പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2022 ജനുവരി 30 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ


മനസ്സ് പറയുന്നത് - ഭാഗം 85

Posted On: 30 JAN 2022 12:08PM by PIB Thiruvananthpuram

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, 
നമസ്‌ക്കാരം, ഇന്ന് മന്‍ കി ബാത്തിന്റെ മറ്റൊരു അദ്ധ്യായവുമായി നമ്മള്‍ ഒത്തുചേരുകയാണ്. ഇത് 2022 ലെ മന്‍ കി ബാത്തിന്റെ ആദ്യത്തെ അദ്ധ്യായമാണ്. ഇന്ന് നമുക്ക് വീണ്ടും നമ്മുടെ രാജ്യത്തെയും ദേശവാസികളെയും ശുഭചിന്തകളിലേക്കും സാമൂഹിക പ്രയത്നങ്ങളിലേക്കും നയിക്കുന്ന ചര്‍ച്ചകള്‍ കൂടുതലായി നടത്തേണ്ടതുണ്ട്. ഇന്ന് നമ്മുടെ ആദരണീയനായ മഹാത്മാഗാന്ധിജിയുടെ പുണ്യ ദിവസം കൂടിയാണ്. ജനുവരി 30 എന്ന ഈ ദിവസം ഗാന്ധിജി നല്‍കിയ ചില പാഠങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഏതാനും ദിവസങ്ങള്‍ക്കും മുന്‍പാണ് നമ്മള്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. ഡല്‍ഹിയിലെ രാജവീഥിയില്‍ നമ്മില്‍ ഓരോരുത്തരിലും അഭിമാനവും ഉത്സാഹവും നിറച്ചുകൊണ്ട് രാജ്യത്തിന്റെ ശൗര്യത്തിന്റെയും  വൈദഗ്ധ്യത്തിന്റെയും ദൃശ്യങ്ങള്‍ കണ്ടു. ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചുകാണും, ഇനി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 23, അതായത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തില്‍ ആരംഭിക്കുകയും 30 ജനുവരി, അതായത് ഗാന്ധിജിയുടെ പുണ്യദിനം വരെ നീണ്ടു നില്‍ക്കുകയും ചെയ്യും. ഇന്ത്യാഗേറ്റില്‍ നേതാജിയുടെ ഡിജിറ്റല്‍ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ഈ കാര്യങ്ങളെ എപ്രകാരമാണോ രാജ്യത്തെ ജനങ്ങള്‍ സ്വീകരിച്ചത്, രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും സന്തോഷത്തിന്റെ അലയടികള്‍ ഉയര്‍ന്നത്. ഓരോ ദേശവാസിയും അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നമുക്കൊരിക്കലും മറക്കാനാവില്ല.

പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയില്‍ രാജ്യത്തിന്റെ പ്രയത്നങ്ങളെ നമ്മുടെ ദേശീയ പ്രതീകങ്ങളിലൂടെ നാം പുന:പ്രതിഷ്ഠിക്കുകയാണ്. ഇന്ത്യാഗേറ്റിനു സമീപത്തെ 'അമര്‍ ജവാന്‍ ജ്യോതി'യും അതിനടുത്തുതന്നെയുള്ള ദേശീയ യുദ്ധസ്മാരകത്തില്‍ തെളിയിച്ചിരിക്കുന്ന ജ്യോതിയും ഒന്നിച്ചു ചേര്‍ത്തത് നമ്മള്‍ കണ്ടു. ഈ വികാരനിര്‍ഭരവേളയില്‍ എത്രയോ ദേശവാസികളുടെയും രക്തസാക്ഷി കുടുംബാംഗങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം രക്തസാക്ഷികളായ എല്ലാ ജവാന്മാരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ചില മുന്‍ സൈനികര്‍ എനിക്ക് കത്തെഴുതി പറഞ്ഞിരുന്നു.' രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ തെളിയിച്ചിരിക്കുന്ന 'അമര്‍ജവാന്‍ ജ്യോതി' രക്തസാക്ഷികളുടെ അമരത്വത്തിന്റെ പ്രതീകമാണ്. സത്യത്തില്‍ 'അമര്‍ജവാന്‍ജ്യോതി' പോലെ നമ്മുടെ രക്തസാക്ഷികള്‍ ചെലുത്തുന്ന സ്വാധീനവും അവരുടെ സംഭാവനകളും അനശ്വരമാണ്. ഞാന്‍ നിങ്ങളോരോരുത്തരോടും പറയുകയാണ്. അവസരം ലഭിക്കുമ്പോഴെല്ലാം തീര്‍ച്ചയായും ദേശീയയുദ്ധസ്മാരകത്തില്‍ പോകണം. നിങ്ങളുടെ കുടുംബാംഗങ്ങളെയും കുട്ടികളെയും തീര്‍ച്ചയായും കൊണ്ടു പോകണം. അവിടെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഊര്‍ജ്ജവും പ്രചോദനവും അനുഭവിക്കാന്‍ കഴിയും.

പ്രിയപ്പെട്ടവരെ, അമൃതോത്സവത്തിന്റെ ഈ ആഘോഷങ്ങള്‍ക്കിടയില്‍ ഒരുപാട് പ്രധാനപ്പെട്ട പുരസ്‌കാരങ്ങളും വിതരണം ചെയ്യാന്‍ സാധിച്ചു. അതിലൊന്ന് പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌കാര്‍ ആണ്. ഈ പുരസ്‌കാരങ്ങള്‍ ചെറിയ പ്രായത്തില്‍തന്നെ സാഹസികവും പ്രചോദനാത്മകവുമായ കാര്യങ്ങള്‍ ചെയ്ത കൊച്ചുകുട്ടികള്‍ക്കു കിട്ടി. നമ്മള്‍ ഓരോരുത്തരും നമ്മുടെ വീട്ടില്‍ ചെന്ന് ഈ കുട്ടികളെക്കുറിച്ച് തീര്‍ച്ചയായും പറയണം. ഇതില്‍നിന്ന് നമ്മുടെ കുട്ടികള്‍ക്ക് പ്രചോദനം ലഭിക്കുകയും അവരുടെ ഉള്ളില്‍ രാജ്യത്തിന്റെ പേര് പ്രകാശമാനമാക്കുന്നതിനുള്ള ഉത്സാഹം ഉണ്ടാകുകയും ചെയ്യും. രാജ്യത്തെ ഇത്തവണത്തെ പത്മപുരസ്‌കാരങ്ങളുടെയും പ്രഖ്യാപനമുണ്ടായി.

