പ്രധാനമന്ത്രിയുടെ ഓഫീസ്‌

സംയുക്ത പ്രസ്താവന : ആറാമത്തെ ഇന്ത്യ-ജര്‍മ്മനി ഗവണ്‍മെന്റുതല ചര്‍ച്ചകള്‍

Posted On: 02 MAY 2022 8:09PM by PIB Thiruvananthpuram

1. ഇന്ന് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെയും റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെയും ഗവണ്‍മെന്റുകള്‍, ഫെഡറല്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും അധ്യക്ഷതയില്‍ ആറാം വട്ട ഗവണ്‍മെന്റുതല ചര്‍ച്ചകള്‍ നടത്തി. ഇരു നേതാക്കളെ കൂടാതെ, രണ്ട് പ്രതിനിധി സംഘങ്ങളിലും മന്ത്രിമാരും അനുബന്ധത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മന്ത്രാലയ പ്രതിനിധികളും ഉള്‍പ്പെടുന്നു.

2. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ജര്‍മനിയും ഇന്ത്യയും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തിലും ഇരു രാജ്യങ്ങളിലെയും ജനങ്ങളെ സേവിക്കുന്നതിനുള്ള സംയുക്ത താല്‍പ്പര്യങ്ങളിലും ജനാധിപത്യവും നിയമവാഴ്ചയും മനുഷ്യാവകാശങ്ങളും സംബന്ധിച്ച പൊതു മൂല്യങ്ങളിലും അടിയുറച്ചതാണ്. ആഗോള വെല്ലുവിളികളോടുള്ള ബഹുമുഖ പ്രതികരണങ്ങളില്‍ ഊന്നിയുള്ളതുമാണ് അത്.  

3. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും മേഖലാതല സമഗ്രതയെയും മാനിക്കുന്നതുള്‍പ്പെടെ, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറില്‍ പ്രതിപാദിച്ചിരിക്കുന്ന അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയുമായുള്ള ഫലപ്രദമായ നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമത്തിന്റെ പ്രാധാന്യത്തിനും രണ്ട് ഗവണ്‍മെന്റുകളും പ്രാധാന്യം കല്‍പിച്ചു. നിലവിലുള്ളതും ഭാവിയിലുള്ളതുമായ വെല്ലുവിളികളെ നേരിടാനും ആഗോളതലത്തില്‍ സമാധാനവും സുസ്ഥിരതയും സംരക്ഷിക്കാനും അന്താരാഷ്ട്ര നിയമം ശക്തിപ്പെടുത്താനും സംഘട്ടനങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാനങ്ങളുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാനും ബഹുമുഖവാദത്തെ ശക്തിപ്പെടുത്താനും പരിഷ്‌കരിക്കാനുമുള്ള തങ്ങളുടെ ഗവണ്‍മെന്റുകളുടെ ദൃഢനിശ്ചയം അവര്‍ വീണ്ടും ആവര്‍ത്തിച്ചു.

4. ഭൂമിയെ സംരക്ഷിക്കുന്ന കോവിഡ്-19 മഹാമാരിയില്‍ നിന്നുള്ള സാമ്പത്തിക വീണ്ടെടുക്കലിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ഉയര്‍ത്തിക്കാട്ടി. ആഗോള ശരാശരി താപനിലയിലെ വര്‍ദ്ധനവ് വ്യാവസായിക നിരക്കിനെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസിനു താഴെയായി പിടിച്ചുനിര്‍ത്താനും താപനില വര്‍ദ്ധന വ്യാവസായിക നിരക്കിനു മുമ്പുള്ളതില്‍നിന്ന് 1.5 ഡിഗ്രിയിലേക്ക് പരിമിതപ്പെടുത്താനും ശ്രമിക്കുന്നു. പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിലേക്കുള്ള നീതിപൂര്‍വകമായ പരിവര്‍ത്തനത്തെ ആധാരമാക്കിയാണ് ഇത്. ഇരു രാജ്യങ്ങളും പാരീസ് ഉടമ്പടി പ്രകാരം സുസ്ഥിര വികസനത്തിനായുള്ള അജണ്ട 2030നും ദേശീയ പ്രതിബദ്ധതയ്ക്കും അനുസൃതമായി സാമ്പത്തിക വീണ്ടെടുക്കല്‍ കൂടുതല്‍ നാശരഹിതവും പാരിസ്ഥിതികമായി സുസ്ഥിരവും കാലാവസ്ഥാ സൗഹൃദപരവുമാക്കി എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഭാവി കെട്ടിപ്പടുക്കണമെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.

പൊതു മൂല്യങ്ങളുടെയും പ്രാദേശിക, ബഹുമുഖ താല്‍പ്പര്യങ്ങളുടെയും പങ്കാളിത്തം

5. ഐക്യരാഷ്ട്രസഭ കേന്ദ്രസ്ഥാനത്തു തുടരുന്ന അന്തര്‍ദേശീയ നിയമാധിഷ്ഠിത ക്രമവും അന്തര്‍ദേശീയ നിയമങ്ങളോടുള്ള ആദരവും പ്രധാനമാണെന്ന ഉറച്ച ബോധ്യത്തോടെ ജര്‍മനിയും ഇന്ത്യയും ഫലപ്രദവും പരിഷ്‌കരിച്ചതുമായ ബഹുമുഖത്വത്തിന്റെ പ്രാധാന്യത്തിന് അടിവരയിട്ടു. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം, ആഗോള ഭക്ഷ്യസുരക്ഷ, തെറ്റായ വിവരങ്ങള്‍ പോലെ ജനാധിപത്യത്തിനെതിരായ ഭീഷണികള്‍, അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍, പ്രതിസന്ധികള്‍, അന്താരാഷ്ട്ര ഭീകരത തുടങ്ങിയ ആഗോള വെല്ലുവിളികളുടെ വെളിച്ചത്തില്‍ ബഹുരാഷ്ട്ര വ്യവസ്ഥയെ പരിഷ്‌കരിക്കാനുള്ള ആഹ്വാനം അവര്‍ പുതുക്കി. 'ഗ്രൂപ്പ് ഓഫ് ഫോറി'ലെ ദീര്‍ഘകാല അംഗങ്ങള്‍ എന്ന നിലയില്‍, യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ ഈ ആവശ്യത്തിന് അനുയോജ്യമാക്കുന്നതിനും സമകാലിക യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിനും കാലതാമസമുള്ള പരിഷ്‌കരണത്തിന് ഉത്തേജനം നല്‍കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ ഇരു ഗവണ്‍മെന്റുകളും പ്രതിജ്ഞാബദ്ധമാണ്. പ്രസക്തമായ തിരഞ്ഞെടുപ്പുകളില്‍ പരസ്പരം പിന്തുണയ്ക്കുന്നതിന് അടിവരയിടുന്നു. ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ ഉടനെയുള്ള പ്രവേശനത്തിന് ജര്‍മ്മനി ഉറച്ച പിന്തുണ ആവര്‍ത്തിച്ചു.

6. ആസിയാന്‍ കേന്ദ്രീകൃതമെന്ന് അംഗീകരിച്ചുകൊണ്ട് സ്വതന്ത്രവും തുറന്നതും ഉള്‍ച്ചേര്‍ത്തുള്ളതുമായ ഒരു ഇന്തോ-പസഫിക്കിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ജര്‍മ്മന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഇന്തോ-പസഫിക്കിനായുള്ള നയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഇന്‍ഡോ-പസഫിക്കിലെ സഹകരണത്തിനുള്ള യൂറോപ്യന്‍ യൂണിയന്‍ തന്ത്രം, ഇന്ത്യ പ്രഖ്യാപിച്ച ഇന്തോ-പസഫിക് ഓഷ്യന്‍സ് ഇനിഷ്യേറ്റീവ് എന്നിവ അവര്‍ അംഗീകരിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലും ദക്ഷിണ ചൈനാ കടലിലും ഉള്‍പ്പെടെ എല്ലാ സമുദ്ര മേഖലകളിലും അന്താരാഷ്ട്ര നിയമം, പ്രത്യേകിച്ച് യുഎന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ദി ലോ ഓഫ് ദ സീ (യു.എന്‍.സി.എല്‍.ഒ.എസ്.) 1982 അനുസരിച്ച് തടസ്സമില്ലാത്ത വാണിജ്യത്തിന്റെയും സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യം ഇരുപക്ഷവും അടിവരയിട്ടു. ഇന്തോ-പസഫിക് മേഖലയുമായുള്ള ജര്‍മ്മനിയുടെ വളര്‍ന്നുവരുന്ന ഇടപഴകലിന്റെ ഒരു സുപ്രധാന നാഴികക്കല്ലെന്ന നിലയില്‍, 2022 ജനുവരിയില്‍ ജര്‍മ്മന്‍ നേവി ഫ്രിഗേറ്റ് 'ബയേണ്‍' മുംബൈയില്‍ നടത്തിയ തുറമുഖ സന്ദര്‍ശനത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു. അടുത്ത വര്‍ഷം ജര്‍മ്മന്‍ തുറമുഖത്തേക്കു സൗഹൃദ സന്ദര്‍ശനത്തിനായി ഒരു ഇന്ത്യന്‍ നാവിക കപ്പലിനെ സ്വാഗതം ചെയ്യാന്‍ ജര്‍മ്മനിയും സമ്മതിച്ചു.

