പഞ്ചായത്തീരാജ് മന്ത്രാലയം
വർഷാന്ത്യ അവലോകനം 2021-പഞ്ചായത്തീരാജ് മന്ത്രാലയം
Posted On:
30 DEC 2021 12:02PM by PIB Thiruvananthpuram
2021-ൽ പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ പ്രമുഖ നേട്ടങ്ങൾ താഴെപ്പറയുന്നു:
1. ഗ്രാമീണ മേഖലകളിലെ മുഴുവൻ ഗൃഹനാഥർക്കും തങ്ങളുടെ വസ്തുവകകൾ സംബന്ധിച്ച രേഖകൾ നൽകുന്നത് ലക്ഷ്യമിട്ടുള്ള, SVAMITVA പദ്ധതിക്ക് 2020ഏപ്രിലിൽ തുടക്കമായി
ഘട്ടം 1: 9 സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി പരീക്ഷണ അടിസ്ഥാനത്തിൽ (ഏപ്രിൽ 2020 – മാർച്ച് 2021)
ഘട്ടം 2: (ഏപ്രിൽ 2021 – മാർച്ച് 2025) - 2025 ഓടെ ശേഷിക്കുന്ന ഗ്രാമങ്ങളുടെ മുഴുവൻ സർവ്വേ
28,603 ഗ്രാമങ്ങളിലായി 36 ലക്ഷത്തോളം പ്രോപ്പർട്ടി കാർഡുകൾ തയ്യാറാക്കി
2. e-ഗ്രാം സ്വരാജ് e-ഫൈനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റത്തിനു 2020 ഏപ്രിലിൽ തുടക്കമായി. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ e- ഭരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് നടപടി.
ലളിതവൽക്കരിച്ച ഒരു ജോലി അധിഷ്ഠിത അക്കൗണ്ടിംഗ് ആപ്ലിക്കേഷനാണ് ഇത്.
3. വസ്തുവകകളുടെ ജിയോ-ടാഗിംഗ് - വസ്തുവകകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ജിയോ-ടാഗുകൾ അടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒരു മൊബൈൽ അധിഷ്ഠിത പരിഹാര സംവിധാനം - mActionSoft - മന്ത്രാലയം വികസിപ്പിച്ചു. 2021 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം, നടപ്പുവർഷത്തിൽ വസ്തുവകകളുടെ 2.52 ലക്ഷം ചിത്രങ്ങളാണ് ഗ്രാമപഞ്ചായത്തുകൾ അപ്ലോഡ് ചെയ്തിരിക്കുന്നത്
4. ഗ്രാമീണ പ്രാദേശിക ഭരണ സംവിധാനങ്ങൾക്ക് ധനകാര്യകമ്മീഷൻ ഗ്രാന്റുകൾ - ഗ്രാമീണ പ്രാദേശിക ഭരണ സംവിധാനങ്ങൾക്കായി പതിനഞ്ചാം ധനകാര്യ കമ്മീഷൻ പ്രത്യേക ധന വിഹിതം നീക്കിവച്ചിരുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ 60,750 കോടി രൂപയാണ് കമ്മീഷൻ അനുവദിച്ചത്. 2021-26 കാലയളവിൽ 2,36,805 കോടി രൂപയും ഇതിനായി വക മാറ്റിയിട്ടുണ്ട്.
5. സോഷ്യൽ ഓഡിറ്റുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ - പതിനഞ്ചാം ധനകാര്യ കമ്മീഷൻ അനുവദിച്ച ഗ്രാൻഡുകൾ ഉപയോഗിച്ച് നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ/പരിപാടികൾ എന്നിവയുടെ സോഷ്യൽ ഓഡിറ്റ് സംഘടിപ്പിക്കുന്നതിന് NIRD&PR-മായി ചേർന്നുകൊണ്ട് വിശദമായ മാർഗ്ഗനിർദേശങ്ങളാണ് പഞ്ചായത്തീരാജ് മന്ത്രാലയം തയ്യാറാക്കിയിട്ടുള്ളത്. സുതാര്യത, ഉത്തരവാദിത്വം എന്നിവ വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. 2021 ജൂൺ 22ന് ഈ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു.