പത്മപുരസ്‌കാരങ്ങള്‍ ലഭിച്ച പലരെയും കുറിച്ച് വളരെ കുറച്ചു ആള്‍ക്കാര്‍ക്ക് മാത്രമേ അറിയൂ. ഇവര്‍ സാധാരണക്കാരായിരുന്നിട്ടും അസാധാരണ കാര്യങ്ങള്‍ ചെയ്ത നമ്മുടെ രാജ്യത്തെ unsung heros ആണ് അതിലൊരാളാണ് പത്മശ്രീ പുരസ്‌കാര ജേതാവായ ഉത്തരാഖണ്ഡിലെ ബസന്തിദേവി. ഒരുപാട് കഷ്ടപാടുകളിലൂടെയാണ് ബസന്തിദേവിയുടെ ജീവിതം മുന്നോട്ടുപോയത്. ചെറിയ പ്രായത്തില്‍ തന്നെ അവരുടെ ഭര്‍ത്താവ് മരിച്ചു. അതിനുശേഷം ഒരാശ്രമത്തിലാണ് അവര്‍ താമസിച്ചത്. അവിടെ താമസിച്ചു അവര്‍ നദീസംരക്ഷണത്തിനു വേണ്ടി സമരം ചെയ്യുകയും പ്രകൃതിസംരക്ഷണത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കുകയും ചെയ്തു.

സ്ത്രീശാക്തീകരണത്തിനുവേണ്ടിയും അവര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. അതുപോലെതന്നെ മണിപ്പൂരിലെ 77 വയസ്സുള്ള ലോറൈബംബിനോദേവി വര്‍ഷങ്ങളായി മണിപ്പൂരില്‍ ലിബാ ടെക്സ്‌റ്റൈല്‍ ആര്‍ട്ട് സംരക്ഷിച്ചുവരുന്നു. അവര്‍ക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. മധ്യപ്രദേശിലെ അര്‍ജന്‍സിംഗിന് ബൈഗാ ആദിവാസി നൃത്തത്തെ പരിചയപ്പെടുത്തിയതിനാണ് പുരസ്‌കാരം ലഭിച്ചത്. പത്മപുരസ്‌കാരം ലഭിച്ച മറ്റൊരു വ്യക്തിയാണ് ശ്രീമാന്‍ അമായീമഹാലിംഗാനായിക്. ഇദ്ദേഹം കര്‍ണ്ണാടകക്കാരനായ കൃഷിക്കാരനാണ്. കുറച്ചുപേര്‍ ഇദ്ദേഹത്തെ ടണല്‍ മാന്‍ എന്നു വിളിക്കാറുണ്ട്.  ഇദ്ദേഹം കൃഷിയില്‍ ആള്‍ക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് ഇന്നോവേഷന്‍സ് നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പ്രയത്നത്തിലൂടെ ചെറുകിട കൃഷിക്കാര്‍ക്ക് ഏറെ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള വേറെയും ഒരുപാട് unsung heros ഉണ്ട്. ഇവരുടെ സംഭാവനകളെ മാനിച്ച് രാജ്യം അവരെ ആദരിക്കുകയാണ്. നിങ്ങള്‍ തീര്‍ച്ചയായും ഇവരെകുറിച്ച് അറിയാന്‍ ശ്രമിക്കണം. നമുക്ക് ഇവരുടെ ജീവിതത്തില്‍നിന്ന് പലതും പഠിക്കാനുണ്ടാകും    
    
