സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
azadi ka amrit mahotsav

പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി (എം പി ലാഡ്സ്) പുനഃസ്ഥാപിക്കുന്നതിനും തുടരുന്നതിനും മന്ത്രിസഭയുടെ അംഗീകാരം

Posted On: 10 NOV 2021 3:51PM by PIB Thiruvananthpuram

2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന കാലയളവിലും 15-ാം ധനകാര്യ കമ്മീഷന്‍ കാലാവധി അവസാനിക്കുന്ന 2025-26 സാമ്പത്തിക വര്‍ഷം വരെയും പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി  (എം പി ലാഡ്സ് ) പുനഃസ്ഥാപിക്കുന്നതിനും തുടരുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി.

പദ്ധതിയുടെ വിശദശാംശങ്ങള്‍:
 

  • എംപിലാഡ്‌സ് പൂര്‍ണ്ണമായും കേന്ദ്ര ഗവണ്‍മെന്റിന്റെ ധനസഹായത്തോടെയുള്ള ഒരു കേന്ദ്രമേഖലാ പദ്ധതിയാണ്. കുടിവെള്ളം, പ്രാഥമിക വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ശുചിത്വം, റോഡുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രാഥമികമായി തങ്ങളുടെ  നിയോജകമണ്ഡലങ്ങളില്‍ സ്ഥായിയായ സാമൂഹിക  ആസ്തികള്‍ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കി വികസന സ്വഭാവമുള്ള പ്രവൃത്തികള്‍ ശുപാര്‍ശ ചെയ്യാന്‍ എംപിമാരെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
  • 5 കോടി രൂപയാണ് ഓരോ പാര്‍ലമെന്റ് അംഗത്തിനും വാര്‍ഷിക എം പി ലാഡ്സ് അനുവദിച്ചിരുന്നത്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വ്യവസ്ഥകള്‍ നിറവേറ്റുന്നതിന് വിധേയമായി 2.5 കോടി രൂപ വീതം രണ്ട് ഗഡുക്കളായാണ് ഇതു നല്‍കിയിരുന്നത്.
  • സമൂഹത്തില്‍ കോവിഡ് 19 ഏല്‍പ്പിച്ച പ്രത്യാഘാതങ്ങള്‍  കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി, 2020 ഏപ്രില്‍ 6ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍, 2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളില്‍ എംപിലാഡ്‌സ് അനുവദിക്കേണ്ടതില്ലെന്നും ആ തുക  ധന മന്ത്രാലയത്തിന്റെ കോവിഡ് 19 മഹാമാരിയുടെ ആഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള  വിനിയോഗത്തില്‍ നിക്ഷേപിക്കാനും  തീരുമാനിച്ചിരുന്നു.
  • രാജ്യം ഇപ്പോള്‍ സാമ്പത്തിക വീണ്ടെടുക്കലിന്റെ പാതയിലായതിനാല്‍, സ്ഥായിയായ സാമൂഹിക ആസ്തികള്‍ സൃഷ്ടിക്കുന്നതിനും പ്രാദേശികമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, നൈപുണ്യ വികസനത്തിലും രാജ്യത്തുടനീളമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി പ്രയോജനപ്രദമായി തുടരുന്നു. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനും ഇതു സഹായകമാകും. അതിന്റെ പശ്ചാത്തലത്തില്‍, 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക മേഖലാ വികസന പദ്ധതി (എം പി ലാഡ്സ് ) പുനഃസ്ഥാപിക്കാനും 2025-26ല്‍ 15-ാം ധനകാര്യ കമ്മീഷന്‍ കാലയളവുവരെ പദ്ധതി തുടരാനും  കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.



2021-22 സാമ്പത്തിക വര്‍ഷത്തിലെ ശേഷിക്കുന്ന കാലയളവിലേക്ക് ഒരു പാര്‍ലമെന്റ് അംഗത്തിന് 2 കോടി രൂപ എന്ന നിരക്കില്‍ എംപി ലാഡ്‌സ് തുക ഒരു ഗഡുവായി അനുവദിക്കും. 2022-23 സാമ്പത്തിക വര്‍ഷം 2025-26 സാമ്പത്തികവര്‍ഷംവരെ ഒരു പാര്‍ലമെന്റ് അംഗത്തിന് പ്രതിവര്‍ഷം 5 കോടി രൂപ എന്ന നിരക്കില്‍ 2.5 കോടി രൂപവീതം രണ്ടു ഗഡുക്കളായി മന്ത്രാലയം എംപിലാഡ്‌സ് തുക അനുവദിക്കും. പദ്ധതിയുടെ തുടക്കം മുതല്‍ 54,171.09 കോടി രൂപ ചെലവഴിച്ച് 19,86,206 പ്രവൃത്തികള്‍/പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.

