ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

കൊച്ചി കപ്പൽ ശാലയിൽ നിർമ്മിച്ച അഞ്ച് യാനങ്ങൾ കേന്ദ്ര ഷിപ്പിംഗ് മന്ത്രി ഒരേസമയം പുറത്തിറക്കി

Posted On: 01 NOV 2021 3:20PM by PIB Thiruvananthpuram
 

ന്യൂഡൽഹി: നവംബർ 1, 2021

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ഇന്ന്, കൊച്ചി കപ്പൽ ശാലയിൽ നിർമ്മിച്ച (Cochin Shipyard Limited - CSL) അഞ്ച് യാനങ്ങൾ ഒരേസമയം പുറത്തിറക്കി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് മന്ത്രി കൊച്ചിയിലെത്തിയത്. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം കൊച്ചിയിലെ പൊതുമേഖലാ സ്ഥാപനത്തിലെത്തുന്നത്. CSL-ലെ ഏറ്റവും മുതിർന്ന അഞ്ച് വനിതാ ജീവനക്കാരാണ് യാനങ്ങൾ പുറത്തിറക്കിയത്.

ബോർഡർ സെക്യൂരിറ്റി ഫോഴ്സിനായി മൂന്ന് ഫ്ലോട്ടിംഗ് ബോർഡർ ഔട്ട്-പോസ്റ്റുകളുടെയും (Border Out-Posts - FBOP), നോർവേയിലെ അസ്കോ (ASKO) മാരിടൈം എഎസിനായി നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ പൂർണ്ണ ഇലക്ട്രിക്ക് ഓട്ടോണമസ് ഫെറികളികളുടെ നിരയിലെ രണ്ട്  ഇലക്ട്രിക് ഓട്ടോണമസ് ഫെറികളുടെയും ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു.
 
കപ്പൽ വ്യവസായത്തിന് സാങ്കേതികവും സുസ്ഥിരവുമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിൽ CSL-ന്റെ സംഭാവനകളെ മന്ത്രി അഭിനന്ദിച്ചു. രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ (IAC) ഐഎൻഎസ് വിക്രാന്തിന്റെ നിർമാണത്തിലും CSL-നെ അദ്ദേഹം അഭിനന്ദിച്ചു.

ഭൂവിസ്തൃതിയുടെ വിപുലീകരണത്തിനും ശേഷി വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ കേന്ദ്ര സർക്കാർ കൊച്ചി കപ്പൽ ശാലയ്ക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് ശ്രീ സോനോവാൾ പറഞ്ഞു. മാരിടൈം ഇന്ത്യ വിഷൻ 2030 വഴി, കപ്പൽ നിർമ്മാണത്തിനും കപ്പൽ അറ്റകുറ്റപ്പണികൾക്കുമുള്ള ലക്ഷ്യസ്ഥാനമാക്കി ഇന്ത്യയെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ ഉദ്യമത്തിൽ CSL പ്രധാന പങ്കാളിയാണ്.

CSL-ന്റെ സമ്പന്നമായ 50 വർഷത്തെ ചരിത്രത്തെ ചിത്രീകരിക്കുന്ന ഷിപ്പ് മോഡൽ റൂമായ ‘സ്മൃതി’, CSL പരിസരത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി CSL നിർമ്മിച്ച പ്രധാന കപ്പലുകളുടെ മാതൃകകൾ ‘സ്മൃതി’ യിൽ പ്രദർശിപ്പിക്കുന്നു. CSL-ന്റെ CSR സംരംഭങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു കോഫി ടേബിൾ ബുക്കും മന്ത്രി പ്രകാശനം ചെയ്തു.

സന്ദർശന വേളയിൽ മന്ത്രി  CSL -ന്റെ നിർമ്മാണശാലയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും കപ്പൽ നിർമ്മാണ അറ്റകുറ്റപ്പണി കേന്ദ്രം സന്ദർശിക്കുകയും ചെയ്തു. കൊച്ചി വില്ലിംഗ്ഡൺ ഐലൻഡിൽ CSL സ്ഥാപിക്കുന്ന അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും മന്ത്രി സന്ദർശിച്ചു.


(Release ID: 1768739) Visitor Counter : 71


Read this release in: English , Urdu , Hindi , Assamese