:44PM by PIB Thiruvananthpuram

നമസ്‌കാരം! മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഈ പ്രദേശത്തെ എംപിയുമായ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, ഗുജറാത്തിന്റെ ജനപ്രിയനും മൃദുഭാഷിയുമായ മുഖ്യമന്ത്രി  ശ്രീ ഭൂപേന്ദ്ര പട്ടേല്‍ ജി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവല്‍ ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ സി.ആര്‍. പാട്ടീല്‍, ഇന്‍-സ്‌പേസ് ചെയര്‍മാന്‍ പവന്‍ ഗോയങ്ക ജി, ബഹിരാകാശ വകുപ്പ് സെക്രട്ടറി ശ്രീ എസ്. സോമനാഥ് ജി, ഇന്ത്യയുടെ ബഹിരാകാശ വ്യവസായത്തിന്റെ പ്രതിനിധികളെ, മറ്റ് വിശിഷ്ട വ്യക്തികളെ, മഹതികളെ, മഹാന്‍മാരേ,

21-ാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയുടെ വികസന യാത്രയില്‍ ഇന്ന് ഒരു അത്ഭുതകരമായ അധ്യായം കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്റര്‍ അതായത് ഇന്‍-സ്പേസിന്റെ ആസ്ഥാനത്തിനായി എല്ലാ രാജ്യവാസികളെയും, പ്രത്യേകിച്ച് ശാസ്ത്ര സമൂഹത്തെ, ഞാന്‍ അഭിനന്ദിക്കുന്നു. ഇക്കാലത്ത്, യുവാക്കള്‍ സോഷ്യല്‍ മീഡിയയില്‍ ആവേശകരവും രസകരവുമായ എന്തെങ്കിലും പോസ്റ്റ് ചെയ്യേണ്ടിവന്നാല്‍, 'ഈ ഇടം കാണുക' എന്ന സന്ദേശത്തിലൂടെ ശ്രദ്ധയില്‍ പെടുത്തുന്നതായി നാം കാണുന്നു. ഇന്‍സ്പേസിന്റെ വിക്ഷേപണം ഇന്ത്യയുടെ ബഹിരാകാശ വ്യവസായത്തിന് 'ഈ സ്ഥലം കാണുക' എന്ന നിമിഷം പോലെയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ശാസ്ത്ര ചിന്താഗതിക്കാരായ യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അഭൂതപൂര്‍വമായ അവസരമാണ് ഇന്‍-സ്‌പേസ്. അവര്‍ ഗവണ്‍മെന്റിലോ സ്വകാര്യ മേഖലയിലോ ജോലി ചെയ്യുന്നവരാകട്ടെ, ഇന്‍-സ്‌പേസില്‍ എല്ലാവര്‍ക്കും മികച്ച അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഇന്‍-സ്പേസിന് ധാരാളം സാധ്യതകളുണ്ട്. അതുകൊണ്ടാണ് 'ഈ ഇടം കാണുക' എന്ന് ഞാന്‍ പറയുന്നത്... ഇടത്തിന് ഇന്‍-സ്പേസ്, വേഗത്തിന് ഇന്‍-സ്പേസ്, പ്രാഗല്‍ഭ്യത്തിനും ഇന്‍-സ്പേസ്.

സുഹൃത്തുക്കളെ,
പതിറ്റാണ്ടുകളായി, ഇന്ത്യയിലെ ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട സ്വകാര്യ വ്യവസായത്തെ വെണ്ടര്‍ എന്ന നിലയില്‍ മാത്രമാണ് കണ്ടിരുന്നത്. എല്ലാ ബഹിരാകാശ ദൗത്യങ്ങളിലും പദ്ധതികളിലും ഗവണ്‍മെന്റ് തന്നെ പ്രവര്‍ത്തിച്ചുവന്നു. വിരലിലെണ്ണാവുന്ന ഭാഗങ്ങളും ഉപകരണങ്ങളും മാത്രമാണ് സ്വകാര്യമേഖലയില്‍ നിന്ന് വാങ്ങിയത്. വെണ്ടര്‍ മാത്രമായി ചുരുക്കി സ്വകാര്യമേഖലയുടെ വളര്‍ച്ച തടഞ്ഞു. ഒരു മതില്‍ സൃഷ്ടിച്ചു. ഗവണ്‍മെന്റ് സംവിധാനത്തിന്റെ ഭാഗമല്ലാത്തതിനാല്‍ ശാസ്ത്രജ്ഞര്‍ക്കോ യുവാക്കള്‍ക്കോ ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട അവരുടെ ആശയങ്ങളുമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ആരാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത്? രാജ്യം ദുരിതത്തിലായി. വലിയ ആശയങ്ങള്‍ വിജയികളെ നിര്‍ണയിക്കുന്നു എന്നതിന്റെ തെളിവാണിത്. ബഹിരാകാശ മേഖലയെ പരിഷ്‌കരിച്ചും എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിച്ചും ഇന്‍-സ്‌പേസിലൂടെ സ്വകാര്യ വ്യവസായത്തെ പിന്തുണച്ചും വിജയികളാക്കാനുള്ള പ്രചരണമാണ് രാജ്യം ഇന്ന് ആരംഭിക്കുന്നത്. ഇപ്പോള്‍ സ്വകാര്യമേഖല ഒരു വെണ്ടര്‍ മാത്രമായി നില്‍ക്കില്ല. ബഹിരാകാശ മേഖലയില്‍ വന്‍ ജേതാക്കളുടെ പങ്ക് വഹിക്കും. ഇന്ത്യയില്‍ ഗവണ്‍മെന്റിന്റെ ബഹിരാകാശ സ്ഥാപനങ്ങളുടെ ശക്തിയും സ്വകാര്യമേഖലയുടെ അഭിനിവേശവും ഒരുമിക്കുമ്പോള്‍, ആകാശം പോലും അതിനു മുന്നില്‍ ചെറുതായിത്തീരും. 'ആകാശം പോലും അതിരല്ല'! ഇന്ത്യയുടെ ഐടി മേഖലയുടെ കരുത്ത് ഇന്ന് ലോകം ഉറ്റുനോക്കുകയാണെങ്കില്‍ രാജ്യത്തിന്റെ ബഹിരാകാശ മേഖലയുടെ ശക്തി സമീപഭാവിയില്‍ പുതിയ ഉയരങ്ങളിലെത്തുന്ന സാഹചര്യമുണ്ടാവും. ബഹിരാകാശ വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍, ഐഎസ്ആര്‍ഒ എന്നിവയ്ക്കിടയില്‍ സാങ്കേതിക വിദ്യയുടെ കൈമാറ്റം സുഗമമാക്കുന്നതിനും ഇന്‍-സ്‌പേസ് പ്രവര്‍ത്തിക്കും. സ്വകാര്യമേഖലയ്ക്കും ഐഎസ്ആര്‍ഒയുടെ വിഭവങ്ങള്‍ ഉപയോഗിക്കാമെന്നും ഐഎസ്ആര്‍ഒയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നും ഉറപ്പാക്കപ്പെടുന്നുണ്ട്.

സുഹൃത്തുക്കളെ,
ബഹിരാകാശ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ ആരംഭിക്കുമ്പോള്‍, ഇന്ത്യയിലെ യുവാക്കളുടെ അപാരമായ സാധ്യതകള്‍ എന്റെ മനസ്സില്‍ എപ്പോഴും ഉണ്ടായിരുന്നു. ചെറുപ്പക്കാര്‍ ഉയര്‍ന്ന ഉത്സാഹത്തോടെ സ്റ്റാര്‍ട്ടപ്പുകളില്‍ മുന്നേറുന്നതായി കേള്‍ക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു. ഈ യുവാക്കളെയെല്ലാം ഞാന്‍ അഭിനന്ദിക്കുന്നു. നേരത്തെ ബഹിരാകാശ മേഖലയില്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് അത്രയധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. രാജ്യത്തെ യുവാക്കള്‍ അവരോടൊപ്പം പുതുമയും ഊര്‍ജ്ജവും പര്യവേക്ഷണ മനോഭാവവും കൊണ്ടുവരുന്നു. അപകട സാധ്യതയെ നേരിടാനുള്ള അവരുടെ ശേഷിയും വളരെ ഉയര്‍ന്നതാണ്. ഏതൊരു രാജ്യത്തിന്റെയും വികസനത്തിന് അത് വളരെ പ്രധാനമാണ്. ഒരു യുവാവിന് കെട്ടിടം പണിയണമെങ്കില്‍ അത് പിഡബ്ല്യുഡിയെ ഉപയോഗപ്പെടുത്തി പണിതുകൊള്ളൂ എന്ന് അയാളോടു പറയാന്‍ കഴിയുമോ?  ഏതെങ്കിലും യുവാക്കള്‍ നവീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ഗവണ്‍മെന്റ് സംവിധാനത്തിലൂടെ മാത്രമേ നടക്കൂ എന്ന് നമുക്ക് അവനോട് പറയാന്‍ കഴിയുമോ? കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുമെങ്കിലും ഇതായിരുന്നു നമ്മുടെ നാട്ടില്‍ വിവിധ മേഖലകളില്‍ നിലനിന്നിരുന്ന അവസ്ഥ. കാലക്രമേണ നിയന്ത്രണങ്ങളും വിലക്കുകളും തമ്മിലുള്ള വ്യത്യാസം വിസ്മരിക്കപ്പെട്ടത് രാജ്യത്തിന്റെ ദൗര്‍ഭാഗ്യമാണ്. ഇന്ന്, ഇന്ത്യയിലെ യുവജനങ്ങള്‍ രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുമ്പോള്‍, അത് ഗവണ്‍മെന്റ് വഴി