എന്റെ പ്രിയപ്പെട്ട ദേശവാസികളെ,
അമൃത് മഹോത്സവത്തില്‍ നിങ്ങളില്‍ പല കൂട്ടുകാരും എനിക്ക് കത്തുകളും മെസ്സേജുകളും അയച്ചു. ഒരുപാട് നിര്‍ദ്ദേശങ്ങളും അറിയിച്ചു. ഈ കൂട്ടത്തില്‍ എനിക്ക് മറക്കാന്‍ പറ്റാത്ത ഒരനുഭവം ഉണ്ടായി. ഒരു കോടിയിലധികം വരുന്ന കുട്ടികള്‍ അവരുടെ 'മന്‍കി ബാത്ത്' പോസ്റ്റ് കാര്‍ഡ് വഴി എഴുതി എനിക്ക് അയച്ചിരിക്കുകയാണ്. ഒരു കോടിയിലധികം വരുന്ന പോസ്റ്റ് കാര്‍ഡുകള്‍ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും വിദേശത്ത് നിന്നും വന്നിട്ടുണ്ട്. ഈ പോസ്റ്റ് കാര്‍ഡുകളില്‍ പലതും വായിക്കാന്‍ ഞാന്‍ സമയം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള നമ്മുടെ പുതുതലമുറയുടെ കാഴ്ചപ്പാട് എത്ര വിശാലവും വലുതുമാണെന്ന് ഈ പോസ്റ്റ് കാര്‍ഡുകള്‍ കാണിക്കുന്നു. 'മന്‍ കി ബാത്ത്' ശ്രോതാക്കള്‍ക്കായി ഞാന്‍ ചില പോസ്റ്റ് കാര്‍ഡുകള്‍ മാറ്റിവെച്ചിട്ടുണ്ട്. അതു നിങ്ങളുമായി പങ്കുവെയ്ക്കാം. അസമിലെ ഗുവാഹത്തിയില്‍ നിന്നുള്ള റിദ്ദിമ സ്വര്‍ഗിയാരിയുടെ പോസ്റ്റ് കാര്‍ഡ് ഇതിലൊന്നാണ്. റിദ്ദിമ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്വാതന്ത്ര്യത്തിന്റെ 100-ാം വര്‍ഷത്തില്‍ തനിക്ക് ഇങ്ങനെ ഇന്ത്യ കാണണമെന്ന് അവള്‍ എഴുതി. അത് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യമാണ്. തീവ്രവാദത്തില്‍നിന്ന് പൂര്‍ണ്ണമായും മുക്തമാണ്.  100 ശതമാനം സാക്ഷരതയുള്ള രാജ്യങ്ങളിലൊന്നാണ്. അപകടങ്ങളൊന്നും സംഭവിക്കാത്ത രാജ്യമാണ്. കഴിവുള്ളതും സുസ്ഥിരസാങ്കേതികവിദ്യയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ രാജ്യവുമാണ്. റിദ്ദിമ, നമ്മുടെ പെണ്‍മക്കള്‍ എന്തു വിചാരിക്കുന്നുവോ. അവര്‍ രാജ്യത്തെക്കുറിച്ച് കാണുന്ന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു. എല്ലാവരുടെയും ശ്രമങ്ങള്‍ ചേരുമ്പോള്‍, നിങ്ങളുടെ യുവതലമുറ ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കും. അപ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും ഇന്ത്യയെ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മാറ്റും. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നിന്നുള്ള നവ്യാവര്‍മ്മയുടെ പോസ്റ്റ് കാര്‍ഡും എനിക്ക് ലഭിച്ചിട്ടുണ്ട്. 2047 ലെ ഇന്ത്യയെക്കുറിച്ചാണ് നവ്യയുടെ സ്വപ്നം എല്ലാവര്‍ക്കും മാന്യമായ ജീവിതം ലഭിക്കേണ്ട, കാര്‍ഷിക സമൃദ്ധിയുള്ളതും അഴിമതിയില്ലാത്തതുമായ ഇന്ത്യയെന്നാണ് നവ്യ എഴുതിയിരിക്കുന്നത്. നവ്യാ, രാജ്യത്തിനായുള്ള നിങ്ങളുടെ സ്വപ്നം വളരെ പ്രശംസനീയമാണ്. രാജ്യവും ഈ ദിശയിലേക്ക് അതിവേഗം നീങ്ങുകയാണ്. അഴിമതിരഹിത ഇന്ത്യയെക്കുറിച്ചാണ് താങ്കള്‍ പറഞ്ഞത്. അഴിമതി രാജ്യത്തെ ചിതല്‍പോലെ പൊള്ളയാക്കുന്നു. അതില്‍നിന്ന് മോചനം നേടാന്‍ എന്തിന് 2047 വരെ കാത്തിരിക്കണം? എല്ലാവരും ഇന്നത്തെ യുവജനങ്ങളോടൊരുമിച്ച് പ്രവര്‍ത്തിക്കണം. എത്രയുംവേഗം ഇതിനായി നാം  നമ്മുടെ കടമകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടത് വളരെ പ്രധാനമാണ്. കര്‍ത്തവ്യബോധം നമ്മുടെ കടമ  തന്നെയാവണമെന്നതു പരമപ്രധാനം. അവിടെ അഴിമതി നാമ്പിടുകപോലുമില്ല.
    
സുഹൃത്തുക്കളെ, എന്റെ മുന്നില്‍ ചെന്നൈയില്‍ നിന്നുള്ള മുഹമ്മദ് ഇബ്രാഹിമിന്റെ പോസ്റ്റ് കാര്‍ഡുണ്ട്. 2047 ല്‍ ഇന്ത്യയെ പ്രതിരോധരംഗത്തെ വലിയ ശക്തിയായി കാണാന്‍ ഇബ്രാഹിം ആഗ്രഹിക്കുന്നു. ചന്ദ്രനില്‍ ഇന്ത്യയ്ക്ക് സ്വന്തമായി റിസര്‍ച്ച് ബേയ്സ് ഉണ്ടാകണമെന്നും ചൊവ്വയില്‍ മനുഷ്യവാസം സാധ്യമാക്കുന്നതിനുള്ള പ്രയത്നം ഇന്ത്യ ആരംഭിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. കൂടാതെ, ഭൂമിയെ മലിനീകരണത്തില്‍ നിന്ന് മുക്തമാക്കുന്നതില്‍ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഇബ്രാഹിം  കാണുന്നു. ഇബ്രാഹിം നിങ്ങളെപ്പോലുള്ള യുവാക്കള്‍ ഉള്ള ഒരു രാജ്യത്തിന് അസാധ്യമായി ഒന്നുമില്ല. 

സുഹൃത്തുക്കളേ, മധ്യപ്രദേശിലെ റായ്സേനിലെ സരസ്വതി വിദ്യാമന്ദിറിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ഭാവന. ആദ്യംതന്നെ ഞാന്‍ ഭാവനയോട് പറയുന്നു. നിങ്ങള്‍ നിങ്ങളുടെ പോസ്റ്റ് കാര്‍ഡ് ത്രിവര്‍ണ്ണ പതാകകൊണ്ട് അലങ്കരിച്ച രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വിപ്ലവകാരിയായ ശിരീഷ് കുമാറിനെക്കുറിച്ചും ഭാവന എഴുതിയിട്ടുണ്ട്.

