ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം

സമഗ്ര കരകൗശല ക്ലസ്റ്റർ വികസന പദ്ധതി തുടരുന്നതിനായി ടെക്സ്റ്റൈൽ മന്ത്രാലയം 160 കോടി രൂപ വകയിരുത്തി.

Posted On: 05 OCT 2021 4:21PM by PIB Thiruvananthpuram



ന്യൂഡൽഹി, ഒക്ടോബർ 05  , 2021

 

സമഗ്ര കരകൗശല ക്ലസ്റ്റർ വികസന പദ്ധതി ( CHCDS) തുടരുന്നതിനായി ടെക്സ്റ്റൈൽ മന്ത്രാലയം 160 കോടി രൂപ വകയിരുത്തി. പദ്ധതി 2026 മാർച്ച് വരെ തുടരും. പദ്ധതി പ്രകാരം കരകൗശല തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യ പിന്തുണ, വിപണി ലഭ്യത , രൂപകല്‌പന, സാങ്കേതിക നവീകരണ പിന്തുണ തുടങ്ങിയവ ലഭ്യമാക്കും.

ഉത്പാദനവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിന്, പ്രാദേശിക കരകൗശല തൊഴിലാളികളുടെയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും ബിസിനസ്സ് ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക എന്നതാണ് CHCDS ലക്ഷ്യമിടുന്നത്.ചുരുക്കത്തിൽ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, ഏറ്റവും നൂതനമായ സാങ്കേതികവിദ്യ, പര്യാപ്തമായ പരിശീലനം, മാനവ വിഭവശേഷി വികസന പദ്ധതികൾ, വിപണി ബന്ധിത പ്രവർത്തനങ്ങൾ, ഉത്പാദന വൈവിധ്യം തുടങ്ങിയവയിൽ അധിഷ്ഠിതമായി, ലോകോത്തര യൂണിറ്റുകൾ സ്ഥാപിക്കാൻ കരകൗശല വിദഗ്ധരെയും സംരംഭകരെയും സഹായിക്കുക എന്നതാണ് ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നതിന് പിന്നിലെ  പ്രധാന ലക്ഷ്യം.

CHCDS- ന് കീഴിൽ, അടിസ്ഥാന സർവേ, പ്രവർത്ത\നം  വിലയിരുത്തൽ (Activity Mapping), നൈപുണ്യ പരിശീലനം, മെച്ചപ്പെട്ട ടൂൾ കിറ്റുകൾ, വിപണന പരിപാടികൾ, സെമിനാറുകൾ, പ്രചാരണം, രൂപകല്പന, കാര്യശാലകൾ, കാര്യക്ഷമതാ നിർമ്മാണം മുതലായ ഇടപെടലുകൾ ഉണ്ടാകും. പൊതു സേവന കേന്ദ്രങ്ങൾ , വാണിജ്യകേന്ദ്രങ്ങൾ, അസംസ്‌കൃത പദാര്‍ത്ഥ ബാങ്കുകൾ, വ്യാപാര സഹായ കേന്ദ്രങ്ങൾ, പൊതു ഉത്പാദന കേന്ദ്രങ്ങൾ, രൂപകല്പന, വിഭവ സമാഹരണ കേന്ദ്രങ്ങൾ തുടങ്ങിയവയും CHCDS- ന് കീഴിൽ അനുവദിക്കും

കേന്ദ്ര / സംസ്ഥാന കരകൗശല കോർപ്പറേഷനുകൾ / സ്വയംഭരണ സ്ഥാപനങ്ങൾ -ഇൻസ്റ്റിറ്റ്യൂട്ടുകൾ / രജിസ്റ്റർ ചെയ്ത സഹകരണ സ്ഥാപനങ്ങൾ / കരകൗശല വിദഗ്ധ  ഉത്പാദക  കമ്പനികൾ  / രജിസ്റ്റർ ചെയ്ത പ്രത്യേകോദ്ദേശ സ്ഥാപനങ്ങൾ (Special Purpose Vehicle-SPV) എന്നിവയിലൂടെ സംയോജിത പദ്ധതികൾ ഏറ്റെടുക്കും. ഇതിനായി വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കിയിട്ടുണ്ട്.

സംഘടിതരല്ലാത്ത കരകൗശലത്തൊഴിലാളികളെ കൂട്ടിയോജിപ്പിക്കുക, അവരുടേതായ അടിസ്ഥാന  സംരംഭങ്ങൾ കെട്ടിപ്പടുക്കുക, കരകൗശല മേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുമായി ബന്ധിപ്പിക്കുക, കുറഞ്ഞ ഉത്പാദന ചെലവ്  ഉറപ്പുവരുത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പദ്ധതിയുടെ കീഴിൽ പതിനായിരത്തിലധികം കരകൗശല തൊഴിലാളികളുള്ള മെഗാ ഹാൻഡിക്രാഫ്റ്റ് ക്ലസ്റ്ററുകൾ സമഗ്ര വികസനത്തിനായി തിരഞ്ഞെടുക്കും.
 
IE/SKY
 


(Release ID: 1761163) Visitor Counter : 185