ഉപരാഷ്ട്രപതിയുടെ കാര്യാലയം

സൗരോർജ്ജ ഫോട്ടോ വോൾട്ടായിക് സെല്ലുകൾ, മൊഡ്യൂളുകൾ എന്നിവയുടെ തദ്ദേശീയ ഉത്പാദനം വർധിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി

Posted On: 13 SEP 2021 1:20PM by PIB Thiruvananthpuram

 



ന്യൂഡൽഹി , സെപ്റ്റംബർ 11,2021


സൗരോർജ്ജ ഫോട്ടോ വോൾട്ടായിക് സെല്ലുകൾ, മൊഡ്യൂളുകൾ എന്നിവയുടെ തദ്ദേശീയ ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി, ഇവയുടെ ഉത്പാദന ശാലകളുടെ സ്ഥാപനത്തിന്  പ്രോത്സാഹനം നൽകാൻ സംസ്ഥാനങ്ങളോട് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു   ആവശ്യപ്പെട്ടു

 സോളാർ സെല്ലുകൾ, മൊഡ്യൂളുകൾ എന്നിവയുടെ ഇറക്കുമതിയെ ഇന്ത്യ ഇപ്പോഴും ആശ്രയിക്കുന്നത് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, സംസ്ഥാനങ്ങളുടെ മികച്ച പങ്കാളിത്തത്തോടെ സൗരോർജ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കേണ്ടതിന്റെ  ആവശ്യകത എടുത്തുപറഞ്ഞു

 ഇതിന്റെ ഭാഗമായി വ്യവസായ മേഖലയിലെ ചെറുകിട സംരംഭങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

വരുംവർഷങ്ങളിൽ  പുനരുപയോഗ ഊർജ്ജ മേഖലയിൽ  ഇന്ത്യക്കുള്ള വളർച്ചാ സാധ്യതകൾ ചൂണ്ടിക്കാട്ടവേ, മികച്ച പരിശീലനമുള്ള വ്യക്തികളുടെ അഭാവം, മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു

 തൊഴിലാളികൾക്ക്ഏറ്റവും പുതിയ സാങ്കേതിക വിദ്യകളിൽ  ആവശ്യമായ പരിജ്ഞാനം ഉറപ്പാക്കുന്നതിനായി പരിശീലന -നൈപുണ്യ വികസന മേഖലയിൽ കൂടുതൽ നിക്ഷേപം ആവശ്യമാണെന്നും അദ്ദേഹം നിർദ്ദേശിച്ചു


 കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുള്ള   പുതുച്ചേരി സർവകലാശാലയിലെ   2.4 മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ പ്ലാന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി

 40 ജിഗാവാട്ടിലേറെ  സ്ഥാപിത സൗരോർജ ശേഷിയുള്ള ഇന്ത്യ, ആഗോളതലത്തിൽ തന്നെ  സൗരോർജ്ജ ശേഷിയിൽ അഞ്ചാമത് ആണെന്ന് ശ്രീ.നായിഡു ചൂണ്ടിക്കാട്ടി

 സൗരോർജ മേഖലയിലെ നൂതനാശയ രൂപീകരണത്തിന്റെ  പ്രാധാന്യം ചൂണ്ടിക്കാട്ടവേ, ഭൗമോപരിതലത്തിൽ സ്ഥാപിക്കുന്ന സൗരോർജ്ജ ഉൽപ്പാദന സംവിധാനങ്ങൾക്കായി   കൂടുതൽ മേഖലകൾ കണ്ടെത്തേണ്ടതുണ്ട് എന്നും ശ്രീ നായിഡു  നിർദ്ദേശിച്ചു



 കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സ്ഥാപിക്കുന്ന സൗരോർജ്ജ പ്ലാന്റുകൾ സുസ്ഥിരമായ ഒരു സംവിധാനം ആണെന്നും ഇവ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും  ഉപരാഷ്ട്രപതി ഓർമിപ്പിച്ചു


 പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ, പദ്ധതികൾ എന്നിവയിൽ കൂടുതലായി പങ്കെടുക്കാൻ, അദ്ദേഹം രാജ്യത്തെ സർവകലാശാലകളോട് ആഹ്വാനം ചെയ്തു

 
 
IE/SKY


(Release ID: 1754549) Visitor Counter : 208