കല്‍ക്കരി മന്ത്രാലയം

പ്രവര്‍ത്തനക്ഷമമല്ലാത്ത കല്‍ക്കരി ഖനികള്‍ പിഴകൂടാതെ വിട്ടുനല്‍കാന്‍ ഒറ്റത്തവണ ജാലകം അനുവദിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം


നിലവിലെ ലേലനയം അനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ പക്കലുള്ള നിരവധി കല്‍ക്കരി ഖനികള്‍ വിട്ടുകൊടുക്കാനും ലേലം ചെയ്യാനും സാധ്യത

Posted On: 08 APR 2022 4:02PM by PIB Thiruvananthpuram

പ്രവര്‍ത്തനക്ഷമമല്ലാത്ത കല്‍ക്കരി ഖനികള്‍ പിഴയില്ലാതെയും (ബാങ്ക് ഈടിന്മേലുള്ള കണ്ടുകെട്ടല്‍) പ്രത്യേകിച്ച് കാരണങ്ങള്‍ ബോധിപ്പിക്കാതെയും വിട്ടുകൊടുക്കാന്‍ ഒറ്റത്തവണ ജാലകം അനുവദിക്കുന്നതിനുള്ള കല്‍ക്കരി മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതിയാണ് അംഗീകാരം നല്‍കിയത്. വികസനത്തിനു സാധ്യതയില്ലാത്ത നിരവധി കല്‍ക്കരി ഖനികളാണു വിവിധ പൊതുമേഖലാസ്ഥാപനങ്ങളുടെ പക്കലുള്ളത്. പുതിയ തീരുമാനം വന്നതോടെ ഈ ഖനികള്‍ വിട്ടുകൊടുക്കാനോ ലേലം ചെയ്യാനോ ഉള്ള സാധ്യത വര്‍ധിച്ചു. ഖനികള്‍ വിട്ടുകൊടുക്കുന്നതിന് അംഗീകൃതനയം പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ മൂന്നുമാസത്തെ സമയം കമ്പനികള്‍ക്കു ഗവണ്മെന്റ് നല്‍കും.

2014-ല്‍ സുപ്രീം കോടതി കല്‍ക്കരി ബ്ലോക്കുകള്‍ റദ്ദാക്കിയതിനുശേഷം, താപവൈദ്യുത നിലയങ്ങളിലേക്കുള്ള കല്‍ക്കരി വിതരണം തടസ്സപ്പെടുന്നതു തടയാന്‍, റദ്ദാക്കിയ നിരവധി കല്‍ക്കരി ബ്ലോക്കുകള്‍ സംസ്ഥാന, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഗവണ്‍മെന്റ് അനുവദിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളുടെ ഊര്‍ജാവശ്യങ്ങള്‍ ഇത്തരം കല്‍ക്കരി ബ്ലോക്കുകളില്‍ നിന്നു നിറവേറ്റപ്പെടുമെന്ന പ്രതീക്ഷയില്‍ ദ്രുതഗതിയിലാണ് ഇവ അനുവദിച്ചു നല്‍കിയത്. ലേലം വിളിക്കുന്ന സ്വകാര്യമേഖലയില്‍ നിന്നു വ്യത്യസ്തമായി, സംസ്ഥാന/കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ അടയ്ക്കേണ്ട റവന്യൂവിഹിതം ടണ്‍ അടിസ്ഥാനപ്പെടുത്തിയാണു നിശ്ചയിച്ചിരുന്നത്. കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതിന്റെ പശ്ചാത്തലത്തില്‍, അവ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള സമയക്രമവും വ്യവസ്ഥകളും കര്‍ക്കശമായിരുന്നു. കല്‍ക്കരി ഖനികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ കാലതാമസം വരുത്തിയതിനുള്ള പിഴ ചുമത്തിയതു തര്‍ക്കങ്ങള്‍ക്കും കോടതിയില്‍ കേസുകള്‍ക്കും വഴിവച്ചു.

ഡിസംബര്‍ 2021 വരെ, ഗവണ്‍മെന്റ് കമ്പനികള്‍ക്ക് അനുവദിച്ച 73 കല്‍ക്കരി ഖനികളില്‍ 45 ഉം പ്രവര്‍ത്തനരഹിതമായിരുന്നു. 19 കല്‍ക്കരി ഖനികളില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ട തീയതിയും പിന്നിട്ടു. ക്രമസമാധാന പ്രശ്‌നങ്ങള്‍, ഏറ്റെടുക്കേണ്ട വനമേഖലയുടെ കാര്യത്തില്‍ വന്ന വര്‍ധന, ഭൂമി ഏറ്റെടുക്കുന്നതിനെതിരായ ഭൂവുടമകളുടെ പ്രതിഷേധം, കല്‍ക്കരി വിഭവങ്ങളുടെ ലഭ്യതയുടെ കാര്യത്തില്‍ ഭൂമിശാസ്ത്രപരമായ പ്രതിസന്ധികള്‍ തുടങ്ങിയ കാരണങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനു കാലതാമസമുണ്ടാക്കി.

കല്‍ക്കരിമേഖല രാജ്യത്തിന്റെ ഊര്‍ജസുരക്ഷയുടെ താക്കോലാണ്. മന്ത്രിസഭാംഗീകാരം ലഭ്യമായതോടെ, നേരത്തെ അനുവദിച്ച നിലവാരമുള്ള കല്‍ക്കരി ബ്ലോക്കുകള്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ നീക്കി അതിരുകള്‍ ക്രമീകരിച്ചശേഷം അതിവേഗത്തില്‍ വീണ്ടും ഉപയോഗക്ഷമമാക്കാനാകും. അടുത്തിടെ പ്രഖ്യാപിച്ച വാണിജ്യ കല്‍ക്കരിഖനി ലേലനയപ്രകാരം താല്‍പ്പര്യമുള്ള കക്ഷികള്‍ക്ക് ഇവ നല്‍കാനുമാകും. കല്‍ക്കരി ബ്ലോക്കുകള്‍ വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ തൊഴില്‍പ്രദാനം ചെയ്യാനും നിക്ഷേപം വര്‍ധിപ്പിക്കാനും രാജ്യത്തെ പിന്നോക്ക പ്രദേശങ്ങളുടെ സാമ്പത്തിക വികസനത്തിനു സംഭാവനയേകാനും കഴിയും. നിയമനടപടികള്‍ ലഘൂകരിച്ചു വ്യവസായം സുഗമമാക്കല്‍ പ്രോത്സാഹിപ്പിക്കും. ഇതെല്ലാം കല്‍ക്കരി ഇറക്കുമതി കുറയ്ക്കുന്നതിലേക്കു രാജ്യത്തെ നയിക്കും.

--ND--



(Release ID: 1814892) Visitor Counter : 106