മാത്രമേ നടത്താവൂ എന്ന് നമുക്ക് നിബന്ധന വെക്കാനാവില്ല. അത്തരം അവസ്ഥകളുടെ യുഗം കഴിഞ്ഞു. നമ്മുടെ ഗവണ്‍മെന്റ്, യുവാക്കള്‍ നേരിടുന്ന എല്ലാ തടസ്സങ്ങളും നീക്കം ചെയ്യുകയും തുടര്‍ച്ചയായി നവീകരിക്കുകയും ചെയ്യുന്നു. പ്രതിരോധ മേഖല സ്വകാര്യവ്യവസായത്തിന് തുറന്നുകൊടുക്കുക, ആധുനിക ഡ്രോണ്‍ നയം രൂപീകരിക്കുക, ജിയോസ്പേഷ്യല്‍ ഡാറ്റാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുക, ടെലികോം-ഐടി മേഖലയില്‍ 'എവിടെ നിന്നും പ്രവര്‍ത്തിക്കാന്‍' സൗകര്യമൊരുക്കുക എന്നീ കാര്യങ്ങളില്‍ ഉള്‍പ്പെടെ എല്ലാ ദിശകളിലും ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ സ്വകാര്യ മേഖലയ്ക്ക് പരമാവധി എളുപ്പമുള്ള ബിസിനസ്സ് ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് നമ്മുടെ ശ്രമം. അതുവഴി രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതില്‍ പങ്കു വഹിക്കാന്‍ കഴിയും.

സുഹൃത്തുക്കളെ,
ഇവിടെ വരുന്നതിന് മുമ്പ്, ഞാന്‍ ഇന്‍-സ്‌പെയ്‌സിന്റെ സാങ്കേതിക ലാബും ക്ലീന്‍ റൂമും വഴി പോകുകയായിരുന്നു. ഉപഗ്രഹങ്ങളുടെ രൂപകല്‍പന, ഫാബ്രിക്കേഷന്‍, അസംബ്ലി, ഇന്റഗ്രേഷന്‍, ടെസ്റ്റിംഗ് എന്നിവയ്ക്കുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഇവിടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭ്യമാകും. ബഹിരാകാശ വ്യവസായത്തിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ആധുനിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇവിടെ സൃഷ്ടിക്കപ്പെടും. പ്രദര്‍ശന വിഭാഗം സന്ദര്‍ശിക്കാനും ബഹിരാകാശ വ്യവസായത്തിലെയും ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളിലെയും ആളുകളുമായി സംവദിക്കാനും ഇന്ന് എനിക്ക് അവസരം ലഭിച്ചു. നാം ബഹിരാകാശ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ ആരംഭിക്കുമ്പോള്‍ സ്വകാര്യ കമ്പനികള്‍ ബഹിരാകാശ വ്യവസായത്തില്‍ പങ്കാളികളാകുന്നതിനെ ചിലര്‍ ഭയപ്പെട്ടിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇന്ന് 60-ലധികം ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ ബഹിരാകാശ മേഖലയുടെ ഭാഗമാവുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്യുന്നു. ഇന്ന് അവരെ കണ്ടതില്‍ വളരെ സന്തോഷമുണ്ട്. വിക്ഷേപണ വാഹനം, ഉപഗ്രഹം, ഗ്രൗണ്ട് സെഗ്മെന്റ്, ബഹിരാകാശ ആപ്ലിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ നമ്മുടെ സ്വകാര്യ വ്യവസായ സഹപ്രവര്‍ത്തകര്‍ അതിവേഗം മുന്നേറിയതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യ കമ്പനികളും പിഎസ്എല്‍വി റോക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. മാത്രമല്ല, പല സ്വകാര്യ കമ്പനികളും സ്വന്തമായി റോക്കറ്റുകള്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ മേഖലയുടെ പരിധിയില്ലാത്ത സാധ്യതകളുടെ ഒരു നേര്‍ക്കാഴ്ചയാണിത്. ഇതിനായി നമ്മുടെ ശാസ്ത്രജ്ഞരെയും വ്യവസായികളെയും യുവ സംരംഭകരെയും എല്ലാ പൗരന്‍മാരെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. ഈ യാത്രയിലെ ഈ പുതിയ വഴിത്തിരിവിന് ആരെയെങ്കിലും ഏറ്റവും കൂടുതല്‍ അഭിനന്ദിക്കണമെങ്കില്‍, അത് ഐഎസ്ആര്‍ഒയിലെ ആളുകളെയാണ്. ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ നമ്മുടെ മുന്‍ ഐഎസ്ആര്‍ഒ സെക്രട്ടറി ഇവിടെ ഇരിക്കുന്നുണ്ട്. ഇപ്പോള്‍ നമ്മുടെ സോമനാഥ് ജി അത് മുന്നോട്ട് കൊണ്ടുപോകുന്നു, അതിനാല്‍ ഐ.എസ്.ആര്‍.ഒ. സഹപ്രവര്‍ത്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഞാന്‍ മുഴുവന്‍ അംഗീകാരവും നല്‍കുന്നു. ഇതൊരു ചെറിയ തീരുമാനമല്ല സുഹൃത്തുക്കളെ. ഇന്ന് ഇന്ത്യയ്ക്കും ലോകത്തിനും എന്തെങ്കിലും വാഗ്ദാനം ചെയ്യാനുള്ള ഉയര്‍ന്ന ഉത്സാഹം അവര്‍ക്കുണ്ടെങ്കില്‍ അത് അത്തരമൊരു സുപ്രധാന തീരുമാനമാണെന്ന് സ്റ്റാര്‍ട്ടപ്പ് ബിസിനസിലുള്ളവര്‍ക്ക് അറിയാം. അതിനാല്‍ മുഴുവന്‍ അംഗീകാരവും ഐഎസ്ആര്‍ഒയ്ക്ക് അര്‍ഹതപ്പെട്ടതാണ്. ഐഎസ്ആര്‍ഒ വന്‍ചുവടുകള്‍ വെക്കുകയും രാജ്യത്തെ യുവാക്കള്‍ക്കായി കാര്യങ്ങള്‍ വേഗത്തില്‍ നീക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തന്നെ വളരെ വിപ്ലവകരമായ തീരുമാനമാണ്.

സുഹൃത്തുക്കളെ,
നമ്മുടെ സ്വാതന്ത്ര്യം 75 വര്‍ഷം തികഞ്ഞതിന്റെ അമൃത് മഹോത്സവം നാം ആഘോഷിക്കുകയാണ്. കോടിക്കണക്കിന് രാജ്യക്കാരെ പ്രചോദിപ്പിക്കുകയും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്ത സ്വതന്ത്ര ഇന്ത്യയിലെ നമ്മുടെ വിജയങ്ങള്‍ക്ക് പിന്നില്‍ നമ്മുടെ ബഹിരാകാശ നേട്ടങ്ങളാണ്. ഐഎസ്ആര്‍ഒ ഒരു റോക്കറ്റ് വിക്ഷേപിക്കുമ്പോഴോ ബഹിരാകാശത്തേക്ക് ഒരു ദൗത്യം അയയ്ക്കുമ്പോഴോ, രാജ്യം മുഴുവന്‍ അതിന്റെ ഭാഗമാകുകയും അഭിമാനിക്കുകയും ചെയ്യുന്നു. രാജ്യം മുഴുവന്‍ അതിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഓരോ രാജ്യക്കാരനും അത് വിജയിക്കുമ്പോള്‍ സന്തോഷവും ഉത്സാഹവും അഭിമാനവും പ്രകടിപ്പിക്കുകയും ആ വിജയം സ്വന്തം വിജയമായി കണക്കാക്കുകയും ചെയ്യുന്നു. കൂടാതെ, സങ്കല്‍പ്പിക്കാന്‍ കഴിയാത്ത, അനിഷ്ടമായ എന്തെങ്കിലും സംഭവിച്ചാല്‍ പോലും, രാജ്യം മുഴുവന്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പം നില്‍ക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒരാള്‍ ശാസ്ത്രജ്ഞനോ കര്‍ഷകനോ തൊഴിലാളിയോ ആകട്ടെ, ശാസ്ത്രത്തിന്റെ സൂക്ഷ്മതകള്‍ അറിഞ്ഞോ അറിയാതെയോ, നമ്മുടെ ബഹിരാകാശ ദൗത്യം ജനങ്ങളുടെ ദൗത്യമായി മാറുന്നു. രാജ്യത്തിന്റെ. ചന്ദ്രയാന്‍ മിഷന്‍ വേളയില്‍ ഈ വൈകാരിക ഐക്യദാര്‍ഢ്യം നാം കണ്ടു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യം ഒരു തരത്തില്‍ 'ആത്മനിര്‍ഭര്‍ ഭാരത'ത്തിന്റെ ഏറ്റവും വലിയ നിദര്‍ശനമാണ്. ഈ ദൗത്യത്തിന് ഇന്ത്യയുടെ സ്വകാര്യ മേഖലയില്‍ നിന്ന് ഉത്തേജനം ലഭിക്കുമ്പോള്‍, ഈ ദൗത്യത്തിന്റെ സാധ്യത നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്.

