ഉപരാഷ്ട്രപതിയുടെ കാര്യാലയം

വൈദ്യശാസ്ത്ര മേഖലയിലെ  മനുഷ്യശേഷി അപര്യാപ്തത  അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട് - ഉപ രാഷ്ട്രപതി

Posted On: 01 NOV 2021 2:28PM by PIB Thiruvananthpuram

 

ന്യൂഡൽഹി: നവംബർ 1, 2021

 

 

  വൈദ്യശാസ്ത്ര രംഗത്തെ മനുഷ്യശേഷി ക്ഷാമം അടിയന്തിരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് പറഞ്ഞു .  കോവിഡ് -19 മഹാമാരി പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിൽ നമ്മുടെ ആരോഗ്യ അടിസ്ഥാനസൗകര്യം  വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയെ  എടുത്തുകാണിച്ചതായി അദ്ദേഹം പറഞ്ഞു.

 

വിജയവാഡയിലെ സിദ്ധാർത്ഥ മെഡിക്കൽ കോളേജിൽ പുതിയ യൂണിറ്റുകളും അത്യാധുനിക ഉപകരണങ്ങളും ഉദ്ഘാടനം ചെയ്ത ശേഷം മെഡിക്കൽ വിദ്യാർത്ഥികളുമായും അധ്യാപകരുമായും അദ്ദേഹം  സംവദിച്ചു. ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന  1,000 പേർക്ക് ഒരു ഡോക്ടർ എന്ന അനുപാതം 2024 ഓടെ കൈവരിക്കുന്നതിനുള്ള പാതയിലാണ് ഇന്ത്യയെന്നതിൽ ഉപരാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു.   അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ ഗ്രാമീണ തലം മുതൽ  മുതൽ ദേശീയ തലം വരെ അടിയന്തര ആരോഗ്യ പരിചരണ ശൃംഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള  പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മിഷന്റെ സമാരംഭത്തെയും അദ്ദേഹം അഭിനന്ദിച്ചു.

 

ഐടി മേഖലയിൽ ഇന്ത്യയുടെ ശക്തി പൂർണമായി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ശ്രീ നായിഡു, വിദൂര ഗ്രാമപ്രദേശങ്ങളിലേക്ക് ടെലിമെഡിസിൻ കണക്റ്റിവിറ്റി സ്ഥാപിക്കുന്നതുൾപ്പെടെ വിവിധ മേഖലകളിൽ പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) പ്രോത്സാഹിപ്പിക്കുന്നതിന് ആഹ്വാനം ചെയ്തു.  കാര്യക്ഷമവും സമഗ്രവുമായ സാർവത്രികവുമായ   ആരോഗ്യ പരിരക്ഷ നൽകുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കാൻ    അടുത്തിടെ ആരംഭിച്ച ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ സഹായിക്കുമെന്ന് അദ്ദേഹം  ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

 ഗവൺമെന്റ്  ഡോക്ടർമാർക്ക് ആദ്യ പ്രമോഷൻ നൽകുന്നതിന് മുമ്പ് ഗ്രാമീണ സേവനം നിർബന്ധമാക്കണമെന്ന് ഉപരാഷ്ട്രപതി നിർദേശിച്ചു.  ആനുകൂല്യങ്ങൾ  നൽകുകയും  താമസസൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് കൂടുതൽ ഡോക്ടർമാരെ ഗ്രാമീണ മേഖലയിലേക്ക് ആകർഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

 

ആരോഗ്യമേഖലയിൽ പൊതുചെലവ് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ശ്രീ നായിഡു വ്യക്തമാക്കി.  ജനങ്ങൾക്ക് മിതമായ നിരക്കിൽ അത്യാധുനിക ചികിത്സാ രീതികൾ ലഭ്യമാക്കുന്നതിന് ഗവൺമെന്റ്മായി  കൈകോർക്കണമെന്ന് ആരോഗ്യ മേഖലയിലെ സ്വകാര്യ കമ്പനികളോട് അദ്ദേഹം അഭ്യർത്ഥിച്ചു.



(Release ID: 1768740) Visitor Counter : 118