ഖനി മന്ത്രാലയം

ഖനികള്‍ക്കും ധാതുക്കള്‍ക്കുമായുള്ള (വികസനവും നിയന്ത്രണവും) 1957-ലെ നിയമത്തിലെ രണ്ടാം പട്ടികയിലെ ഭേദഗതിക്കു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 09 MAR 2022 1:31PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഖനികള്‍ക്കും ധാതുക്കള്‍ക്കുമായുള്ള (വികസനവും നിയന്ത്രണവും) 1957-ലെ നിയമത്തിലെ രണ്ടാം പട്ടികയിലെ ഭേദഗതിക്കുള്ള ഖനി മന്ത്രാലയത്തിന്റെ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കി. ഗ്ലോക്കോനൈറ്റ്, പൊട്ടാഷ്, മരതകം, പ്ലാറ്റിനം വിഭാഗത്തില്‍പ്പെടുന്ന ലോഹങ്ങള്‍ (പിജിഎം), ആന്‍ഡാലുസൈറ്റ്, സില്ലിമനൈറ്റ്, മോളിബ്ഡെനം എന്നിവയുമായി ബന്ധപ്പെട്ട റോയല്‍റ്റി നിരക്ക് വ്യക്തമാക്കുന്നതിനായാണ് നിയമഭേദഗതി വരുത്താന്‍ ശുപാര്‍ശ ചെയ്തത്.

ഗ്ലോക്കോനൈറ്റ്, പൊട്ടാഷ്, മരതകം, പ്ലാറ്റിനം വിഭാഗത്തില്‍പ്പെടുന്ന ലോഹങ്ങള്‍ (പിജിഎം), ആന്‍ഡാലുസൈറ്റ്, സില്ലിമനൈറ്റ്, മോളിബ്ഡെനം എന്നിവയുമായി ബന്ധപ്പെട്ട ധാതു ബ്ലോക്കുകളുടെ ലേലം ഉറപ്പാക്കുകയും അതുവഴി ഈ ധാതുക്കളുടെ ഇറക്കുമതി കുറയ്ക്കുകയും ഖനന മേഖലയിലും ഉല്‍പ്പാദനമേഖലയിലും ശാക്തീകരണ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ സമഗ്രവളര്‍ച്ച ഉറപ്പാക്കാന്‍ നിര്‍മാണമേഖല സഹായിക്കുകയും ചെയ്യും. മിനറല്‍ പോളിമോര്‍ഫുകള്‍ ആയ ആന്‍ഡാലുസൈറ്റ്, സില്ലിമനൈറ്റ്, ക്യാനൈറ്റ് എന്നിവയുടെ റോയല്‍റ്റി നിരക്ക് ഒരേ നിലയിലാണ്.

ഇന്നത്തെ തീരുമാനം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാനപ്പെട്ട പല ധാതുക്കളുടെയും ഇറക്കുമതി ഒഴിവാക്കും. അതിലൂടെ ഫോറെക്‌സ് കരുതല്‍ ശേഖരം ലാഭിക്കാനാകും. ഇത് ധാതുക്കളുടെ പ്രാദേശിക ഉല്‍പ്പാദനത്തിലൂടെ രാജ്യത്തിന്റെ വിദേശ ആശ്രിതത്വം കുറയ്ക്കും. രാജ്യത്താദ്യമായി ഗ്ലോക്കോനൈറ്റ്, പൊട്ടാഷ്, മരതകം, പ്ലാറ്റിനം വിഭാഗത്തില്‍പ്പെടുന്ന ലോഹങ്ങള്‍ (പിജിഎം), ആന്‍ഡാലുസൈറ്റ്, സില്ലിമനൈറ്റ്, മോളിബ്ഡെനം എന്നിവയുടെ ധാതു ബ്ലോക്കുകളുടെ ലേലം നടത്താനും ഇന്നത്തെ നടപടി വഴിവയ്ക്കും.