സുഹൃത്തുക്കളേ, ഗോവയില്‍ നിന്ന് ലോറെന്‍ഷിയോ പെരേരയുടെ പോസ്റ്റ് കാര്‍ഡ് എനിക്ക് ലഭിച്ചിട്ടുണ്ട്. ഈ കുട്ടി 12-ാം ക്ലാസ്സില്‍ പഠിക്കുന്നു. കുട്ടിയുടെ കത്തിലെ വിഷയം ഇതാണ്. സ്വാതന്ത്ര്യത്തിന്റെ unsung heros അതിന്റെ ഹിന്ദി അര്‍ത്ഥമാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. ലോറന്‍ഷിയോ എഴുതി 'ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ധീരയായ സ്ത്രീകളില്‍ ഒരാളായിരുന്നു ഭിക്കാജി കാമ. പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി അവര്‍ രാജ്യത്തും വിദേശത്തും നിരവധി പ്രചാരണങ്ങള്‍ നടത്തി. നിരവധി പ്രചാരണങ്ങള്‍ സംഘടിപ്പിച്ചു. തീര്‍ച്ചയായും സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും ധീരയായ സ്ത്രീകളില്‍ ഒരാളായിരുന്നു ഭിക്കാജി കാമ. 1907-ല്‍ അവര്‍ ജര്‍മ്മനിയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ഈ ത്രിവര്‍ണ്ണ പതാക രൂപകല്‍പ്പന ചെയ്യുന്നതില്‍ അവരെ പിന്തുണച്ച വ്യക്തി ശ്രീ ശ്യാംജി കൃഷ്ണവര്‍മ്മയായിരുന്നു. ശ്രീ ശ്യാംജി കൃഷ്ണവര്‍മ്മജി 1930-ല്‍ ജനീവയില്‍ വച്ച് അന്തരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം അദ്ദേഹത്തിന്റെ ചിതാഭസ്മം ഇന്ത്യയിലെത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹം. 1947-ല്‍ സ്വാതന്ത്ര്യത്തിന്റെ രണ്ടാം ദിവസംതന്നെ അദ്ദേഹത്തിന്റെ ചിതാഭസ്മം തിരികെകൊണ്ടുവരേണ്ടതായിരുന്നുവെങ്കിലും അതു നടന്നില്ല. ഈ പുണ്യകര്‍മ്മം എന്നില്‍ നിക്ഷിപ്തമാക്കാന്‍ ഈശ്വരന്‍ ആഗ്രഹിച്ചിട്ടുണ്ടാവാം. അതിനുള്ള സൗഭാഗ്യം എനിക്കു ലഭിച്ചു. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ചിതാഭസ്മം 2013-ല്‍ ഇന്ത്യയിലെത്തിച്ചു. ശ്യാംജി കൃഷ്ണവര്‍മ്മജിയുടെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കച്ചിലെ മാണ്ഡവിയില്‍ ഒരു സ്മാരകവും നിര്‍മ്മിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തിന്റെ ആവേശം നമ്മുടെ നാട്ടില്‍ മാത്രമല്ല. ഇന്ത്യയുടെ സുഹൃദ് രാജ്യമായ ക്രൊയേഷ്യയില്‍നിന്ന് എനിക്ക് 75 പോസ്റ്റ് കാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ക്രൊയേഷ്യയിലെ സാഗ്രെബിലുള്ള സ്‌കൂള്‍ ഓഫ് അപ്പ്ഡ്ളൈഡ്  ആര്‍ട്സ് ആന്‍ഡ് ഡിസൈനിലെ വിദ്യാര്‍ത്ഥികള്‍ ഈ 75 കാര്‍ഡുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അയച്ച് അമൃതോത്സവത്തെ അഭിനന്ദിച്ചു. എല്ലാ നാട്ടുകാരുടേയുംപേരില്‍ ക്രൊയേഷ്യയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു.

എന്റെ പ്രിയ ദേശവാസികളേ,
ഇന്ത്യ വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും നാടാണ്. നാം വിദ്യാഭ്യാസത്തെ പുസ്തകവിജ്ഞാനത്തിലൊതുക്കാതെ ജീവിതത്തിന്റെ സമഗ്ര അനുഭവമായി കാണുന്നു. നമ്മുടെ രാജ്യത്തെ മഹാന്മാര്‍ക്കും വിദ്യാഭ്യാസവുമായി അഗാധമായ ബന്ധമുണ്ട്. പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യജി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചപ്പോള്‍ ഗുജറാത്ത് വിദ്യാപീഠത്തിന്റെ നിര്‍മ്മാണത്തില്‍ മഹാത്മാഗാന്ധി ഒരു പ്രധാന പങ്കു വഹിച്ചു. ഗുജറാത്തിലെ ആനന്ദില്‍ വളരെ മനോഹരമായൊരു സ്ഥലമുണ്ട്. വല്ലഭ് വിദ്യാനഗര്‍. സര്‍ദാര്‍ പട്ടേലിന്റെ നിര്‍ബന്ധത്തിനുവഴങ്ങി അദ്ദേഹത്തിന്റെ രണ്ട് അനുയായികളായ ഭായ് കാക്കയും ഭീഖാ ഭായിയും അവിടെ യുവാക്കള്‍ക്കായി വിദ്യാഭ്യാസകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. അതുപോലെ ഗുരുദേവ് രവീന്ദ്രനാഥ് ടാഗോര്‍ പശ്ചിമബംഗാളില്‍ ശാന്തിനികേതന്‍ സ്ഥാപിച്ചു. മഹാരാജ് ഗേക്വാദും വിദ്യാഭ്യാസത്തിന്റെ തീവ്രപിന്തുണക്കാരില്‍ ഒരാളായിരുന്നു. അദ്ദേഹം നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിര്‍മ്മിക്കുകയും ഉന്നതവിദ്യാഭ്യാസത്തിനായി ഡോ. അംബേദ്കറും ശ്രീ അരബിന്ദോയും ഉള്‍പ്പെടെ നിരവധി വ്യക്തികളെ പ്രചോദിപ്പിക്കുകയും ചെയ്തു. അത്തരം മഹത്വ്യക്തികളുടെ പട്ടികയില്‍ രാജാ മഹേന്ദ്രപ്രതാപ് സിംഗ്ജിയുടെ പേരും ഉണ്ട്. രാജാ മഹേന്ദ്രപ്രതാപ് സിംഗ് തന്റെ വീട് ഒരു ടെക്നിക്കല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിനായി കൈമാറി. അലിഗഢിലും
മഥുരയിലും വിദ്യാഭ്യാസകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് അദ്ദേഹം ധാരാളം സാമ്പത്തികസഹായങ്ങള്‍ നല്‍കി. അദ്ദേഹത്തിന്റെ പേരില്‍ അലീഗഡില്‍ ഒരു സര്‍വ്വകലാശാലയുടെ ശിലാസ്ഥാപനം നടത്താനുള്ള ഭാഗ്യം എനിക്കുണ്ടായി. വിദ്യാഭ്യാസത്തിന്റെ വെളിച്ചം ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള അതേ ചൈതന്യം ഇന്നും ഇന്ത്യയില്‍ പുലരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ ചിന്തയിലെ ഏറ്റവും മനോഹരമായ കാര്യം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അതായത്, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഈ അവബോധം സമൂഹത്തിലെ എല്ലാ തലങ്ങളിലും ദൃശ്യമാണ്. തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ ഉദുമല്‍പ്പേട്ട് ബ്ലോക്കില്‍ താമസിക്കുന്ന തായമ്മാള്‍ജിയുടെ  ഉദാഹരണം വളരെ പ്രചോദനകരമാണ്. തായമ്മാള്‍ജിക്ക്  സ്വന്തമായി ഭൂമിയില്ല. വര്‍ഷങ്ങളായി ഇളനീര്‍ വിറ്റ് ഉപജീവനം നടത്തുകയാണ് അവര്‍ . സാമ്പത്തികസ്ഥിതി നല്ലതല്ലായിരിക്കാം. പക്ഷേ, മകനെയും മകളെയും പഠിപ്പിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അവര്‍  തയ്യാറായില്ല. ചിന്നവീരംപട്ടി പഞ്ചായത്ത് യൂണിയന്‍ മിഡില്‍ സ്‌കൂളിലാണ് അവരുടെ  മക്കള്‍ പഠിച്ചിരുന്നത്. ഒരു ദിവസം സ്‌കൂളില്‍ രക്ഷിതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ക്ലാസ്സ് മുറികളുടെയും സ്‌കൂളിന്റെയും അവസ്ഥ മെച്ചപ്പെടുത്തണമെന്നും സ്‌കൂളില്‍ അടിസ്ഥാനസൗകര്യങ്ങള്‍  ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തായമ്മാള്‍ജിയും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. അവര്‍  എല്ലാം കേട്ടു. ഈ പ്രവര്‍ത്തിക്കുള്ള പണത്തിന്റെ ദൗര്‍ലഭ്യം കാരണം ചര്‍ച്ച വീണ്ടും നിലച്ചു. ഇതിനുശേഷം അവര്‍  എന്താണ് ചെയ്തതെന്ന് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഇളനീര്‍ വിറ്റ് കുറച്ച് മൂലധനം സ്വരൂപിച്ച തായമ്മാള്‍ജി സ്‌കൂളിനായി ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. തീര്‍ച്ചയായും ഇത് ചെയ്യുന്നതിന് ഒരു വലിയ ഹൃദയവും സേവനമനസ്‌കതയും ആവശ്യമാണ്. ഇപ്പോഴുള്ള സ്‌കൂളില്‍ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് തായമ്മാള്‍ജി  പറയുന്നു. ഇനി സ്‌കൂളിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ഇവിടെ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം ആരംഭിക്കും. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസത്തെക്കുറിച്ച് ഞാന്‍ പറഞ്ഞ അതേ വസ്തുതതന്നെയാണ് ഇവിടെ പ്രസക്തം. ഐ.ഐ.ടി. ബി.എച്ച്.യുവിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ സമാനമായ സംഭാവനയെക്കുറിച്ചും ഞാന്‍ അറിഞ്ഞിട്ടുണ്ട്. ബി.എച്ച്.യുവിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി ജയ്ചൗധരി ഒരു ദശലക്ഷം ഡോളര്‍ അതായത് ഏകദേശം ഏഴര കോടിരൂപയാണ് ഐ.ഐ.ടി. ബി.എച്ച്.യു ഫൗണ്ടേഷന് സംഭാവന നല്‍കിയത്. 

