ആയുഷ്‌
azadi ka amrit mahotsav

വാർഷിക അവലോകനം: ആയുഷ് മന്ത്രാലയം

Posted On: 24 DEC 2021 12:35PM by PIB Thiruvananthpuram

ലോകമെമ്പാടും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും പൊതുജനങ്ങളുടെയും വ്യവസായങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആയുഷ് മന്ത്രാലയത്തിന്റെ ശ്രദ്ധേയമായ സംരംഭങ്ങൾക്ക് 2021 സാക്ഷ്യം വഹിച്ചു. മന്ത്രാലയത്തിന്റെ ചില സംരംഭങ്ങളും നേട്ടങ്ങളും ചുവടെ ചേർത്തിരിക്കുന്നു.

സേവാഭാരതിയുടെ പിന്തുണയോടെ മന്ത്രാലയത്തിന് കീഴിലുള്ള ഗവേഷണ കൗൺസിലുകളുടെയും ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും 86 ക്ലിനിക്കൽ യൂണിറ്റുകൾ വഴി ആയുഷ് മന്ത്രാലയം രാജ്യത്തുടനീളം ആയുഷ് 64 ന്റെ വിതരണ പരിപാടി ആരംഭിച്ചു. സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (CCRAS) വികസിപ്പിച്ച പോളിഹെർബൽ ഔഷധമായ ആയുഷ് 64, ലക്ഷണമില്ലാത്തതും നേരിയതും മിതമായതുമായ കോവിഡ്-19 അണുബാധയുടെ ചികിത്സയിൽ അനുബന്ധമായി ഉപയോഗപ്രദമാണെന്ന് രാജ്യത്തെ പ്രശസ്ത ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. മരുന്നുകളുടെ ഫലപ്രാപ്തി നിരവധി കേന്ദ്രങ്ങളിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.


കോവിഡ്-19 ഉയർത്തുന്ന വെല്ലുവിളികൾക്ക് ആയുഷ് അധിഷ്ഠിത സമീപനങ്ങളും പരിഹാരങ്ങളും നൽകുന്നതിനായി മന്ത്രാലയം ഒരു പ്രത്യേക ജനപിന്തുണ ഹെൽപ്പ്ലൈൻ പ്രവർത്തനക്ഷമമാക്കി. ടോൾ ഫ്രീ നമ്പർ 14443 ആണ്. ഹെൽപ്പ് ലൈൻ രാവിലെ 6 മുതൽ അർദ്ധരാത്രി 12 വരെ ആഴ്ചയിലെ ഏഴ് ദിവസവും പ്രവർത്തിക്കുന്നു.


ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘WHO mYoga’ ആപ്പ് പ്രഖ്യാപിച്ചത്. പല ഭാഷകളിലുമുള്ള പൊതുവായ യോഗ പ്രോട്ടോക്കോൾ (സിവൈപി) അടിസ്ഥാനമാക്കി, യോഗ പരിശീലനം എളുപ്പത്തിൽ പഠിക്കാൻ ആപ്പ് സഹായിക്കും. ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് അവരുടെ ജോലിസ്ഥലത്ത് വെറും 5 മിനിറ്റിനുള്ളിൽ ക്ഷീണം തീർത്തുകൊണ്ട് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാനും സമ്മർദ്ദം കുറയ്ക്കാനും അവരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും മന്ത്രാലയം ‘Y-break’ ആപ്പും പുറത്തിറക്കി. ആപ്പ് പൊതുവായ യോഗ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ളതാണ്.

മറ്റൊരു സംരംഭത്തിൽ, കോവിഡ്-19 രോഗികളുടെ മാനസിക-സാമൂഹിക പുനരധിവാസത്തിനുള്ള ഒരു പ്രോട്ടോക്കോൾ വികസിപ്പിക്കുന്നതിന് മൂന്ന് പ്രമുഖ സ്ഥാപനങ്ങൾ ഒത്തുചേർന്നു പ്രവർത്തിക്കുന്നു. സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപ്പതി (CCRYN), നിംഹാൻസ്സ് -ബെംഗളൂരു, സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാന (S-VYASA) എന്നിവയാണ് സ്ഥാപനങ്ങൾ.

