ഉപരാഷ്ട്രപതിയുടെ കാര്യാലയം

തന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ എത്തി



ദ്വീപു സമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനം രാജ്യത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതം എന്ന് ഉപരാഷ്ട്രപതി

പരിസ്ഥിതി-സൗഹൃദ വിനോദസഞ്ചാരം, സുസ്ഥിര മത്സ്യബന്ധനം എന്നിവയ്ക്ക് ലക്ഷദ്വീപ് മാതൃകയായി മാറണമെന്നും ഉപരാഷ്ട്രപതി

ലക്ഷദ്വീപിന് ഒരു പുതിയ ബ്രാന്‍ഡ് രൂപപ്പെടുത്തി നല്‍കാന്‍ ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി

Posted On: 01 JAN 2022 3:37PM by PIB Thiruvananthpuram

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ കടമത്ത്, അന്ത്രോത്ത് ദ്വീപുകളിലെ രണ്ട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡു ഇന്ന് ഉദ്ഘാടനം ചെയ്തു.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് ഉപരാഷ്ട്രപതി കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ എത്തിയത്. 

പരമ്പരാഗത സാംസ്‌കാരിക പൈതൃകം,

കലര്‍പ്പില്ലാത്ത പ്രകൃതിസൗന്ദര്യം എന്നിവയുടെ അത്യപൂര്‍വ സംയോജനം ലക്ഷദ്വീപിന് സ്വന്തമാണെന്ന് കടമത്ത് ദ്വീപില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യവെ ശ്രീ നായിഡു അഭിപ്രായപ്പെട്ടു. ദ്വീപ്നിവാസികളുടെ ആതിഥ്യമര്യാദ തന്നെ ഏറെ ആകര്‍ഷിച്ചതായും ഉപരാഷ്ട്രപതി പറഞ്ഞു. 

ലക്ഷദ്വീപിന്റെ സൗന്ദര്യത്തെ അഭിനന്ദിക്കവേ, തങ്ങളുടെ ജീവിതകാലയളവില്‍ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

രണ്ട് കോളേജുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേ, ഇവിടങ്ങളില്‍ ലഭിക്കുന്ന കോഴ്‌സുകള്‍ ദ്വീപിലെ വിദ്യാര്‍ഥികള്‍ക്ക്, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് മേഖലയുടെ ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടക്കാന്‍ സഹായിക്കുമെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിച്ചുകൊണ്ട് ഉന്നത ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടാന്‍ ഇത് അവരെ സഹായിക്കും. 

കോളേജുകള്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഉപരാഷ്ട്രപതി, നൈപുണ്യ വികസന സംബന്ധിയായ ഹൃസ്വകാല കോഴ്‌സുകള്‍ കൂടി തുടങ്ങണമെന്ന് ഭരണകൂടത്തിന് ഉപദേശം നല്‍കി. 

പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം, മത്സ്യബന്ധനം എന്നീ മേഖലകളില്‍ ലക്ഷദ്വീപിനുള്ള വലിയ സാധ്യതകള്‍ ചൂണ്ടിക്കാട്ടവേ ജലക്കൃഷി, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി മേഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ പ്രയോജനപ്പെടുത്തണമെന്നും, പ്രകൃതിദത്തമായി തങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ഈ മേഖലകളില്‍ കൂടുതല്‍ മികവു കൈവരിക്കാന്‍ പരിശ്രമിക്കണമെന്നും ശ്രീ നായിഡു യുവ ജനങ്ങളോട് ആഹ്വാനം ചെയ്തു.

പുതുതായി സ്ഥാപിക്കുന്ന കോളേജുകള്‍ ദ്വീപിലെ യുവാക്കളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുക മാത്രമല്ല മേഖലയുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി തന്നെ മാറ്റിമറിക്കുമെന്ന് ഉപരാഷ്ട്രപതി പ്രതീക്ഷ പ്രകടിപ്പിച്ചു. 

 

രാജ്യത്തിന്റെ വികസനത്തിന് ലക്ഷദ്വീപ് സമൂഹങ്ങളുടെ വികസനം അത്യന്താപേക്ഷിതമാണെന്ന് ഉപരാഷ്ട്രപതി ഊന്നി പറഞ്ഞു. ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് ദ്വീപില്‍ പൂര്‍ണ്ണ നിരോധനമേര്‍പ്പെടുത്താന്‍ ഭരണകൂടവും ജനങ്ങളും പുലര്‍ത്തിയ പ്രതിജ്ഞാബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു. രണ്ട് വര്‍ഷ കാലയളവിനുള്ളില്‍ ഹരിത ഊര്‍ജ്ജ രൂപങ്ങളിലേക്ക് പൂര്‍ണ്ണമായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ദ്വീപസമൂഹങ്ങള്‍ അടുക്കുകയാണെന്ന വസ്തുത അഭിനന്ദനാര്‍ഹമാണെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. 

