ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

ഹഡ്‌കോ 52-ാം സ്ഥാപക ദിനം ആഘോഷിച്ചു

Posted On: 25 APR 2022 3:31PM by PIB Thiruvananthpuram

ഭവന, നഗര അടിസ്ഥാന സൗകര്യ വികസനത്തിൽ, പ്രത്യേകിച്ച് സമൂഹത്തിലെ പാവപ്പെട്ടവർക്കും ദുർബല വിഭാഗങ്ങൾക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നൽകുന്നതിൽ ഹഡ്‌കോയുടെ ദൗത്യം മഹത്തരമാണെന്നും, അത് രാജ്യത്തിന്റെ പ്രധാന വികസന ആവശ്യകതകൾക്ക് അനുപൂരകമാണെന്നും ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹർദീപ് എസ്. പുരി പറഞ്ഞു. ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (HUDCO) 52-ാമത് സ്ഥാപക ദിന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ ഒരു ഔപചാരിക ഭവന ധനകാര്യ സംവിധാനത്തിന് അടിത്തറയിടുന്നതായിരുന്നു ഹഡ്‌കോയുടെ രൂപീകരണമെന്ന് മന്ത്രി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും പാചകവാതക കണക്ഷനും ശൗചാലയവും ഗൃഹനാഥയുടെ പേരിൽ പട്ടയവും അടച്ചുറപ്പുള്ള വീടും എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ ഹഡ്‌കോയുടെ പങ്ക് പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും 1.90 കോടി ദരിദ്രർക്ക് വീടുകൾ ലഭിക്കുന്നതിതിൽ ഹഡ്‌കോ പ്രധാന പങ്കുവഹിച്ചതായി ഭവന, നഗരകാര്യ സഹമന്ത്രി ശ്രീ കൗശൽ കിഷോർ പറഞ്ഞു.

2022 മാർച്ച് അവസാനത്തോടെ, വിവിധ ഭവന, നഗര വികസന ഏജൻസികൾക്ക്, ആകെ 2,31,465 കോടി രൂപയുടെ 17,326 ഭവന, നഗര അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ഹഡ്‌കോ അംഗീകാരം നൽകുകയും, 1,93,574 കോടി രൂപ (ഹഡ്‌കോ നിവാസ് ഉൾപ്പെടെ) വിതരണം ചെയ്യുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 19.70 ദശലക്ഷം ഭവന യൂണിറ്റുകൾ, 6.70 ദശലക്ഷം ശുചിത്വ യൂണിറ്റുകൾ, 0.65 ദശലക്ഷത്തിലധികം വാസയോഗ്യമായ പ്ലോട്ടുകൾ, പ്രധാന നഗര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ഇത് വഴിയൊരുക്കി.

അനുവദിച്ച മൊത്തം ഭവന യൂണിറ്റുകളിൽ, 92 ശതമാനത്തിലധികം പാർപ്പിട യൂണിറ്റുകളും സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും താഴ്ന്ന വരുമാനക്കാർക്കും പ്രയോജനകരമാണ്. ലോകമെമ്പാടുമുള്ള ഏതൊരു സ്ഥാപനത്തേക്കാൾ വലിയ സംഭാവനയാണിത്.

ഹഡ്‌കോയുടെ പങ്കാളികൾ, മികച്ച പ്രകടനം കാഴ്ചവെച്ച ഏജൻസികൾ, ഉദ്യോഗസ്ഥർ, ഹഡ്‌കോയുടെ മേഖല ഓഫീസുകൾ തുടങ്ങിയവയെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആദരിച്ചു. MoHUA, HUDCO-ലെ മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

***



(Release ID: 1819983) Visitor Counter : 83