സുഹൃത്തുക്കളേ, നമ്മുടെ നാട്ടില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, മറ്റുള്ളവരെ സഹായിച്ചുകൊണ്ട് സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന ധാരാളം ആളുകള്‍ ഉണ്ട്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ പ്രത്യേകിച്ചും നമ്മുടെ വിവിധ ഐ.ഐ.ടി.കളില്‍ ഇത്തരം ശ്രമങ്ങള്‍ തുടര്‍ച്ചയായി കാണപ്പെടുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കേന്ദ്ര സര്‍വ്വകലാശാലകളിലും ഇത്തരം പ്രചോദനാത്മകമായ ഉദാഹരണങ്ങള്‍ക്ക് കുറവില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ രാജ്യത്ത് വിദ്യാഞ്ജലി അഭിയാനും ആരംഭിച്ചിട്ടുണ്ട്. വിവിധ സംഘടനകള്‍, സി.എസ്.ആര്‍., സ്വകാര്യമേഖല എന്നിവയുടെ പങ്കാളിത്തത്തോടെ രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സാമൂഹിക പങ്കാളിത്തത്തിന്റെയും ഉടമസ്ഥതയുടെയും അന്തസത്തയെ പ്രോത്സാഹിപ്പിക്കുകയാണ് വിദ്യാഞ്ജലി. നിങ്ങളുടെ സ്‌കൂള്‍ കോളേജ് എന്നിവയുമായി നിരന്തരം ബന്ധപ്പെട്ടിരിക്കാന്‍, നിങ്ങളുടെ കഴിവിനനുസരിച്ച് എന്തെങ്കിലും സംഭാവന ചെയ്യാന്‍, അനുഭവത്തിലൂടെ മാത്രമേ സന്തോഷവും സംതൃപ്തിയും വെളിവാകുകയുള്ളൂ.

