പ്രധാനമന്ത്രിയുടെ ഓഫീസ്‌

മണിപ്പൂരിന്റെ 50-ാം സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 21 JAN 2022 11:16AM by PIB Thiruvananthpuram

ഖുറുംജാരി!

 നമസ്‌കാരം!

 സംസ്ഥാന രൂപീകരണത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!

 ഒരു സംസ്ഥാനമെന്ന നിലയില്‍ ഇന്ന് മണിപ്പൂര്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ നിരവധി ആളുകളുടെ സഹനവും ത്യാഗവുമാണ്.  അത്തരത്തിലുള്ള ഓരോ വ്യക്തിയെയും ഞാന്‍ ആദരവോടെ വണങ്ങുന്നു.  കഴിഞ്ഞ 50 വര്‍ഷത്തിനിടെ മണിപ്പൂര്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിട്ടു. മണിപ്പൂരിലെ ജനങ്ങള്‍ ഓരോ നിമിഷവും ഒറ്റക്കെട്ടായി ജീവിക്കുകയും എല്ലാ സാഹചര്യങ്ങളെയും അഭിമുഖീകരിക്കുകയും ചെയ്തിട്ടുണ്ട്.  ഇതാണ് മണിപ്പൂരിന്റെ യഥാര്‍ത്ഥ ശക്തി. കഴിഞ്ഞ ഏഴു വര്‍ഷമായി നിങ്ങളുടെ ഇടയില്‍ വന്ന് നിങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ആവശ്യങ്ങളും നേരിട്ട് മനസ്സിലാക്കുക എന്നത് എന്റെ നിരന്തരമായ പരിശ്രമമാണ്.  നിങ്ങളുടെ പ്രതീക്ഷകളും വികാരങ്ങളും നന്നായി മനസ്സിലാക്കാനും നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പുതിയ വഴികള്‍ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞതിന്റെ കാരണവും ഇതാണ്.  അടച്ചുപൂട്ടലുകളില്‍ നിന്നും ഉപരോധങ്ങളില്‍ നിന്നും സമാധാനവും സ്വാതന്ത്ര്യവും മണിപ്പൂര്‍ അര്‍ഹിക്കുന്നു.  മണിപ്പൂരിലെ ജനങ്ങളുടെ പ്രധാന അഭിലാഷമാണിത്.  ബിരേന്‍ സിംഗ് ജിയുടെ നേതൃത്വത്തില്‍ മണിപ്പൂരിലെ ജനങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈ നേട്ടം കൈവരിച്ചതില്‍ ഇന്ന് ഞാന്‍ സന്തോഷവാനാണ്. ഇന്ന് വികസനം മണിപ്പൂരിലെ എല്ലാ പ്രദേശങ്ങളിലും വിഭാഗങ്ങളിലും യാതൊരു വിവേചനവുമില്ലാതെ എത്തിച്ചേരുന്നു.  വ്യക്തിപരമായി എനിക്ക് വലിയ സംതൃപ്തി നല്‍കുന്ന കാര്യമാണത്.

 സുഹൃത്തുക്കളേ,

 മണിപ്പൂര്‍ അതിന്റെ സാധ്യതകള്‍ വികസനത്തിലേക്ക് വിനിയോഗിക്കുന്നതും യുവത്വത്തിന്റെ സാധ്യതകള്‍ ലോക വേദിയില്‍ തിളങ്ങുന്നതും കാണുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കളിക്കളത്തില്‍ മണിപ്പൂരിലെ ന്റെ മക്കളുടെ തീക്ഷ്ണതയും ആവേശവും കാണുമ്പോള്‍, രാജ്യത്തിന്റെ മുഴുവന്‍ തലയും അഭിമാനത്തോടെ ഉയരുന്നു.  മണിപ്പൂരിലെ യുവാക്കളുടെ കഴിവുകള്‍ കണക്കിലെടുത്ത്, സംസ്ഥാനത്തെ രാജ്യത്തിന്റെ കായിക ശക്തികേന്ദ്രമാക്കി മാറ്റാന്‍ ഞങ്ങള്‍ മുന്‍കൈയെടുത്തു.  രാജ്യത്തെ ആദ്യത്തെ ദേശീയ കായിക സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് പിന്നിലെ ന്യായവാദം ഇതാണ്. സ്പോര്‍ട്സ്, കായിക വിദ്യാഭ്യാസം, കായിക മാനേജ്മെന്റ്, സാങ്കേതികവിദ്യ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച ശ്രമമാണിത്. സ്പോര്‍ട്സ് മാത്രമല്ല, സ്റ്റാര്‍ട്ടപ്പുകളുടെയും സംരംഭകത്വത്തിന്റെയും കാര്യത്തിലും മണിപ്പൂരിലെ യുവാക്കള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിലും സഹോദരിമാരുടെയും പെണ്‍മക്കളുടെയും പങ്ക് പ്രശംസനീയമാണ്.  മണിപ്പൂരിന്റെ കരകൗശല സാധ്യതകള്‍ സമ്പന്നമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുകയാണ്.