 

ദ്വീപ് സമൂഹങ്ങളുടെ ഉയര്‍ന്ന ശുചിത്വ നിലവാരം കാത്തു സൂക്ഷിക്കുന്നതിനായി

'സ്വച്ഛ് ലക്ഷദ്വീപ്' പരിപാടിക്ക് കീഴില്‍

ഒരു പൊതുജന മുന്നേറ്റത്തിനു അദ്ദേഹം ആഹ്വാനം ചെയ്തു. 

 

വിദ്യാഭ്യാസത്തില്‍ പ്രായോഗികതയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി ദ്വീപില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ശുദ്ധജല പ്രശ്‌നങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ നൂതന പരിഹാരങ്ങള്‍ കാണാന്‍ ശ്രമിക്കണമെന്ന് യുവാക്കളോട് ആവശ്യപ്പെട്ടു. 

 

വിനോദ്‌സഞ്ചാരം, മത്സ്യബന്ധനം എന്നിവയെ ലക്ഷദ്വീപിന്റെ വലിയ കരുത്തായി വിശേഷിപ്പിച്ച ഉപരാഷ്ട്രപതി പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം, സുസ്ഥിര മത്സ്യബന്ധനം എന്നിവയില്‍ രാജ്യത്തൊട്ടാകെ മാതൃകയായി മാറാന്‍ ദ്വീപസമൂഹങ്ങള്‍ ശ്രമിക്കണമെന്ന് ഓര്‍മിപ്പിച്ചു. തങ്ങളുടെ ദുര്‍ബലമായ ജൈവവൈവിധ്യത്തെ അപകടത്തില്‍ ആക്കാതെ വേണം ഇത് സാധ്യമാക്കാന്‍. സമുദ്രത്തിന്നടിയിലെ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലാ സ്ഥാപനം, വിമാനത്താവളങ്ങളുടെ വികസനം, അടിസ്ഥാനസൗകര്യങ്ങള്‍ ശാക്തീകരിക്കല്‍, ചില ദ്വീപുകളില്‍ വാട്ടര്‍ വില്ലകള്‍ സ്ഥാപിക്കാനുള്ള നീക്കം തുടങ്ങി മേഖലയില്‍ നടപ്പാക്കുന്ന മുന്നേറ്റങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

 

ഉപജീവന മാര്‍ഗ്ഗങ്ങളെപ്പറ്റി സംസാരിക്കവേ

ആഗോള നിലവാരങ്ങളോട് കിടപിടിക്കുന്ന വിധത്തില്‍ മേഖലയിലെ ജനങ്ങളുടെ നൈപുണ്യവികസനം സാധ്യമാക്കേണ്ടതിന്റെ ആവശ്യകത  ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. മികച്ച ഗുണനിലവാരമുള്ള ഉത്പാദനം, മികച്ച മൂല്യവത്കരണം, എന്നിവ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ലക്ഷദ്വീപില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഒരു ബ്രാന്‍ഡ് നെയിം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.  

 

വലിയ തോതിലുള്ള കടല്‍പ്പായല്‍കൃഷി, മത്സ്യബന്ധന മേഖലയെ ആധുനികവല്‍ക്കരിക്കാനുള്ള നടപടികള്‍, രാസസംയുക്തങ്ങള്‍ ഉപയോഗിക്കാതെയുള്ള വെളിച്ചെണ്ണ, കയര്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. 

 

മികച്ച കായികക്ഷമത, ആരോഗ്യമുള്ള മനസ്സ് എന്നിവയ്ക്കായി യോഗ അടക്കമുള്ള കായിക പരിപാടികളില്‍ ശ്രദ്ധ നല്‍കണമെന്ന് അദ്ദേഹം യുവാക്കളെ ആഹ്വാനം ചെയ്തു. തെങ്ങുകയറ്റത്തിനു ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അടക്കമുള്ളവയും അദ്ദേഹം ചടങ്ങില്‍ വിതരണം ചെയ്തു

 

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ പ്രഫുല്‍ പട്ടേല്‍, ലോക്‌സഭാംഗം ശ്രീ മുഹമ്മദ് ഫൈസല്‍ പി പി, പോണ്ടിച്ചേരി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ശ്രീ ഗുര്‍മീത് സിംഗ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
 



(Release ID: 1786812) Visitor Counter : 212