ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ (ABDM) കീഴിൽ രാജ്യത്ത് 14 കോടിയിലധികം ഹെൽത്ത് ID-കൾ സൃഷ്ടിച്ചു
Posted On:
14 DEC 2021 2:13PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 14, 2021
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ (ABDM) കീഴിൽ 2021 ഡിസംബർ 3-വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 14,15,49,620 ഹെൽത്ത് ID-കൾ സൃഷ്ടിച്ചിട്ടുണ്ട്.
ആരോഗ്യ സംവിധാനങ്ങൾക്കുള്ളിലെ ഡാറ്റ പരസ്പര ബന്ധിതമായി ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ ഓരോ പൗരന്റെയും ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് സൃഷ്‌ടിക്കുന്നതിനും, പരിചരണച്ചെലവ് കുറയ്ക്കുന്നതിനും, ആരോഗ്യ സേവന വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, പൗരന്മാർക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനും ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കുക എന്നതാണ് മിഷൻ ലക്ഷ്യമിടുന്നത്.
ABDM സൃഷ്ടിച്ച ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥ പ്രാഥമിക, ദ്വിതീയ, തൃതീയ ആരോഗ്യപരിരക്ഷയിലുടനീളം തടസ്സരഹിതമായ പരിചരണം ഉറപ്പാക്കുന്നു. വിദഗ്‌ധ ചികിത്സ ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇലക്‌ട്രോണിക് മാർഗങ്ങളിലൂടെയുള്ള ആരോഗ്യ പരിപാലന സേവനങ്ങളുടെ ലഭ്യതയും ഇത് ഉറപ്പാക്കുന്നു.ഇലക്ട്രോണിക് മെഡിക്കൽ രേഖകളുടെ ലഭ്യതയിലൂടെ ആവർത്തിച്ചുള്ള രോഗനിർണ്ണയത്തിന്റെ ആവശ്യകത കുറയുന്നതിനാൽ, പരിചരണച്ചെലവ് കുറയ്ക്കാനും ഇത് സഹായകമാകുന്നു.
സമ്മതത്തോടെ മാത്രമേ ഒരു വ്യക്തിയുടെ ആരോഗ്യ രേഖകളും മറ്റ് രേഖകളും ഡോക്‌ടർമാർക്കും ആശുപത്രികൾക്കും ബന്ധപ്പെട്ട മറ്റുള്ളവർക്കും പ്രാപ്തമാകൂ.
ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
IE/SKY
(Release ID: 1781372)
Visitor Counter : 188