7. ഇന്ത്യയും ജര്‍മ്മനിയും ഇന്ത്യയും ഇയുവും തമ്മിലുള്ള തന്ത്രപരമായ സഹകരണം പ്രത്യേകിച്ച് 2021 മെയ് മാസത്തില്‍ പോര്‍ട്ടോയില്‍ നടന്ന ഇന്ത്യ-ഇയു നേതാക്കളുടെ യോഗത്തിന് ശേഷം മെച്ചപ്പെട്ടതിനെ താല്‍പര്യപൂര്‍വം സ്വാഗതം ചെയ്യുന്നു. അത് കൂടുതല്‍ ശക്തിപ്പെടുത്താന്‍ സമ്മതിക്കുകയും ചെയ്തു. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ കണക്റ്റിവിറ്റി പങ്കാളിത്തം നടപ്പിലാക്കാന്‍ അവര്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുന്നു. ഇന്ത്യ-ഇയു ട്രേഡ് ആന്‍ഡ് ടെക്‌നോളജി കൗണ്‍സിലിന്റെ സമാരംഭത്തില്‍ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിച്ചു. ഇത് വ്യാപാരം, വിശ്വസനീയമായ സാങ്കേതികവിദ്യ, സുരക്ഷ എന്നീ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി അടുത്ത ഇടപഴകല്‍ പ്രോത്സാഹിപ്പിക്കുന്നു.

8. ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി-സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോഓപ്പറേഷന്‍ (ബിംസ്റ്റെക്) പോലെയുള്ള മേഖലാതല സംഘടനകളുമായും ജി 20 പോലുള്ള ബഹുമുഖ വേദികളുമായുള്ള സഹകരണത്തിന് ഇരുപക്ഷവും ഊന്നല്‍ നല്‍കി. ഇക്കാര്യത്തില്‍, 2023-ല്‍ ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിയിലെത്തുമ്പോള്‍ ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള അടുത്ത സഹകരണം പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ജി20 മുന്‍ഗണനകളുടെ അവതരണത്തെ ജര്‍മ്മനി സ്വാഗതം ചെയ്യുകയും പൊതുവായ ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതില്‍ ശക്തമായ ജി20 പ്രവര്‍ത്തനത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുകയും ചെയ്തു.

9. നിലവിലെ ജര്‍മ്മന്‍ ജി7 പ്രസിഡന്‍സി കാലത്ത് ജി7 ഉം ഇന്ത്യയും തമ്മില്‍ ഊര്‍ജ പരിവര്‍ത്തനത്തില്‍ ഉള്‍പ്പെടെ അടുത്ത സഹകരണം ഇരുപക്ഷവും അംഗീകരിച്ചു. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഊര്‍ജ നയങ്ങളുടെ അവസരങ്ങളും വെല്ലുവിളികളും, പുനരുപയോഗിക്കാവുന്നവയുടെ ദ്രുത വിന്യാസം, സുസ്ഥിര ഊര്‍ജത്തിലേക്കുള്ള പ്രവേശനം എന്നിവ പരിഹരിക്കുന്നതിന് ജര്‍മ്മനിയുടെ ജ7 അധ്യക്ഷതയിലും മറ്റ് ഗവണ്‍മെന്റുകളുമായു ചേര്‍ന്നും ഊര്‍ജ പരിവര്‍ത്തന പാതകള്‍ക്കായി ഒരു സംഭാഷണം യാഥാര്‍ഥ്യമാക്കാന്‍ അവര്‍ സമ്മതിച്ചു. കാലാവസ്ഥാ വ്യതിയാനത്തോടുള്ള ലഘൂകരണത്തെ അടിസ്ഥാനമാക്കിയുള്ള പൊരുത്തപ്പെടുത്തലും ഇതില്‍ ഉള്‍പ്പെടാം, പ്രത്യേകിച്ച് ഊര്‍ജ്ജ മേഖലയില്‍.

10. ഉക്രെയ്‌നിനെതിരെ റഷ്യന്‍ സേന നടത്തുന്ന നിയമവിരുദ്ധവും പ്രകോപനപരവുമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ജര്‍മ്മനി ആവര്‍ത്തിച്ചു.

ഉക്രെയ്നിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് ജര്‍മ്മനിയും ഇന്ത്യയും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഉക്രെയ്‌നിലെ സിവിലിയന്‍ മരണങ്ങളെ  അസന്ദിഗ്ധമായി അപലപിച്ചു. യുദ്ധം ഉടന്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത അവര്‍ ആവര്‍ത്തിച്ചു. സമകാലിക ആഗോള ക്രമം യുഎന്‍ ചാര്‍ട്ടര്‍, അന്താരാഷ്ട്ര നിയമം, പരമാധികാരത്തോടുള്ള ബഹുമാനം, രാജ്യങ്ങളുടെ മേഖലാതല സമഗ്രത എന്നിവയെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് അവര്‍ ഊന്നിപ്പറഞ്ഞു. ഉക്രെയ്‌നിലെ സംഘര്‍ഷത്തിന്റെ അസ്ഥിരപ്പെടുത്തുന്ന ഫലത്തെക്കുറിച്ചും അതിന്റെ വിശാലമായ പ്രാദേശിക, ആഗോള പ്രത്യാഘാതങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. വിഷയത്തില്‍ അടുത്തിടപഴകാന്‍ ഇരുപക്ഷവും സമ്മതിച്ചു.

11. അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള അക്രമങ്ങളുടെ പുനരുജ്ജീവനം, മനുഷ്യാവകാശങ്ങളുടെയും മൗലിക സ്വാതന്ത്ര്യങ്ങളുടെയും വ്യവസ്ഥാപരമായ ലംഘനങ്ങള്‍, പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസ പ്രവേശനം തടസ്സപ്പെടുത്തല്‍ എന്നിവയെക്കുറിച്ച് ഇരുപക്ഷവും തങ്ങളുടെ ഗൗരവമായ ഉത്കണ്ഠ പ്രകടിപ്പിച്ചു. സമാധാനപരവും സുരക്ഷിതവും സുസ്ഥിരവുമായ അഫ്ഗാനിസ്ഥാനുവേണ്ടിയുള്ള ശക്തമായ പിന്തുണ അവര്‍ ആവര്‍ത്തിച്ചു പറയുകയും അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കുന്നത് തുടരുമെന്ന് ഉറപ്പിക്കുകയും ചെയ്തു.

12. യുഎന്‍എസ്സി പ്രമേയം 2593(2021)ന്റെ പ്രാധാന്യം ഇരുപക്ഷവും വീണ്ടും ഉറപ്പിച്ചു, അത് അഫ്ഗാന്‍ പ്രദേശം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അഭയം നല്‍കുന്നതിനും പരിശീലനം നല്‍കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും ധനസഹായം നല്‍കുന്നതിനും ഉപയോഗിക്കരുതെന്ന് അസന്ദിഗ്ധമായി ആവശ്യപ്പെടുന്നു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെക്കുറിച്ച് അടുത്ത കൂടിയാലോചനകള്‍ തുടരാനും അവര്‍ സമ്മതിച്ചു.

13. രണ്ട് നേതാക്കളും മറ്റുള്ളവരെ തീവ്രവാദത്തിനായി ഏതെങ്കിലും വിധത്തില്‍ ഉപയോഗപ്പെടുത്തല്‍, അതിര്‍ത്തി കടന്നുള്ള ഭീകരത എന്നിവ ഉള്‍പ്പെടെ തീവ്രവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ശക്തമായി അപലപിച്ചു. ഭീകരരുടെ സുരക്ഷിത താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും വേരോടെ പിഴുതെറിയുന്നതിനും തീവ്രവാദ ശൃംഖലകളെ തകര്‍ക്കുന്നതിനും അന്താരാഷ്ട്ര മാനുഷിക നിയമം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ധനസഹായം നല്‍കുന്നതിനും അവര്‍ എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. യുനൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ (യുഎന്‍എസ്സി) 1267 ഉപരോധ സമിതി നിരോധിച്ച ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ എല്ലാ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെയും യോജിച്ച നടപടിയെടുക്കാന്‍ അവര്‍ പിന്നെയും ആവശ്യപ്പെട്ടു. തീവ്രവാദ ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കുമെതിരായ ഉപരോധങ്ങളെയും പദവികളെയും കുറിച്ചുള്ള വിവരങ്ങള്‍ തുടര്‍ച്ചയായി കൈമാറ്റം ചെയ്യുന്നതിനും തീവ്രവാദത്തെ ചെറുക്കുന്നതിനും തീവ്രവാദികളുടെ ഇന്റര്‍നെറ്റ് ഉപയോഗം, തീവ്രവാദികളുടെ അതിര്‍ത്തി കടന്നുള്ള സഞ്ചാരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനും ഇരുപക്ഷവും പ്രതിജ്ഞാബദ്ധമാണ്.

14. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധതയില്‍ അന്താരാഷ്ട്ര നിലവാരം ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യവും എഫ്എടിഎഫ് ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിനെതിരെയും ഇരു നേതാക്കളും ഊന്നിപ്പറയുന്നു.

15. ചര്‍ച്ചകളുടെ സമാപനത്തിനും പുനഃസ്ഥാപനത്തിനും സംയുക്ത സമഗ്ര കര്‍മ്മ പദ്ധതി പൂര്‍ണമായി നടപ്പിലാക്കുന്നതിനും ഇരു ഗവണ്‍മെന്റുകളും പിന്തുണ അറിയിച്ചു. ജര്‍മ്മനിയും ഇന്ത്യയും ഈ സന്ദര്‍ഭത്തില്‍ ഐ.എ.ഇ.എയുടെ പ്രധാന പങ്കിനെ അഭിനന്ദിക്കുന്നു.