 സുഹൃത്തുക്കളേ,

 വടക്കു കിഴക്കന്‍ മേഖലയിലെ 'ആക്റ്റ് ഈസ്റ്റ' നയത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള കാഴ്ചപ്പാടില്‍ മണിപ്പൂരിന്റെ പങ്ക് പ്രധാനമാണ്.  ആദ്യത്തെ പാസഞ്ചര്‍ ട്രെയിനിനായി 50 വര്‍ഷം കാത്തിരിക്കേണ്ടി വന്നു.  പതിറ്റാണ്ടുകള്‍ പിന്നിട്ട് ഇത്രയും നാളുകള്‍ക്ക് ശേഷം മണിപ്പൂരില്‍ ഈ റെയില്‍ ഗതാഗതം എത്തി, ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത് കാണുമ്പോള്‍ മണിപ്പൂരിലെ ഓരോ പൗരനും പറയുന്നത് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റാണ് ഇതിന് കാരണമെന്നാണ്. ഇത്തരമൊരു അടിസ്ഥാന സൗകര്യത്തിന് പതിറ്റാണ്ടുകള്‍ വേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍, മണിപ്പൂരില്‍ കണക്റ്റിവിറ്റിക്ക് വേണ്ടിയുള്ള ജോലികള്‍ അതിവേഗത്തിലാണ് നടക്കുന്നത്.  ആയിരക്കണക്കിന് കോടി രൂപയുടെ കണക്ടിവിറ്റി പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ദ്രുതഗതിയില്‍ നടക്കുന്നു.
 ജിരിബാം-തുപുല്‍-ഇംഫാല്‍ റെയില്‍വേ ലൈനും ഇതില്‍ ഉള്‍പ്പെടുന്നു.  അതുപോലെ, ഇംഫാല്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു എന്നിവയുമായുള്ള ബന്ധം മെച്ചപ്പെട്ടു.  ഇന്ത്യ-മ്യാന്‍മര്‍-തായ്ലന്‍ഡ് ട്രൈലാറ്ററല്‍ ദേശീയപാതയുടെ പണിയും ദ്രുതഗതിയില്‍ നടക്കുന്നു.  വടക്കുകിഴക്കന്‍ മേഖലയില്‍ 9,000 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന പ്രകൃതിവാതക പൈപ്പ് ലൈനിന്റെ ഗുണം മണിപ്പൂരിനും ലഭിക്കാന്‍ പോകുന്നു.

 സഹോദരീ സഹോദരന്മാരേ,

 50 വര്‍ഷത്തെ യാത്രയ്ക്ക് ശേഷം മണിപ്പൂര്‍ ഇന്ന് ഒരു സുപ്രധാന ഘട്ടത്തിലാണ്. മണിപ്പൂര്‍ അതിവേഗ വികസനത്തിലേക്കുള്ള യാത്ര ആരംഭിച്ചു.  അവിടെയുണ്ടായിരുന്ന തടസ്സങ്ങള്‍ ഇപ്പോള്‍ ഇല്ലാതായി.  ഇനി ഇവിടെ നിന്ന് തിരിഞ്ഞു നോക്കേണ്ടതില്ല.  നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 100 വര്‍ഷം തികയുമ്പോള്‍ മണിപ്പൂരിന്റെ സമ്പൂര്‍ണ സംസ്ഥാന പദവിയുടെ 75 വര്‍ഷം തികയും.  അതിനാല്‍, മണിപ്പൂരിന്റെ വികസനത്തിനും ഇത് പുണ്യകരമായ കാലഘട്ടമാണ്.  കാലങ്ങളായി മണിപ്പൂരിന്റെ വികസനം കൈവിട്ട ശക്തികള്‍ക്ക് വീണ്ടും തലയുയര്‍ത്താന്‍ അവസരം ലഭിക്കരുതെന്ന് നാം ഓര്‍ക്കണം.  ഇനി അടുത്ത ദശാബ്ദത്തേക്ക് പുതിയ സ്വപ്നങ്ങളും പുതിയ തീരുമാനങ്ങളുമായി നടക്കണം. ഇളയ മക്കളോടും പുത്രിമാരോടും മുന്നോട്ട് വരാന്‍ ഞാന്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ ശോഭനമായ ഭാവിയെക്കുറിച്ച് എനിക്ക് വളരെ ഉറപ്പുണ്ട്. വികസനത്തിന്റെ ഇരട്ടവേഗവുമായി മണിപ്പൂരിന് അതിവേഗം മുന്നേറേണ്ടതുണ്ട്.  മണിപ്പൂരിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാര്‍ക്ക് ഒരിക്കല്‍ കൂടി ആശംസകള്‍!

 വളരെയധികം നന്ദി!

ND



(Release ID: 1792045) Visitor Counter : 127