എന്റെ പ്രിയദേശവാസികളേ,
പ്രകൃതിയോടുള്ള സ്നേഹവും എല്ലാ ജീവജാലങ്ങളോടുള്ള കരുണയും നമ്മുടെ സംസ്‌കാരവും സഹജമായ സ്വഭാവവുമാണ്. അടുത്തിടെ മദ്ധ്യപ്രദേശിലെ പെഞ്ച് കടുവാസങ്കേതത്തിലെ ഒരു കടുവ ലോകത്തോട് വിട പറഞ്ഞപ്പോള്‍ ഈ സംസ്‌കാരത്തിന്റെ ഒരു  നേര്‍ക്കാഴ്ച കണ്ടു. കോളര്‍കടുവ എന്നാണ് ആളുകള്‍ ഇതിനെ വിളിച്ചിരുന്നത്. വനം വകുപ്പ് ഇതിന് ടി.15 എന്നാണ് പേരിട്ടിരുന്നത്. ഈ കടുവയുടെ മരണം സ്വന്തമായ ആരോ ലോകം വിട്ടുപോയതുപോലെ ആളുകളെ വികാരഭരിതരാക്കി. ആളുകള്‍ അതിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. പൂര്‍ണ്ണമായ ആദരവോടെയും വാത്സല്യത്തോടെയും വിട നല്‍കി. സോഷ്യല്‍മീഡിയയില്‍ ഈ ചിത്രങ്ങള്‍ നിങ്ങളും കണ്ടിട്ടുണ്ടാവും. പ്രകൃതിയോടും മൃഗങ്ങളോടും ഇന്ത്യാക്കാരായ നമ്മുടെ ഈ സ്നേഹം ലോകമെമ്പാടും വളരെയധികം വിലമതിക്കപ്പെട്ടു. കോളര്‍ കടുവ തന്റെ ജീവിതകാലത്ത് 29 കുഞ്ഞുങ്ങളെ പ്രസവിക്കുകയും 25 കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്തു. ടി-15 ന്റെ ഈ ജീവിതം നമ്മള്‍ ആഘോഷിക്കുകയും അവള്‍ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ വൈകാരികമായ യാത്രയയപ്പ് നല്‍കുകയും ചെയ്തു. ഇതാണ് ഇന്ത്യയിലെ ജനങ്ങളുടെ പ്രത്യേകത. എല്ലാ ജീവികളെയും നമ്മള്‍ സ്നേഹിക്കുന്നു. ഇക്കുറി റിപ്പബ്ലിക്ദിനപരേഡിലും സമാനമായ ഒരു കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. ഈ പരേഡില്‍ രാഷ്ട്രപതിയുടെ അംഗരക്ഷകരുടെ ചാര്‍ജ്ജര്‍ കുതിരയായ വിരാട് തന്റെ അവസാന പരേഡില്‍ പങ്കെടുത്തു. 2003-ല്‍ രാഷ്ട്രപതിഭവനിലെത്തിയ വിരാട് റിപ്പബ്ലിക്ദിനത്തില്‍ കമാന്‍ഡന്റ് ചാര്‍ജ്ജറായി എല്ലാത്തവണയും പരേഡിന് നേതൃത്വം നല്‍കിയിരുന്നു. ഓരോ വിദേശരാഷ്ട്രത്തലവനേയും രാഷ്ട്രപതിഭവനില്‍ സ്വാഗതം ചെയ്യുമ്പോഴും വിരാട് ഈ കൃത്യം നിര്‍വ്വഹിച്ചിരുന്നു. ഈ വര്‍ഷം സൈനികദിനത്തില്‍ കരസേനാമേധാവിയുടെ സി.ഒ.എ.എസ്. കമന്റേഷന്‍ കാര്‍ഡും വിരാടിന് ലഭിച്ചു. വിരാടിന്റെ മഹത്തായ സേവനങ്ങള്‍ കണക്കിലെടുത്ത് വിരമിച്ചതിനുശേഷം അതിനുസമാനമായി ഗംഭീരമായ യാത്രയയപ്പ് നല്‍കി. 

എന്റെ പ്രിയ ദേശവാസികളേ,
ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉദാത്തമായ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ഫലങ്ങളും കണ്ടെത്താനാകും. ഇതിന്റെ മികച്ച ഉദാഹരണമാണ് അസമില്‍നിന്ന് പുറത്തുവന്നിരിക്കുന്നത്. അസമിന്റെ പേര് പറയുമ്പോള്‍തന്നെ തേയിലത്തോട്ടത്തേയും നിരവധി ദേശീയപാര്‍ക്കുകളെയും കുറിച്ചാണ് ചിന്തവരുന്നത്. ഇതോടൊപ്പം ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തിന്റെ ചിത്രവും നമ്മുടെ മനസ്സില്‍ വരും. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം എല്ലായ്പ്പോഴും അസാമീസ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഭാരതരത്ന ഭൂപന്‍ ഹസാരികയുടെ ഈ ഗാനം ഓരോ കാതിലും മുഴങ്ങും.

സുഹൃത്തുക്കളേ, ഈ ഗാനത്തിന്റെ അര്‍ത്ഥം വളരെ പ്രസക്തമാണ്. ആനകളുടെയും കടുവകളുടെയും വാസസ്ഥലമായ കാസിരംഗയുടെ പച്ചപ്പുള്ള ചുറ്റുപാടില്‍ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തെ ഭൂമിയില്‍ കാണുന്നു, പക്ഷികളുടെ ശ്രുതിമധുരമായ കളാരവം കേള്‍ക്കുന്നു. എന്നാണ് ഈ ഗാനത്തില്‍ പറയുന്നത്. അസാമിലെ ലോകപ്രശസ്ത കൈത്തറിയില്‍ നെയ്ത മൂംഗാ, ഏറി വസ്ത്രങ്ങളിലും ഇവയുടെ ചിത്രം കാണാം. അസാമിന്റെ സംസ്‌കാരത്തില്‍ ഇത്രയും മഹത്വമുള്ള കാണ്ടാമൃഗത്തിനും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. 2013-ല്‍ 37ഉം 2014-ല്‍ 32ഉം കാണ്ടാമൃഗങ്ങളെയാണ് വനംകൊള്ളക്കാര്‍ കൊന്നത്. ഈ വെല്ലുവിളിയെ നേരിടാന്‍ അസം  സര്‍ക്കാരിന്റെ പ്രത്യേക ശ്രമങ്ങളോടെ കഴിഞ്ഞ ഏഴു വര്‍ഷമായി കാണ്ടാമൃഗവേട്ടയ്ക്കെതിരെ ഒരു വലിയ പ്രചാരണം ആരംഭിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 22-ന് ലോക കാണ്ടാമൃഗദിനത്തോടനുബന്ധിച്ച് കള്ളക്കടത്തുകാരില്‍നിന്ന് പിടിച്ചെടുത്ത 2400-ലധികം കൊമ്പുകള്‍ കത്തിച്ചു. ഇത് കള്ളക്കടത്തുകാര്‍ക്കുള്ള കര്‍ശന സന്ദേശമായിരുന്നു. ഇപ്പോള്‍ അസാമില്‍ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് ഗണ്യമായി കുറഞ്ഞുവന്നിരിക്കുന്നത് അത്തരം ശ്രമങ്ങളുടെ ഫലമായാണ്. 2013-ല്‍ 37 കാണ്ടാമൃഗങ്ങള്‍ വേട്ടയാടപ്പെട്ടപ്പോള്‍ 2020-ല്‍ 2 ഉം 2021-ല്‍ 1 ഉം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. കാണ്ടാമൃഗത്തെ രക്ഷിക്കാനുള്ള അസമിലെ ജനങ്ങളുടെ ദൃഢനിശ്ചയത്തെ ഞാന്‍ അഭിനന്ദിക്കുന്നു. 