 

16. സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, സുപ്രധാന വിവരങ്ങളുടെ കൈമാറ്റം സംബന്ധിച്ച കരാറില്‍ ചര്‍ച്ചകള്‍ക്കു തുടക്കമിടാന്‍ ഇരുപക്ഷവും സമ്മതിച്ചു. ആഗോള സുരക്ഷാവെല്ലുവിളികള്‍ സംയുക്തമായി നേരിടാന്‍ നയപരമായ പങ്കാളികള്‍ എന്ന നിലയില്‍ ഉഭയകക്ഷി സുരക്ഷയും പ്രതിരോധ സഹകരണവും കൂടുതല്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും അംഗീകരിച്ചു. സുരക്ഷാ, പ്രതിരോധ വിഷയങ്ങളില്‍ ഉഭയകക്ഷി വിനിമയം ശക്തമാക്കാനും ധാരണയായി. കൂടാതെ, യൂറോപ്യന്‍ യൂണിയന് കീഴിലും മറ്റ് പങ്കാളികള്‍ക്കൊപ്പവും ഗവേഷണങ്ങള്‍ക്കും കൂട്ടായ വികസന, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കരുത്തുപകരാന്‍ ഇരുപക്ഷവും സജീവമായി ശ്രമിക്കുന്നു. ഇക്കാര്യത്തില്‍, പതിവായി ഉഭയകക്ഷി സൈബര്‍ കൂടിയാലോചനകള്‍ തുടരാനും പ്രതിരോധ സാങ്കേതികവിദ്യ ഉപസമിതി (ഡിടിഎസ്ജി) യോഗം വീണ്ടും വിളിച്ചുചേര്‍ക്കാനും ഇരുപക്ഷവും സമ്മതിച്ചു. പ്രതിരോധ സാമഗ്രികള്‍ ഉള്‍പ്പെടെയുള്ളവയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നത സാങ്കേതിക ഇടപാടുകള്‍ മെച്ചപ്പെടുത്തുന്നതിന് രണ്ടു ഗവണ്‍മെന്റുകളും പിന്തുണ അറിയിച്ചു.

ഹരിത-സുസ്ഥിര വികസനത്തിനായുള്ള പങ്കാളിത്തം

17. ഗ്രഹസംരക്ഷണത്തിനായുള്ള തങ്ങളുടെ സംയുക്ത ഉത്തരവാദിത്വം ഇരു ഗവണ്‍മെന്റുകളും അംഗീകരിച്ചു. ആരെയും ഒഴിവാക്കാതെയുള്ള കൂട്ടായതും സുസ്ഥിരവും സമഗ്രവുമായ വളര്‍ച്ചയ്ക്കും ഇരുപക്ഷവും ധാരണയായി. സുസ്ഥിര വികസനത്തിനും കാലാവസ്ഥാ പ്രവര്‍ത്തനത്തിനുമുള്ള ഇന്ത്യ-ജര്‍മ്മനി സഹകരണം പാരീസ് ഉടമ്പടിക്കും എസ് ഡി ജികള്‍ക്കും കീഴിലുള്ള ഇന്ത്യയുടെയും ജര്‍മ്മനിയുടെയും പ്രതിബദ്ധതകളാല്‍ നയിക്കപ്പെടുന്നുവെന്ന് ഇരുനേതാക്കളും പറഞ്ഞു. ആഗോള ശരാശരി താപനിലയിലെ വര്‍ധന വ്യവസായപൂര്‍വതലത്തിനേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസിനു താഴെയായി പിടിച്ചുനിര്‍ത്താനുള്ള  ശ്രമങ്ങളും വ്യവസായപൂര്‍വതലത്തിനു മുമ്പുള്ള താപനിലയില്‍ നിന്ന് 1.5 ഡിഗ്രി സെല്‍ഷ്യസായി താപനില വര്‍ധന പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുകയാണ്. ഈ പ്രതിബദ്ധതകള്‍ നടപ്പിലാക്കുന്നത് വേഗത്തിലാക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍, ഹരിതവും സുസ്ഥിരവുമായ വികസനത്തിനായി ഇന്ത്യ-ജര്‍മ്മനി പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള സംയുക്ത പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഉഭയകക്ഷി, ത്രികക്ഷി, ബഹുമുഖ സഹകരണം ഗാഢമാക്കാനും പാരീസ് ഉടമ്പടിയും എസ് ഡി ജികളും നടപ്പിലാക്കുന്നതില്‍ ഇരുപക്ഷത്തിന്റെയും ശക്തമായ പ്രതിബദ്ധതയുമായി അതിനെ ബന്ധിപ്പിക്കാനും പങ്കാളിത്തം ലക്ഷ്യമിടുന്നു. 2030-ല്‍ ഗ്ലാസ്ഗോയിലെ സിഒപി26ല്‍ ഇന്ത്യയും ജര്‍മ്മനിയും പ്രഖ്യാപിച്ച എസ് ഡി ജികളുടെ സാക്ഷാത്കാരത്തിനുള്ള സമയക്രമവും ചില കാലാവസ്ഥാ ലക്ഷ്യങ്ങളും കണക്കിലെടുക്കുമ്പോള്‍, പരസ്പരം മനസ്സിലാക്കലുകള്‍ക്കും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈ പങ്കാളിത്തത്തിന് കീഴില്‍ 2030 വരെ കുറഞ്ഞത് 10 ബില്യണ്‍ യൂറോയുടെ പുതിയതും അധികവുമായ പ്രതിബദ്ധതകള്‍ എന്ന ദീര്‍ഘകാല ലക്ഷ്യത്തോടെ ഇന്ത്യയ്ക്കുള്ള സാമ്പത്തികവും സാങ്കേതികവുമായ സഹകരണവും മറ്റ് സഹായങ്ങളും ശക്തിപ്പെടുത്താന്‍ ജര്‍മ്മനി ഉദ്ദേശിക്കുന്നു. ഇത് കാലാവസ്ഥാ പ്രവര്‍ത്തനത്തിലും സുസ്ഥിര വികസന മേഖലയിലും അവരാഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ജര്‍മ്മന്‍-ഇന്ത്യന്‍ ഗവേഷണ-വികസനത്തെ (ആര്‍&ഡി) കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി കൂടുതല്‍ ധനസഹായം നേടുന്നതിനും സഹായിക്കും. നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രതിബദ്ധതകള്‍ വേഗത്തില്‍ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യയും ജര്‍മ്മനിയും ചൂണ്ടിക്കാട്ടി.

18. ഈ പങ്കാളിത്തത്തിന് ഉയര്‍ന്ന തലത്തിലുള്ള രാഷ്ട്രീയ ദിശാബോധം നല്‍കുന്ന ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷന്‍സിന്റെ (ഐജിസി) ചട്ടക്കൂടിനുള്ളില്‍ രണ്ടുവര്‍ഷത്തിലൊരിക്കലുള്ള മന്ത്രിതലസംവിധാനത്തിന് ഇരുപക്ഷവും സമ്മതിച്ചു. കാലാവസ്ഥാ പ്രവര്‍ത്തനം, സുസ്ഥിര വികസനം, ഊര്‍ജപരിവര്‍ത്തനം, വികസന സഹകരണം, ത്രികക്ഷി സഹകരണം എന്നീ മേഖലകളില്‍ നിലവിലുള്ള എല്ലാ ഉഭയകക്ഷി സംവിധാനങ്ങളും സംരംഭങ്ങളും കൂട്ടായ്മയ്ക്ക് സംഭാവന നല്‍കുകയും മന്ത്രിതല സംവിധാനത്തിന് ഇക്കാര്യത്തിലെ പുരോഗതി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും.

19. ഊര്‍ജപരിവര്‍ത്തനം, പുനരുപയോഗ ഊര്‍ജം, സുസ്ഥിര നഗരവികസനം, ഗ്രീന്‍ മൊബിലിറ്റി, ചാക്രിക സമ്പദ്വ്യവസ്ഥ, കാലാവസ്ഥാ പ്രവര്‍ത്തനം, കാലാവസ്ഥാ പ്രതിരോധവും പൊരുത്തപ്പെടുത്തലും, കാര്‍ഷിക-പാരിസ്ഥിതിക പരിവര്‍ത്തനം, സംരക്ഷണം, സുസ്ഥിരത തുടങ്ങിയ മുന്‍ഗണനാ മേഖലകളില്‍ സേവനം നല്‍കേണ്ടവ കണ്ടെത്തുന്നതിന് ഇരുപക്ഷവും യോജിച്ചു പ്രവര്‍ത്തിക്കും. ജൈവവൈവിധ്യത്തിന്റെ ഉപയോഗം, പരിസ്ഥിതി സംരക്ഷണം, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം, പങ്കാളിത്തത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള പുരോഗതി തുടങ്ങിയവയില്‍ പതിവായി ശ്രദ്ധ ചെലുത്തും.

