വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പേറ്റന്റ് ഫീസ് 80% കുറച്ചു

Posted On: 23 SEP 2021 12:27PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ 23, 2021

ആത്മനിർഭർ ഭാരതത്തിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവയ്‌പ്പിന്റെ ഭാഗമായി, പേറ്റന്റ് അപേക്ഷയ്ക്കും, പ്രോസിക്യൂഷൻ ഇടപാടുകൾക്കുമുള്ള ഫീസിൽ വരുത്തിയിരിക്കുന്ന 80% ഇളവും ബന്ധപ്പെട്ട ആനുകൂല്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാക്കി. ഇതിനായി പേറ്റന്റ് ചട്ടങ്ങളിൽ കേന്ദ്രം ഭേദഗതി വരുത്തി.

നവസംരംഭകത്വ അന്തരീക്ഷം സൃഷ്ടിക്കുക ലക്ഷ്യമിട്ട് വ്യവസായലോകവും അക്കാദമിക സമൂഹവും തമ്മിലുള്ള സഹകരണം ഊർജ്ജിതമാക്കാൻ വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്   പ്രവർത്തിച്ചു വരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന ഗവേഷണത്തിന്റെ വാണിജ്യവൽക്കരണം സുഗമമാക്കുന്നതിലൂടെ ഇത് നേടാനാകും.

പേറ്റന്റ് എടുക്കാവുന്നതും വാണിജ്യവത്ക്കരണ സാധ്യതയുള്ളതുമായ നിരവധി പുതിയ സാങ്കേതികവിദ്യകൾ പ്രൊഫസർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സൃഷ്ടിക്കുന്നു. അവ കൂടുതൽ സുഗമമാക്കുന്നതിന് നടപടി സഹായകമാകും. പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തിന് ഉയർന്ന പേറ്റന്റിംഗ് ഫീസ് ഒരു തടസ്സമായി വർത്തിക്കുകയായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി, 2003-ലെ പേറ്റന്റ് ചട്ടങ്ങൾ പ്രകാരമുള്ള ഫീസ്, 2021-ലെ പേറ്റന്റ് ചട്ട ഭേദഗതിയിലൂടെ ലഘൂകരിക്കുകയും, ആയത് 2021 സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു.

നടപടിക്രമങ്ങൾ കൂടുതൽ ലളിതവും, സമയബന്ധിതവും, ഉപയോക്തൃ സൗഹൃദവും, ഇന്റർനെറ്റ് അധിഷ്ഠിത ഇടപാടുകൾക്ക് അനുയോജ്യവുമാക്കുന്നതിന് 2016, 2017, 2019, 2020 വർഷങ്ങളിൽ പേറ്റന്റ് ചട്ടങ്ങൾ ഭേദഗതി ചെയ്തു. ഇനിപ്പറയുന്ന നടപടികളാണ് സ്വീകരിച്ചത്:

i. പുതിയ പേറ്റന്റ് എക്സാമിനർമാരെ നിയമിച്ചു കൊണ്ട് മാനവ വിഭവശേഷി വർദ്ധിപ്പിക്കൽ.

ii. പേറ്റന്റുകൾ പൂർണ്ണമായും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും അനുവദിക്കുന്നതിനുമുള്ള പ്രക്രിയ

iii. വീഡിയോ-കോൺഫറൻസിംഗ് വഴി പേറ്റന്റ് കേസുകളുടെ വിചാരണ

iv. IPO വെബ്സൈറ്റിൽ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ/പരാതികൾ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. അത്തരം നിർദ്ദേശങ്ങൾ/പരാതികൾ മുതലായവ ഒരു ടീം ഉടനടി പരിഗണിക്കുകയും ഇ-മെയിൽ വഴി ഉചിതമായ പ്രതികരണം അറിയിക്കുകയും ചെയ്യുന്നു.

v. സ്കൂളുകൾ, സർവകലാശാലകൾ, വ്യവസായങ്ങൾ, നിയമ-നിർവ്വഹണ ഏജൻസികൾ തുടങ്ങിയവയ്ക്കും  ബന്ധപ്പെട്ടവർക്കുമായി നടത്തിയ IPR ബോധവത്ക്കരണ പ്രവർത്തനങ്ങൾ

മേൽപ്പറഞ്ഞ ശ്രമങ്ങളുടെ ഫലമായി, പേറ്റന്റുകൾ പരിശോധിക്കുന്നതിനുള്ള സമയം 2015 ൽ ശരാശരി 72 മാസമായിരുന്നത് ഇപ്പോൾ 12-30 മാസമായി കുറഞ്ഞിട്ടുണ്ട്. കൂടാതെ, പേറ്റന്റ് അപേക്ഷകളുടെ അന്തിമ തീർപ്പിനുള്ള സമയം നിലവിൽ ശരാശരി 48 മാസമെന്നുള്ളത് ചുരുങ്ങി, 2021 അവസാനത്തോടെ ശരാശരി 24-30 മാസമായി ആകുമെന്ന് പ്രതീക്ഷിക്കുന്നു.

പേറ്റന്റ് (ഭേദഗതി) ചട്ടങ്ങൾ 2021 കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക:

https://static.pib.gov.in/WriteReadData/specificdocs/documents/2021/sep/doc202192301.pdf

 
 
RRTN/SKY
 


(Release ID: 1757282) Visitor Counter : 146