പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ-യുഎഇ വെര്‍ച്വല്‍ സമ്മേളനം

Posted On: 18 FEB 2022 8:00PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി  ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ രാജകുമാരനും  ഇന്നു വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി. സമസ്തമേഖലകളിലും ഉഭയകക്ഷിബന്ധങ്ങളിലുണ്ടായ തുടര്‍ച്ചയായ വളര്‍ച്ചയില്‍ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.

ഇരുനേതാക്കളുടെയും സംയുക്തകാഴ്ചപ്പാടോടെ 'ഇന്ത്യയുടെയും യുഎഇയുടെയും സമഗ്ര നയപങ്കാളിത്തം: പുത്തന്‍ അതിരുകള്‍, പുതിയ നാഴികക്കല്ല്' എന്ന പ്രസ്താവന പുറത്തിറക്കി. ഇന്ത്യയും യുഎഇയും തമ്മില്‍ ഭാവി കണക്കിലെടുത്തുള്ള പങ്കാളിത്തത്തിനായുള്ള രൂപരേഖയ്ക്ക് ഈ പ്രസ്താവന തുടക്കംകുറിക്കും. ശ്രദ്ധിക്കേണ്ട മേഖലകളും അനന്തരഫലങ്ങളും കണ്ടെത്തുകയുംചെയ്യും. സമ്പദ് വ്യവസ്ഥ, ഊര്‍ജ്ജം , കാലാവസ്ഥാ പ്രവര്‍ത്തനം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, നൈപുണ്യവും വിദ്യാഭ്യാസവും, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, സുരക്ഷ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ചലനാത്മകമായ പുതിയ വ്യാപാര-നിക്ഷേപ-നവീകരണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

വെര്‍ച്വല്‍ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തികപങ്കാളിത്ത ഉടമ്പടി (സിഇപിഎ) ഒപ്പുവച്ചു. ഇരുനേതാക്കളുടെയും വെര്‍ച്വല്‍ സാന്നിധ്യത്തില്‍ കേന്ദ്ര വാണിജ്യവ്യവസായമന്ത്രി ശ്രീ പിയൂഷ് ഗോയലും യുഎഇ സാമ്പത്തികമന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരിയും ചേര്‍ന്നാണു കരാറില്‍ ഒപ്പിട്ടതും കൈമാറിയതും. മെച്ചപ്പെട്ട വിപണിപ്രവേശനവും കുറഞ്ഞ ഇറക്കുമതിത്തീരുവകളും ഉള്‍പ്പെടെ ഇന്ത്യയുടെയും യുഎഇയുടെയും വ്യവസായമേഖലയ്ക്ക് ഈ കരാര്‍ വലിയ നേട്ടങ്ങള്‍ സൃഷ്ടിക്കും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉഭയകക്ഷിവ്യാപാരം നിലവിലെ 60 ബില്യണ്‍ ഡോളറില്‍നിന്ന് 100 ബില്യണ്‍ ഡോളറായി ഉയര്‍ത്താനും സിഇപിഎ സഹായിക്കുമെന്നാണു പ്രതീക്ഷ.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവും യുഎഇ സ്ഥാപിതമായതിന്റെ 50-ാം വാര്‍ഷികവും കണക്കിലെടുത്ത് ഇരുനേതാക്കളും സംയുക്തസ്മരണികസ്റ്റാമ്പും പുറത്തിറക്കി. ഇന്ത്യയും യുഎഇയും ഒപ്പുവച്ച രണ്ടു ധാരണാപത്രങ്ങളും ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു. ഭക്ഷ്യസുരക്ഷ ഇടനാഴിയെക്കുറിച്ച് എപിഇഡിഎയും ഡിപി വേള്‍ഡ് & അല്‍ ദഹ്‌റയും തമ്മിലുള്ള ധാരണപത്രം, സാമ്പത്തികപദ്ധതികളിലും സേവനങ്ങളിലുമുള്ള സഹകരണം സംബന്ധിച്ച് ഇന്ത്യയുടെ ഗിഫ്റ്റ് സിറ്റിയും അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റും തമ്മിലുള്ള ധാരണാപത്രം എന്നിവയാണിവ. കാലാവസ്ഥാപ്രവര്‍ത്തനത്തിലെ സഹകരണത്തിനും വിദ്യാഭ്യാസത്തിനുമായുള്ള മറ്റു രണ്ടു കരാറുകള്‍ക്കും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യന്‍ സമൂഹത്തെ പരിപാലിച്ചതിന് അബുദാബി രാജകുമാരനോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.

-ND-



(Release ID: 1799418) Visitor Counter : 212