20. ഹരിത-സുസ്ഥിര വികസനത്തിനായുള്ള ഇന്തോ-ജര്‍മ്മന്‍ പങ്കാളിത്തത്തിന്റെ ഭാഗമായി ഇനി പറയുന്ന കാര്യങ്ങളില്‍ ഇരുപക്ഷവും ധാരണയായി:

i. ഇന്തോ-ജര്‍മ്മന്‍ എനര്‍ജി ഫോറം (ഐ ജി ഇ എഫ്) പിന്തുണയ്ക്കുന്ന ഇന്തോ-ജര്‍മ്മന്‍ ഹരിത ഹൈഡ്രജന്‍ ദൗത്യസേന നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇന്തോ-ജര്‍മ്മന്‍ ഹരിത ഹൈഡ്രജന്‍ രൂപരേഖ വികസിപ്പിക്കും.

ii. നൂതന സൗരോര്‍ജ പദ്ധതികളിലും മറ്റു പുനരുപയോഗ സാധ്യതകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്തോ-ജര്‍മന്‍ പുനരുപയോഗ ഊര്‍ജ പങ്കാളിത്തം സ്ഥാപിക്കും. വൈദ്യുതി ഗ്രിഡുകള്‍, സംഭരണം, നീതിയുക്തമായ ഊര്‍ജപരിവര്‍ത്തനം സുഗമാക്കുന്നതിനുള്ള വിപണി രൂപകല്‍പന എന്നിവയ്ക്കായുള്ള അനുബന്ധ വെല്ലുവിളികള്‍ ഉള്‍പ്പെടെയാകും ഇത്. സോളാര്‍ സാങ്കേതികവിദ്യകള്‍ക്കായി വര്‍ത്തുള സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിനും ഈ പങ്കാളിത്തം സഹായിക്കും. ഉയര്‍ന്ന നിലവാരമുള്ള പ്രോജക്റ്റ് തയ്യാറാക്കലും ഫണ്ടുകളുടെ ലഭ്യതയും അനുസരിച്ച് 2020 മുതല്‍ 2025 വരെ 1 ബില്യണ്‍ യൂറോവരെയുള്ള ആനുകൂല്യ വായ്പകള്‍ ഉള്‍പ്പെടെ സാമ്പത്തികവും സാങ്കേതികവുമായ സഹകരണം നല്‍കാനുള്ള ആഗ്രഹം ജര്‍മ്മനി പ്രകടിപ്പിച്ചു.

iii. ഇന്ത്യയിലെ ഗ്രാമീണജനതയ്ക്കും ചെറുകിട കര്‍ഷകര്‍ക്കും പ്രയോജനപ്പെടുന്നതിന് 'കാര്‍ഷികശാസ്ത്രവും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര പരിപാലനവും' എന്ന വിഷയത്തില്‍ സഹകരണം സ്ഥാപിക്കും. വരുമാനം, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ പ്രതിരോധം, മെച്ചപ്പെട്ട മണ്ണ്, ജൈവവൈവിധ്യം, വനം പുനഃസ്ഥാപനം, ജലലഭ്യത എന്നിവയില്‍ ആഗോളതലത്തില്‍ ഇന്ത്യക്ക് പരിജ്ഞാനം ലഭിക്കുന്നതിന് ഇതു സഹായിക്കും. ഉയര്‍ന്ന നിലവാരമുള്ള പ്രോജക്റ്റ് തയ്യാറാക്കലും ഫണ്ടുകളുടെ ലഭ്യതയും അനുസരിച്ച് 2025 വരെ 300 ദശലക്ഷം യൂറോവരെയുള്ള ആനുകൂല്യ വായ്പകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സാങ്കേതിക സഹകരണം നല്‍കാനുള്ള ആഗ്രഹം ജര്‍മ്മനി പ്രകടിപ്പിച്ചു.

iv. ഹരിതോര്‍ജ ഇടനാഴികളിലെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തും. ഉദാ:- ലേ-ഹരിയാന ട്രാന്‍സ്മിഷന്‍ ലൈനും കാര്‍ബണ്‍ ന്യൂട്രല്‍ ലഡാക്ക് പദ്ധതിയും.

v. ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള ഒരു പ്രധാന നടപടിയായി ബോണ്‍ ചലഞ്ചിന് കീഴില്‍ വന ഭൂപ്രകൃതി പുനഃസ്ഥാപിക്കുന്നതിനുള്ള സഹകരണം വര്‍ധിപ്പിക്കും. കരുത്തുറ്റ രാഷ്ട്രീയ പങ്കാളിത്തത്തിനും സംവാദത്തിനുമുള്ള ചട്ടക്കൂടായി '2021-2030 പരിസ്ഥിതിവ്യവസ്ഥാ പുനഃസ്ഥാപനത്തിനായുള്ള യുഎന്‍ ദശക'ത്തെ അംഗീകരിക്കും. ആരോഗ്യകരമായ ആവാസവ്യവസ്ഥയുടെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിനും അതിന്റെ ശോഷണം തടയുന്നതിനുമുള്ള നടപടികള്‍ ഇതിലൂടെ വേഗത്തിലാക്കും.

vi. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന മേഖലയിലുള്‍പ്പെടെ ഹരിത സാങ്കേതികവിദ്യകളുടെ വിജയകരവും സുസ്ഥിരവുമായ ഉപയോഗത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സഹകരണം ആഴത്തിലാക്കും.

vii. വികസന സഹകരണത്തിലെ വ്യക്തിഗതശക്തിയും അനുഭവങ്ങളും അടിസ്ഥാനമാക്കി ത്രികക്ഷിസഹകരണത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. എസ് ഡി ജികളും കാലാവസ്ഥാ ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് മൂന്നാം രാജ്യങ്ങളില്‍ സുസ്ഥിരവും പ്രായോഗികവും ഉള്‍ക്കൊള്ളുന്നതുമായ പദ്ധതികള്‍ വാഗ്ദാനം ചെയ്യും.


21. ഹരിത-സുസ്ഥിര വികസനത്തിനായുള്ള ഇന്തോ-ജര്‍മ്മന്‍ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തില്‍, നിലവിലുള്ള സംരംഭങ്ങളുടെ പുരോഗതിയെ ഇരുപക്ഷവും സ്വാഗതം ചെയ്തു:

i. 2006-ല്‍ ഇന്തോ-ജര്‍മ്മന്‍ എനര്‍ജി ഫോറം ആരംഭിച്ചു. ഈ കൂട്ടായ്മയ്ക്കു കീഴില്‍ പ്രധാന സഹകരണ പരിപാടികള്‍ക്കും തുടക്കമിട്ടു. അതിന്റെ തന്ത്രപരമായ മാനവും സ്വകാര്യമേഖലയുടെ പങ്കാളിത്തവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവര്‍ ധാരണയായി.

ii. ഇന്തോ-ജര്‍മന്‍ പരിസ്ഥിതി ഫോറത്തിലെ സഹകരണം (ഐജിഇഎന്‍വിഎഫ്)- 2019 ഫെബ്രുവരിയിലാണ് ഇതിന്റെ അവസാനയോഗം ഡല്‍ഹിയില്‍ നടന്നത്. ഇരു രാജ്യങ്ങളുടെയും ഫെഡറല്‍ ഘടന കണക്കിലെടുത്ത് പ്രവിശ്യാ, മുനിസിപ്പല്‍ അധികൃതരുടെ  പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു ശ്രമം തുടരും.

iii. സിബിഡി സിഒപി15ല്‍ കരുത്തുറ്റ ലക്ഷ്യങ്ങളോടെ 2020-ന് ശേഷമുള്ള ആഗോള ജൈവവൈവിധ്യ ചട്ടക്കൂട് സ്വീകരിക്കുന്നതിനുള്ള തങ്ങളുടെ പിന്തുണ ഇരുപക്ഷവും അടിവരയിട്ടുകൊണ്ട് 2021 ഫെബ്രുവരിയിലാണ് വിര്‍ച്വലായി ജൈവവൈവിധ്യത്തെക്കുറിച്ചുള്ള സംയുക്ത പ്രവര്‍ത്തക സംഘത്തിന്റെ യോഗങ്ങള്‍ ഒടുവില്‍ നടന്നത്.

iv. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണവും അനുഭവങ്ങളുടെ കൈമാറ്റവും കൂടുതല്‍ തീവ്രമാക്കുന്നതിന്, പ്രത്യേകിച്ച് മാലിന്യത്തിന്റെയും വര്‍ത്തുള സമ്പദ്വ്യവസ്ഥയുടെയും കാര്യത്തില്‍, സംയുക്ത പ്രവര്‍ത്തക സംഘം മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. ലക്ഷ്യങ്ങളും നയങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിനെ പിന്തുണച്ച് ഇന്ത്യ-ജര്‍മനി പരിസ്ഥിതി സഹകരണം തുടരാനും ആഴത്തിലാക്കാനും തീരുമാനിച്ചു. എസ് ഡി ജി ടാര്‍ജറ്റ് 14.1-ല്‍ നിശ്ചയിച്ചിരിക്കുന്നതുപോലെ, മാലിന്യങ്ങള്‍, പ്രത്യേകിച്ച് പ്ലാസ്റ്റിക്കുകള്‍, സമുദ്ര പരിസ്ഥിതിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനും എസ്ഡിജി ടാര്‍ജറ്റ് 8.2 (സാങ്കേതിക നവീകരണം), 11.6 (മുനിസിപ്പല്‍, മറ്റ് മാലിന്യ സംസ്‌കരണം), 12.5 (മാലിന്യങ്ങളുടെ പുനരുപയോഗവും മാലിന്യങ്ങള്‍ കുറയ്ക്കലും) എന്നിവ നടപ്പാക്കുന്നതിനും ശ്രദ്ധ ചെലുത്തും. പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ നിയമപരമായ കരാര്‍ സ്ഥാപിക്കുന്നതിന് യുഎന്‍ഇഎയില്‍ കൂട്ടായ സഹകരണത്തിന് ഇന്ത്യയും ജര്‍മ്മനിയും ധാരണയായി.

v. ഹരിത നഗര മൊബിലിറ്റിയെപ്പറ്റിയുള്ള  ഇന്തോ-ജര്‍മ്മന്‍ പങ്കാളിത്തത്തിനു 2019ലാണ് തുടക്കമായത്. വികസന സഹകരണ പോര്‍ട്ട്‌ഫോളിയോയും രൂപപ്പെടുത്തി. മെട്രോകള്‍, ലൈറ്റ് മെട്രോകള്‍, ഇന്ധനക്ഷമതയുള്ള ലോ-എമിഷന്‍- ഇലക്ട്രിക് ബസ് സംവിധാനങ്ങള്‍, മോട്ടോര്‍വല്‍ക്കരിക്കാത്ത ഗതാഗതം തുടങ്ങിയ സുസ്ഥിര ഗതാഗത മാര്‍ഗ്ഗങ്ങളുടെ സംയോജനത്തെ പിന്തുണയ്ക്കുന്നതിന് അതിവേഗത്തിലുള്ള പ്രവര്‍ത്തനവും സഹകരണവും വിഭാവനം ചെയ്യുന്നു. ഒപ്പം 2031 വരെ സംയുക്തപ്രവര്‍ത്തനത്തിനായി കൃത്യമായ ലക്ഷ്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള കാഴ്ചപ്പാടോടെ എല്ലാവരുടെയും സുസ്ഥിര  ചലനാത്മകതയ്ക്കായി കാലേക്കൂട്ടിയുള്ള സംയോജിത ആസൂത്രണം സുഗമമാക്കും.

vi. നിതി ആയോഗും ബിഎംഇസഡും തമ്മിലുള്ള സഹകരണം, രാജ്യത്തെ ആദ്യത്തെ എസ് ഡി ജി അര്‍ബന്‍ ഇന്‍ഡക്സ് & ഡാഷ്ബോര്‍ഡ് (2021-22) വികസിപ്പിക്കുന്നതില്‍ നഗര തലത്തില്‍ എസ് ഡി ജി പ്രാദേശികവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനും ഡാറ്റാധിഷ്ഠിതമായ തീരുമാനങ്ങളെടുക്കുന്നതിനും സംസ്ഥാനത്തും ജില്ലാതലങ്ങളിലും കൂടുതല്‍ എസ് ഡി ജി നടപ്പിലാക്കുന്നതിനുള്ള പദ്ധതികള്‍ക്കും ലക്ഷ്യമിടുന്നു.