രാജ്യത്തിന്റെ ധാതുസമ്പത്ത് വിതരണം ചെയ്യുന്നതില്‍ സുതാര്യത വരുത്താനും വിവേചനം ഒഴിവാക്കാനും ലക്ഷ്യമിട്ട് ലേലം മുഖേന ധാതുക്കള്‍ക്കുള്ള ഇളവുകള്‍ അനുവദിക്കാന്‍ ലക്ഷ്യമിട്ടാണ് 2015ല്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്തിയത്. ധാതുമേഖലയ്ക്ക് കൂടൂതല്‍ വികസനം ലക്ഷ്യമിടുന്നതിന്റെ ഭാഗമായി ഈ നിയമം പിന്നീട് 2021ലും ഭേദഗതി ചെയ്തു. ഇതിനെത്തുടര്‍ന്നുള്ള പുതിയ പരിഷ്‌കരണങ്ങളുടെ ഭാഗമായി ഗവണ്‍മെന്റ് ധാതു ബ്ലോക്കുകള്‍ക്ക് ഉല്‍പ്പാദനം വര്‍ധിപ്പിച്ചും വ്യവസായം നടത്തുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് ധാതു ഉല്‍പ്പന്നങ്ങളുടെ സംഭാവന വര്‍ധിപ്പിച്ചും ധാതുമേഖലയ്ക്ക് നിര്‍ണായകമായ പിന്തുണ നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് 'ആത്മനിര്‍ഭര്‍ ഭാരതത്തി'ന്റെ ഭാഗമായി രാജ്യത്തെ ധാതുസമ്പത്ത് പര്യവേക്ഷണം ചെയ്യുന്നതിനായി ഖനി മന്ത്രാലയം നടപടികള്‍ ഊര്‍ജിതമാക്കിയതിന്റെ ഫലമായി ലേലത്തിനായി കൂടുതല്‍ ബ്ലോക്കുകള്‍ ലഭ്യമാകുകയുണ്ടായി. ഇരുമ്പയിര്, ബോക്സൈറ്റ്, ചുണ്ണാമ്പുകല്ല് പോലുള്ള പരമ്പരാഗത ധാതുക്കള്‍ കൂടാതെ ഇറക്കുമതി ചെയ്യുന്ന ആഴത്തില്‍ കിടക്കുന്ന ധാതുക്കള്‍, വളം ധാതുക്കള്‍, അതിപ്രധാന ധാതുക്കള്‍ എന്നിവ പര്യവേക്ഷണം ചെയ്യാനുള്ള നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 4-5 വര്‍ഷത്തിനിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിന്റെ ഭാഗമായി രാജ്യത്ത് പര്യവേക്ഷണം ചെയ്യാനുള്ള നിരവധി ധാതു ബ്ലോക്കുകളുണ്ടെന്ന് കണ്ടെത്തി അതത് സംസ്ഥാനങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. ഗ്ലോക്കോനൈറ്റ്/പൊട്ടാഷ്, മരതകം, പ്ലാറ്റിനം വിഭാഗത്തില്‍പ്പെടുന്ന ലോഹങ്ങള്‍ (പിജിഎം), ആന്‍ഡാലുസൈറ്റ്, സില്ലിമനൈറ്റ്, മോളിബ്ഡെനം എന്നീ ധാതുക്കള്‍ക്കായി രാജ്യം പൂര്‍ണമായും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ധാതുമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന നിര്‍ണായക ലക്ഷ്യത്തിന്റെ ഭാഗമായി വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇത്തരത്തിലുള്ള ധാതു ബ്ലോക്കുകള്‍ ലേലത്തിനായി കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും ഈ ധാതുക്കളുടെ റോയല്‍റ്റിക്കായുള്ള നിരക്ക് പ്രത്യേകമായി നല്‍കിയിരുന്നില്ല.