സുഹൃത്തുക്കളെ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മുടെ ജീവിതത്തില്‍ ബഹിരാകാശ സാങ്കേതികവിദ്യയുടെ പങ്ക് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉത്തരവാദിത്തങ്ങളും പ്രയോഗങ്ങളും കൂടുന്തോറും കൂടുതല്‍ സാധ്യതകള്‍ ഉണ്ടാകും. 21-ാം നൂറ്റാണ്ടിലെ ഒരു വലിയ വിപ്ലവത്തിന്റെ അടിസ്ഥാനമായി മാറാന്‍ പോകുകയാണ് ബഹിരാകാശ സാങ്കേതികവിദ്യ. ബഹിരാകാശത്തിനു പുറമേ, സ്‌പേസ്-ടെക് ഇപ്പോള്‍ നമ്മുടെ സ്വകാര്യ ഇടത്തില്‍ ഒരു സാങ്കേതികവിദ്യയായി മാറാന്‍ പോകുന്നു. സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ ബഹിരാകാശ സാങ്കേതികവിദ്യയുടെ പങ്കു ബഹിരാകാശ സാങ്കേതികവിദ്യ ദൈനംദിന ജീവിതത്തില്‍ ഇടപെടുന്ന രീതിയും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. നമ്മള്‍ ടിവി ഓണാക്കുമ്പോള്‍, നമുക്ക് ധാരാളം ചാനലുകള്‍ ലഭ്യമാണ്. എന്നാല്‍ ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് ഇത് സംഭവിക്കുന്നതെന്ന് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയൂ. ഒരാള്‍ക്ക് എവിടെയെങ്കിലും പോകുന്നതിന് മുമ്പ് ഗതാഗതത്തെക്കുറിച്ച് അറിയുകയോ അല്ലെങ്കില്‍ ഏറ്റവും ദൂരം കുറഞ്ഞ വഴി കണ്ടെത്തുകയോ ചെയ്യണമെങ്കില്‍ ഉപഗ്രഹങ്ങളുടെ സഹായം ആവശ്യമാണ്. നഗരാസൂത്രണവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളുണ്ട് - റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, അല്ലെങ്കില്‍ ഭൂഗര്‍ഭ ജലവിതാനങ്ങളുടെ നിരീക്ഷണം, അടിസ്ഥാന സൗകര്യ പദ്ധതികള്‍ മുതലായവ. എല്ലാം ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് നടക്കുന്നത്. നമ്മുടെ തീരപ്രദേശങ്ങളുടെ ആസൂത്രണത്തിലും വികസനത്തിലും ബഹിരാകാശ സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കുണ്ട്. മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍ക്ഷോഭത്തെക്കുറിച്ചുള്ള മുന്‍കൂര്‍ വിവരങ്ങളും ഉപഗ്രഹങ്ങള്‍ വഴി ലഭിക്കും. മഴയുടെ പ്രവചനങ്ങള്‍ ഏതാണ്ട് ശരിയാകുന്നു. അതുപോലെ, ഒരു ചുഴലിക്കാറ്റ് ഉണ്ടാകുമ്പോള്‍, ഉപഗ്രഹം അതു കൃത്യമായി എവിടെയായിരിക്കും, അതിന്റെ ദിശ, കരയിലേക്ക് വീഴുന്ന കൃത്യമായ സമയം എന്നിവ മുന്‍കൂട്ടി പറഞ്ഞുതരുന്നു. മാത്രമല്ല, കാര്‍ഷിക മേഖലയിലെ വിള ഇന്‍ഷുറന്‍സ് പദ്ധതിയിലും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് കാമ്പെയ്നിലും ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ബഹിരാകാശ സാങ്കേതികവിദ്യയില്ലാത്ത ഇന്നത്തെ ആധുനിക വ്യോമയാന മേഖല നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഈ വിഷയങ്ങളെല്ലാം സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ടിവിയിലൂടെ കുട്ടികള്‍ക്ക് അധ്യാപനവും ട്യൂഷനും ലഭ്യമാക്കുന്നതിനുള്ള ഒരു പദ്ധതി ഈ വര്‍ഷത്തെ ബജറ്റില്‍ ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഇതു മാത്രമല്ല, മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കും വലിയ നഗരങ്ങളില്‍ ട്യൂഷനെടുക്കേണ്ടിവരുന്നവര്‍ക്കും അവരുടെ വീടുകളില്‍ വളരെ ചെലവേറിയ ഫീസ് നല്‍കി സാറ്റലൈറ്റ് വഴി മാത്രം സിലബസിന്റെ ലഭ്യതയും നാം ഉറപ്പാക്കുന്നു. കുട്ടികള്‍ അധിക പണം ചിലവഴിക്കാതിരിക്കാനും പാവപ്പെട്ടവരില്‍ ഏറ്റവും പാവപ്പെട്ടവന്റെ കുട്ടിക്ക് ടിവി സ്‌ക്രീന്‍, ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയില്‍ സാറ്റലൈറ്റ് വഴി മികച്ച ട്യൂഷന്‍ നേടാനും സൗകര്യമൊരുക്കാനുമായാണു നാം പ്രവര്‍ത്തിക്കുന്നത്.