22. സ്മാര്‍ട്ട് നഗരങ്ങളുടെ അന്തരാഷ്ട്ര ശൃംഖലയ്ക്കുള്ളില്‍ നിന്നുകൊണ്ടു നഗരവികസനത്തിന്റെ വിജയകരമായ സഹകരണം തുടരാനുള്ള തങ്ങളുടെ ഉദ്ദേശ്യം ഇരുപക്ഷവും ആവര്‍ത്തിച്ചു. സ്മാര്‍ട്ട് സിറ്റികള്‍ എന്ന വിഷയത്തില്‍ ബഹുമുഖ അനുഭവം പങ്കിടലും പഠനവും പ്രോത്സാഹിപ്പിക്കുന്നതിനായി 2022-ല്‍ പരസ്പരം ഒരു സ്മാര്‍ട്ട് സിറ്റി ഓണ്‍ലൈന്‍-ശില്‍പശാലയ്ക്കു ധാരണയായി.

 23. പാരീസ് ഉടമ്പടിയും 2030ലെ കാര്യപരിപാടിയും മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സുസ്ഥിരവും നവീകരണ ശേഷിയുള്ളതുമായ നഗരങ്ങളുടെ സുപ്രധാന പങ്ക് അംഗീകരിച്ചുകൊണ്ട് സുസ്ഥിര നഗരവികസനത്തിനായുള്ള സംയുക്ത ഇന്‍ഡോ-ജര്‍മ്മന്‍ പ്രവൃത്തി ഗ്രൂപ്പിന്റെ പതിവ് യോഗങ്ങള്‍ തുടരാന്‍ ഇരുപക്ഷവും സമ്മതിച്ചു.

 24. കൃഷി, ഭക്ഷ്യ വ്യവസായം, ഉപഭോക്തൃ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള സംയുക്ത പ്രവൃത്തി ഗ്രൂപ്പിന്റെ ക്രിയാത്മക പങ്ക് ഇരുപക്ഷവും ആവര്‍ത്തിച്ചു. 2021 മാര്‍ച്ചിലാണ് അതിന്റെ അവസാന യോഗം ചേര്‍ന്നത്. സുസ്ഥിര കാര്‍ഷിക ഉല്‍പ്പാദനം, ഭക്ഷ്യ സുരക്ഷ, കാര്‍ഷിക പരിശീലനവും വൈദഗ്ധ്യവും, വിളവെടുപ്പിനു ശേഷമുള്ള മാനേജ്‌മെന്റ്, കാര്‍ഷിക ചരക്കു ഗതാഗതം
എന്നീ മേഖലകളില്‍ നിലവിലുള്ള ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തില്‍ കൈവരിച്ച ഫലങ്ങളെക്കുറിച്ചും തുടര്‍ന്നും സഹകരണത്തിനുള്ള സന്നദ്ധതയെക്കുറിച്ചും അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു.  

 25. സുസ്ഥിര കാര്‍ഷിക ഉല്‍പ്പാദനത്തിനുള്ള അടിസ്ഥാന അടിത്തറയായി കര്‍ഷകര്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള വിത്തുകളിലേക്കുള്ള പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവന നല്‍കുന്നതിനായി ഇന്ത്യന്‍ വിത്ത് മേഖലയിലെ വിജയകരമായ മുന്‍നിര പദ്ധതിയുടെ അവസാന ഘട്ടത്തെ ഇരു ഗവണ്‍മെന്റുകളും അഭിനന്ദിച്ചു.  2021 ഓഗസ്റ്റില്‍ ആരംഭിച്ച രണ്ടാമത്തെ ഉഭയകക്ഷി സഹകരണ പദ്ധതി, ഇന്ത്യയുടെ കാര്‍ഷിക വിപണി വികസനം ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന നവീകരണ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിടുന്നു.

 26. നിലവിലുള്ള സഹകരണ കരാറുകളുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ മേഖലയില്‍ സഹകരണ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാന്‍ ഇരുപക്ഷവും സന്നദ്ധത പ്രകടിപ്പിച്ചു.

 27. ഇന്ത്യയില്‍ കൃഷിയില്‍ പ്രായോഗിക വൈദഗ്ധ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള 'ഇന്തോ-ജര്‍മ്മന്‍ കാര്‍ഷിക മികവിന്റെ കേന്ദ്രങ്ങള്‍' സ്ഥാപിക്കുന്നതിന്, കര്‍ഷകരുടെയും കൂലിത്തൊഴിലാളികളുടെയും വിടവുകളും നവീകരണ വൈദഗ്ധ്യവും ലക്ഷ്യമിട്ടു ജര്‍മ്മന്‍ കാര്‍ഷിക വ്യവസാ സഖ്യവും (ജിഎഎ) ഇന്ത്യന്‍ കാര്‍ഷിക നൈപുണ്യ കൗണ്‍സിലും (എഎസ്സിഐ) ഒപ്പുവെച്ച ധാരണാപത്രം ഇരുപക്ഷവും അംഗീകരിച്ചു.

 28. ഭക്ഷ്യ-കാര്‍ഷിക മേഖലയിലെ സാങ്കേതിക വിദ്യയും വിജ്ഞാന കൈമാറ്റവും കൂടുതല്‍ സുസ്ഥിരമായ ഭക്ഷ്യ സമ്പ്രദായങ്ങള്‍ക്ക് പ്രധാനമാണെന്നും ബിഎഫ്ആറും എഫ്എസ്എസ്എഐയും ചേര്‍ന്ന് ഭക്ഷ്യസുരക്ഷാ മേഖലയില്‍ ഗവേഷണ സഹകരണ പദ്ധതികള്‍ രൂപപ്പെടുത്താന്‍ കഴിയുമെന്നും ഇരുപക്ഷവും സമ്മതിച്ചു.

 29. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം (ഐഎസ്എ): സൗരോര്‍ജ്ജ മേഖലയിലെ ഇന്ത്യന്‍, ജര്‍മ്മന്‍ തന്ത്രപരമായ മുന്‍ഗണനകളുടെയും അനുബന്ധ ആഗോള സഹകരണ ശ്രമങ്ങളുടെയും സമന്വയം കെട്ടിപ്പടുക്കുന്നതിലൂടെ സഹകരണവും പിന്തുണയും ആഴത്തിലാക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു.

 30. പ്രതിരോധ ശേഷിയുള്ള ആഗോള പങ്കാളിത്തവലും പ്രകൃതി ദുരന്ത പ്രതിരോധ ശേഷിയുള്ള അടിസ്ഥാന സൗകര്യത്തിനായുള്ള കൂട്ടായ്മയും: കാലാവസ്ഥയ്ക്കും ദുരന്തസാധ്യതകള്‍ക്കും എതിരായ ദുരന്തനിവാരണ വായ്പ, ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍, ദുരന്തനിവാരണ മാനേജ്‌മെന്റിനായുള്ള ആഗോള സംരംഭം മുഖേന ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഇരുപക്ഷവും സമ്മതിച്ചു.  'ഇന്‍സുറെസിലിയന്‍സ് ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പി'ല്‍ അംഗമാകാനുള്ള ഇന്ത്യന്‍ പ്രഖ്യാപനത്തെ ജര്‍മ്മനി സ്വാഗതം ചെയ്തു.

 31. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍, ജര്‍മ്മന്‍ സ്വകാര്യ മേഖലകളുമായുള്ള സഹകരണം, പ്രത്യേകിച്ച് പൊതു സ്വകാര്യ പങ്കാളിത്തം വഴിയും സ്വകാര്യമേഖലയെ സമാഹരിക്കാനുള്ള ഘടനാപരമായ സാമ്പത്തിക സഹായ സംവിധാനങ്ങളിലൂടെയും എസ്ഡിജികളിലും കാലാവസ്ഥാ ലക്ഷ്യങ്ങളിലുമുള്ള നവീകരണത്തിനും നിക്ഷേപത്തിനും വര്‍ദ്ധിപ്പിക്കാന്‍ ഇരു പക്ഷവും സമ്മതിച്ചു.

32. യുഎന്‍ 2023 ജല സമ്മേളനത്തിനായുള്ള തയ്യാറെടുപ്പിന് ഇരുപക്ഷവും തങ്ങളുടെ അഭിനന്ദനം അറിയിക്കുകയും എസ്ഡിജി 6 നും ജലവുമായി ബന്ധപ്പെട്ട മറ്റ് ലക്ഷ്യങ്ങള്‍ക്കും സുസ്ഥിര വികസനത്തിനായുള്ള 2030 അജന്‍ഡയുടെ ലക്ഷ്യങ്ങള്‍ക്കും അവരുടെ പിന്തുണ അടിവരയിട്ട് അറിയിക്കുകയും ചെയ്തു.


