രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav g20-india-2023

വനിതാ നിയമസഭാ സാമാജികരുടെ ദേശീയ സമ്മേളനം - 2022 രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

Posted On: 26 MAY 2022 2:06PM by PIB Thiruvananthpuram

വനിതാ നിയമസഭാ സാമാജികരുടെ ദേശീയ സമ്മേളനം - 2022 രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ഇന്ന് (മെയ് 26, 2022) തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി കേരള നിയമസഭയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാന്‍ രാജ്യം ഒരുങ്ങുമ്പോള്‍ ദേശീയ വനിതാ നിയമസഭാംഗങ്ങളുടെ സമ്മേളനം നടത്തുന്നത് ഉചിതമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു രാഷ്ട്രപതി പറഞ്ഞു. 'ആസാദി കാ അമൃത് മഹോത്സവ'ത്തിന് കീഴില്‍ നാം ഒരു വര്‍ഷത്തിലേറെയായി അനുസ്മരണ പരിപാടികള്‍ നടത്തുന്നു. വിവിധ ചടങ്ങുകളിലെ ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തം പോയകാലവുമായി ബന്ധപ്പെടാനും നമ്മുടെ റിപ്പബ്ലിക്കിന്റെ അടിത്തറ സ്വയം കണ്ടെത്താനുമുള്ള അവരുടെ അഭിനിവേശത്തെയാണു വെളിവാക്കുന്നത്.

നമ്മുടെ സ്വാതന്ത്ര്യ സമരേതിഹാസത്തില്‍ സ്ത്രീകള്‍ സുപ്രധാന പങ്ക് വഹിച്ചുവെന്ന് രാഷ്ട്രപതി പറഞ്ഞു. കോളനിവാഴ്ചയുടെ ചൂഷണച്ചങ്ങലകളില്‍ നിന്ന് മോചനം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ദീര്‍ഘകാലം മുമ്പേ തുടക്കം കുറിച്ചിരുന്നു. 1857, അതിന്റെ ആദ്യകാല ആവിഷ്‌കാരങ്ങളിലൊന്നായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പോലും, എതിര്‍ചേരിയില്‍ പുരുഷന്മാര്‍ മാത്രമുണ്ടായിരുന്നപ്പോള്‍, ഇന്ത്യയുടെ പക്ഷത്ത് ധാരാളം വനിതകള്‍ ഉള്‍പ്പെട്ടിരുന്നു. റാണി ലക്ഷ്മിഭായിയായിരുന്നു അവരില്‍ ഏറ്റവും ശ്രദ്ധേയയായത്. എന്നാല്‍ അവരെപ്പോലെ അനീതി നിറഞ്ഞ ഭരണത്തിനെതിരെ ധീരമായി പോരാടിയ നിരവധി പേര്‍ ഉണ്ടായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം മുതല്‍ ക്വിറ്റ് ഇന്ത്യ വരെ ഗാന്ധിജി നയിച്ച നിരവധി സത്യഗ്രഹ കാമ്പെയ്‌നുകളില്‍ സ്ത്രീകളുടെ വ്യാപകമായ പങ്കാളിത്തമുണ്ടായിരുന്നു. ആദ്യത്തെ സ്ത്രീ സത്യഗ്രഹികളില്‍ കസ്തൂര്‍ബയും ഉള്‍പ്പെട്ടിരുന്നു. ഗാന്ധിജിയെ അറസ്റ്റ് ചെയ്തപ്പോള്‍, ഉപ്പുകുറുക്കാന്‍ ദണ്ഡിയിലേക്കു നടത്തിയ യാത്രയില്‍ സരോജിനി നായിഡുവിന് നേതൃസ്ഥാനം കൈമാറാനാണ് അദ്ദേഹം തീരുമാനിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ വനിതകളില്‍ ഒരാള്‍ കമലാദേവി ചതോപാധ്യായയാണ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ മാഡം ഭിക്കാജി കാമയുടെയും ക്യാപ്റ്റന്‍ ലക്ഷ്മി സേഗാളിന്റെയും സഹപ്രവര്‍ത്തകരുടെയും വീരത്യാഗങ്ങളും അദ്ദേഹം അനുസ്മരിച്ചു. നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെ സ്ത്രീ പങ്കാളിത്തത്തിന്റെ ഉദാഹരണങ്ങള്‍ പറഞ്ഞു തുടങ്ങിയാല്‍ പ്രചോദനമേകുന്ന നിരവധി പേരുകളാണ് ഓര്‍മ്മയില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. അവയില്‍ ചിലതു മാത്രമേ ഒരാള്‍ക്കു പരാമര്‍ശിക്കാന്‍ കഴിയൂ.

പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും, വ്യത്യാസമേതുമില്ലാതെ, സാര്‍വത്രിക വോട്ടവകാശം ഉറപ്പാക്കുന്ന ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച് തുടക്കത്തില്‍ പറഞ്ഞ രാഷ്ട്രപതി, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആധുനിക ജനാധിപത്യ രാജ്യമായ അമേരിക്കയിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം നേടിയെടുക്കാന്‍ സ്വാതന്ത്ര്യത്തിനുശേഷം ഒരു നൂറ്റാണ്ടിലേറെ കാത്തിരിക്കേണ്ടി വന്നുവെന്നും ചൂണ്ടിക്കാട്ടി. യുണൈറ്റഡ് കിംഗ്ഡത്തിലെ സഹോദരിമാരും ഇതിനായി ഏറെനാള്‍ കാത്തിരുന്നു. അതിനുശേഷവും യൂറോപ്പിലെ സാമ്പത്തികമായി മുന്നേറിയ പല രാജ്യങ്ങളും സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍, ഇന്ത്യയില്‍ പുരുഷന്മാര്‍ വോട്ട് ചെയ്യുകയും സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്ത ഒരു കാലവും ഉണ്ടായിരുന്നില്ല. ഇത് രണ്ടു കാര്യങ്ങളാണ് എന്റെ മനസ്സിലേക്കു കൊണ്ടുവരുന്നത്. ഒന്നാമതായി, ഭരണഘടനാ ശില്‍പ്പികള്‍ക്ക് ജനാധിപത്യത്തിലും ബഹുജനങ്ങളുടെ ജ്ഞാനത്തിലും അഗാധമായ വിശ്വാസമുണ്ടായിരുന്നു. അവര്‍ ഓരോ പൗരനെയും സ്ത്രീയെന്നോ, ജാതിയിലെയോ ഗിരിവര്‍ഗങ്ങളിലെയോ അംഗമെന്നോ വേര്‍തിരിച്ചു കാണാതെ, പൗരനായിത്തന്നെ കണക്കാക്കി. മാത്രമല്ല, നമ്മുടെ പൊതുഭാഗധേയം രൂപപ്പെടുത്തുന്നതില്‍ ഓരോരുത്തര്‍ക്കും തുല്യമായ അഭിപ്രായമുണ്ടെന്ന് അവര്‍ കണക്കുകൂട്ടി. രണ്ടാമതായി, പുരാതനകാലം മുതല്‍, ഈ ഭൂമി സ്ത്രീയെയും പുരുഷനെയും തുല്യരായി കാണുന്നു - അവരൊന്നിച്ചല്ലെങ്കില്‍ തീര്‍ച്ചയായും അവര്‍ അപൂര്‍ണരാണ്.

