പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

ദേശീയ പെൻഷൻ പദ്ധതി (NPS)

Posted On: 24 MAR 2022 1:25PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: മാർച്ച് 24, 2022


ധനമന്ത്രാലയത്തിന്റെ (സാമ്പത്തിക കാര്യ വകുപ്പ്) 22.12.2003 ലെ വിജ്ഞാപനം: No.5/7/2003-ECB & PR പ്രകാരം 01.01.2004 മുതൽ കേന്ദ്ര സർക്കാർ സർവീസിൽ ചേരുന്ന സായുധ സേനകളിൽ ഒഴികെയുള്ള എല്ലാ പുതിയ ജീവനക്കാർക്കും ദേശീയ പെൻഷൻ പദ്ധതി (NPS) നിലവിൽ വന്നു. NPS നിലവിൽ വന്നപ്പോൾ, 1972 ലെ കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) ചട്ടങ്ങൾ ഭേദഗതി ചെയ്തു.

01.01.2004 നോ അതിനു ശേഷമോ കേന്ദ്ര ഗവൺമെന്റ് സർവീസിൽ ചേർന്ന ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി പുനരാരംഭിക്കുന്നതിനുള്ള ഒരു നിർദ്ദേശവും ഇന്ത്യാ ഗവൺമെന്റിന്റെ പരിഗണനയിലില്ല.

2013-ലെ PFRDA നിയമ പ്രകാരമാണ് NPS നടപ്പാക്കപ്പെടുന്നത്. കൂടാതെ PFRDA-യും സാമ്പത്തിക സേവന വകുപ്പും (DFS) ചേർന്ന് ചട്ടങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്.

DFS നൽകിയ വിവരങ്ങൾ പ്രകാരം:

ആദായം, ഓഹരി വിപണിയുമായി ബന്ധിതമാണെന്നതാണ് NPS-ന്റെ അടിസ്ഥാന രൂപരേഖയുടെ സവിശേഷത. PFRDA അനുശാസിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ, കർശനമായ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രൊഫഷണൽ ഫണ്ട് മാനേജർമാരുടെ നൈപുണ്യം, വിവിധ ആസ്തി വിഭാഗങ്ങളിലെ (ഇക്വിറ്റി, കോർപ്പറേറ്റ് ബോണ്ട്, ഗവൺമെന്റ് സെക്യൂരിറ്റീസ്) ആസ്തി വിഭജനം തിരഞ്ഞെടുക്കൽ എന്നിവ വരിക്കാരന്റെ പണമടവ് ഹ്രസ്വകാല അസ്ഥിരത മറികടന്ന് ദീർഘകാലാടിസ്ഥാനത്തിൽ വളരാൻ സഹായിക്കുന്നു.

സാമ്പത്തിക മാന്ദ്യ കാലത്ത് പെൻഷൻ സമ്പത്ത് നഷ്ടമാകുന്നതിൽ നിന്ന് വരിക്കാരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന്, പദ്ധതിയിലെ ഓഹരി / ഓഹരി അധിഷ്ഠിത മാദ്ധ്യമങ്ങളുടെ വിന്യാസം 15% മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വ്യക്തിഗത നിക്ഷേപ തിരഞ്ഞെടുപ്പ് നടത്തുന്ന വരിക്കാർക്ക് 15% ൽ കൂടുതലുള്ള ഓഹരി വിന്യാസം സാധ്യമാണ്. കൂടാതെ, അപകടസാധ്യത ഒഴിവാക്കണമെന്നഗ്രഹിക്കുന്ന വരിക്കാർക്ക് അവരുടെ മുഴുവൻ പണമടവും (100%) സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്.

ഇന്ന് രാജ്യ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പേഴ്സണൽ, പബ്ലിക് ഗ്രീവൻസ്സ് , പെൻഷൻ മന്ത്രാലയ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ആണ് ഈ വിവരങ്ങൾ അറിയിച്ചത്.

 
 
RRTN/SKY


(Release ID: 1809268) Visitor Counter : 469


Read this release in: English , Urdu , Bengali