 വ്യാപാരം, നിക്ഷേപം, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയ്ക്കുള്ള പങ്കാളിത്തം

 33. നിയമാധിഷ്ഠിതവും തുറന്നതും ഉള്‍ക്കൊള്ളുന്നതും സ്വതന്ത്രവും ന്യായവുമായ വ്യാപാരത്തിന്റെ പ്രാധാന്യത്തെ തുടര്‍ന്നും പാലിക്കുന്നതിനെ അഭിനന്ദിച്ചുകൊണ്ട്, ജര്‍മ്മനിയും ഇന്ത്യയും ബഹുമുഖ വ്യാപാര വ്യവസ്ഥയുടെ കേന്ദ്രമായും വികസ്വര രാജ്യങ്ങളെ ആഗോള വ്യാപാര സംവിധാനമായി സമന്വയിപ്പിക്കുന്നതിനുള്ള കേന്ദ്ര സ്തംഭമായും ലോകവ്യാപാര കരാറിന്റെ പ്രാധാന്യം എടുത്തുകാട്ടി. ഡബ്ല്യുടിഒയുടെ തത്വങ്ങളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, പ്രത്യേകിച്ച്, ഉന്നതാധികാര സമിതിയുടെ സ്വയംഭരണാധികാരത്തോടൊപ്പം ദ്വിതല ഉന്നത  സമിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നവീകരിക്കാന്‍ ഇരു ഗവണ്‍മെന്റുകളും പ്രതിജ്ഞാബദ്ധരാണ്.

 34. ജര്‍മ്മനിയും ഇന്ത്യയും പ്രധാനപ്പെട്ട വ്യാപാര നിക്ഷേപ പങ്കാളികളാണ്.  യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മില്‍ സ്വതന്ത്ര വ്യാപാര ഉടമ്പടി, നിക്ഷേപ സംരക്ഷണ ഉടമ്പടി, ഭൂമിശാസ്ത്രപരമായ സൂചനകള്‍ സംബന്ധിച്ച ഉടമ്പടി എന്നിവയില്‍ വരാനിരിക്കുന്ന ചര്‍ച്ചകള്‍ക്ക് ഇരുപക്ഷവും ശക്തമായ പിന്തുണ അറിയിച്ചു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വിപുലീകരിക്കുന്നതിനുള്ള അത്തരം കരാറുകളുടെ വലിയ സാധ്യതകള്‍ അടിവരയിട്ടു.

 35. സുസ്ഥിരവും ഉള്‍ക്കൊള്ളുന്നതുമായ സാമ്പത്തിക വീണ്ടെടുക്കലിന്റെ അനിവാര്യ ഘടകമായി, വ്യവസായം, മനുഷ്യാവകാശങ്ങള്‍, ബഹുരാഷ്ട്ര സംരംഭങ്ങള്‍ക്കായുള്ള ഒഇസിഡി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള യുഎന്‍ മാര്‍ഗനിര്‍ദ്ദേശ തത്വങ്ങള്‍ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം ജര്‍മ്മനിയും ഇന്ത്യയും ഊന്നിപ്പറഞ്ഞു. രണ്ട് ഗവണ്‍മെന്റുകളും വിതരണ ശൃംഖലകളെ കൂടുതല്‍ സുസ്ഥിരവും വൈവിധ്യപൂര്‍ണ്ണവും ഉത്തരവാദിത്തവും സുസ്ഥിരവുമാക്കാന്‍ ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര പാരിസ്ഥിതിക, തൊഴില്‍, സാമൂഹിക മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിതരണ ശൃംഖലകള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുന്നത് തുടരാനാകുമെന്ന് ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത രണ്ട് ഗവണ്‍മെന്റുകളും എടുത്തുകാണിക്കുന്നു.

 36. ദശാബ്ദങ്ങളിലെ ഏറ്റവും വലിയ ആഗോള തൊഴിലുകളുടെയും സാമൂഹിക പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍, സുസ്ഥിര തൊഴില്‍ വിപണി പുനഃസ്ഥാപിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും തിരിച്ചറിയുന്നു. തൊഴിലും മാന്യമായ ജോലിയും പ്രോത്സാഹിപ്പിക്കുക, ജോലി ചെയ്യുന്ന പ്രായത്തിലുള്ള എല്ലാ ആളുകളെയും നാളെയുടെ ജോലി ചെയ്യാന്‍ പ്രാപ്തരാക്കുന്ന പുനര്‍-നൈപുണ്യ നയങ്ങള്‍ അവതരിപ്പിക്കുക, ദാരിദ്ര്യത്തിനെതിരെ പോരാടാനും അസമത്വങ്ങള്‍ കുറയ്ക്കാനും കഴിയുന്ന പ്രതികരണശേഷിയുള്ള സാമൂഹിക സംരക്ഷണ സംവിധാനങ്ങള്‍, സുസ്ഥിര ഭാവിക്കു സംഭാവന നല്‍കുക എന്നിവയാണ് ലക്ഷ്യം.

 37.  അന്താരാഷ്ട്ര തൊഴില്‍ സംഘടന കണ്‍വെന്‍ഷനുകള്‍ 138 ഉം 182 ഉം 2017-ല്‍ ഇന്ത്യ അംഗീകരിച്ചതിനെ ജര്‍മ്മനി സ്വാഗതം ചെയ്തു. എസ്ഡിജി 8.7 ന് അനുസൃതമായി കുട്ടികളെയും നിര്‍ബന്ധിത തൊഴിലാളികളെയും ചെറുക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഇരുപക്ഷവും അടിവരയിട്ടു. പ്ലാറ്റ്ഫോം സമ്പദ്വ്യവസ്ഥ പോലുള്ള പുതിയ ജോലികളില്‍ മാന്യമായ ജോലിയും മതിയായ സാമൂഹിക പരിരക്ഷയും ഉറപ്പാക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ദേശീയ അന്തര്‍ദേശീയ നയങ്ങളില്‍ കൂടുതല്‍ കൈമാറ്റത്തെ അവര്‍ സ്വാഗതം ചെയ്തു.

 38. സാങ്കേതികവും സാമ്പത്തികവും സാമൂഹികവുമായ മാറ്റത്തിനുള്ള പ്രധാന ചാലകമായി ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ പ്രാധാന്യം ഇരുപക്ഷവും അംഗീകരിച്ചു. ഇന്റര്‍നെറ്റ് ഭരണനിര്‍വഹണം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, ഡിജിറ്റല്‍ വ്യവസായ മാതൃകകള്‍ തുടങ്ങിയ ഡിജിറ്റല്‍ വിഷയങ്ങളില്‍ സഹകരണം സുഗമമാക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമാണ് ഇന്‍ഡോ-ജര്‍മ്മന്‍ ഡിജിറ്റല്‍ സംഭാഷണം. അതേ സമയം, വ്യവസായം നയിക്കുന്ന ഇന്‍ഡോ-ജര്‍മ്മന്‍ ഡിജിറ്റല്‍ വിദഗ്ധ സംഘം പോലെയുള്ള നിലവിലുള്ള മറ്റ് സംരംഭങ്ങളുമായുള്ള സമന്വയത്തില്‍ നിന്ന് പ്രയോജനം നേടുന്നതിന് അവര്‍ പിന്തുണ അറിയിച്ചു.

 39. നികുതി മേഖലയില്‍, 2021 ഒക്ടോബര്‍ 8-ന് ഒഇസിഡി 'ഇന്‍ക്ലൂസീവ് ഫ്രെയിംവര്‍ക്ക് ഓണ്‍ ബേസ് എറോഷന്‍ ആന്‍ഡ് പ്രോഫിറ്റ് ഷിഫ്റ്റിംഗില്‍' (ബിഇപിഎസ്) എത്തിച്ചേര്‍ന്ന പരിഹാരത്തെക്കുറിച്ചുള്ള കരാറിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു. രണ്ട് ഗവണ്‍മെന്റുകളും തങ്ങളുടെ പൊതുവായ ധാരണ പ്രകടിപ്പിച്ചു. പരിഹാരം ലളിതമായിരിക്കുകയും പ്രക്രിയ എല്ലാവരെയും ഉള്‍ക്കൊള്ളുകയും എല്ലാ വ്യവസായങ്ങള്‍ക്കും ന്യായമായ നിലയില്‍ പ്രവൃത്തിപഥം നല്‍കുകയും അന്താരാഷ്ട്ര നികുതി സമ്പ്രദായങ്ങളുടെ സ്ഥിരതയ്ക്ക് സംഭാവന നല്‍കുകയും ചെയ്യും. അത് ദോഷകരമായ മല്‍സരത്തെ തടഞ്ഞു നിര്‍ത്തുകയും ആക്രമണാത്മക നികുതി ആസൂത്രണം അവസാനിപ്പിക്കുകയും ഒടുവിലായി, നികുതിയുടെ ന്യായമായ വിഹിതം അടയ്ക്കുന്നതിനു ബഹുരാഷ്ട്ര സംരംഭങ്ങള്‍ ഉറപ്പുനല്‍കുകയും ചെയ്യും. ജര്‍മ്മനിയും ഇന്ത്യയും രണ്ട് സ്തംഭങ്ങളും വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കുന്നതിനെ പിന്തുണയ്ക്കാനുള്ള സന്നദ്ധത പങ്കിട്ടു. ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ ഭേദഗതി ചെയ്യുന്ന പ്രോട്ടോക്കോള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള പ്രതിബദ്ധത ഇന്ത്യയും ജര്‍മ്മനിയും പ്രകടിപ്പിച്ചു.