സാമ്പത്തിക ഉള്‍പ്പെടുത്തലുകള്‍:

2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന ഭാഗത്തെയും 2025-26 വരെയും എംപിലാഡ്‌സ് പുനഃസ്ഥാപിക്കുന്നതിനും തുടരുന്നതിനുമുള്ള മൊത്തം സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ചുവടെ ചേര്‍ത്തിരിക്കുന്നതു പോലെ 17417 കോടി രൂപയാണ്.

 

സാമ്പത്തികവർഷം

2021-22

2022-23

2023-24

2024-25

2025-26

മൊത്തം അടങ്കൽ

സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (കോടി രൂപയിൽ )

1583.5

3965.00

3958.50

3955.00

3955.0

17417.00

 

നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യങ്ങളും:
 

  • എംപിലാഡ്സ് പദ്ധതി നിയന്ത്രിക്കുന്നത് കാലാകാലങ്ങളില്‍ പരിഷ്‌ക്കരിക്കപ്പെടുന്ന ഒരു കൂട്ടം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാലാണ്. എംപിലാഡ്സിനു കീഴിലുള്ള പ്രക്രിയ ആരംഭിക്കുന്നത് പാര്‍ലമെന്റ് അംഗങ്ങള്‍ നോഡല്‍ ജില്ലാ അതോറിറ്റിക്ക് പ്രവൃത്തികള്‍ ശുപാര്‍ശ ചെയ്യുന്നതോടെയാണ്.
  • പാര്‍ലമെന്റ് അംഗങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന യോഗ്യമായ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനും സ്‌കീമിന് കീഴില്‍ നടപ്പിലാക്കിയ വ്യക്തിഗത പ്രവൃത്തികളുടെ വിശദാംശങ്ങളും ചെലവഴിച്ച തുകയും സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട നോഡല്‍ ജില്ലയ്ക്കാണ്.


പ്രയോജനങ്ങള്‍ :
 

  • എംപിലാഡ്സിന്റെ പുനരുദ്ധാരണവും തുടര്‍ച്ചയും, എംപിലാഡ്സിന് കീഴില്‍ ഫണ്ടിന്റെ അഭാവം മൂലം നിര്‍ത്തിവച്ചിരിക്കുന്ന/അവസാനിപ്പിച്ച, ഈ മേഖലയിലെ സാമൂഹ്യ  വികസന പദ്ധതികള്‍ / പ്രവൃത്തികള്‍ പുനരാരംഭിക്കും.
  • ഇത് പ്രാദേശിക സമൂഹത്തിന്റെ അഭിലാഷങ്ങളും വികസന ആവശ്യങ്ങളും നിറവേറ്റുന്നതിനും എംപിലാഡ്സിന്റെ പ്രാഥമിക ലക്ഷ്യമായ ഈടുറ്റ ആസ്തികള്‍ സൃഷ്ടിക്കുന്നതിനും വഴിതുറക്കും. പ്രാദേശിക സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ഇത് സഹായിക്കും.

 
പശ്ചാത്തലം:
 

  • എംപിലാഡ്‌സ് പൂര്‍ണ്ണമായും കേന്ദ്ര  ഗവണ്‍മെന്റിന്റെ ധനസഹായത്തോടെയുള്ള ഒരു കേന്ദ്രമേഖലാ പദ്ധതിയാണ്. കുടിവെള്ളം, പ്രാഥമിക വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ശുചിത്വം, റോഡുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രാഥമികമായി അവരുടെ നിയോജകമണ്ഡലങ്ങളില്‍ സ്ഥായിയായ സാമൂഹ്യ ആസ്തികള്‍ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കി വികസന സ്വഭാവമുള്ള പ്രവൃത്തികള്‍ ശുപാര്‍ശ ചെയ്യാന്‍ എംപിമാരെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
  • എംപിലാഡ്‌സ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വ്യവസ്ഥകള്‍ നിറവേറ്റുന്നതിന് വിധേയമായി, ഓരോ പാര്‍ലമെന്റ് അംഗത്തിനും മണ്ഡലത്തിലെ വാര്‍ഷിക എംപിഎല്‍എഡിഎസ് ഫണ്ട് അവകാശം 5 കോടി രൂപയാണ്, 2.5 കോടി രൂപ വീതം രണ്ട് ഗഡുക്കളായി റിലീസ് ചെയ്യുന്നു.
  • 2021-ല്‍ രാജ്യത്തുടനീളമുള്ള 216 ജില്ലകളിലായി എംപിലാഡ്‌സ് പ്രവര്‍ത്തനങ്ങളുടെ മൂന്നാം കക്ഷി വിലയിരുത്തല്‍ മന്ത്രാലയം നടത്തി. എംപിലാഡ്‌സിന്റെ തുടര്‍ച്ചയ്ക്കായി മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യും.

****


(Release ID: 1770653) Visitor Counter : 241