ഒന്നിനു പുറകെ ഒന്നായി വിവിധ മേഖലകളില്‍ സ്ത്രീകള്‍ നിലവിലെ പ്രതിബന്ധങ്ങള്‍ മറികടക്കുകയാണെന്നു രാഷ്ട്രപതി പറഞ്ഞു. സായുധസേനയിലെ അവരുടെ വര്‍ധിച്ച പങ്കാളിത്തമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. 'സ്റ്റെം' (STEMM) എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന, ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനിയറിങ്, ഗണിതശാസ്ത്രം, നിര്‍വഹണം തുടങ്ങിയ പരമ്പരാഗത പുരുഷാധിപത്യ മേഖലകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പ്രതിസന്ധിയുടെ ആ മാസങ്ങളില്‍ രാഷ്ട്രത്തിന് കാവല്‍ നിന്ന കൊറോണ യോദ്ധാക്കളില്‍ സ്ത്രീകളാകും പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നത്.  ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തില്‍ കേരളം എല്ലായ്പ്പോഴും അതിന്റെ ന്യായമായ വിഹിതത്തേക്കാള്‍ കൂടുതല്‍ സംഭാവന ചെയ്തിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഈ സംസ്ഥാനത്തെ സ്ത്രീകള്‍ നിസ്വാര്‍ത്ഥമായ പരിചരണത്തിന്റെ ഒരു മാതൃകയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് ഇത്തരം നേട്ടങ്ങള്‍ സ്വാഭാവികമാകേണ്ടതായിരുന്നുവെന്നു രാഷ്ട്രപതി പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ അത് അങ്ങനെയായിരുന്നില്ല. ആഴത്തില്‍ വേരൂന്നിയ സാമൂഹിക മുന്‍വിധികള്‍ അവര്‍ അനുഭവിച്ചിട്ടുണ്ടെന്ന സത്യം നാം മനസ്സിലാക്കണം. തൊഴില്‍ ശക്തിയിലെ അവരുടെ അനുപാതം അവരുടെ കഴിവിന് അടുത്തെങ്ങുമില്ല. ഈ ദുഃഖകരമായ അവസ്ഥ തീര്‍ച്ചയായും ലോകമെമ്പാടുമുള്ള ഒരു പ്രതിഭാസമാണ്. പല രാജ്യങ്ങള്‍ക്കും അവരുടെ ആദ്യ വനിതാ ഭരണാധികാരി ഇതുവരെ ഉണ്ടാകാതിരിക്കുമ്പോള്‍, ഇന്ത്യയ്ക്ക് കുറഞ്ഞത് ഒരു വനിതാ പ്രധാനമന്ത്രിയെങ്കിലും ഉണ്ടായിട്ടുണ്ട്. മാത്രമല്ല, രാഷ്ട്രപതിഭവനിലെ എന്റെ മുന്‍ഗാമികളിലും ഒരു വനിതയുണ്ടായിരുന്നു. ആഗോളസാഹചര്യത്തില്‍ ഈ വിഷയം അവതരിപ്പിക്കുന്നത്, ചിന്താഗതി മാറ്റുക എന്നതാണു നമ്മുടെ മുന്നിലുള്ള വെല്ലുവിളി എന്നു തിരിച്ചറിയാന്‍ സഹായിക്കുന്നു; ഒരിക്കലും എളുപ്പമല്ലാത്ത ഒരു ദൗത്യമാണത്. അതിന് അപാരമായ ക്ഷമയും സമയവും ആവശ്യമാണ്. സ്വാതന്ത്ര്യസമരം ഇന്ത്യയില്‍ ലിംഗസമത്വത്തിന് ശക്തമായ അടിത്തറയിട്ടുവെന്നും ഒരു മികച്ച തുടക്കമിടാന്‍ നമുക്കായെന്നും നാം ഇതിനകം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും നമുക്ക് തീര്‍ച്ചയായും ആശ്വസിക്കാം.

മനോഭാവം  ഇതിനകം മാറിക്കൊണ്ടിരിക്കുകയാണെന്നും മൂന്നാം ലിംഗം, മറ്റു ലിംഗസ്വത്വങ്ങള്‍ എന്നിവയുള്‍പ്പെടെ, ലിംഗാവബോധത്തിലും അതിവേഗം പുരോഗതിയുണ്ടാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പോലുള്ള കേന്ദ്രീകൃത സംരംഭങ്ങളിലൂടെ ഈ പ്രവണതയ്ക്ക് ആക്കം കൂട്ടാന്‍ ഗവണ്‍മെന്റ് പരമാവധി ശ്രമിക്കുന്നുണ്ട്. സ്ത്രീകളുടെ പുരോഗതിയുടെ പാതയിലെ തടസ്സങ്ങള്‍ നീക്കുന്ന കേരള സംസ്ഥാനവും, പതിറ്റാണ്ടുകളായി ഒരുജ്ജ്വല മാതൃകയാണെന്നു രാഷ്ട്രപതി പറഞ്ഞു. ജനസംഖ്യയിലെ ഉയര്‍ന്ന തോതിലുള്ള സംവേദനക്ഷമതയുടെ ഫലമായി ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ സ്ത്രീകളെ അവരുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനു സഹായിക്കാന്‍ സംസ്ഥാനം പുതിയ പാതകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. നീതിപീഠത്തിന്റെ ഉന്നത പദവിയിലെത്തിയ ആദ്യ വനിതയായ ജസ്റ്റിസ് എം. ഫാത്തിമ ബീവിയെ ഇന്ത്യക്ക് സമ്മാനിച്ച നാടാണിത്. വനിതാ നിയമസഭാംഗങ്ങളുടെ ദേശീയ സമ്മേളനത്തിന് കേരളം ആതിഥേയത്വം വഹിക്കുന്നു എന്നത് ഉചിതമായ കാര്യമാണ്. 'ജനാധിപത്യത്തിന്റെ ശക്തി'ക്കു കീഴിലുള്ള ഈ ദേശീയ സമ്മേളനം വന്‍ വിജയമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സമ്മേളനം സംഘടിപ്പിച്ച കേരള നിയമസഭയെയും സെക്രട്ടറിയറ്റിനെയും രാഷ്ട്രപതി അഭിനന്ദിച്ചു.

--ND--

Please click here to see the President's Address. 

 (Release ID: 1828483) Visitor Counter : 1397