ഭൗമശാസ്ത്ര മന്ത്രാലയം
നാല്പത്തിയൊന്നാമത് അന്റാർട്ടിക്ക ശാസ്ത്ര പര്യവേക്ഷണത്തിന് ഇന്ത്യ തുടക്കമിട്ടു
Posted On:
15 NOV 2021 3:34PM by PIB Thiruvananthpuram
നാല്പത്തിയൊന്നാമത് അന്റാർട്ടിക്ക ശാസ്ത്ര പര്യവേക്ഷണത്തിന് ഇന്ത്യ തുടക്കമിട്ടു. സംഘത്തിന്റെ ഭാഗമായ ആദ്യ ബാച്ച് അന്റാർട്ടിക്കയിൽ എത്തിയതോടെയാണ് ഇത്. 23 ശാസ്ത്രജ്ഞർ, സഹായികൾ എന്നിവരടങ്ങുന്ന ആദ്യസംഘം കഴിഞ്ഞയാഴ്ചയാണ് അന്റാർട്ടിക്കയിലെ ഇന്ത്യൻ സ്റ്റേഷനായ മൈത്രിയിൽ എത്തിയത്. DROMLAN സൗകര്യം ഉപയോഗിച്ച് വ്യോമ മാർഗ്ഗവും, ചാർട്ടർഡ് ഐസ്-ക്ലാസ്സ് വെസ്സൽ MV വസിലി ഗോലോവ്നിൻ വഴിയും 2021 ജനുവരി പകുതിയോടെ 4 ബാച്ചുകൾ കൂടി അന്റാർട്ടിക്കയിൽ എത്തും.
രണ്ടു പ്രധാന പരിപാടികളാണ് 41-മത് പര്യവേക്ഷണത്തിന് ഉള്ളത്. ഭാരതി സ്റ്റേഷനിൽ വെച്ചുള്ള അമേരി ഐസ് ഷെൽഫിന്റെ ഭൗമ ശാസ്ത്ര പര്യവേക്ഷണം ആണ് ഇതിൽ ആദ്യത്തേത്. മുൻകാലങ്ങളിൽ ഇന്ത്യയും അന്റാർട്ടിക്കയും തമ്മിലുണ്ടായിരുന്ന ബന്ധം കണ്ടെത്താൻ ഇത് സഹായിക്കും. മൈത്രിയ്ക്കടുത്ത് 500 മീറ്റർ ഐസ് കോർ തുളയ്ക്കുന്നത് സംബന്ധിച്ച് പ്രാഥമിക പരിശോധനകൾ, തയ്യാറെടുപ്പുകൾ എന്നിവ രണ്ടാമത്തെ പരിപാടിയിൽ ഉൾപ്പെടുന്നു. അന്റാർട്ടിക്കയിലെ കാലാവസ്ഥ, വെസ്റ്റർലി കാറ്റുകൾ, സമുദ്ര ഉപരിതലത്തിലുള്ള ഐസ് (sea-ice), പതിനായിരം വർഷങ്ങളായി ഒരു ഏക കാലാവസ്ഥ സംവിധാനത്തിൽ നിന്നുള്ള ഹരിതഗൃഹ വാതക ബഹിർഗമനം എന്നിവ സംബന്ധിച്ച ധാരണകൾ രൂപപ്പെടുത്താനും, കൂടുതൽ അറിവുകൾ സ്വന്തമാക്കാനും ഇത് സഹായിക്കും.
ബ്രിട്ടീഷ് അന്റാർട്ടിക് സർവ്വേ, നോർവീജിയൻ പോളാർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് ആകും ഐസ് കോർ തുളയ്ക്കൽ നടക്കുക. ശാസ്ത്രീയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് പുറമേ, മൈത്രി, ഭാരതി കേന്ദ്രങ്ങളിൽ ആവശ്യമായ ഭക്ഷണം, ഇന്ധനം, മറ്റു വസ്തുക്കൾ എന്നിവയുടെ വാർഷിക വിതരണം, കേന്ദ്രങ്ങളിലെ ജീവൻ സംരക്ഷണ സംവിധാനങ്ങളുടെ പാലനം, പ്രവർത്തനം എന്നിവയ്ക്ക് ആവശ്യമായ വസ്തുക്കൾ ലഭ്യമാക്കൽ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.
*****
(Release ID: 1772014)