 

ആയുഷ് മന്ത്രാലയവും വനിതാ-ശിശു വികസന മന്ത്രാലയവും കൈക്കൊണ്ട ഒരു പ്രധാന ചുവടുവെപ്പിൽ, പോഷകാഹാരത്തെക്കുറിച്ചുള്ള ഒരു സംയോജിത പ്രചാരണ പരിപാടി ആരംഭിച്ചു. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പോഷകസമൃദ്ധമായ ഭക്ഷണവും ഔഷധസസ്യങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി അംഗൻവാടികൾ, സ്കൂളുകൾ, അടുക്കളത്തോട്ടങ്ങൾ എന്നിവിടങ്ങളിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള യജ്ഞവും നടന്നുവരുന്നു. ആയുഷ് അധിഷ്ഠിത മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ടേക്ക് ഹോം റേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും ആയുഷ് അധിഷ്ഠിത ഇടപെടലുകളിലൂടെ പോഷകാഹാരക്കുറവ്, വിളർച്ച എന്നിവയ്ക്കുമുള്ള പ്രവർത്തനങ്ങളും എല്ലാ അംഗൻവാടി കേന്ദ്രങ്ങളിലും ഘട്ടം ഘട്ടമായി നടന്നു വരുന്നു.

 

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളും സ്റ്റാർട്ട്-അപ്പ് അന്തരീക്ഷവും ലോകത്തിലെ ഏറ്റവും മികച്ചതാക്കുന്നതിന് അക്ഷീണം പ്രയത്നിക്കുന്നതിനായി ആയുഷ് ഉദ്യമയും (AYUSH UDYAMAH) ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിൽ 156.86 ദശലക്ഷം ആളുകൾ 2021 ലെ അന്താരാഷ്ട്ര യോഗ ദിനത്തിൽ പങ്കെടുത്തു, ആകെ 496.1 ദശലക്ഷം ആളുകൾ (സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ) പങ്കെടുത്തു. വിദേശത്തുള്ള ഇന്ത്യൻ എംബസികൾ വഴി 50,000-ത്തിലധികം ആളുകൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ടൈംസ് സ്ക്വയർ, ഐഫൽ ടവർ തുടങ്ങിയ സുപ്രധാന സ്ഥലങ്ങളിൽ യോഗ അതിന്റെ സാനിധ്യം അടയാളപ്പെടുത്തുകയും ചെയ്തു.



AMAR, RMIS, SAHI, e-Medha പോർട്ടലുകൾ എന്നിവയ്ക്കൊപ്പം ആയുർവേദ ഡാറ്റാസെറ്റുമായി ബന്ധപ്പെട്ട CTRI (ക്ലിനിക്കൽ ട്രയൽ രജിസ്ട്രി ഓഫ് ഇന്ത്യ) പോർട്ടലിന്റെ സമാരംഭം ഓൺലൈൻ മേഖലയിൽ ആയുഷിന്റെ സാന്നിധ്യം വർധിപ്പിച്ചു.

കൂടാതെ, ആയുഷ് ക്ലിനിക്കൽ കേസ് റിപ്പോസിറ്ററി (ACCR) പോർട്ടലും ആയുഷ് സഞ്ജീവനി ആപ്പിന്റെ മൂന്നാം പതിപ്പും ഒരു വെർച്വൽ പരിപാടിയിലൂടെ അവതരിപ്പിച്ചുകൊണ്ട് ആയുഷ് മന്ത്രാലയം മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് ആയുഷ് മന്ത്രാലയം ആസാദി കാ അമൃത് മഹോത്സവ് പരിപാടിയ്ക്ക് കീഴിൽ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 5 വരെ നിരവധി പരിപാടികൾ നടത്തി. വൈ-ബ്രേക്ക് ആപ്പിന്റെ ലോഞ്ച്, 75,000 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യാനുള്ള ഔഷധസസ്യങ്ങളുടെ വിതരണം, ഒരു വർഷത്തിനുള്ളിൽ 75 ലക്ഷം പേർക്ക് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യാനുള്ള ദേശീയ പരിപാടി, 75,000-ലധികം സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്കായി പ്രഭാഷണ പരമ്പര എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരു വർഷത്തേക്ക് പ്രവർത്തനങ്ങൾ തുടരും.