 40. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം എന്നീ മേഖലകളില്‍, ഇന്‍ഡോ-ജര്‍മ്മന്‍ അതിവേഗ സംവിധാനത്തിന്റെ വിജയകരമായ മാതൃക തുടരാനുള്ള തങ്ങളുടെ സന്നദ്ധത ഇരുപക്ഷവും അടിവരയിട്ടു വ്യക്തമാക്കി. അതിവേഗ സംവിധാനത്തിന്റെ അര്‍ദ്ധവാര്‍ഷിക യോഗങ്ങള്‍ക്ക് പുറമേ, വ്യാപാരം ചെയ്യുന്നത് എളുപ്പമാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവശത്തുമുള്ള കമ്പനികളുടെയും നിക്ഷേപകരുടെയും പൊതുവായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇരുപക്ഷവും പതിവായി പരസ്പരം ആശയവിനിമയം നടത്തും.

 41. കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ('മാനേജര്‍ പ്രോഗ്രാം') നടപ്പിലാക്കുന്നതിലൂടെ ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് തുടരാനുള്ള സന്നദ്ധത ഇരുപക്ഷവും വീണ്ടും ഉറപ്പിച്ചു. ഈ സന്ദര്‍ഭത്തില്‍, വ്യവസായ എക്‌സിക്യൂട്ടീവുകള്‍ക്കുള്ള പരിശീലന പരിപാടി നടപ്പിലാക്കുന്നതില്‍ തുടര്‍ച്ചയായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഏര്‍പ്പാടാക്കിയ സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു.  ഈ സഹകരണം തങ്ങളുടെ ഉഭയകക്ഷി വാണിജ്യത്തിന്റെയും വ്യാപാരത്തിന്റെയും വികസനത്തിലും ബിസിനസ് എക്‌സിക്യൂട്ടീവുകള്‍ തമ്മിലുള്ള വ്യക്തിപരവും ബിസിനസ്സ് ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണ വര്‍ധിപ്പിക്കുന്നതിനും വ്യക്തമായ ഫലങ്ങള്‍ കൈവരിക്കുന്നതിന് സഹായിച്ചതായി ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി.

 42. റെയില്‍വേ മേഖലയിലെ ജര്‍മ്മന്‍ കമ്പനികളുടെ സാങ്കേതിക വൈദഗ്ധ്യം ഇന്ത്യ അംഗീകരിച്ചു. റെയില്‍വേയിലെ ഭാവി സഹകരണം സംബന്ധിച്ച് ഫെഡറല്‍ സാമ്പത്തിക കാര്യ, ഊര്‍ജ മന്ത്രാലയവും ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയവും തമ്മില്‍ 2019-ല്‍ ഒപ്പുവച്ച സംയുക്ത പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍, ഉയര്‍ന്ന വേഗതയിലും ഊര്‍ജ കാര്യക്ഷമതയുമുള്ള സാങ്കേതിക വിദ്യകളില്‍ തുടര്‍ന്നും സഹകരിക്കാനുള്ള തങ്ങളുടെ താല്‍പ്പര്യം ഇരുപക്ഷവും അടിവരയിടുന്നു.

 43. സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, അക്രഡിറ്റേഷന്‍, അനുരൂപമായ വിലയിരുത്തല്‍, വിപണി നിരീക്ഷണം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവരുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ആഗോള പദ്ധതി ഗുണനിലവാര അടിസ്ഥാന സൗകര്യത്തിലെ (ജിപിക്യുഐ) ഇന്‍ഡോ-ജര്‍മ്മന്‍ പ്രവൃത്തി ഗ്രൂപ്പിന് ജര്‍മ്മനിയും ഇന്ത്യയും തങ്ങളുടെ അഭിനന്ദനം അറിയിച്ചു. ഡിജിറ്റല്‍വല്‍കരണം, സ്മാര്‍ട്ടും സുസ്ഥിരവുമായ കൃഷി/കാര്‍ഷികം, ചലനാത്മക സമ്പദ്വ്യവസ്ഥ എന്നീ മേഖലകളിലെ സഹകരണത്തിന്റെ പുതിയ മേഖലകള്‍ തിരിച്ചറിയുന്ന പ്രവൃത്തി ഗ്രൂപ്പിന്റെ എട്ടാം വാര്‍ഷിക യോഗത്തില്‍ ഒപ്പുവച്ച 2022-ലെ കര്‍മപരിപാടി ഇരുപക്ഷവും ചൂണ്ടിക്കാട്ടി.

 44. രണ്ട് ഗവണ്‍മെന്റുകളും സ്റ്റാര്‍ട്ടപ്പ് സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തങ്ങളുടെ ആഗ്രഹം പ്രകടിപ്പിക്കുകയും ഈ സാഹചര്യത്തില്‍ സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യയും ജര്‍മ്മന്‍ ആക്സിലറേറ്ററും (ജിഎ) തമ്മിലുള്ള സഹകരണത്തെ അഭിനന്ദിക്കുകയും ചെയ്തു. 2023 മുതല്‍ ഒരു ഇന്ത്യന്‍ വിപണി പ്രവേശന പരിപാടി വാഗ്ദാനം ചെയ്തുകൊണ്ട് പിന്തുണ വര്‍ദ്ധിപ്പിക്കാനുള്ള ജിഎയുടെ ഉദ്ദേശ്യത്തെയും രണ്ട് സ്റ്റാര്‍ട്ടപ്പ് സമൂഹങ്ങള്‍ക്കും മെച്ചപ്പെടുത്തിയ പിന്തുണയ്ക്കായി ജിഎയുമായി സഹകരിച്ച് ഒരു പൊതു സഹകരണ മാതൃക വികസിപ്പിക്കാനുള്ള സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യയുടെ നിര്‍ദ്ദേശത്തെയും അവര്‍ സ്വാഗതം ചെയ്തു.


 രാഷ്ട്രീയവും അക്കാദമികവുമായ കൈമാറ്റം, ശാസ്ത്രീയ സഹകരണം, തൊഴിലാളികളുടെയും ജനങ്ങളുടെയും യാത്രാ ക്ഷ്മത എന്നിവയ്ക്കുള്ള പങ്കാളിത്തം

 45. രണ്ട് ഗവണ്‍മെന്റുകളും വിദ്യാര്‍ത്ഥികള്‍, അക്കാദമിക, തൊഴില്‍വൈദഗ്ധ്യമുള്ള കര്‍മസേന എന്നിവര്‍ക്കിടയില്‍ സജീവമായ കൈമാറ്റത്തെ സ്വാഗതം ചെയ്തു. തങ്ങളുടെ ഉന്നതവിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ അന്തര്‍ദേശീയവല്‍ക്കരണം വിപുലീകരിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും നവീകരണവും ഗവേഷണ സാധ്യതകളും കൂടുതല്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമുള്ള ഇരട്ട ഘടനകള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള പരസ്പര ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു.

 46. വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന കൈമാറ്റങ്ങളില്‍ ജര്‍മ്മനിയും ഇന്ത്യയും സംതൃപ്തി രേഖപ്പെടുത്തുകയും കൂടുതല്‍ സഹകരണത്തില്‍ ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നു.  തിരഞ്ഞെടുത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ജര്‍മ്മന്‍ സര്‍വ്വകലാശാലകളില്‍ ബിരുദ കോഴ്സുകള്‍ പിന്തുടരാന്‍ പ്രാപ്തമാക്കുന്നതിന് ഡിജിറ്റല്‍ പ്രിപ്പറേറ്ററി കോഴ്സുകള്‍ (സ്റ്റുഡിയന്‍കൊലെഗ്) സ്ഥാപിക്കുന്നതിന് ഇരു ഗവണ്‍മെന്റുകളും തങ്ങളുടെ അഭിനന്ദനം അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ കൈമാറ്റം ഇന്ത്യാ ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുകയും സ്റ്റഡി ഇന്‍ ഇന്ത്യ പോലുള്ള പ്രോഗ്രാമുകള്‍ക്ക് കീഴില്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജര്‍മ്മന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സുഗമമാക്കുകയും ചെയ്യും. ഇന്ത്യന്‍, ജര്‍മ്മന്‍ സര്‍വ്വകലാശാലകള്‍ തമ്മിലുള്ള സഹകരണം പര്യവേക്ഷണം ചെയ്യുന്നതിനുള്ള സര്‍വകലാശാലാ തലത്തിലുള്ള ശ്രമങ്ങളെ ഇരു സര്‍ക്കാരുകളും സ്വാഗതം ചെയ്തു, ഉദാഹരണത്തിന്, സംയുക്ത ബിരുദങ്ങളുടെയും ഇരട്ട ബിരുദങ്ങളുടെയും രൂപത്തില്‍.

 47. ഇന്തോ-ജര്‍മ്മന്‍ തന്ത്രപരമായ ഗവേഷണ വികസന പങ്കാളിത്തം ഉത്തേജിപ്പിക്കുന്നതിന് അക്കാദമിക-വ്യവസായ സഹകരണം പ്രധാനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, യുവ ഇന്ത്യന്‍ ഗവേഷകരുടെ വ്യാവസായിക കൂട്ടായ്മകളെ പിന്തുണയ്ക്കുന്നതിനായി ഇന്തോ-ജര്‍മ്മന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്ററിന്റെ (ഐജിഎസ്ടിസി) സമീപകാല സംരംഭങ്ങളെ ഇരുപക്ഷവും സ്വാഗതം ചെയ്തു.  ഒരു ജര്‍മ്മന്‍ വ്യാവസായിക അന്തരീക്ഷത്തില്‍, ഇന്‍ഡോ-ജര്‍മ്മന്‍ സഹകരണത്തിനായി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംവിധാനം സൃഷ്ടിക്കുന്നതിന്, ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എസ് ആന്‍ഡ് ടി പദ്ധതികളിലേക്കും കരിയര്‍ ഫെലോഷിപ്പുകളിലേക്കും വനിതാ ഗവേഷകരുടെ നിര്‍ദിഷ്ട പ്രായം കഴിഞ്ഞുള്ള പ്രവേശനവും സുഗമമാക്കുന്നതിന് വിമന്‍ ഇന്‍വോള്‍മെന്റ് ഇന്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് (വിസര്‍) പദ്ധതി നടപ്പാക്കും.