അതനുസരിച്ച്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ലേലത്തില്‍ മെച്ചപ്പെട്ട പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി റോയല്‍റ്റിയുടെ ന്യായമായ നിരക്കുകള്‍ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. സംസ്ഥാന ഗവണ്‍മെന്റുകളുമായും കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങളുമായും വകുപ്പുമായും നിരന്തരമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ ധാതുബ്ലോക്കുകളുടെ ലേലം പ്രാപ്തമാക്കുന്നതിന് ആവശ്യമായ ഈ ധാതുക്കളുടെ ശരാശരി വില്‍പ്പന വില (എഎസ്പി) കണക്കാക്കുന്നതിനുള്ള മാനദണ്ഡവും ഖനി മന്ത്രാലയം ലഭ്യമാക്കും.


സംസ്ഥാന ഗവണ്‍മെന്റുകളുടെ സജീവ സഹകരണത്തോടെ രാജ്യത്ത് 145-ലധികം ധാതുബ്ലോക്കുകള്‍ വിജയകരമായി ലേലം ചെയ്തു. 2021-ല്‍ വരുത്തിയ പരിഷ്‌കാരങ്ങളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 146-ലധികം ബ്ലോക്കുകള്‍ ലേലത്തിന് വച്ചിട്ടുണ്ട്. ഇതില്‍ 34 ബ്ലോക്കുകള്‍ സാമ്പത്തിക വര്‍ഷം വിജയകരമായി ലേലം ചെയ്തു. ഗ്ലോക്കോനൈറ്റ്/ പൊട്ടാഷ്, പ്ലാറ്റിനം വിഭാഗത്തിലുള്ള ധാതുക്കള്‍ (പിജിഎം), ആന്‍ഡാലുസൈറ്റ്, മോളിബ്ഡിനം തുടങ്ങിയ ധാതുക്കള്‍ക്കായി റോയല്‍റ്റിയുടെയും എഎസ്പിയുടെയും സവിശേഷത ലേലത്തിനുള്ള ബ്ലോക്കുകളുടെ എണ്ണം വര്‍ധിപ്പിക്കും.


ഗ്ലോക്കോനൈറ്റ്, പൊട്ടാഷ് തുടങ്ങിയ ധാതുക്കള്‍ കൃഷിയില്‍ വളമായി ഉപയോഗിക്കുന്നു. പ്ലാറ്റിനം വിഭാഗത്തിലുള്ള ധാതുക്കള്‍ (പിജിഎം) വിവിധ വ്യവസായങ്ങളിലും നവീന ആപ്ലിക്കേഷനുകളിലും ഉപയോഗിക്കുന്ന മൂല്യമേറിയ ലോഹമാണ്. ആന്‍ഡാലുസൈറ്റ്, മോളിബ്ഡിനം തുടങ്ങിയ ധാതുക്കള്‍ വ്യാവസായിക ആവശ്യങ്ങളില്‍ ഉപയോഗിക്കുന്ന സുപ്രധാന ധാതുക്കളാണ്.

ഈ ധാതുക്കളുടെ തദ്ദേശീയ ഖനനത്തെ പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ നയങ്ങളുടെ ഭാഗമാണ്. ഇതിലൂടെ പൊട്ടാഷ് വളങ്ങളുടെയും മറ്റ് ധാതുക്കളുടെയും ഇറക്കുമതി കുറയ്ക്കാന്‍ ഇടയാക്കും. ഖനി മന്ത്രാലയം കൈക്കൊണ്ട ഈ നടപടി ഖനന മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു. താഴേത്തട്ടിലുള്ള വ്യവസായങ്ങള്‍ക്ക് ധാതുലഭ്യത വര്‍ധിക്കുകയും കാര്‍ഷിക മേഖലയ്ക്ക് സഹായകരമാകുകയും ചെയ്യും.

-ND-(Release ID: 1804388) Visitor Counter : 161