ആഭ്യന്തരകാര്യ മന്ത്രാലയം

പത്മ പുരസ്കാരങ്ങൾ-2023-നുള്ള നാമനിർദ്ദേശങ്ങൾ 2022 സെപ്റ്റംബർ 15 വരെ സമർപ്പിക്കാം

Posted On: 05 MAY 2022 3:26PM by PIB Thiruvananthpuram

2023-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനായി 2022 മെയ് 1 മുതൽ സമർപ്പിക്കാം. നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 15 ആണ്. പത്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനിൽ പത്മ അവാർഡ് പോർട്ടൽ https://awards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

പത്മ അവാർഡുകൾ “ജനങ്ങളുടെ പത്മ” ആക്കി മാറ്റാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. അതിനാൽ എല്ലാ പൗരന്മാരും സ്വയം-നാമനിർദ്ദേശങ്ങൾ ഉൾപ്പെടെ നാമനിർദ്ദേശങ്ങൾ/ശുപാർശകൾ നൽകാൻ അഭ്യർത്ഥിക്കുന്നു.

പത്മ വിഭുഷൻ, പത്മഭൂഷൻ, പത്മശ്രീ എന്നീ പത്മപുരസ്കാരങ്ങൾ, രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളിൽ ഒന്നാണ്. ‘വിശിഷ്ട  പ്രവർത്തനം’ അംഗീകരിക്കുന്നതിനും ഒപ്പം എല്ലാ മേഖലകളിലെയും രംഗങ്ങളിലെയും ശ്രേഷ്ഠവും അസാധാരണവുമായ നേട്ടങ്ങൾ/സേവനങ്ങൾ പരിഗണിച്ചും ആണ് ഈ പുരസ്കാരങ്ങൾ നൽകുന്നത്. വംശം, തൊഴിൽ, സ്ഥാനം, ലിംഗഭേദം എന്നിവ ഇല്ലാതെ എല്ലാ വ്യക്തികളും ഈ അവാർഡിന് അർഹരാണ്. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരൊഴികെ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലിചെയ്യുന്ന ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

സ്ത്രീകൾ, 
സമൂഹത്തിൽ ദുർബലരായവർ, പട്ടികജാതി-പട്ടികവർഗ വിഭാഗം, ദിവ്യാങ് വ്യക്തികൾ കൂടാതെ സമൂഹത്തിന് നിസ്വാർത്ഥ സേവനം ചെയ്യുന്നവർ എന്നീ വിഭാഗങ്ങളിൽ നിന്ന് മികവും നേട്ടങ്ങളും ശരിക്കും അംഗീകരിക്കപ്പെടാൻ അർഹതയുള്ള പ്രതിഭകളെ തിരിച്ചറിയാൻ എല്ലാ കേന്ദ്ര മന്ത്രാലയങ്ങളും/വകുപ്പുകളും, സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ ഗവൺമെൻറ്റുകളും, ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് എക്സലൻസ്, ഭാരത് രത്ന/പത്മ വിഭുഷൻ ജേതാക്കൾ തുടങ്ങി എല്ലാവരും സമഗ്രമായ ശ്രമങ്ങൾ നടത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
 

മേൽപ്പറഞ്ഞ പത്മ പോർട്ടലിൽ ലഭ്യമായ ഫോർമാറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നാമനിർദ്ദേശങ്ങളിൽ/ശുപാർശകളിൽ അടങ്ങിയിരിക്കണം. കൂടാതെ, ശുപാർശ ചെയ്തിട്ടുള്ള വ്യക്തിയുടെ അതത് മേഖലയിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ/സേവനം വ്യക്തമായി വിശദമാക്കുന്ന പരമാവധി 800 വാക്കിലുള്ള ഒരു വിവരണവും ഉൾപ്പെടുത്തണം.
 

ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ (https://mha.gov.in) 'അവാർഡുകളും മെഡലുകളും' എന്ന ശീർഷകത്തിൽ ലഭ്യമാണ്. https://padmaawards.gov.in എന്ന പത്മ അവാർഡ് പോർട്ടലിലും വിവരങ്ങൾ ലഭ്യമാണ്.

ഈ അവാർഡുകളുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കിൽ ലഭ്യമാണ്.



(Release ID: 1822955) Visitor Counter : 255