6. ഗ്രാമീണ പ്രാദേശിക ഭരണ സംവിധാനങ്ങളിൽ കോവിഡ്-19 നിയന്ത്രണ/പ്രതിരോധത്തിനായി പ്രത്യേക ഡാഷ്ബോർഡ് - രാജ്യത്തെ ഗ്രാമീണ മേഖലകളിൽ മികച്ച കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിന്റെ ഭാഗമായി NIC യുമായി ചേർന്നുകൊണ്ട് 2021 ജൂൺ 18നു പ്രത്യേക കോവിഡ്-19 ഡാഷ്ബോർഡ് പഞ്ചായത്തീരാജ് മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഡാഷ്ബോർഡ് യുആർഎൽ താഴെ കൊടുക്കുന്നു:
https://egramswaraj.gov.in/covidDashboard.do
7. ഓഡിറ്റ് ഓൺലൈൻ - പഞ്ചായത്ത് അക്കൗണ്ടുകളുടെ ഓഡിറ്റ് റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കണം എന്നത് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഒരു യോഗ്യതാ മാനദണ്ഡമായി നിശ്ചയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പഞ്ചായത്ത് അക്കൗണ്ടുകളുടെ ഓൺലൈൻ ഓഡിറ്റ് പ്രവർത്തനങ്ങൾ നടത്തുന്നതിനായി ‘ഓഡിറ്റ്ഓൺലൈൻ’ എന്ന പേരിൽ ഒരു ആപ്ലിക്കേഷന് പഞ്ചായത്തീരാജ് മന്ത്രാലയം രൂപം നൽകി. 2020 ഏപ്രിലിൽ ഈ ആപ്ലിക്കേഷൻ പുറത്തിറക്കി. 2020-2021 ഓഡിറ്റ് കാലയളവിൽ
1,08,318 ഓഡിറ്റ് പ്ലാനുകൾക്ക് രൂപം നൽകുകയും, 42,444 ഓഡിറ്റ്റിപ്പോർട്ടുകൾ രൂപപ്പെടുത്തുകയും ചെയ്തു.
8. ഗ്രാമീണ മേഖലയിലെ സാങ്കേതിക പുരോഗതി - സ്മാർട്ട് വെന്റിങ് കാർട്ട് - ഗ്രാമീണ മേഖലയിലെ കച്ചവടക്കാർക്കായി സ്മാർട്ട് വെന്റിങ് കാർട്ട് വികസിപ്പിക്കുന്നതിനായി ഭാരത സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ്, ശാസ്ത്ര സാങ്കേതിക വകുപ്പ്, 6 ഐഐടികൾ എന്നിവയുമായി പഞ്ചായത്തിരാജ് മന്ത്രാലയം കൈകോർത്തു.
9. ഗ്രാമസഭകളെ ജീവസ്സുറ്റതാക്കുമ്പോൾ - ഇതുമായി ബന്ധപ്പെട്ട ഒരു നിർദ്ദേശക സംഹിത, 2021 ഓഗസ്റ്റ് 16ന് സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവർക്ക് നൽകിയിരുന്നു. ബന്ധപ്പെട്ട സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പഞ്ചായത്തീരാജ് വകുപ്പുകളുമായി നിരവധി വട്ട ചർച്ചകൾ, വിഷയത്തിൽ അനുഭവപരിജ്ഞാനമുള്ള വ്യക്തികൾ/ തല്പരകക്ഷികൾ തുടങ്ങിയവരുമായുള്ള കൂടിയാലോചനകൾ എന്നിവയ്ക്ക് ശേഷമായിരുന്നു ഈ നടപടി. സംസ്ഥാനങ്ങൾ-കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഗ്രാമസഭകളുടെ മികച്ച പ്രവർത്തനം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഏകകങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഡാഷ്ബോർഡ് സൗകര്യത്തോടു കൂടിയ ഒരു ഓൺലൈൻ പോർട്ടലിന് പഞ്ചായത്തിരാജ് മന്ത്രാലയം രൂപം നൽകി. ഡാഷ്ബോർഡിന്റെ യുആർഎൽ താഴെ കൊടുക്കുന്നു:
https://meetingonline.gov.in/
10. PESA നടപ്പാക്കി 25 വർഷം പൂർത്തിയാകുന്ന വേളയിൽ ഇതുമായി ബന്ധപ്പെട്ട ഒരു ദേശീയ സമ്മേളനം സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായിരുന്നു ഇത്.
