ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മികച്ച ശാസ്ത്ര മാതൃകകൾ പിന്തുടർന്ന് കൊണ്ട് ഭാവിയിലേക്ക് സജ്ജമാകാൻ  സി‌എസ്‌ഐ‌ആറിനോട് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു

Posted On: 26 SEP 2021 12:51PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹി: സെപ്റ്റംബർ 26, 2021
 
ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഇന്ന്, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനോട്‌ (CSIR) സ്വയം പുനരുജ്ജീവിപ്പിക്കാനും ഏറ്റവും മികച്ച ശാസ്ത്ര മാതൃകകൾ പിന്തുടർന്ന് കൊണ്ട് ഭാവിയിലേക്ക് സജ്ജമാകാനും ആവശ്യപ്പെട്ടു.
 
ഇന്ന്, സിഎസ്ഐആറിന്റെ 80-ാമത് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്ത അദ്ദേഹം സിഎസ്ഐആർ ലബോറട്ടറികളും ഇൻസ്റ്റിറ്റ്യൂട്ടുകളും ദീർഘകാല ശാസ്ത്ര-സാങ്കേതിക പരിഹാരങ്ങൾ ആവശ്യമുള്ള വെല്ലുവിളികളെ നേരിടണം എന്ന് അഭിപ്രായപ്പെട്ടു.
 
കാർഷിക ഗവേഷണത്തിൽ സിഎസ്ഐആർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പുതിയ സാങ്കേതികവിദ്യകളും പരിഹാരങ്ങളും ആവിഷ്കരിക്കണമെന്നും ശ്രീ നായിഡു അഭ്യർത്ഥിച്ചു. കാലാവസ്ഥാ വ്യതിയാനം, മയക്കുമരുന്ന് പ്രതിരോധം, മലിനീകരണം, മഹാമാരി-പകർച്ചവ്യാധി വ്യാപനം എന്നിവ ശാസ്ത്ര സമൂഹത്തിന്റെ ശ്രദ്ധ ആവശ്യമുള്ള വെല്ലുവിളികളിൽ ചിലതാണ് എന്ന് അദ്ദേഹം പറഞ്ഞു.
 
കോവിഡ് -19 മഹാമാരി ഒരു അപ്രതീക്ഷിത പ്രതിസന്ധിയാണെന്നും അത്തരം  നിരവധി വെല്ലുവിളികൾ ഇനിയും ഉണ്ടാകാം എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ ഏത് പ്രശ്നവും പരിഹരിക്കാൻ സി എസ് ഐ ആർ പോലുള്ള സ്ഥാപനങ്ങൾ സജ്ജമാകേണ്ടതുണ്ടെന്നും പറഞ്ഞു.
 
 ചില മാനദണ്ഡങ്ങളുടെയും സ്രോതസ്സുകളുടെയും അടിസ്ഥാനത്തിൽ, ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണെന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, ആഗോള ശാസ്ത്ര ഗവേഷണത്തിൽ ഇന്ത്യയുടെ സ്ഥാനം ക്രമാനുഗതമായി വർദ്ധിപ്പിച്ചതിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും അഭിനന്ദിച്ചു.
 
പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും പ്രധാനപ്പെട്ട ഗവേഷണ-വികസന പദ്ധതികൾ കണ്ടെത്തി അവയിൽ നിക്ഷേപം നടത്താനും വാണിജ്യ വ്യവസായ മേഖലയോട് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. ഇത് ധനസഹായം വർദ്ധിപ്പിക്കുക മാത്രമല്ല ഗുണനിലവാരവും നൂതനാശയങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേർത്തു.
 
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, മുതിർന്ന ശാസ്ത്രജ്ഞർ, ഗവേഷകർ, അവാർഡ് ജേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
RRTN


(Release ID: 1758490) Visitor Counter : 81