സുഹൃത്തുക്കളേ, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യമാര്‍ന്ന നിറങ്ങളും ആത്മീയതയും ലോകമെമ്പാടുമുള്ള ആളുകളെ എന്നും ആകര്‍ഷിച്ചിട്ടുണ്ട്. അമേരിക്ക, കാനഡ, ദുബായ്. സിംഗപ്പൂര്‍, പടിഞ്ഞാറന്‍ യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സംസ്‌കാരം വളരെ പ്രചാരത്തില്‍ ഉണ്ടെന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ അത് വളരെ സാധാരണമാണെന്ന് നിങ്ങള്‍ക്കു തോന്നും. നിങ്ങള്‍ അതിശയിക്കില്ല. പക്ഷേ, ലാറ്റിന്‍ അമേരിക്കയിലും തെക്കേ അമേരിക്കയിലും ഇന്ത്യന്‍ സംസ്‌കാരത്തിന് വലിയ ആകര്‍ഷണമുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ തീര്‍ച്ചയായും ചിന്തിക്കും. മെക്സിക്കോയില്‍ ഖാദിയെ പ്രോത്സാഹിപ്പിക്കുന്ന കാര്യവും ബ്രസീലില്‍ ഇന്ത്യന്‍ പാരമ്പര്യത്തെ ജനകീയമാക്കാനുള്ള ശ്രമത്തെക്കുറിച്ചും നമ്മള്‍ നേരത്തേ മന്‍ കി ബാത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്ന് ഞാന്‍ നിങ്ങളോട് പറയുന്നത് അര്‍ജന്റീനയില്‍ ഉയരുന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പതാകയെക്കുറിച്ചാണ്. അര്‍ജന്റീനയില്‍ നമ്മുടെ സംസ്‌കാരത്തിന് വലിയ പ്രിയമുണ്ട്. 2018-ല്‍ അര്‍ജന്റീന സന്ദര്‍ശനവേളയില്‍ ഞാന്‍ ഒരു യോഗ പരിപാടിയില്‍ പങ്കെടുത്തു. 'യോഗ ഫോര്‍ പീസ്' ഇവിടെ അര്‍ജന്റീനയില്‍ ഹസ്തിനപൂര്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു സംഘടനയുണ്ട്. അര്‍ജന്റീനയില്‍ ഹസ്തിനപൂര്‍ ഫൗണ്ടേഷന്‍ എന്നു കേട്ടാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. അവിടെ ഇന്ത്യന്‍ വേദപാരമ്പര്യങ്ങളുടെ വ്യാപനത്തിനായി ഈ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നു. 40 വര്‍ഷം മുമ്പ് പ്രൊഫ. ഐഡ ആല്‍ബ്രട്ട് എന്ന മഹതിയാണ് ഇത് സ്ഥാപിച്ചത്. പ്രൊഫ. ഐഡ ആല്‍ബര്‍ട്ടിന് ഇന്ന് 90 വയസ്സ് തികയുകയാണ്. ഇന്ത്യയുമായുള്ള അവരുടെ ബന്ധം എങ്ങിനെയുണ്ടായി എന്നുള്ളതും വളരെ രസകരമാണ്. അവര്‍ക്ക് 18 വയസ്സുള്ളപ്പോള്‍ ആദ്യമായി ഇന്ത്യന്‍ സംസ്‌കാരത്തെ പരിചയപ്പെട്ടു. ഭഗവദ്ഗീതയേയും ഉപനിഷത്തുകളെയുംകുറിച്ച് ആഴത്തില്‍ അറിയാന്‍ ഇന്ത്യയില്‍ അവര്‍ ധാരാളം സമയം ചെലവഴിച്ചു. ഇന്ന് ഹസ്തിനപൂര്‍ ഫൗണ്ടേഷന് അര്‍ജന്റീനയിലും മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും നാല്‍പ്പതിനായിരത്തിലധികം അംഗങ്ങളും മുപ്പതോളം ശാഖകളും ഉണ്ട്. ഹസ്തിനപൂര്‍ ഫൗണ്ടേഷന്‍ സ്പാനീഷ് ഭാഷയില്‍ നൂറിലധികം വേദസംബന്ധമായ തത്വശാസ്ത്രഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ ആശ്രമവും വളരെ ആകര്‍ഷകമാണ്. അവിടെ 12 ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ നിരവധി ദേവീദേവന്മാരുടെ വിഗ്രഹങ്ങളുണ്ട്. ഇതിന്റെയെല്ലാം കേന്ദ്രത്തില്‍ സന്യാസീധ്യാനത്തിനായി നിര്‍മ്മിച്ച ഒരു ക്ഷേത്രം കൂടിയുണ്ട്. 

സുഹൃത്തുക്കളേ, നമ്മുടെ സംക്കാരം നമുക്കുമാത്രമല്ല ലോകത്തിനാകെ അമൂല്യമായ പൈതൃകമാണെന്നതിന് ഇങ്ങനെ നൂറുകണക്കിന് ഉദാഹരണമുണ്ട്. ലോകമെമ്പാടുമുള്ള ആളുകള്‍ നമ്മുടെ സംസ്‌ക്കാരത്തെ അറിയാനും മനസ്സിലാക്കാനും ജീവിക്കാനും ആഗ്രഹിക്കുന്നു. നമ്മുടെ സാംസ്‌ക്കാരികപൈതൃകം പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാനും എല്ലാ ജനങ്ങളിലേയ്ക്കും എത്തിക്കാനും ശ്രമിക്കണം. 
    
എന്റെ പ്രിയദേശവാസികളേ, 

ഇപ്പോള്‍ നിങ്ങളോട് പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങളോട് ഒരു ചോദ്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരേ സമയം എത്ര പുഷപ്പുകള്‍ ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുക. ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്നത് തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും. മണിപ്പൂരില്‍ 24 കാരനായ ധൗണോജം നിരഞ്ജോയ് സിംഗ് ഒരു മിനിട്ടില്‍ 109 പുഷപ്പുകള്‍ എടുത്ത് റെക്കോര്‍ഡ് സ്ഥാപിച്ചു. അദ്ദേഹത്തിന് റെക്കോര്‍ഡ് തകര്‍ക്കുന്നത് പുതിയ കാര്യമല്ല. ഇതിനു മുമ്പ് ഒരു മിനിട്ടില്‍ ഒരു കൈകൊണ്ട് ഏറ്റവും കൂടുതല്‍ നക്കിള്‍ പുഷപ്പുകള്‍ ചെയ്തയാളെന്ന റെക്കോര്‍ഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. നിങ്ങള്‍ നിരഞ്ജോയ് സിംഗില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ശാരീരിക ക്ഷമത നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുമെന്ന് എനിക്കുറപ്പുണ്ട്. 