മറ്റൊരു സംരംഭത്തിൽ, കോവിഡ്-19 സ്ഥിരീകരിച്ചവരിൽ പ്രതിരോധ പഠനങ്ങളും തുടർ ഇടപെടലുകൾ നടത്തുന്നതിനുമായി ക്ലിനിക്കൽ റിസർച്ച് പ്രോട്ടോക്കോളുകൾ രൂപകൽപ്പന ചെയ്യുന്നതിനു വേണ്ടി, വിവിധ മേഖലകൾ സംയോജിപ്പിച്ചു കൊണ്ട് ആയുഷ് ഗവേഷണ, വികസന കർമ്മ സേന രൂപീകരിച്ചു. കർമ്മ സേനയിൽ ഐസിഎംആർ, ബയോടെക്നോളജി വകുപ്പ്, സിഎസ്ഐആർ, എയിംസ്, ആയുഷ് സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തം ഉണ്ട്.

ഒരു പ്രധാന നടപടിയായി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും (AIIA), യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ & ട്രോപ്പിക്കൽ മെഡിസിനും (LSHTM) സഹകരിച്ചു കൊണ്ട് കോവിഡ്-19 നിന്ന് വേഗത്തിലുള്ള രോഗമുക്തക്കായിഅശ്വഗന്ധ’-യിൽ പഠനം നടത്താൻ തീരുമാനിച്ചു. യുകെയിലെ മൂന്ന് നഗരങ്ങളിലായി 2,000 ആളുകളിൽ 'അശ്വഗന്ധ' ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിന് AIIA-യും LSHTM-ഉം ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.

മറ്റൊരു സുപ്രധാന നീക്കത്തിൽ, ലൈസൻസുകൾ അനുവദിക്കുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനും സമയം ലാഭിക്കുന്നതിനുമായി ആയുഷ് മന്ത്രാലയം ഒരു ഓൺലൈൻ ആപ്ലിക്കേഷൻ സംവിധാനം അവതരിപ്പിച്ചു.

ഫാർമക്കോപ്പിയ കമ്മീഷൻ ഫോർ ഇന്ത്യൻ മെഡിസിൻ & ഹോമിയോപ്പതിയും (PCIM&H) അമേരിക്കൻ ഹെർബൽ ഫാർമക്കോപ്പിയയും തമ്മിൽ ഇന്ത്യൻ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിലെ നിലവാരം ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ഒരു ധാരണാപത്രം ഒപ്പുവച്ചു.

2020-21 സാമ്പത്തിക വർഷത്തിൽ, മന്ത്രാലയത്തിന്റെ പൊതുമേഖലാ നിർമാണ യൂണിറ്റായ ഇന്ത്യൻ മെഡിസിൻസ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഎംപിസിഎൽ) 164.33 കോടി രൂപയുടെ (താൽക്കാലിക കണക്ക്) വിറ്റുവരവ് രേഖപ്പെടുത്തിയത് നേട്ടത്തിന്റെ മറ്റൊരു പൊൻ തൂവലാണ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. വർഷം ഏകദേശം 12 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന ലാഭം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2014-20- ആയുഷിന്റെ വിപണി മൂല്യം 17 ശതമാനം വർധിച്ച് 18.1 ശതകോടി US ഡോളറിലെത്തിയെന്ന് റിസർച്ച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം ഫോർ ഡെവലപ്പിംഗ് കൺട്രീസ് (ആർഐഎസ്) റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

***

 


(Release ID: 1784847) Visitor Counter : 218