 48. ഉഭയകക്ഷി ശാസ്ത്ര സഹകരണത്തിന്റെ മൂലക്കല്ലുകളില്‍ ഒന്നായി ഡാര്‍ംസ്റ്റാഡില്‍ അന്താരാഷ്ട്ര ഫെസിലിറ്റി ഫോര്‍ ആന്റിപ്രോട്ടോണ്‍ ആന്‍ഡ് അയോണ്‍ റിസര്‍ച്ച് (ഫെയര്‍) യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇരുപക്ഷവും പ്രത്യേകമായി പിന്തുണ അറിയിച്ചു.

 49. ജര്‍മ്മനിയും ഇന്ത്യയും തമ്മിലുള്ള സമഗ്രമായ കുടിയേറ്റ, സഞ്ചാര പങ്കാളിത്തത്തിന്മേലുള്ള ഉഭയകക്ഷി കരാറിലെ ചര്‍ച്ചകള്‍ അന്തിമമാക്കിയതിനെ ഇരു ഗവണ്‍മെന്റുകളും സ്വാഗതം ചെയ്തു. ഉടമ്പടി വേഗത്തില്‍ ഒപ്പുവെക്കാനും പ്രാബല്യത്തില്‍ കൊണ്ടുവരാനും നടപടിയെടുക്കാന്‍ അവര്‍ സമ്മതിച്ചു. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, ഗവേഷകര്‍ എന്നിവരുടെ രണ്ടിടത്തേക്കുമുള്ള യാത്രകള്‍ സുഗമമാക്കുന്നതിലും അനധികൃത കുടിയേറ്റത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും ഈ കരാറിന്റെ പ്രാധാന്യം അവര്‍ എടുത്തുകാട്ടി.

 50. വിദഗ്ധരായ ആരോഗ്യ, പരിചരണ തൊഴിലാളികളുടെ കുടിയേറ്റം സംബന്ധിച്ച് ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും (ബിഎ) കേരള സംസ്ഥാനവും തൊഴില്‍ നല്‍കല്‍ കരാറില്‍ ഒപ്പുവച്ചതിനെ രണ്ട് ഗവണ്‍മെന്റുകളും സ്വാഗതം ചെയ്തു. സമഗ്രമായ 'ട്രിപ്പിള്‍-വിന്‍ സമീപനം' പ്രയോഗിക്കുന്നതിലൂടെ, ഉത്ഭവ രാജ്യത്തിനും ആതിഥേയ രാജ്യത്തിനും വ്യക്തിഗത കുടിയേറ്റക്കാര്‍ക്കും പ്രയോജനം ചെയ്യുക എന്നതാണ് ലക്ഷ്യം. കേരള സംസ്ഥാനവുമായുള്ള തൊഴില്‍ കരാറിനപ്പുറം ജര്‍മ്മനിയിലെയും ഇന്ത്യയിലെയും തൊഴില്‍ വിപണികളുടെയും അതുപോലെ തന്നെ കുടിയേറ്റക്കാരുടെയും താല്‍പ്പര്യങ്ങള്‍ക്ക് ഉചിതമായ പരിഗണന നല്‍കിക്കൊണ്ട് വിവിധ തൊഴില്‍ ഗ്രൂപ്പുകളിലുടനീളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി തങ്ങളുടെ സഹകരണം വിപുലീകരിക്കുക എന്ന ലക്ഷ്യത്തെ അവര്‍ സ്വാഗതം ചെയ്തു.  

 51. ജര്‍മ്മന്‍ സോഷ്യല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് (ഡിജിയുവി), നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (എന്‍എസ്‌സി) ജോലി സംബന്ധമായ അപകടങ്ങളും രോഗങ്ങളും, തൊഴില്‍ സുരക്ഷ, ആരോഗ്യം, സാമൂഹിക സംരക്ഷണം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയിലെ ജര്‍മ്മന്‍ സോഷ്യല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ്, ഡയറക്ടറേറ്റ് ജനറല്‍ ഫാക്ടറി അഡൈ്വസ് സര്‍വീസ് ആന്റ് ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍  എന്നിവയുമായി ധാരണാപത്രം ഒപ്പുവെച്ചതിനെ ഇരു ഗവണ്‍മെന്റുകളും സ്വാഗതം ചെയ്തു.

 52. ജര്‍മ്മനിയും ഇന്ത്യയും തമ്മിലുള്ള ഗണ്യമായ സാംസ്‌കാരിക കൈമാറ്റങ്ങളും വിദ്യാഭ്യാസ സഹകരണവും അതില്‍ ഗൊയ്‌ഥെ-ഇന്‍സ്റ്റിറ്റ്യൂട്ട്, ജര്‍മ്മന്‍ അക്കാദമിക് എക്‌സ്‌ചേഞ്ച് സര്‍വീസ്, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍,ഇക്കാര്യത്തില്‍ മറ്റ് പ്രസക്തമായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രധാന പങ്കിനെയും ഇരു ഗവണ്‍മെന്റുകളും അഭിനന്ദിച്ചു.  വിദ്യാഭ്യാസപരവും സംഭാഷണപരവുമായ രീതികളിലൂടെ അത്തരം ബന്ധങ്ങള്‍ സുഗമമാക്കുന്നതില്‍ ജര്‍മ്മന്‍ രാഷ്ട്രീയ സ്ഥാപനങ്ങളുടെ പങ്ക് അവര്‍ അംഗീകരിച്ചു.

 ഒരു ആഗോള ആരോഗ്യത്തിനായുള്ള പങ്കാളിത്തം

 53. തുറന്ന സമൂഹങ്ങളുടെയും ബഹുമുഖ സഹകരണത്തിന്റെയും പ്രതിരോധശേഷി തെളിയിക്കുന്നതിനുള്ള ഒരു നിര്‍ണായക പരീക്ഷണം കോവിഡ്-19 മഹാമാരി തുടര്‍ന്നും നിലനിര്‍ത്തുന്നുവെന്നും അതിന് ബഹുമുഖ പ്രതികരണം ആവശ്യമാണെന്നും തിരിച്ചറിഞ്ഞുകൊണ്ട്, ചികില്‍സാ വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനും ഇരു ഗവണ്‍മെന്റുകളും സഹകരിക്കാന്‍ സമ്മതിച്ചു.  ആരോഗ്യ അത്യാഹിതങ്ങളും മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പകരുന്ന രോഗങ്ങളുടെ ഭാവിയിലെ അപകടസാധ്യതകള്‍ കുറയ്ക്കലും സംബന്ധിച്ച ഒരു ആരോഗ്യ സമീപനം സ്വീകരിക്കുന്നു.  ലോകാരോഗ്യ സംഘടനയെ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്ക് ഇരുപക്ഷവും അടിവരയിട്ടു. സാമ്പത്തിക വീണ്ടെടുക്കലിനായി വ്യവസായത്തിനും വിനോദസഞ്ചാരത്തിനുമായി ആളുകളുടെ സ്വതന്ത്ര സഞ്ചാരം സുഗമമാക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ അംഗീകരിക്കുകയും കോവിഡ് 19 വാക്‌സിനുകളുടെയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെയും പരസ്പര അംഗീകാരത്തില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ സമ്മതിക്കുകയും ചെയ്തു.

 54. ഉയര്‍ന്ന രോഗകാരികളായ ജീവികളുടെ പരിശോധനയ്ക്കായി യുപിയിലെ ബന്ദയില്‍ ബയോ സേഫ്റ്റി ലെവല്‍ IV ലബോറട്ടറി (ബിഎസ്എല്‍-4) സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ നല്‍കുന്നതില്‍ ഇന്ത്യയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി)യും ജര്‍മ്മനിയിലെ റോബര്‍ട്ട്-കോച്ച്-ഇന്‍സ്റ്റിറ്റ്യൂട്ടും (ആര്‍കെഐ) തമ്മിലുള്ള സഹകരണത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു.  

 55. ഇന്ത്യാ ഗവണ്‍മെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ)യുമായി  ജര്‍മ്മനിയുടെ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡ്രഗ്സ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ്, പോള്‍-എര്‍ലിച്ച്-ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഒരു സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുന്നതിലൂടെ മെഡിക്കല്‍ ഉല്‍പ്പന്ന നിയന്ത്രണ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനുള്ള തങ്ങളുടെ ഉദ്ദേശ്യം ഇരു ഗവണ്‍മെന്റുകളും പ്രകടിപ്പിച്ചു.  

56. ആറാം ഐജിസി ചര്‍ച്ചകളില്‍ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തുകയും ഇന്ത്യ-ജര്‍മ്മന്‍ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ വിപുലീകരിക്കാനും ആഴത്തിലാക്കാനുമുള്ള തങ്ങളുടെ സമ്പൂര്‍ണ്ണ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. ചാന്‍സലര്‍ ഷോള്‍സിന്റെ ഊഷ്മളമായ ആതിഥ്യത്തിനും ആറാം ഐജിസിയുടെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിച്ചതിനും പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. അടുത്ത ഐജിസിക്ക് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ കാത്തിരിക്കുകയാണ്.

****

---ND--(Release ID: 1822172) Visitor Counter : 258