സുഹൃത്തുക്കളെ, ലഡാക്കിനെക്കുറിച്ചും അഭിമാനകരമായ ഒരു വിവരം നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആകര്‍ഷകമായ ഓപ്പണ്‍ സിന്തറ്റിക് ട്രാക്കും ആസ്ട്രോടര്‍ഫ് ഫുട്ബോള്‍ സ്റ്റേഡിയവുംകൊണ്ട് ലഡാക്ക് ഉടന്‍ അനുഗ്രഹിക്കപ്പെടും. പതിനായിരം അടിയിലധികം ഉയരത്തിലാണ് ഈ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. മുപ്പതിനായിരം കാണികള്‍ക്ക് ഒരുമിച്ചിരിക്കാവുന്ന ലഡാക്കിലെ ഏറ്റവും വലിയ ഓപ്പണ്‍ സ്റ്റേഡിയമാണിത്. ലഡാക്കിലെ ആധുനിക ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ എട്ട് ലൈനുകളുള്ള സിന്തറ്റിക് ട്രാക്കുണ്ടാകും. ഇതിനു പുറമേ ആയിരം കിടക്കകളുള്ള ഹോസ്റ്റല്‍ സൗകര്യവുമുണ്ടാകും. ഫുട്ബാളിലെ ഏറ്റവും വലിയ സംഘടനയായ ഫിഫയുടെ സാക്ഷ്യപത്രവും ഈ സ്റ്റേഡിയത്തിന് ലഭിച്ചിട്ടുണ്ട് എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാകും. ഇത്രയും വലിയ സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുമ്പോള്‍ അതിലൂടെ ഈ രാജ്യത്തെ യുവാക്കള്‍ക്ക് മികച്ച അവസരങ്ങളാണ് ലഭിക്കുന്നത്. അതോടൊപ്പം ഇങ്ങനെയുള്ള സൗകര്യങ്ങള്‍ ഉള്ളിടത്ത് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ വരികയും പോകുകയും ചെയ്യുന്നു. ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടുകയും അങ്ങിനെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ലഡാക്കിലെ നിരവധി യുവാക്കള്‍ക്കും സ്റ്റേഡിയം പ്രയോജനപ്പെടും. 

എന്റെ പ്രിയ ദേശവാസികളേ, ഇത്തവണത്തെ മന്‍ കി ബാത്തില്‍ നമ്മള്‍ പല വിഷയങ്ങളും സംസാരിച്ചു. ഈ സമയത്ത് എല്ലാവരുടെയും മനസ്സിലുള്ള ഒരു വിഷയംകൂടിയുണ്ട്. കൊറോണ. കൊറോണയുടെ പുതിയ തരംഗവുമായി ഇന്ത്യ മികച്ച രീതിയില്‍പോരാടുകയാണ്. ഇതുവരെ നാലരകോടിയോളം കുട്ടികള്‍ക്ക് വാക്സിന്‍ ലഭിച്ചു എന്നത് അഭിമാനകരമാണ്. ഇതിനര്‍ത്ഥം 15 നും 18 നും ഇടയില്‍ പ്രായമുള്ള 60 ശതമാനം യുവാക്കള്‍ക്ക് മൂന്നോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ വാക്സിനുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് നമ്മുടെ യുവാക്കളെ സംരക്ഷിക്കുക മാത്രമല്ല, അവരുടെ പഠനം തുടരാന്‍ സഹായിക്കുകയും ചെയ്യും. 20 ദിവസത്തിനുള്ളില്‍ ഒരു കോടി ആളുകള്‍ മുന്‍കരുതല്‍ ഡോസ് എടുത്തു എന്നതാണ് മറ്റൊരു നല്ല കാര്യം. നമ്മുടെ രാജ്യത്തിന്റെ വാക്സിനിലുള്ള ജനങ്ങളുടെ ഈ വിശ്വാസമാണ് നമ്മുടെ വലിയ ശക്തി. ഇപ്പോള്‍ കൊറോണബാധയുടെ കേസുകളും കുറയാന്‍ തുടങ്ങിയിരിക്കുന്നു. ഇത് വളരെ നല്ല അടയാളമാണ്. ജനങ്ങള്‍ സുരക്ഷിതരായിരിക്കണം. രാജ്യത്തിന്റെ സാമ്പത്തികപ്രവര്‍ത്തനങ്ങളുടെ വേഗത നിലനിര്‍ത്തണം. ഇതാണ് ഓരോ ദേശവാസികളുടെയും ആഗ്രഹം. നിങ്ങള്‍ക്ക് ഇതിനകംതന്നെ അറിയാം. മന്‍ കി ബാത്തില്‍ ചില കാര്യങ്ങള്‍ എനിക്ക് പറയാതിരിക്കാന്‍ ആവില്ല. സ്വച്ഛതാ അഭിയാന്‍. നമ്മള്‍ മറക്കരുത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രചാരണം ത്വരിതപ്പെടുത്തണം. ഇത് പ്രധാനമാണ്. വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന മന്ത്രം നമ്മുടെ ഉത്തരവാദിത്തമാണ്. ആത്മ നിര്‍ഭര്‍ ഭാരതത്തിന്റെ വിജയത്തിനായി നാം പൂര്‍ണ്ണഹൃദയത്തോടെ പ്രവര്‍ത്തിക്കണം. നമ്മുടെ എല്ലാവരുടെയും പരിശ്രമത്തിലൂടെ രാജ്യം വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തും. ഈ ആഗ്രഹത്തോടെ ഞാന്‍ വിട പറയുന്നു.

വളരെയധികം നന്ദി.

***ND***


(Release ID: 1793652) Visitor Counter : 271