സുഹൃത്തുക്കളെ,
ഭാവിയില്‍ അത്തരം പല മേഖലകളിലും ബഹിരാകാശ-സാങ്കേതികവിദ്യയുടെ ഉപയോഗം കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിക്കാന്‍ പോകുന്നു. ബഹിരാകാശ സാങ്കേതികവിദ്യ എങ്ങനെ സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കാമെന്നും ബഹിരാകാശ സാങ്കേതികവിദ്യ എങ്ങനെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാധ്യമമായി മാറുമെന്നും ഈ സാങ്കേതികവിദ്യയെ നമുക്ക് എങ്ങനെ വികസനത്തിനും സാധ്യതകള്‍ക്കും ഉപയോഗിക്കാമെന്നും ഇന്‍-സ്‌പേസും സ്വകാര്യ മേഖലക്കാരും ഉറപ്പാക്കേണ്ടതുണ്ട്. രാജ്യം. ജിയോ സ്‌പേഷ്യല്‍ മാപ്പിംഗില്‍ നിരവധി സാധ്യതകളുണ്ട്. സ്വകാര്യമേഖലയ്ക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനാകും. ഗവണ്‍മെന്റ് ഉപഗ്രഹങ്ങളില്‍ നിന്ന് നമുക്ക് ഇന്ന് വലിയ ഡാറ്റ ലഭ്യമാണ്. സമീപഭാവിയില്‍ സ്വകാര്യമേഖലയ്ക്കും സ്വന്തമായ ധാരാളം ഡാറ്റ ഉണ്ടാകും. ഈ ഡാറ്റാ സമ്പത്ത് നിങ്ങള്‍ക്ക് ലോകത്തു വലിയ ശക്തിയാണ് പ്രദാനം ചെയ്യാന്‍ പോകുന്നത്. നിലവില്‍ ആഗോള ബഹിരാകാശ വ്യവസായത്തിന്റെ മൂല്യം ഏകദേശം 400 ബില്യണ്‍ ഡോളറാണ്. 2040-ഓടെ ഇത് ഒരു ട്രില്യണ്‍ ഡോളര്‍ വ്യവസായമായി മാറാനുള്ള സാധ്യതയുണ്ട്. നമുക്കു കഴിവും അനുഭവപരിചയവും ഉണ്ട്. എന്നാല്‍ സ്വകാര്യ പങ്കാളിത്തം 2 ശതമാനം മാത്രമാണ്. ആഗോള ബഹിരാകാശ വ്യവസായത്തില്‍ നമ്മുടെ പങ്ക് വര്‍ധിപ്പിക്കേണ്ടതുണ്ട്. നമ്മുടെ സ്വകാര്യ മേഖലയ്ക്ക് ഇതില്‍ വലിയ പങ്കുണ്ട്. സമീപഭാവിയില്‍ ബഹിരാകാശ വിനോദസഞ്ചാരം, ബഹിരാകാശ നയതന്ത്രം എന്നീ മേഖലകളില്‍ ഇന്ത്യയുടെ കരുത്തുറ്റ പങ്ക് എനിക്ക് കാണാന്‍ കഴിയും. ഇന്ത്യയുടെ ബഹിരാകാശ കമ്പനികള്‍ ആഗോളമായി മാറുകയും നമുക്ക് ഒരു ആഗോള ബഹിരാകാശ കമ്പനി ഉണ്ടാവുകയും ചെയ്താല്‍ അത് രാജ്യത്തിനാകെ അഭിമാനകരമാകും.

സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്ത് അനന്തമായ സാധ്യതകള്‍ ഉണ്ട്. എന്നാല്‍ പരിമിതമായ പരിശ്രമം കൊണ്ട് ഇത് ഒരിക്കലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല. ബഹിരാകാശ മേഖലയിലെ ഈ പരിഷ്‌കരണ പ്രക്രിയ തടസ്സമില്ലാതെ തുടരുമെന്ന് ശാസ്ത്രത്തോട് ആഭിമുഖ്യവും അപകടസാധ്യത നേരിടാന്‍ കരുത്തുള്ളതുമായ യുവാക്കള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു. സ്വകാര്യമേഖലയുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും ബിസിനസ് സാധ്യതകള്‍ വിലയിരുത്താനും ശക്തമായ സംവിധാനം നിലവിലുണ്ട്. സ്വകാര്യമേഖലയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഏകജാലക സ്വതന്ത്ര നോഡല്‍ ഏജന്‍സിയായി ഇന്‍ സ്‌പേസ് പ്രവര്‍ത്തിക്കും. ഗവണ്‍മെന്റ് കമ്പനികള്‍, ബഹിരാകാശ വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയുമായി യോജിച്ച് പുതിയ ഇന്ത്യന്‍ ബഹിരാകാശ നയത്തിനായി ഇന്ത്യയും പ്രവര്‍ത്തിക്കുന്നു. ബഹിരാകാശ മേഖലയില്‍ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള ഒരു നയവും ഞങ്ങള്‍ ഉടന്‍ കൊണ്ടുവരാന്‍ പോകുന്നു.

സുഹൃത്തുക്കളെ,
മാനവികതയുടെ ഭാവിക്കും അതിന്റെ വികസനത്തിനും ഭാവിയില്‍ ഏറ്റവും ഫലപ്രദമാകാന്‍ പോകുന്ന രണ്ട് മേഖലകളുണ്ട്. എത്രയും വേഗം നമ്മള്‍ അത് പര്യവേക്ഷണം ചെയ്യുന്നുവോ അത്രയും കാലതാമസം കൂടാതെ ഈ ആഗോള മത്സരത്തില്‍ നമുക്ക് മുന്നോട്ട് പോകാം. നമുക്ക് സാഹചര്യങ്ങളെ നയിക്കാനും നിയന്ത്രിക്കാനും കഴിയും. ആ രണ്ട് മേഖലകള്‍ ബഹിരാകാശവും കടലുമാണ്. ഇവ ഒരു വലിയ ശക്തിയായി മാറാന്‍ പോകുകയാണ്. ഇന്ന് നയങ്ങളിലൂടെ അവയെ അഭിസംബോധന ചെയ്യാനും രാജ്യത്തെ യുവാക്കളെ അതില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കാനും ഞങ്ങള്‍ ശ്രമിക്കുന്നു. നമ്മുടെ യുവാക്കളുടെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെ, ബഹിരാകാശത്തോടുള്ള ജിജ്ഞാസ ഇന്ത്യയുടെ ബഹിരാകാശ വ്യവസായത്തിന്റെ വികസനത്തിന് വലിയ ശക്തിയാണ്. രാജ്യത്ത് നിര്‍മ്മിച്ച ആയിരക്കണക്കിന് അടല്‍ ടിങ്കറിംഗ് ലാബുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ബഹിരാകാശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടര്‍ച്ചയായി പരിചയപ്പെടുകയും പുതുക്കുകയും ചെയ്യുന്നതിന് അവസരമൊരുക്കാനാണു ഞങ്ങളുടെ ശ്രമം. സ്‌കൂളുകളോടും കോളേജുകളോടും ബഹിരാകാശവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സ്ഥാപനങ്ങളെയും കമ്പനികളെയും കുറിച്ച് വിദ്യാര്‍ത്ഥികളെ അറിയിക്കാനും ഈ ലാബുകള്‍ സന്ദര്‍ശിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ മേഖലയില്‍ യോജിക്കുന്ന ഇന്ത്യന്‍ സ്വകാര്യ കമ്പനികളുടെ എണ്ണവും അവര്‍ക്കു സഹായകമാകും. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ ഈ ഉത്തരവാദിത്തം എനിക്ക് ലഭിക്കുന്നതിന് മുമ്പ് ഒരു ഉപഗ്രഹ വിക്ഷേപണ വേളയില്‍ ഞങ്ങളെപ്പോലുള്ള 12-15 നേതാക്കളെ വിഐപികളെപ്പോലെ ക്ഷണിക്കുകയും മറ്റുള്ളവര്‍ക്ക് പ്രവേശനം നല്‍കാതിരിക്കുകയും ചെയ്യുന്ന ഒരു സംവിധാനം നിലവിലുണ്ടായിരുന്നു. എന്നാല്‍ എന്റെ ചിന്ത വ്യത്യസ്തമാണ്; എന്റെ പ്രവര്‍ത്തന രീതി വ്യത്യസ്തമാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ ആദ്യമായി അവിടെ ചെന്നപ്പോള്‍ ഞാനൊരു തീരുമാനമെടുത്തു. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പ്പര്യവും ജിജ്ഞാസയും ഉണ്ടെന്ന് ഞങ്ങള്‍ ശ്രദ്ധിച്ചു. അതിനാല്‍, ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ശ്രീഹരിക്കോട്ടയില്‍ ഞങ്ങള്‍ ഒരു വ്യൂ ഗാലറി ഉണ്ടാക്കി. ഏതൊരു പൗരനും ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കും നടപടിക്രമങ്ങള്‍ കാണാന്‍ കഴിയും. അതിന് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. 10,000 പേര്‍ക്ക് ഉപഗ്രഹ വിക്ഷേപണം വീക്ഷിക്കാവുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇത് ചെറുതാണെന്ന് തോന്നുമെങ്കിലും ഇന്ത്യയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

സുഹൃത്തുക്കളെ,
ഇന്‍ സ്‌പേസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കുകയാണ്. വിവിധ മേഖലകളില്‍ ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള വലിയ സ്ഥാപനങ്ങളുടെ കേന്ദ്രമായി ഗുജറാത്ത് മാറുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ സംരംഭത്തിന് ക്രിയാത്മകമായ നയങ്ങള്‍ പിന്‍തുടരുന്നതിനെ പിന്തുണച്ചതിന് ഭൂപേന്ദ്രഭായിയോടും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനോടും ഗുജറാത്ത് ഗവണ്‍മെന്റിലെ നമ്മുടെ എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ട്രഡീഷണല്‍ മെഡിസിന്‍ ജാംനഗറില്‍ ആരംഭിച്ചു. നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റി, നാഷണല്‍ ലോ യൂണിവേഴ്സിറ്റി, പണ്ഡിറ്റ് ദീന്‍ദയാല്‍ എനര്‍ജി യൂണിവേഴ്സിറ്റി, നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി, നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍, ചില്‍ഡ്രന്‍സ് യൂണിവേഴ്സിറ്റി എന്നിങ്ങനെ നിരവധി ദേശീയ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ഭാസ്‌കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് ആപ്ലിക്കേഷന്‍സ് ആന്‍ഡ് ജിയോ ഇന്‍ഫോര്‍മാറ്റിക്സ്, അതായത് ബിസാഗ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കും പ്രചോദനമായി. ഇപ്പോള്‍ ഇന്‍-സ്‌പെയ്‌സ് ഈ വലിയ സ്ഥാപനങ്ങള്‍ക്കൊപ്പം ഈ സ്ഥലത്തിന്റെ സവിശേഷതയും വര്‍ദ്ധിപ്പിക്കും. രാജ്യത്തെ യുവാക്കളോട്, പ്രത്യേകിച്ച് ഗുജറാത്തിലെ യുവാക്കളോട്, ഈ മികച്ച ഇന്ത്യന്‍ സ്ഥാപനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സജീവമായ പങ്ക് കൊണ്ട് ബഹിരാകാശ മേഖലയില്‍ ഇന്ത്യ പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒപ്പം, ഈ നല്ല അവസരത്തില്‍, ആവേശത്തോടെ പങ്കെടുത്ത സ്വകാര്യ മേഖലയെയും പുതിയ ആവേശവും പ്രമേയങ്ങളുമായി മുന്നോട്ടു വന്ന യുവജനങ്ങളേയും ഞാന്‍ അഭിനന്ദിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. എല്ലാ ശാസ്ത്രജ്ഞര്‍ക്കും ഐഎസ്ആര്‍ഒയുടെ മുഴുവന്‍ ടീമിനും ഞാന്‍ ആശംസകള്‍ നേരുന്നു. ഗോയങ്ക സ്വകാര്യ മേഖലയില്‍ വളരെ വിജയിച്ച വ്യക്തിത്വമാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്‍-സ്‌പേസ് നമ്മുടെ സ്വപ്നങ്ങള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നിറവേറ്റുന്നതില്‍ മുന്നേറുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഈ പ്രതീക്ഷകളോടൊപ്പം, നിരവധി ആശംസകള്‍ക്കൊപ്പം, ഞാന്‍ നിങ്ങള്‍ക്ക് വളരെയധികം നന്ദി രേഖപ്പെടുത്തുന്നു!

--ND--
 


(Release ID: 1833373) Visitor Counter : 191