ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav g20-india-2023

വിജയഗാഥ: സ്വച്ഛ് ഭാരത് ദൗത്യം

ഒഡിഎഫ് (വെളിയിട വിസര്‍ജന വിമുക്ത) പ്ലസ് മാതൃകാഗ്രാമമായി മലപ്പുറത്തെ കീഴാറ്റൂര്‍

Posted On: 04 FEB 2022 2:30PM by PIB Thiruvananthpuram

സ്വച്ഛഭാരത് ദൗത്യത്തിന്റെ ഭാഗമായി മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തി രാജ്യത്തിനുതന്നെ മാതൃകയായി മാറിയിരിക്കുകയാണു കേരളത്തിലെ മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ ഗ്രാമം. തുറസ്സായ ഇടങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്ന പ്രവണത ഒഴിവാക്കാനായി വിവിധ ഇടപെടലുകള്‍ നടത്തി വിജയംകൊയ്തിരിക്കുകയാണ് കീഴാറ്റൂര്‍. ഈ ഗ്രാമം ഇന്ന് ഒഡിഎഫ് (വെളിയിട വിസര്‍ജന വിമുക്ത) പ്ലസ് മാതൃകാഗ്രാമമാണ്. പ്രാചീന വള്ളുവനാടിന്റെ തലസ്ഥാനമെന്ന നിലയില്‍ സാമൂഹിക-സാംസ്‌കാരിക പ്രസക്തിയാല്‍ പ്രസിദ്ധമായ പെരിന്തല്‍മണ്ണ ബ്ലോക്കിലെ ഈ ഗ്രാമം 2016ല്‍ വെളിയിട വിസര്‍ജന വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. മറ്റു ഗ്രാമപഞ്ചായത്തുകളെ അപേക്ഷിച്ചു ശുചീകരണത്തിലും മാലിന്യസംസ്‌കരണത്തിലും മികവാര്‍ന്ന പ്രവര്‍ത്തനമാണ് ഈ ഗ്രാമം കാഴ്ചവച്ചത്.

കീഴാറ്റൂരില്‍ മുഴുവന്‍ വീടുകളിലുമെത്തി ഖരമാലിന്യങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനമുണ്ട്. അടുക്കളമാലിന്യങ്ങള്‍ മുഴുവന്‍ ഉറവിടങ്ങളില്‍ത്തന്നെ സംസ്‌കരിക്കുകയും ചെയ്യുന്നു. വിവിധ സ്ഥാപനങ്ങളില്‍ നിന്നും 70 ശതമാനം വീടുകളില്‍ നിന്നും വേര്‍തിരിച്ച മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഉപയോക്തൃനിരക്കും വിജയകരമായി ഈടാക്കുന്നുണ്ട്.

മാലിന്യങ്ങള്‍  ശേഖരിക്കുന്നതിനു പഞ്ചായത്തുതലത്തില്‍ പ്രത്യേക സൗകര്യവുമൊരുക്കിയിട്ടുണ്ട്. കൂടാതെ, ഇവയുടെ സംസ്‌കരണംപോലുള്ള തുടര്‍പരിപാടികള്‍ക്കായി ബ്ലോക്കുതലത്തില്‍ റിസോഴ്സ് റിക്കവറി സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

മാത്രമല്ല, ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍വരുന്ന എല്ലാ ഗവണ്‍മെന്റ് ഓഫീസുകളിലും സ്ഥാപനങ്ങളിലും ഹരിതപെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്ന സംവിധാനം കൊണ്ടുവന്നതോടെ അജൈവമാലിന്യങ്ങളുടെ അളവു വലിയരീതിയില്‍ കുറയ്ക്കാനും കഴിഞ്ഞു.

ഒറ്റ ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന സാധനങ്ങള്‍ക്കുപകരം പുനരുപയോഗസാധ്യതയുള്ള ഗ്ലാസുകള്‍ മുതലായവയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചാണു ഹരിതപെരുമാറ്റച്ചട്ടം പാലിക്കുന്നത്.

 

Inline image


 

ഹരിത പെരുമാറ്റച്ചട്ടം എന്ന പാരിസ്ഥിതിക-സാംസ്‌കാരിക വിപ്ലവം കേരളത്തില്‍ ഒരു പ്രസ്ഥാനമായി മാറിയിരിക്കുകയാണിപ്പോള്‍. പരിപാടികളില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുമ്പോള്‍, അജൈവമാലിന്യ ഉല്‍പ്പാദനം ഇല്ലാതെയാകും. അതുകൊണ്ടുതന്നെ പരിപാടിക്കുശേഷമുള്ള മാലിന്യ സംസ്‌കരണം എങ്ങനെയെന്ന ചോദ്യം ഉയരുന്നില്ല.  കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിലാണ് ആദ്യമായി ഇതു പരീക്ഷിച്ചത്. ഇപ്പോള്‍ വിവാഹം ഉള്‍പ്പെടെ നിരവധി ചടങ്ങുകളിലും നടപ്പാക്കുംവിധത്തിലുള്ള ജനകീയപ്രസ്ഥാനമായി ഹരിത പെരുമാറ്റച്ചട്ടം മാറിയിരിക്കുന്നു.

ഖരമാലിന്യസംസ്‌കരണ (എസ്ഡബ്ല്യുഎം) സംരംഭങ്ങള്‍ക്കു പിന്തുണ നല്‍കുന്നതിനു പുറത്തുനിന്നുള്ള ഏജന്‍സിയുടെ ഇടപെടല്‍ കൊണ്ടുവന്നതും വിജയംകണ്ടു. പഞ്ചായത്തു ഭരണസമിതിയുടെ മാര്‍ഗനിര്‍ദേശത്തെത്തുടര്‍ന്നു ഖരമാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് ഏജന്‍സി സഹായിക്കുന്നു. എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും പൊതു ഓഫീസുകളിലും ശുചിമുറി സൗകര്യമുണ്ട് എന്നതും പ്രാധാന്യമര്‍ഹിക്കുന്നു.

80 ശതമാനത്തിലധികം കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉറവിടങ്ങളില്‍തന്നെ ഖരമാലിന്യസംസ്‌കരണത്തിനുള്ള സൗകര്യങ്ങളുണ്ട്. എല്ലാ സ്‌കൂളിലും അങ്കണവാടികളിലും ഖര-ദ്രവ മാലിന്യ സംസ്‌കരണത്തിനായി അവരുടേതായ സംവിധാനങ്ങളുമുണ്ട്.

 

Inline image


 

വൃത്തിയുടെയും ശുചിത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുക, മാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ വേര്‍തിരിക്കു ന്നതു പ്രോത്സാഹിപ്പിക്കുക, അടുക്കള മാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്‌കരിക്കുന്നതു പ്രോത്സാഹിപ്പിക്കുക, വീടുതോറുമുള്ള മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമായുള്ള ചെറിയ നിരക്കു നല്‍കുന്നതിനു പ്രചോദിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായുള്ള വിവര-വിദ്യാഭ്യാസ-ആശയവിനിമയ പ്രവര്‍ത്തനങ്ങളിലും ഊന്നല്‍ നല്‍കുന്നു.

ND MRD

****

 



(Release ID: 1795521) Visitor Counter : 174


Read this release in: English , Urdu , Hindi