11. പഞ്ചായത്തീരാജ് മന്ത്രാലയത്തിനു വേണ്ടിയുള്ള ദുരന്ത നിർവഹണ പദ്ധതിക്ക് അന്തിമ രൂപം നൽകി.
12. ഭരണത്തിലെ സുതാര്യതയ്ക്ക് പഞ്ചായത്തീരാജ് മന്ത്രാലയത്തിന് SKOCH ചലഞ്ചർ പുരസ്കാരം
13. IEC പ്രചാരണങ്ങൾ - പ്രധാനപ്പെട്ട പ്രചാരണങ്ങൾ, മുന്നേറ്റങ്ങൾ, പരിപാടികൾ എന്നിവ സംബന്ധിച്ച് പൊതു ജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനായി എസ്എംഎസുകൾ, വാട്സ്ആപ്പ് ഗ്രൂപ്പുകൾ പോലുള്ള സാമൂഹിക മാധ്യമ ഇടങ്ങൾ എന്നിവ മന്ത്രാലയം ഉപയോഗപ്പെടുത്തി.
14. പരിശീലനവും ശേഷി വികസനവും – പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകാനും അവയുടെ ശേഷി വർദ്ധിപ്പിക്കാനും സംസ്ഥാന ഭരണകൂടങ്ങൾക്കൊപ്പം പഞ്ചായത്തിരാജ് മന്ത്രാലയവും, കേന്ദ്ര സർക്കാർ പദ്ധതിയായ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ (RGSA) വഴി, പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.
15. ജനങ്ങളുടെ പദ്ധതി പ്രചാരണം (People’s Plan Campaign) - 2018 മുതൽ ''എല്ലാവരുടെയും പദ്ധതി എല്ലാവരുടെയും വികസന''മെന്ന ‘ജനങ്ങളുടെ പദ്ധതി പ്രചാരണം’ മന്ത്രാലയം നടത്തിവരുന്നു. ജനപങ്കാളിത്തത്തോടെ കൂടി അടുത്ത വർഷത്തേക്ക് സമഗ്രവും സമ്പൂർണവുമായ പഞ്ചായത്ത് വികസന പദ്ധതി (PDP) തയ്യാറാക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്. 2021 ഒക്ടോബർ രണ്ടിനു തുടക്കംകുറിച്ച ഇക്കൊല്ലത്തെ പ്രചാരണം 2022 ജനുവരി 31 വരെ നീണ്ടു നിൽക്കും.
16. ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷം – 2021 ഏപ്രിൽ 24 ന് ദേശീയ പഞ്ചായത്തീരാജ് ദിനം സമുചിതമായി ആഘോഷിച്ചു. SVAMITVA പദ്ധതിക്ക് കീഴിലുള്ള e-പ്രോപ്പർട്ടി കാർഡുകളുടെ വിതരണത്തിന് അന്നേ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ചു. രാജ്യത്തെ 4.09 ലക്ഷത്തിലേറെ ഉടമസ്ഥർക്ക് e-പ്രോപ്പർട്ടി കാർഡുകൾ ലഭിച്ചു.
17. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾ - 2021 ജൂലൈ പകുതിമുതൽ പഞ്ചായത്തീരാജ് മന്ത്രാലയം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചു വരികയാണ്. ഗ്രാമീണ വികസന മന്ത്രാലയം, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പഞ്ചായത്തീരാജ് വകുപ്പുകൾ, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇത്. പഞ്ചായത്ത് തലത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ/ പരിപാടികൾ എന്നിവയുടെ പുരോഗതി പ്രദർശിപ്പിക്കുന്നതിനായി https://IndiaAt75.nic.in/ എന്ന ഒരു പ്രത്യേക ഡാഷ്ബോർഡിന് രൂപം നൽകിയിട്ടുണ്ട്.
***
(Release ID: 1786487)
Visitor Counter : 175