പഞ്ചായത്തീരാജ് മന്ത്രാലയം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ '3F'കൾ (ഫണ്ടുകൾ, പ്രവർത്തനങ്ങൾ, പ്രവർത്തകർ) ലഭ്യമാക്കാൻ ആവശ്യപ്പെട്ട് ഉപരാഷ്ട്രപതി
Posted On:
11 APR 2022 7:23PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 11, 2022
ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ '3F'കൾ (ഫണ്ടുകൾ , പ്രവർത്തനങ്ങൾ-Functions, പ്രവർത്തകർ-Functionaries എന്നിവ) ലഭ്യമാക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഇന്ന് ആഹ്വാനം ചെയ്തു. അവയുടെ സമഗ്രമായ വളർച്ചയ്ക്കൊപ്പം, ദേശീയ വികസന- സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച ''സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്കരണം'' എന്ന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ഫണ്ടുകൾ, പ്രവർത്തനങ്ങൾ, പ്രവർത്തകർ എന്നീ '3F'കൾ ജില്ലാ പഞ്ചായത്തുകളിൽ നിന്നും താഴെക്കിടയിലുള്ള പഞ്ചായത്തുകളിലേക്ക്, ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോടും വിവിധ സംസ്ഥാന ഭരണകൂടങ്ങളോടും ആവശ്യപ്പെട്ടു.
പത്താം ധനകാര്യകമ്മീഷൻ കാലയളവിൽ ഒരു വ്യക്തിക്ക് പ്രതിവർഷം100 രൂപ എന്ന കണക്കിൽ ഗ്രാമീണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന ധനസഹായം പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലയളവിൽ 674 രൂപയായി വർധിപ്പിച്ചത് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. എന്നാൽ ഈ ധനസഹായം അവയുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തേണ്ടതുണ്ട് എന്നും, അതിനിടയിൽ മറ്റ് വകമാറ്റങ്ങൾ സംഭവിക്കരുതെന്നും ഉപരാഷ്ട്രപതി ഓർമിപ്പിച്ചു.
ഇന്ത്യയുടെ 70 ശതമാനം ജനങ്ങളും അധിവസിക്കുന്നത് ഗ്രാമീണമേഖലയിൽ ആണെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി (2011ലെ സെൻസസ് പ്രകാരം 68.84%). അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഗ്രാമങ്ങളുടെ താഴെക്കിടയിൽ അതായത് പഞ്ചായത്ത് തലത്തിൽ നടപടികൾ സാധ്യമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യമെമ്പാടുമുള്ള ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 31.65 ലക്ഷം ജനപ്രതിനിധികളിൽ 46 ശതമാനം സ്ത്രീകളാണ് എന്നതിൽ ഉപരാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു.
e-ഗ്രാം സ്വരാജ് സംവിധാനം 2.38 ലക്ഷം ഗ്രാമപഞ്ചായത്തുകൾ സ്വീകരിച്ചതായി അറിയിച്ച ഉപരാഷ്ട്രപതി, ഭരണനിർവഹണ പ്രവർത്തനങ്ങളിലെ ഡിജിറ്റൽവത്ക്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എല്ലാ പഞ്ചായത്തുകളും ഈ സംവിധാനത്തിലേക്ക് മാറേണ്ടതുണ്ടെന്നു അഭിപ്രായപ്പെട്ടു.
കേന്ദ്ര ഗ്രാമീണ വികസന-പഞ്ചായത്തീരാജ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ്, കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്, ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ ഫഗ്ഗൻ സിംഗ് കുലസ്തെ, പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ കപിൽ മോരെശ്വർ പാട്ടീൽ, മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു
RRTN/SKY
(Release ID: 1815854)
Visitor Counter : 188